"32 യൂണിയനുകളും യുവാക്കളോട് ഒരു കുഴപ്പവും ഉണ്ടാക്കരുതെന്ന് അപേക്ഷക്കുന്നു. ആരും ഒരു ഹാനിയും വരുത്തില്ല. ആരും ഏറ്റുമുട്ടില്ല. നമ്മുടെ ഈ സമരത്തെ ആരും നശിപ്പിക്കില്ല”, ഒരു അപേക്ഷ മുഴങ്ങിക്കേട്ടു. "ഡൽഹി പോലീസ് നമുക്കനുവദിച്ചു തന്ന അദ്യോഗിക പാത നമ്മൾ പിന്തുടരും. ലോകത്തെ കാണിക്കാനായി സമാധാനപരമായി നമ്മൾ ജാഥ നയിക്കും”, ഒരു ട്രാക്ടറിൽ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണിയിലൂടെ നേതാവു വിളിച്ചു പറഞ്ഞു.
ജനുവരി 25-ന് രാവിലെ ഏകദേശം 9:45-ന് ട്രാക്ടറുകളുടെ സംഘം മുണ്ട്കാ ഇൻഡസ്ടിയൽ ഏരിയാ മെട്രോ സ്റ്റേഷൻ കടന്നു കഴിഞ്ഞപ്പോഴാണ് ഉച്ചഭാഷിണിയിൽ നിന്നും ശബ്ദം മുഴങ്ങിയത്. സന്നദ്ധ പ്രവർത്തകർ പെട്ടെന്നു തന്നെ മുന്നോട്ടു വന്ന് ഒരു മനുഷ്യ ചങ്ങല ഉണ്ടാക്കി എല്ലാവരോടും നിൽക്കാനും നേതാക്കന്മാർ പറയുന്നത് കേൾക്കാനും ആവശ്യപ്പെട്ടു.
‘കിസാൻ മസ്ദൂർ ഏക്താ സിന്ദാബാദ്’ എന്നുള്ള മുദ്രാവാക്യങ്ങൾക്കിടയിൽ രാവിലെ 9 മണിക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ടിക്രിയിൽ നിന്നും റാലി ആരംഭിച്ചു. ട്രാക്ടർ സംഘത്തെ കൂടാതെ നിരവധി സമരക്കാരും സന്നദ്ധ പ്രവർത്തകരും കാൽനടയായി ജാഥയിൽ പങ്കെടുത്തു. കേറേപ്പേർ ദേശീയ പതാകയും മറ്റു ചിലർ കർഷക യൂണിയൻ പതാകകളും കയ്യിലേന്തിയിരുന്നു. “വലിയൊരു ദൂരം പോകാനുള്ളതുകൊണ്ട് കാൽനടയായി പോകുന്നവരോട് ട്രാക്ടറിൽ കയറാൻ ഞങ്ങൾ അപേക്ഷിക്കുന്നു”, ഉച്ചഭാഷിണിയിൽ സംസാരിച്ചു കൊണ്ടിരുന്ന നേതാവ് പറഞ്ഞു. പക്ഷേ ഒരുപാടു പേരും നടപ്പു തുടർന്നു.
സംഘം സുഗമമായി മുന്നേറാൻ തുടങ്ങുന്നതനുസരിച്ച് മുണ്ട്ക പ്രദേശത്തുള്ള കൂടുതൽ നിവാസികൾ റോഡരികുകളിലും ഡിവൈഡറുകളിലുമൊക്കെ നിന്നുകൊണ്ട് വീക്ഷിക്കാൻ തുടങ്ങി. ഒരുപാടുപേർ അഭൂതപൂർവ്വമായ ഈ പരേഡ് ഫോണിൽ റെക്കോർഡ് ചെയ്തു, മറ്റു ചിലർ കൈവീശി കാണിച്ചു, ഇനിയും മറ്റു ചിലർ ധോൾ വായനകൾക്കൊപ്പം നൃത്തം ചെയ്തു.
മുണ്ട്കാ നിവാസികളിൽ ഒരാളായിരുന്നു 32-കാരനായ വിജയ് റാണ. കർഷകർ പ്രദേശം കടന്നു പോയപ്പോൾ അവരുടെമേൽ പുഷ്പ വൃഷ്ടി നടത്തുന്നതിനായി അദ്ദേഹം അവിടെ വന്നിരുന്നു. "രാഷ്ട്രീയക്കാരെ പൂക്കൾകൊണ്ട് എതിരേൽക്കാമെങ്കിൽ എന്തുകൊണ്ട് കർഷകരെ എതിരേറ്റു കൂടാ?" അദ്ദേഹം ചോദിച്ചു. കർഷകനായ റാണാ മുണ്ട്കാ ഗ്രാമത്തിൽ പത്തേക്കർ സ്ഥലത്ത് ഗോതമ്പും നെല്ലും ചുരയ്ക്കയും കൃഷിചെയ്യുന്നു. "കർഷകർ പട്ടാളക്കാരേക്കാൾ കുറഞ്ഞവരല്ല", അദ്ദേഹം കൂട്ടിച്ചേർത്തു. “പട്ടാളക്കാർ ഈ രാജ്യത്തിന്‍റെ അതിർത്തി വിട്ടാൽ, ആർക്കും ഈ ദേശം പിടിച്ചെടുക്കാം. അതുപോലെ, കർഷകരില്ലെങ്കിൽ രാജ്യം പട്ടിണി കിടക്കും.”








