“എനിയ്ക്കറിയാം ഒരു ട്രാക്ടർ എങ്ങനെയാണ് ഓടിക്കേണ്ടതെന്ന്”, സര്‍ബ്ജീത് കൌര്‍ പ്രഖ്യാപിക്കുന്നു. അങ്ങനെ അവര്‍ ഏകദേശം രണ്ടു മാസങ്ങള്‍ക്കുമുമ്പ് തന്‍റെ കുടുംബത്തിന്‍റെ വെളുത്ത ട്രാക്ടറിൽ കയറി പഞ്ചാബിലെ ജസ്രാവൂര്‍ ഗ്രാമത്തിൽനിന്നും 480 കിലോമീറ്ററിലധികം ഓടിച്ചു ഹരിയാന-ഡൽഹി അതിർത്തിയിലെ സിംഘൂരിൽ എത്തിച്ചേര്‍ന്നു. “ഞാൻ സ്വന്തം നിലയ്ക്കാണ് ഇവിടെത്തിയത്” അവര്‍ കൂട്ടിച്ചേർക്കുന്നു. ഗ്രാമത്തിലുള്ള മറ്റുള്ളവർ സമരസ്ഥലത്ത് എത്തിയത് അവരുടെ കർഷക യൂണിയൻ ഒരുക്കിയിട്ടുള്ള ട്രോളികളിൽ ആയിരുന്നു.
40-കാരിയായ സര്‍ബ്ജീത് കൌര്‍ ജസ്രാവൂരില്‍നിന്നും പോരുന്നതുവരെ പാർലമെന്‍റ് 2020 സെപ്റ്റംബറില്‍ പാസ്സാക്കിയ കർഷക നിയമങ്ങള്‍ക്കെതിരെ സംസാരിക്കുകയും സമരം ചെയ്യുകയും ചെയ്തിരുന്നു. അമൃത്സർ ജില്ലയിലെ അജ്നാല താലൂക്കിലെ 2169 പേരുള്ള തന്‍റെ ഗ്രാമത്തിൽ വീടുവീടാന്തരം കയറിയിറങ്ങി ഈ നിയമങ്ങൾക്കെതിരെ അവർ പ്രചരണം നടത്തി. അങ്ങനെ അവർ നവംബർ അഞ്ചിന് ജസ്രാവൂരില്‍നിന്നും അടുത്തുള്ള ഗ്രാമങ്ങളില്‍നിന്നുമായി രൂപീകരിക്കപ്പെട്ട 14 ട്രാക്ടർ-ട്രോളികൾ ഉൾപ്പെടുന്ന ഒരു സംഘത്തോടൊപ്പം ചേര്‍ന്ന് അവിടെനിന്നും പുറപ്പെട്ടു. അഖിലേന്ത്യാ തലത്തില്‍ 200 കർഷക സംഘടനകൾ ചേരുന്ന ഒരു ഏകോപനവേദിയായ അഖിലേന്ത്യ കിസാൻ സംഘർഷ് ഏകോപന കമ്മിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ജംഹൂരി കിസാൻസഭയാണ് മേല്‍പ്പറഞ്ഞ സംഘത്തെ തയ്യാറാക്കിയിട്ടുള്ളത്. അവർ അതിരാവിലെ പുറപ്പെടുകയും നവംബർ 27-ന് സിംഘുവിൽ എത്തിച്ചേരുകയും ചെയ്തു.
ഹരിയാനയിലെ സിംഘുവില്‍നിന്നു മൂന്നു കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന കുണ്ട്ലി അതിർത്തിയിൽനിന്നും ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ആരംഭിക്കുന്ന അനിശ്ചിതകാല ട്രാക്ടർ പരേഡിൽ പങ്കെടുക്കുന്നതിനായി സര്‍ബ്ജീത് കൌര്‍ എല്ലാത്തരത്തിലും ഒരുങ്ങിയിരിക്കുന്നു. “എന്‍റെ ട്രാക്ടറുമായാണ് ഞാനിതിൽ പങ്കെടുക്കുന്നത്”, അവർ പറയുന്നു.
മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്, 2020 നവംബർ 26 മുതൽ ലക്ഷക്കണക്കിന് കർഷകരും ഒരുപാട് കർഷക യൂണിയനുകളും സമരം ചെയ്യുന്ന പ്രധാനപ്പെട്ട സമരസ്ഥലങ്ങളില്‍ ചിലതാണ് ഹരിയാനയിലെ സിംഘുവും തിക്രിയും ഉത്തർപ്രദേശിലെ ഗാസിപൂരും. “ചെറുപ്പക്കാർ ആണെങ്കിലും പ്രായമുള്ളവർ ആണെങ്കിലും സ്ത്രീകൾ ആണെങ്കിലും പുരുഷന്മാർ ആണെങ്കിലും നിയമങ്ങൾ പിൻവലിക്കുന്നതുവരെ ആരും ഇവിടെനിന്നു പോകില്ല” സര്‍ബ്ജീത് പറയുന്നു.
“ആരും എന്നോട് ഇങ്ങോട്ടുവരാൻ പറഞ്ഞിട്ടില്ല, ആരും ഇവിടെന്നെ പിടിച്ചു വച്ചിട്ടില്ല”, സമരസ്ഥലത്ത് നിരനിരയായി ഇട്ടിരിക്കുന്ന ട്രാക്ടറുകൾക്കിടയില്‍ തന്‍റെ ട്രാക്ടറോട് ചേര്‍ന്നുനിന്നുകൊണ്ട് അവർ കൂട്ടിചേര്‍ക്കുന്നു. “സമരത്തിന്‍റെ ഭാഗമായി ധാരാളം പുരുഷന്മാർ എന്‍റെ ട്രാക്ടറിൽ സവാരി ചെയ്തു. അവരെ ഞാന്‍ ഇങ്ങോട്ടു കൊണ്ടുവന്നു എന്ന് നിങ്ങൾ പറയുമോ?”, സ്ത്രീകളെയും പ്രായമുള്ളവരെയും സമരസ്ഥലത്ത് പിടിച്ചു വച്ചിരിക്കുകയാണെന്നും അവരെ തിരികെപ്പോകാന്‍ പ്രേരിപ്പിക്കണമെന്നുമുള്ള ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്‍റെ പരാമർശത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് അവര്‍ ചോദിക്കുന്നു.






