അത് കുറച്ചു വിചിത്രമായിരുന്നു, പക്ഷെ ഡല്‍ഹിയിലെ ജി.റ്റി. കര്‍ണാല്‍ ബൈപാസില്‍ ഞങ്ങളുടെ തൊട്ടുമുന്നില്‍ അതു സംഭവിക്കുകയായിരുന്നു.
ഒരുകൂട്ടം ട്രാക്ടറുകള്‍ ഡല്‍ഹി ഭാഗത്തേക്കും മറ്റൊരുകൂട്ടം എതിര്‍ ദിശയില്‍ സിംഘു ഭാഗത്തേക്കും പോവുകയായിരുന്നു. ഈ രണ്ടു കൂട്ടങ്ങളും ഹൈവേയില്‍ പരസ്പരം കടന്നുപോയപ്പോഴുണ്ടായ സാമീപ്യം ചില ധാരണാ പിശകുകള്‍ സൃഷ്ടിച്ചു. ഡല്‍ഹിയില്‍നിന്നും വന്ന സംഘം അവരുടെ നേതാക്കന്മാര്‍ പറഞ്ഞതനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. പോലീസുമായി യോജിച്ച് മുന്‍കൂട്ടി തീരുമാനിച്ച പാതകളില്‍നിന്നു വ്യത്യസ്തമായി മറ്റൊരു പാതയിലൂടെ നഗരത്തിലേക്കു പോകാന്‍ നേതാക്കള്‍ തീരുമാനിച്ചു എന്നു തെറ്റിദ്ധരിച്ച് അവയില്‍ ചിലത് രാവിലെ തലസ്ഥാനത്തേക്കു പോയി.
പാര്‍ലമെന്‍റ് സെപ്തംബറില്‍ പാസാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളിലെ സിംഘു, ടിക്രി, ഗാസിപ്പൂര്‍, ചില്ല, മേവാത് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്ന ദൃശ്യങ്ങള്‍ ഒരുക്കിക്കൊണ്ട് മറ്റൊരു ജാഥകൂടി ഏകദേശം 60 കിലോമീറ്റര്‍ മാറി രാജസ്ഥാന്‍-ഹരിയാനാ അതിര്‍ത്തിയിലെ ശാഹ്ജഹാന്‍പൂരില്‍ സംഘടിപ്പിച്ചിരുന്നു. അഖിലേന്ത്യാ കിസാന്‍ സഭ പറഞ്ഞതുപോലെ എക്കാലത്തെയും ഏറ്റവും വലുതും ജനകീയവുമായ സിവിലിയന്‍ റിപ്പബ്ലിക് ദിനാഘോഷമായിരുന്നു ഇത്.
സാധാരണ പൗരന്മാരും, കര്‍ഷകരും, തൊഴിലാളികളും, മറ്റുള്ളവരും ചേര്‍ന്നു വീണ്ടെടുത്ത ഈ റിപ്പബ്ലിക് ദിനാഘോഷം വളരെ ജനകീയവും, സമാധാനപരവും, അച്ചടക്കപൂര്‍ണ്ണവും, സര്‍വ്വോപരി അഭൂതപൂര്‍വ്വവുമായ ഒന്നായിരുന്നു. ഇതില്‍ ലക്ഷക്കണക്കിനു ജനങ്ങളും പതിനായിരക്കണക്കിനു ട്രാക്ടറുകളും പങ്കെടുക്കുകയും, ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള സമാനമായ പരിപാടികളേയും പരേഡുകളേയും ഏകോപിപ്പിക്കുകയും ചെയ്തിരുന്നു.
പക്ഷെ താരതമ്യേന ചെറിയ ഒരു സംഘത്തിനു വലുതും അവിശ്വസനീയവുമായ ഈ വിജയത്തില്‍നിന്നും ഡല്‍ഹിയിലെ ഒറ്റപ്പെട്ടതും പെട്ടെന്നുണ്ടായതുമായ സംഭവങ്ങളിലേക്ക് മാദ്ധ്യമ ശ്രദ്ധ തിരിച്ചു വിടാന്‍ കഴിഞ്ഞു. ഡല്‍ഹി അതിര്‍ത്തികളില്‍ രണ്ടുമാസത്തിലധികമായി സമരം നയിച്ചുകൊണ്ടിരിക്കുന്ന, 32 കര്‍ഷക യൂണിയനുകള്‍ ഉള്‍പ്പെടുന്ന, സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം.) മുന്‍കൂട്ടി തീരുമാനിച്ച പാതയില്‍നിന്നും വ്യതിചലിച്ചു ഡല്‍ഹിയില്‍ പ്രവേശിച്ച പ്രസ്തുത ചെറു സംഘത്തിന്‍റെ നശീകരണ പ്രവര്‍ത്തനങ്ങളെയും ആക്രമണങ്ങളെയും ശക്തമായി അപലപിച്ചു. “സമാധാനപരവും ശക്തവുമായ കര്‍ഷക സമരത്തെ അട്ടിമറിക്കുന്നതിനുള്ള ആഴത്തിലുള്ള ഗൂഢാലോചന” എന്ന നിലയില്‍ എസ്.കെ.എം. ഈ പ്രവൃത്തിയെ തള്ളിക്കളഞ്ഞു.



















