ഒരു ഓടക്കുഴലിന്‍റെ നാദം വഴിയോരത്തെ ധാബയിലുണ്ടായിരുന്ന കർഷകരുടെ കൂട്ടത്തിന്‍റെ ശ്രദ്ധ തിരിച്ചു. നാസിക് സിറ്റിയിൽ നിന്നും ഏകദേശം 65 കിലോമീറ്റർ ദൂരെ ചാന്ദ്‌വാഡ് പട്ടണത്തില്‍ ഡിസംബർ 22-നു ആ തണുപ്പുള്ള വെളുപ്പാൻകാലത്തു ചായയ്ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു അവർ. പലരും പകുതി ഉറക്കത്തിലായിരുന്നു, ചിലർ തിരക്കിട്ട് പ്രഭാത ഭക്ഷണമായ മിസൽ പാവ് കഴിച്ചുകൊണ്ടിരുന്നു. എന്നാൽ കോൽഹാപ്പൂർ ജില്ലയിലെ ജാംഭാലി ഗ്രാമത്തിൽ നിന്നുള്ള 73-കാരനായ കർഷകന്‍ നാരായൺ ഗെയ്ക്‌വാദാകട്ടെ ഓടക്കുഴൽ വായിച്ചു കൊണ്ടിരുന്നു. വീട്ടിൽ നിന്നും 500 കിലോമീറ്റർ അകലെയായിരുന്നിട്ടും തന്‍റെ പ്രഭാതചര്യ അനുഷ്‌ഠിക്കുകയായിരുന്നു അദ്ദേഹം. "ഡൽഹിയിലെ സമരം പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരിൽ മാത്രം ഒതുങ്ങുന്നു എന്നാണ് ആൾക്കാർ പറയുന്നത്," അദ്ദേഹം പറഞ്ഞു. "ഇതൊരു ദേശീയ പ്രശ്നമാണെന്ന് ചൂണ്ടിക്കാണിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു."
നാസികിൽ നിന്നും ഡിസംബർ 21-നു ഡൽഹിയിലേക്ക് പുറപ്പെട്ട വാഹനജാഥയിലെ 2000 കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സാമൂഹ്യപ്രവർത്തകരുടെയും കൂട്ടത്തിലൊരാളായിരുന്നു ഗെയ്ക്‌വാദ്. പക്ഷെ അദ്ദേഹത്തിന്‍റെ യാത്ര അതിനും ഒരു ദിവസം മുൻപ് തുടങ്ങി. "ഞങ്ങൾ ഏഴുപേർ ഒരു ടെമ്പോയിൽ 20-നു രാത്രി നാസികിൽ എത്തി. ഏകദേശം 13 മണിക്കൂറോളമെടുത്തു ആ യാത്ര," അദ്ദേഹം പറഞ്ഞു. "റോഡ് യാത്ര പ്രായം കൂടും തോറും ബുദ്ധിമുട്ടായി വരികയാണ്. എന്നാലും ഞാൻ വരാൻ തീരുമാനിച്ചത് ഭഗത് സിംഗിന്‍റെ ഇന്ത്യയെക്കുറിച്ചുള്ള ആശയത്തിൽ ഞാൻ വിശ്വസിക്കുന്നത് കൊണ്ടാണ്. കർഷകരുടെ പ്രശ്നങ്ങൾ ഒരു വിപ്ലവത്തിലൂടെയല്ലാതെ അവസാനിക്കില്ല."
ലക്ഷക്കണക്കിനു കർഷകർ, കൂടുതലും പഞ്ചാബിലും ഹരിയാനയിലും നിന്നുള്ളവർ, പോലീസിന്‍റെ കണ്ണീര്‍ വാതകവും, ലാത്തി ചാര്‍ജ്ജും, കൊടും തണുപ്പും, മഴയും നേരിട്ട് ഡൽഹി അതിർത്തികളിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തിവരുന്നു. ഇവർ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത് മൂന്നു കാർഷിക നിയമങ്ങൾക്കെതിരെയാണ്. ഇവ കേന്ദ്ര സർക്കാർ 2020 ജൂണ്‍ അഞ്ചിന് ആദ്യം ഓർഡിനൻസുകളാക്കി പാസ്സാക്കുകയും, പിന്നീട് കാർഷികബില്ലുകളായി സെപ്തംബർ പതിനാലിനു പാർലമെന്‍റിൽ അവതരിപ്പിക്കുകയും, അതേ മാസം ഇരുപതിനു തന്നെ ധൃതി പിടിച്ചു നിയമങ്ങള്‍ ആക്കുകയുമായിരുന്നു.
താഴെപ്പറയുന്നവയാണ് നിയമങ്ങള്‍: കാര്‍ഷിക വിള വിപണനവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച നിയമം, 2020; വില ഉറപ്പാക്കുന്നതും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ നിയമം, 2020; അവശ്യ സാധന (ഭേദഗതി) നിയമം, 2020 എന്നിവയാണ് പാസാക്കിയ പുതിയ നിയമങ്ങൾ. ഇന്ത്യന്‍ ഭരണഘടനയുടെ 32-ാം വകുപ്പിനെ ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ട് പൗരന്മാരുടെ നിയമപരമായ സഹായം തേടാനുള്ള അവകാശം അസാധുവാക്കുന്നതിനാല്‍ എല്ലാ ഭാരതീയരെയും ബാധിക്കുന്നവയാണ് ഈ നിയമങ്ങൾ എന്നതരത്തിലും വിമര്‍ശനമുണ്ട്.








