കൃഷ്‌ണ ജില്ലയിലെ വഡ്‌ലമാനു വില്ലേജിൽ പാട്ടത്തിനെടുത്ത 2.5 ഏക്കർ സ്ഥലത്ത് ചോളം കൃഷി ചെയ്യുകയാണ് രാമകൃഷ്‌ണ റെഡ്ഡി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎംഎൽ സീഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് വിത്ത് നൽകുന്നതിനായി രാമകൃഷ്‌ണറെഡ്ഡിയും അഗിരിപല്ലെ മണ്ഡത്തിലെ മറ്റ് എട്ട് കർഷകരും ചേർന്ന് 30 ഏക്കറിലാണ് ചോളം നട്ടത്. "2016 സെപ്‌തംബറിലാണ് ഞങ്ങൾ വിത്തിട്ടത്. 2017 മാർച്ചിൽ ഏകദേശം 80 ടൺ ചോളവിത്തുകൾ ഞങ്ങൾ വിറ്റു. എന്നാൽ ഒരുവർഷം കഴിഞ്ഞിട്ടും കമ്പനി ഞങ്ങൾക്ക് ഒമ്പതുപേർക്കുമായി തരാനുള്ള 10 ലക്ഷം രൂപ തന്നിട്ടില്ല”, 45-കാരനായ രാമകൃഷ്‌ണ പറയുന്നു.
ഈ കച്ചവടത്തിന്റെ ഭാഗമായി എല്ലാ വർഷവും സെപ്‌തംബറിൽ കമ്പനി സങ്കരയിനം വിത്തുകൾ കർഷകർക്ക് വിതരണം ചെയ്യും. കർഷകർ അത് വളർത്തി പലമടങ്ങാക്കി അടുത്ത വർഷം മാർച്ചിൽ തിരികെ നൽകുകയും ചെയ്യും. കമ്പനി ഇവ ഇതര കർഷകർക്ക് ലാഭത്തിന് വിപണിയിൽ വിൽക്കും. വിത്തുകർഷകർക്ക് നൽകേണ്ട പണം കീടനാശിനികളുടെയും വളങ്ങളുടെയും രൂപത്തിൽ കമ്പനി നൽകാറുണ്ട്. കൂടാതെ 24 മുതൽ 36 ശതമാനംവരെ വാർഷിക പലിശനിരക്കിൽ വായ്‌പയും നൽകും. വായ്‌പയും , പലിശയും കർഷകർക്ക് നൽകേണ്ട അന്തിമതുകയിൽനിന്ന് കുറയ്ക്കുന്നതാണ് രീതി.
മാർച്ച് അവസാനത്തോടെ കമ്പനി കർഷകർക്കുള്ള പണം നൽകേണ്ടതാണ്, പക്ഷേ 2 - 3 മാസങ്ങൾ വൈകിയാണ് സാധാരണയായി ഈ തുക ലഭിക്കുക. 2017-ലാകട്ടെ ഐഎംഎൽ സീഡ്‌സ് കർഷകർക്ക് നൽകേണ്ട പണം നൽകിയതുമില്ല. ലഭിക്കേണ്ട കുടിശ്ശികയും കൃഷിയുടെ ചെലവും വർധിച്ചത് നിരവധി കർഷകരെ കടത്തിലേക്ക് തള്ളിവിടുകയും ചിലരെ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു.
"എനിക്ക് 15 ലക്ഷം രൂപയുടെ കടമുണ്ട്. ഇത് സ്വകാര്യ പണമിടപാടുകാരിൽനിന്ന് വാങ്ങിയതാണ്”, ചോളവിത്ത് ഉത്പാദിപ്പിക്കുന്ന വഡ്‌ലമനു വില്ലേജുകാരായ ഒമ്പത് കർഷകരിലൊരാളായ നാൽപ്പതുകാരൻ പിള്ളി ശ്രീനിവാസ് പറഞ്ഞു. "കൂടാതെ വാർഷിക പാട്ടമായി 15,000 രൂപയും നൽകണം. കാരണം എനിക്ക് സ്വന്തമായി അധികം ഭൂമിയില്ല. അതുകൊണ്ട് കൃഷി ഉപേക്ഷിച്ച് കർഷകത്തൊഴിലാളിയാകാൻ ഞാൻ തീരുമാനിച്ചു.' ഇപ്പോൾ പ്രതിദിനം 250 മുതൽ 300 രൂപവരെ ശ്രീനിവാസ് സമ്പാദിക്കുന്നുണ്ട്. തന്റെ അരയേക്കർ സ്ഥലം വിറ്റ് കടം അൽപ്പമെങ്കിലും വീട്ടാമെന്ന പ്രതീക്ഷയിലാണ് ശ്രീനിവാസ്.
എന്നാൽ പണം നൽകുന്നതിൽ പ്രശ്നമുണ്ടെന്നത് ഐഎംഎ്ൽ ലിമിറ്റഡ് നിഷേധിച്ചു. "കർഷകർ നൽകിയ വിത്തുകളിൽ മുളപൊട്ടുന്ന കാര്യത്തിൽ ചെറിയ പ്രശ്നം കണ്ടെത്തിയിരുന്നു. എങ്കിലും 10 ദിവസത്തിനുള്ളിൽ അവരുടെ പണം ഞങ്ങൾ നൽകും”, 2018 മേയ് മാസത്തിൽ, കൃഷ്ണ ജില്ലയിലെ കമ്പനിയുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ചെറുകുരി വെങ്കട്ട സുബ്ബറാവുവിനോട് ഞാൻ സംസാരിച്ചപ്പോൾ ഇതായിരുന്നു മറുപടി. പക്ഷേ കർഷകർക്ക് ഇപ്പോഴും പണം കിട്ടിയിട്ടില്ല. ജൂലൈ മധ്യത്തോടെ വീണ്ടും ഇതേകാര്യം ചോദിച്ച് ഫോൺ ചെയ്തപ്പോഴും 10–-15 ദിവസത്തിൽ പണം നൽകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
"പണം നൽകുമെന്ന് ഒരുവർഷമായി കമ്പനി പറഞ്ഞുകൊണ്ടിരിക്കുകയാണ്, രാമകൃഷ്‌ണ പറയുന്നു. "അവർ നൽകിയ വിത്തുകളാണ് ഞങ്ങൾ വളർത്തിയെടുത്തത്. അവരുടെതന്നെ വിത്തിൽ പ്രശ്നം ഉണ്ടായെങ്കിൽ ഞങ്ങളെങ്ങനെ ഉത്തരവാദികളാവും”?
കമ്പനികൾ ഒരു ടണ്ണിന് കർഷകർക്ക് നൽകുന്ന നിരക്ക് വിത്തിന്റെ ഗുണത്തെ ആശ്രയിച്ചിരിക്കും. എന്നാൽ പടിഞ്ഞാറൻ കൃഷ്‌ണ മേഖലയിലെ ചത്രൈ, മൻസുൻറു മണ്ഡലങ്ങളിലെ നുസ്‌വിഡ്, അഗിരിപല്ലെ എന്നീ പ്രദേശങ്ങളിൽ ചോളവിത്ത് കൃഷിയാരംഭിച്ച 2002–-2004നുശേഷം വിലവർധന ഉണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു.
"2017–-18ലെ കാർഷികസീസണിൽ 20 കമ്പനികൾക്കായി ജില്ലയിലെ 15,887 ഏക്കർ സ്ഥലത്ത് 4,000 കർഷകരാണ് വിത്താവശ്യത്തിനായി ചോളം കൃഷി ചെയ്തത്”, കൃഷ്‌ണ ജില്ലയിലെ കൃഷിവകുപ്പ് ജോയിന്റ് ഡയറക്ടർ മോഹൻ റാവു പറയുന്നു. വിത്തിനായി ചോളം കൃഷിചെയ്യുന്ന സംസ്ഥാനത്തെ ജില്ലകളിൽ പടിഞ്ഞാറൻ ഗോദാവരി, കിഴക്കൻ ഗോദാവരി, പ്രകാശം എന്നിവയും ഉൾപ്പെടും.
മുസുനൂരു മണ്ഡലത്തിലെ ചിന്തലവല്ലി വില്ലേജിൽ വിത്താവശ്യത്തിന് ആദ്യമായി ചോളം കൃഷിചെയ്തത് പെഡ്ഡിനേനി വെങ്കട്ട ശ്രീനിവാസ റാവുവാണ്. നുസ്‌വിഡ് നഗരത്തിൽ ഫാക്ടറിയുള്ള ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സിപി സീഡ്‌സ് ഇന്ത്യയ്ക്കുവേണ്ടി തന്റെ 11 ഏക്കറിലെ പത്ത് ഏക്കറിലും വിത്തിനായി ചോളം കൃഷിചെയ്തു. "എട്ടുവർഷം മുമ്പ് (2010ൽ) ഒരു ടണ്ണിന് 12,000 - 14,000വരെ വിലയുണ്ടായിരുന്നു. അതേസമയം കൃഷിയുടെ ചെലവ് രണ്ടും മൂന്നുമായി വർധിച്ച ഈ വർഷം 16,000 മുതൽ 18,000 വരെ മാത്രമാണ് വില”, 54-കാരനായ റാവു പറയുന്നു.
‘ഞങ്ങൾ ഈ കമ്പനികളോ അവയുടെ ഉടമകളെയോ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. കമ്പനികൾ ഇടനിലക്കാർവഴിയാണ് ഞങ്ങളുമായി ബന്ധപ്പെടുന്നത്. ഒരുപക്ഷേ അതുകൊണ്ടാകാം, വിലവർധനയ്ക്കുവേണ്ടിയുള്ള ഞങ്ങളുടെ കരച്ചിൽ അവർ കേൾക്കാത്തത്’
"ഭൂമിയുടെ ഏക്കറിനുള്ള വാടകനിരക്ക് 2,000-ൽനിന്ന് 25,000 രൂപയായി ഉയർന്നു”, സിപി സീഡ്‌സിനുവേണ്ടി ചോളം കൃഷിചെയ്യുന്ന ചിന്തലവല്ലിയിലെ മറ്റൊരു കർഷകനായ തലക്കൊണ്ട ശ്രിനു (45) പറയുന്നു. "ഇതെല്ലാംകൂടി ചേരുമ്പോൾ ഒരേക്കറിൽ 75,000 രൂപയോളും ചെലവിടേണ്ടിവരും”.. ഒരു ടണ്ണിന് 16,000 രൂപയാണ് കമ്പനി നൽകുന്നത്. ഒരേക്കറിലെ ശരാശരി വിളവ് മൂന്ന് ടണ്ണാണെന്ന് കണക്കുകൂട്ടിയാലും ഞങ്ങൾക്ക് 48,000 രൂപ മാത്രമേ ലഭിക്കൂ”, രണ്ടുലക്ഷത്തിന്റെ കടക്കാരനായ ശ്രിനു പറയുന്നു. 36 ശതമാനം വാർഷികപലിശയിൽ സ്വകാര്യ പണമിടപാടുകാരിൽനിന്ന് വാങ്ങിയതാണ് ഈ തുക. ഇതേ പലിശനിരക്കിൽ കമ്പനിയിൽനിന്നും ശ്രിനു വായ്പ എടുത്തിട്ടുണ്ട്.
"നഷ്‌ടമായിട്ടും ഞങ്ങൾ ഇപ്പോഴും വിത്തുകമ്പനികൾക്കുവേണ്ടി കൃഷിചെയ്യുകയാണ്. കാരണം ഞങ്ങൾക്ക് മറ്റൊരു വഴയില്ല”, ശ്രിനു പറഞ്ഞു. വാണിജ്യാവശ്യത്തിനുള്ള ചോളം ഇതിലും കുറഞ്ഞ വിലയ്ക്കാണ് വിൽക്കുന്നത്. മറ്റ് വിളകളും ഈ പ്രദേശത്ത് വളരുന്നില്ലെന്നതും വെല്ലുവിളിയാണ്. കൂടാതെ, ഇതുവരെയും ഒരു കർഷകനായ ജീവിച്ച ഞാൻ എങ്ങനെയാണ് ഒരു തൊഴിലാളിയായി പ്രവർത്തിക്കുക”?
2011-ലെ ലൈസൻസ്ഡ് കൾട്ടിവേറ്റേഴ്‌സ് ആക്‌ട് പ്രകാരം ആന്ധ്രാപ്രദേശ് കർഷകർക്ക് പൂജ്യം പലിശനിരക്കിൽ ബാങ്ക് ലോൺ അർഹതയുണ്ട്. എങ്കിലും പല സ്ഥാപനങ്ങളും കർഷകർക്ക് ലോൺ അനുവദിക്കുന്നതിൽ പിന്നോട്ടാണ്. വിത്തുകർഷകരിൽ ഭൂരിഭാഗംപേരും കർഷകത്തൊഴിലാളികളായും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായും പ്രവർത്തിക്കുന്നവരാണ്.
കർഷകർ കനത്ത നഷ്ടം സഹിക്കുമ്പോൾ വിത്തുകമ്പനികൾ വൻ ലാഭം കൊയ്യുകയാണ്. "കമ്പനികൾ ഒരു കിലോ വിത്ത് 320 രൂപയ്ക്കാണ് കർഷകർക്ക് വിൽക്കുന്നത്. ഒരേക്കറിന് 7 മുതൽ 8 ലക്ഷം രൂപ വരെയാണ് അവരുടെ ലാഭം”, ശ്രീനു കണക്കാക്കുന്നു.
2017 സെപ്‌തംബറിൽ, വഡ്‌ലമാനു ഗ്രാമത്തിലെ ഒമ്പതംഗ കർഷകസംഘത്തിലെ ചിലരും മറ്റ് കർഷകരും ബംഗളൂരു ആസ്ഥാനമായുള്ള അഗ്രോ-ബയോടെക് കമ്പനിയായ മെറ്റാഹെലിക്‌സ് ലൈഫ് സയൻസസ് വിതരണം ചെയ്ത വിത്തുപയോഗിച്ച് കൃഷിചെയ്ത് 2018 മാർച്ചിൽ കമ്പനിക്ക് ആവശ്യമായ വിത്ത് തിരികെ നൽകി. അതേ മാസംതന്നെ ടൺ ഒന്നിന് 19,700 രൂപ നിരക്കിൽ കർഷകർക്ക് തുക വിതരണം ചെയ്തു. അതേസമയം ഐഎംഎൽ ടണ്ണിന് 17,500 രൂപ മാത്രമാണ് നൽകുക.
പക്ഷേ, ഇത്തരം ബദലുകൾ പരിമിതമാണ്. അതാകട്ടെ ചില ഇടനിലക്കാരാണ് തീരുമാനിക്കുന്നതും. ഓരോ ഗ്രാമത്തിലും വിത്തുകൃഷിമേഖലകളിൽ ഒന്നോ രണ്ടോ പേർ കമ്പനിക്കും കർഷകർക്കുമിടയിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ട്. അവരാണ് ഗ്രാമത്തിൽനിന്ന് വിത്ത് ശേഖരിച്ച് കമ്പനിയിലെത്തിക്കുന്നത്. നിലവിൽ ടണ്ണിന് 200 രൂപയാണ് ഇവരുടെ കമ്മിഷൻ.
"ഞങ്ങൾ ഈ കമ്പനികളോ അവയുടെ ഉടമകളെയോ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. കമ്പനികൾ ഇടനിലക്കാർവഴിയാണ് ഞങ്ങളുമായി ബന്ധപ്പെടുന്നത്. ഒരുപക്ഷേ അതുകൊണ്ടാകാം, വിലവർധനയ്ക്കുവേണ്ടിയുള്ള ഞങ്ങളുടെ കരച്ചിൽ അവർ കേൾക്കാത്തത്”, ശ്രിനു പറയുന്നു. "മാത്രമല്ല, ഉത്പന്നം ഇടനിലക്കാർക്ക് വിറ്റുകഴിഞ്ഞാൽപിന്നെ ഞങ്ങൾക്ക് കിട്ടാനുള്ള പണത്തിന് ആരും ഉത്തരവാദിയല്ല, അതിനാലാണ് വിത്തുവിൽപ്പന കഴിഞ്ഞ് മാസങ്ങളായിട്ടും സിപി സീഡ്‌സിൽനിന്നുള്ള പണത്തിനായി ഞാൻ കാത്തിരിക്കുന്നത്.'
ഏത് കമ്പനിക്കുവേണ്ടിയാണ് തങ്ങൾ കൃഷി ചെയ്യുന്നതെന്നുപോലും ചില കർഷകർക്ക് അറിയില്ല. അവർക്ക് ആകെ അറിയുന്നത് തങ്ങളുടെ ഗ്രാമത്തിലെ ഇടനിലക്കാരനെ മാത്രമാണ്. "ഞങ്ങളുടെ രേഖകൾപ്രകാരം പണമിടപാടുകൾ ഇടനിലക്കാരനുമായി മാത്രമാണ്”, സിപി സീഡ്‌സിന്റെ നുസ്‌വിഡ് ബ്രാഞ്ചിന്റെ വക്താവ് കുമാർ എന്നോട് പറഞ്ഞു. ഇടനിലക്കാരൻ തുക വൈകിപ്പിച്ചാൽ അതിന് ഞങ്ങൾ ഉത്തരവാദികളല്ല. ഇടനിലക്കാരുമായി ഞങ്ങൾക്ക് നിയമപരമായ ഉടമ്പടിയുണ്ട്. അതുകൊണ്ട് ദയവുചെയ്ത് അയാളോട് ചോദിക്കൂ.'
"കമ്പനിയിൽനിന്ന് പണം ലഭിക്കുന്നത് കാത്തിരിക്കുകയാണ് ഞാൻ. സ്വന്തം പോക്കറ്റിൽനിന്ന് പണമെടുത്ത് ഞാനെങ്ങനെ കർഷകർക്ക് നൽകും?” സിപി സീഡ്‌സിന്റെ ചിന്തലവല്ലി ഇടനിലക്കാരൻ വല്ലഭനേനി മുരളിലുമായി ഞാൻ ബന്ധപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. ഇടനിലക്കാരെ ഉത്തരവാദികളാക്കി, സ്വന്തം തടി രക്ഷപ്പെടുത്താനുള്ള കമ്പനികളുടെ തന്ത്രമാണിതെന്നാണ് കർഷരുടെ ആരോപണം.
"കർഷകരും കമ്പനികളും തമ്മിലുള്ള ഒരു കരാറിന്റെ മേൽനോട്ടം വഹിക്കേണ്ടത് എപിഎസ്‌എസ്‌സിഎ (ആന്ധ്രാ പ്രദേശ് സ്റ്റേറ്റ് സീഡ് സർട്ടിഫിക്കേഷൻ അതോറിറ്റി) ആണ്. പക്ഷേ അവർ അത് ചെയ്യുന്നില്ല”, അഖിലേന്ത്യാ കിസാൻ സഭയുടെ കൃഷ്ണ ജില്ലാ സെക്രട്ടറി നിമ്മഗദ്ദ നരസിംഹ പറയുന്നു. "എപിഎസ്‌എസ്‌സിഎ വിത്തുകൾക്ക് സാക്ഷ്യപത്രം നൽകണം, പക്ഷേ അതും കൃത്യമായി നടക്കുന്നില്ല, അതിനാൽ വഡ്‌ലമനുവിൽ സംഭവിച്ചതുപോലെ കേടുവന്ന വിത്തുകൾ വിതരണം ചെയ്യപ്പെടും.'
"ഞങ്ങൾ ഈ കമ്പനികളുടെ അടിമകളാണ്, ശ്രീനിവാസ റാവു (ഏറ്റവും മുകളിൽ ചിത്രത്തിലുള്ളയാൾ) ദേഷ്യത്തോടെ പറയുന്നു. "വിത്തുകമ്പനികളുടെ രീതി ഇന്ത്യയിലെ ഇംഗ്ലീഷ് ഭരണത്തോട് സാമ്യമുള്ളതാണ്.' വ്യാവസായികമായി ചോളം വിളയിച്ച് വിപണിയിലെത്തിക്കുന്നതിൽനിന്ന് കർഷകരെ തടയുന്നതെന്താണ്? "ഇന്ന് വിപണിയിൽ ഒരു ടൺ ചോളത്തിന് 11,000 രൂപയാണ് വില. അസ്ഥിരമായ ഈ വിപണി വിലകളേക്കാൾ, കമ്പനികൾക്ക് 16,000 രൂപയ്ക്ക് ചോളം വിൽക്കുന്നതാണ് ഞങ്ങളെ സംബന്ധിലച്ച് നല്ലത്”, റാവു പറഞ്ഞു.
ബദലുകൾ തേടുന്നതിന്റെ ഭാഗമായി ചിന്തലവല്ലിയിലെ 44-കാരനായ സുഗസാനി വെങ്കട്ട നാഗേന്ദ്രബാബു മൂന്നുവർഷം മുമ്പുതന്നെ തന്റെ 13 ഏക്കറിൽ കമ്പനികൾക്കായി ചോളം കൃഷി ചെയ്യുന്നത് അവസാനിപ്പിച്ചു. "ചോളത്തിന് ന്യായവിലയില്ല. കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിതമായ ഉപയോഗംമൂലം മണ്ണിന്റെ ഫലഭൂയിഷ്ഠതയും കുറയുന്നു”, അദ്ദേഹം പറയുന്നു. "പ്രകൃതിദത്ത കൃഷിരീതികളിൽ ആകൃഷ്‌ടനായി ഞാൻ ഇപ്പോൾ വാഴയും കരിമ്പുമാണ് കൃഷി ചെയ്യുന്നത്. അതിനാൽ ഇപ്പോൾ സ്ഥിതി മെച്ചമാണ്.'
പരിഭാഷ: അശ്വതി ടി കുറുപ്പ്