2022 ഒക്ടോബറിലെ ഇരുട്ട് വീണുതുടങ്ങിയ ഒരു സന്ധ്യാനേരം. ബെല്ലാരിയിലെ വദ്ദു ഗ്രാമത്തിലെ സാമൂഹികകേന്ദ്രത്തിൽ ക്ഷീണിതയായ ഒരു വൃദ്ധ തൂണിൽ നടുചായ്ച്ച്, കാലുകൾ നീട്ടിയിരുന്ന് വിശ്രമിക്കുകയാണ്. സന്ദൂർ താലൂക്കയിലെ ചെങ്കുത്തായ വഴികളിലൂടെയുള്ള 28 കിലോമീറ്റർ നടത്തം അവരെ തളർത്തിയിരിക്കുന്നു. അടുത്ത ദിവസം അവർക്ക് 42 കിലോമീറ്റർ കൂടി നടക്കേണ്ടതുണ്ട്.

സന്ദൂരിലെ സുശീലനഗർ ഗ്രാമത്തിൽനിന്നുള്ള ഖനിത്തൊഴിലാളിയായ ഹനുമക്ക രംഗണ്ണ, ബെല്ലാരി സില്ലാ ഗനി കർമികാര സംഘ (ബെല്ലാരി ജില്ലാ ഖനി തൊഴിലാളി സംഘടന) സംഘടിപ്പിച്ച ദ്വിദിന പദയാത്രയിലെ അംഗമാണ്. 70 കിലോമീറ്റർ നടന്നുചെന്ന്, വടക്കൻ കർണ്ണാടകയിലെ ബെല്ലാരിയിലുള്ള (ബല്ലാരി എന്നും അറിയപ്പെടുന്നു) ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസിൽ തങ്ങളുടെ ആവശ്യങ്ങൾ സമർപ്പിക്കാനാണ് പ്രതിഷേധക്കാർ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇത് പതിനാറാം തവണയാണ് ഹനുമക്ക മറ്റ് ഖനിത്തൊഴിലാളികളോടൊത്ത് ന്യായമായ നഷ്ടപരിഹാരവും മറ്റൊരു ജീവനോപാധിയും ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്നത്.

1990-കളുടെ അവസാനത്തിൽ, ബെല്ലാരിയിൽ ജോലിയിൽനിന്ന് പുറത്താക്കപ്പെട്ട നൂറുകണക്കിന് സ്ത്രീ കൂലിത്തൊഴിലാളികളിൽ ഒരാളാണ് ഹനുമക്ക. "എനിക്ക് ഇപ്പോൾ 65 വയസ്സുണ്ടെന്ന് കരുതാം. എനിക്ക് ജോലി ഇല്ലാതായിട്ട് 15 വർഷത്തിലേറെയായിരിക്കുന്നു," അവർ പറയുന്നു. "പണം (നഷ്ടപരിഹാരം) കിട്ടുന്നതും കാത്തിരുന്ന പലരും ഇന്ന് ജീവിച്ചിരിപ്പില്ല. എന്റെ ഭർത്താവും മരണപ്പെട്ടു."

"ജീവനോടെ ബാക്കിയുള്ള ഞങ്ങളാണ് ശപിക്കപ്പെട്ടവർ. ഈ ശപിക്കപ്പെട്ടവർക്ക് ഇനി അത് (നഷ്ടപരിഹാരം) കിട്ടുമോ അതോ അതിന് മുൻപേ ഞങ്ങളും മരിക്കുമോ എന്ന് അറിയില്ല," അവർ പറയുന്നു. "ഞങ്ങൾ പ്രതിഷേധിക്കാൻ വന്നതാണ്. ഇതുമായി ബന്ധപ്പെട്ട് എവിടെ യോഗം നടന്നാലും ഞാൻ പങ്കെടുക്കാറുണ്ട്. ഈയൊരു തവണകൂടി ശ്രമിച്ചു നോക്കാമെന്ന് ഞങ്ങൾ വിചാരിച്ചു."

Left: Women mine workers join the 70 kilometre-protest march organised in October 2022 from Sandur to Bellary, demanding compensation and rehabilitation.
PHOTO • S. Senthalir
Right: Nearly 25,000 mine workers were retrenched in 2011 after the Supreme Court ordered a blanket ban on iron ore mining in Bellary
PHOTO • S. Senthalir

ഇടത്: 2022 ഒക്ടോബറിൽ, നഷ്ടപരിഹാരം, പുനരധിവാസം എന്നീ ആവശ്യങ്ങളുന്നയിച്ച് സംഘടിപ്പിക്കപ്പെട്ട, സന്ദൂർമുതൽ ബെല്ലാരിവരെയുള്ള 70 കിലോമീറ്റർ പ്രതിഷേധ മാർച്ചിൽ സ്ത്രീ ഖനിത്തൊഴിലാളികൾ പങ്കുചേരുന്നു. വലത്: 2011-ൽ സുപ്രീം കോടതി ബെല്ലാരിയിലെ ഖനനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ, 25,000-ത്തോളം ഖനി തൊഴിലാളികളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു

*****

1800-കളിൽ ബ്രിട്ടീഷ് സർക്കാർ ചെറിയ തോതിൽ ഖനനം നടത്തിയിരുന്ന കാലംതൊട്ട് തുടങ്ങുന്ന ചരിത്രമാണ് കർണ്ണാടകയിലെ ബെല്ലാരി, ഹോസ്പേട്ട്, സന്ദൂർ പ്രദേശങ്ങളിലെ ഇരുമ്പയിര് ഖനനത്തിന്റേത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം, 1953-ൽ,ഭാരത സർക്കാരും വിരലിലെണ്ണാവുന്ന സ്വകാര്യ ഖനിയുടമകളും ഇരുമ്പയിര് ഉത്പാദനം ആരംഭിച്ചു; 42 അംഗങ്ങളുമായി ബെല്ലാരി ഡിസ്ട്രിക്ട് മൈൻ ഓണേഴ്‌സ് അസ്സോസിയേഷൻ സ്ഥാപിതമായതും അതേ വർഷമാണ്. നാൽ‌പ്പത് വർഷത്തിനുശേഷം, 1993-ൽ നിലവിൽ വന്ന ദേശീയ ധാതു നയം, ഖനനമേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപം ക്ഷണിക്കുക, ഇരുമ്പയിര് ഖനനത്തിലേയ്ക്ക് കൂടുതൽ സ്വകാര്യ സ്ഥാപനങ്ങളുടെ കടന്നുവരവ് പ്രോത്സാഹിപ്പിക്കുക, ഇരുമ്പയിര് ഉത്പാദനം ഉദാരവത്ക്കരിക്കുക തുടങ്ങിയ നടപടികളിലൂടെ മേഖലയിൽ വ്യാപകമായ പരിഷ്‌ക്കാരങ്ങൾക്ക് തുടക്കമിട്ടു. അടുത്ത ഏതാനും വർഷങ്ങളിൽ, സ്വകാര്യ ഖനന കമ്പനികളുടെ എണ്ണം കുതിച്ചുയരുന്നതിനൊപ്പം വ്യാപകമായ യന്ത്രവത്ക്കരണത്തിനും ബെല്ലാരിയിലെ ഖനനമേഖല സാക്ഷ്യം വഹിക്കുകയുണ്ടായി. കായികമായ ജോലിയുടെ നല്ലൊരു പങ്കും യന്ത്രങ്ങൾ ഏറ്റെടുത്തതോടെ, അയിര് കുഴിച്ചെടുത്ത്, ഉടച്ച്, തരികളാക്കി അരിച്ചെടുക്കുന്ന ജോലി ചെയ്തിരുന്ന സ്ത്രീത്തൊഴിലാളികൾക്ക് ജോലി നഷ്ടമായി.

ഖനനമേഖലയിൽ ഈ മാറ്റങ്ങളെല്ലാം ഉണ്ടാകുന്നതിന് മുൻപ് ഖനികളിൽ എത്ര സ്ത്രീത്തൊഴിലാളികൾ ഉണ്ടായിരുന്നു എന്നതിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും, രണ്ട് പുരുഷ തൊഴിലാളികൾക്കൊപ്പം കായികമായ ജോലികൾക്കായി കുറഞ്ഞത് നാലുമുതൽ ആറു സ്ത്രീ തൊഴിലാളികൾവീതം ഉണ്ടായിരുന്നുവെന്ന് ഇവിടത്തെ ഗ്രാമീണർക്ക് എല്ലാവർക്കും അറിവുള്ളതാണ്. "യന്ത്രങ്ങൾ വന്നതോടെ ഞങ്ങൾക്ക് ചെയ്യാൻ ജോലികൾ ഇല്ലാതായി. കല്ലുകൾ ഉടയ്ക്കുക, അവ വണ്ടിയിൽ കയറ്റുക എന്നിങ്ങനെ ഞങ്ങൾ ചെയ്തിരുന്ന ജോലികളെല്ലാം യന്ത്രങ്ങൾ ചെയ്യാൻ തുടങ്ങി," ഹനുമക്ക ഓർത്തെടുക്കുന്നു.

"ഇനിമുതൽ ഖനികളിൽ ജോലിയ്ക്ക് വരേണ്ടെന്ന് ഉടമകൾ ഞങ്ങളോട് പറഞ്ഞു. ലക്ഷ്മീ നാരായണ മൈനിങ് കമ്പനി (എൽ.എം.സി) ഞങ്ങൾക്ക് ഒന്നും തന്നില്ല," അവർ പറയുന്നു. "ഞങ്ങൾ എല്ലുമുറിയെ പണിയെടുത്തെങ്കിലും ഞങ്ങൾക്ക് അവർ പണം ഒന്നും തന്നില്ല." ജോലി നഷ്‌ടമായ അതേ സമയത്താണ് അവരുടെ വ്യക്തിജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട സംഭവവും നടന്നത് : അവരുടെ നാലാമത്തെ കുഞ്ഞിന്റെ ജനനം.

2003-ൽ, സ്വകാര്യ ഉടമസ്ഥതയിലുള്ള എൽ.എം.സിയിലെ ജോലി ഹനുമക്കയ്ക്ക് നഷ്ടമായതിന് ഏതാനും വർഷങ്ങൾക്കുശേഷം, അന്നുവരെ സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രം ഖനനം നടത്താൻ അനുമതി ഉണ്ടായിരുന്ന 11,620 ചതുരശ്ര കിലോമീറ്റർ ഭൂമി സംസ്ഥാന സർക്കാർ ഡീ-റിസേർവ് ചെയ്ത് സ്വകാര്യ ഖനനത്തിന് തുറന്നുകൊടുത്തു. ഇരുമ്പയിരിന് ചൈനയിൽ ആവശ്യക്കാരേറുകകൂടി ചെയ്തതോടെ, ഈ മേഖലയിൽ വമ്പിച്ച വളർച്ചയാണുണ്ടായത്. 2010 ആയപ്പോഴേക്കും, ബെല്ലാരിയിൽനിന്നുള്ള ഇരുമ്പയിര് കയറ്റുമതി 2006-ലെ 2.15 കോടി മെട്രിക് ടണ്ണിൽനിന്നും 12.57 കോടി മെട്രിക് ടണ്ണായി ഉയർന്നു - 585 ശതമാനത്തിന്റെ ഞെട്ടിക്കുന്ന വർദ്ധനവ്. കർണ്ണാടക ലോകായുക്തയുടെ (അഴിമതിയും ദുർഭരണവും അന്വേഷിക്കുന്ന സംസ്ഥാനതല അധികാരി) റിപ്പോർട്ട് പ്രകാരം, 2011-ൽ ജില്ലയിൽ പ്രവർത്തിച്ചിരുന്ന നൂറ്റിയറുപതോളം ഖനികളിലായി ഏകദേശം 25,000 തൊഴിലാളികൾ, ഭൂരിഭാഗവും പുരുഷന്മാർ, ജോലി ചെയ്തിരുന്നു. എന്നാൽ അനൗദ്യോഗികമായ കണക്കുകൾ പറയുന്നത്, ഖനനവുമായി ബന്ധപ്പെട്ട മേഖലകളായ സ്പോഞ്ച് അയേൺ നിർമ്മാണം, സ്റ്റീൽ മില്ലുകൾ, ഗതാഗതം, ഹെവി വെഹിക്കിൾ വർക്ക്ഷോപ്പുകൾ എന്നിവയിലായി 1.5-2 ലക്ഷം തൊഴിലാളികൾ ജോലി ചെയ്തിരുന്നെന്നാണ്.

A view of an iron ore mining in Ramgad in Sandur
PHOTO • S. Senthalir
A view of an iron ore mining in Ramgad in Sandur
PHOTO • S. Senthalir

സന്ദൂരയിലെ രംഗഡിൽനിന്നുള്ള ഇരുമ്പയിര് ഖനനത്തിന്റെ ദൃശ്യം

ഉത്പാദനത്തിലും ജോലിലഭ്യതയിലുമുള്ള ഈ വർധനയ്ക്കിടയിലും, ഹനുമക്ക ഉൾപ്പെടെയുള്ള ഭൂരിഭാഗം സ്ത്രീത്തൊഴിലാളികളെയും ഖനികളിൽ തിരികെ ജോലിക്കെടുത്തില്ല. പിരിച്ചുവിട്ടതിന് ന്യായമായ നഷ്ടപരിഹാരം അവർക്ക് നൽകിയതുമില്ല.

*****

നിയമങ്ങളെല്ലാം കാറ്റിൽ പറത്തി കമ്പനികൾ നടത്തിയ അനിയന്ത്രിതമായ ഖനനത്തിന്റെ പിൻബലത്തിലാണ് ബെല്ലാരിയിലെ ഖനനമേഖല ദ്രുതഗതിയിലുള്ള വളർച്ച നേടിയത്. 2006-നും 2010-നും ഇടയിൽ പൊതുഖജനാവിന് 16,085 കോടിയുടെ നഷ്ടമാണ് ഈ കമ്പനികൾ വരുത്തിവച്ചത്. ഖനന കുംഭകോണം അന്വേഷിക്കാൻ നിയുക്തമായ ലോകായുകത, നിരവധി കമ്പനികൾ നിയമവിരുദ്ധമായ ഖനനത്തിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കി; ഹനുമക്ക അവസാനമായി ജോലി ചെയ്തിരുന്ന ലക്ഷ്മീ നാരായണ മൈനിങ് കമ്പനിയും ഇതിൽ ഉൾപ്പെട്ടിരുന്നു. ലോകായുക്ത റിപ്പോർട്ട് പരിഗണിച്ച സുപ്രീം കോടതി 2011-ൽ ബെല്ലാരിയിലെ ഇരുമ്പയിര് ഖനനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി.

എന്നാൽ ഒരുവർഷത്തിനുശേഷം, നിയമലംഘനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയ ചില ഖനികൾ തുറന്ന് പ്രവർത്തിപ്പിക്കാൻ കോടതി അനുവദിച്ചു. സുപ്രീം കോടതിതന്നെ നിയമിച്ച സെൻട്രൽ എംപവർഡ് കമ്മിറ്റിയുടെ (സി.ഇ.സി- കേന്ദ്ര ഉന്നതാധികാര കമ്മിറ്റി)  നിർദ്ദേശമനുസരിച്ച്, ഖനന കമ്പനികളെ കോടതി മൂന്ന് വിഭാഗമായി തരം തിരിച്ചു: നിയമലംഘനം നടത്താത്തതോ ഏറ്റവും കുറവ് നിയമലംഘനം നടത്തിയിട്ടുള്ളതോ ആയ കമ്പനികൾ ഉൾപ്പെടുന്ന 'എ' വിഭാഗം, ചെറിയ തോതിൽ നിയമലംഘനം നടത്തിയിട്ടുള്ള കമ്പനികൾ ഉൾപ്പെടുന്ന 'ബി' വിഭാഗം, നിരവധി നിയമലംഘനങ്ങൾ നടത്തിയിട്ടുള്ള കമ്പനികൾ ഉൾപ്പെടുന്ന 'സി' വിഭാഗം. ഇവയിൽ വളരെ കുറവ് നിയമലംഘനം നടത്തിയിട്ടുള്ള കമ്പനികളെ 2012 മുതൽ ഘട്ടം ഘട്ടമായി തുറക്കാൻ അനുവദിച്ചിട്ടുണ്ട്. ഖനനത്തിനുള്ള പാട്ടം പുതുക്കുന്നതിന് മുന്നോടിയായി തയ്യാറാക്കേണ്ട റീക്ലമേഷൻ ആൻഡ് റീഹാബിലിറ്റേഷൻ (ആർ &ആർ) പ്ലാനുകളുടെ ലക്ഷ്യങ്ങളും അവ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളും സി.ഇ.സി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.

നിയമവിരുദ്ധമായ ഖനനം സംബന്ധിച്ച വിവാദം അന്ന് കർണ്ണാടകയിൽ ഭരണത്തിലിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കുകയും ബെല്ലാരിയിൽ നടന്നിരുന്ന പ്രകൃതിവിഭവങ്ങളുടെ ക്രമാതീതമായ ചൂഷണത്തിലേയ്ക്ക് പൊതുജനശ്രദ്ധ കൊണ്ടുവരികയുമുണ്ടായി. 25,000-ത്തോളം ഖനി തൊഴിലാളികളെ യാതൊരു നഷ്ടപരിഹാരവും നൽകാതെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. എന്നാൽ അവർക്ക് ആർക്കും പത്രത്തലക്കെട്ടുകളിൽ ഇടം ലഭിച്ചില്ല.

നിരാശ്രയരായ തൊഴിലാളികൾ നഷ്ടപരിഹാരം, പുനർനിയമനം തുടങ്ങിയ ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കാനായി ബെല്ലാരി സില്ലാ ഗനി കർമികാര സംഘ രൂപവത്ക്കരിച്ചു. തൊഴിലാളികളുടെ ദുരവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനായി പ്രകടനങ്ങളും ധർണ്ണകളും സംഘടിപ്പിച്ചു തുടങ്ങിയ യൂണിയൻ, 2014-ൽ 23 ദിവസം നീണ്ട നിരാഹാരസമരംപോലും നടത്തുകയുണ്ടായി.

Left: A large majority of mine workers, who were retrenched, were not re-employed even after the Supreme Court allowed reopening of mines in phases since 2012.
PHOTO • S. Senthalir
Right: Bellary Zilla Gani Karmikara Sangha has been organising several rallies and dharnas to draw the attention of the government towards the plight of workers
PHOTO • S. Senthalir

ഇടത്: 2012-നു ശേഷം, ഖനികൾ ഘട്ടം ഘട്ടമായി തുറക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും പുറത്താക്കപ്പെട്ട ഭൂരിഭാഗം തൊഴിലാളികൾക്കും പുനർനിയമനം ലഭിച്ചില്ല. വലത്: തൊഴിലാളികളുടെ ദുരവസ്ഥയിലേയ്ക്ക് സർക്കാരിന്റെ  ശ്രദ്ധ ക്ഷണിക്കാനായി ബെല്ലാരി സില്ലാ ഗനി കർമികാര സംഘ നിരവധി പ്രകടനങ്ങളും ധർണ്ണകളും നടത്തിവരുന്നുണ്ട്

Hanumakka Ranganna, who believes she is 65, is among the hundreds of women mine manual workers who lost their jobs in the late 1990s
PHOTO • S. Senthalir

65 വയസ്സ് പ്രായമുണ്ടെന്ന് സ്വയം അനുമാനിക്കുന്ന ഹനുമക്ക രംഗണ്ണ, 1990-കളുടെ അവസാനത്തിൽ ജോലി നഷ്ടപ്പെട്ട നൂറുക്കണക്കിന് സ്ത്രീ ഖനിത്തൊഴിലാളികളിൽ ഒരാളാണ്

പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഭാഗമായി രൂപം നൽകിയിട്ടുള്ള പ്രധാന പദ്ധതിയായ കോംപ്രിഹെൻസീവ് എൻവയൺമെന്റ് പ്ലാൻ ഫോർ മൈനിങ് ഇമ്പാക്ട് സോണിൽ തങ്ങളെ ഉൾപ്പെടുത്തണമെന്ന തൊഴിലാളികളുടെ ആവശ്യവും യൂണിയൻ ശക്തമായി മുന്നോട്ടുവെക്കുന്നുണ്ട്. ബെല്ലാരിയിലെ ഖനനമേഖലകളിൽ ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വാർത്താവിനിമയം എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഊന്നൽ നൽകി ഈ പദ്ധതിയുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കാനും പ്രദേശത്തെ പരിസ്ഥിതിയും ആവാസവ്യവസ്ഥയും പൂർവ്വസ്ഥിതിയിലാക്കാനും സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം 2014-ൽ കർണ്ണാടക മൈനിങ് എൻവയൺമെന്റ് റെസ്റ്റോറേഷൻ കോർപ്പറേഷൻ സ്ഥാപിക്കുകയുണ്ടായി. നഷ്ടപരിഹാരവും പുനരധിവാസവും ഉൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങളും ഈ പദ്ധതിയുടെ ഭാഗമാക്കണമെന്നാണ് തൊഴിലാളികളുടെ നിലപാട്. ഈ ആവശ്യം ഉന്നയിച്ച് യൂണിയൻ സുപ്രീം കോടതിയിലും ലേബർ ട്രൈബ്യൂണലുകളിലും ഹർജികൾ നൽകിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഗോപി വൈ. പറയുന്നു.

തൊഴിലാളികൾ ഇത്തരത്തിൽ സംഘടിച്ചുതുടങ്ങിയതോടെ, സ്ത്രീത്തൊഴിലാളികളെ അന്യായമായി പിരിച്ചുവിട്ടതിനെതിരെ സധൈര്യം ശബ്ദമുയർത്താൻ ഹനുമക്കയ്ക്ക് ഒരു വേദി ലഭിച്ചിരിക്കുകയാണ്. 2011-ൽ പുറത്താക്കപ്പെട്ട 25,000 തൊഴിലാളികളിൽ ഏകദേശം 4,000 പേരോടൊപ്പം ചേർന്ന് അവർ നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. "1992-1995 വരെ ഞങ്ങൾ വെറും കളിപ്പാവകൾ മാത്രമായിരുന്നു. അന്ന് (തൊഴിലാളികൾക്കുവേണ്ടി) മുന്നിൽനിന്ന് സംസാരിക്കാൻ ആരും ഉണ്ടായിരുന്നില്ല," തൊഴിലാളി യൂണിയന്റെ ഭാഗമായതിലൂടെ തനിക്ക് ലഭിച്ച ശക്തിയും പിന്തുണയും വിശദീകരിച്ച് അവർ പറയുന്നു. "(യൂണിയന്റെ) ഒരു യോഗത്തിൽപ്പോലും ഞാൻ പങ്കെടുക്കാതിരുന്നിട്ടില്ല. ഹോസ്പേട്ട്, ബെല്ലാരി എന്നിങ്ങനെ എല്ലായിടത്തും ഞങ്ങൾ പോയിട്ടുണ്ട്. ഞങ്ങൾക്ക് അവകാശപ്പെട്ടത് സർക്കാർ നൽകട്ടെ," ഹനുമക്ക പറയുന്നു.

*****

എന്നുമുതലാണ് താൻ ഖനികളിൽ ജോലി ചെയ്ത് തുടങ്ങിയതെന്ന് ഹനുമക്കയ്ക്ക് ഓർമ്മയില്ല. സംസ്ഥാനത്ത് പട്ടികവർഗ്ഗമായി പരിഗണിക്കുന്ന വാല്മീകി സമുദായത്തിലാണ് അവർ ജനിച്ചത്. കുട്ടിക്കാലത്ത് അവർ താമസിച്ചിരുന്ന സുശീലനഗറിലെ വീടിന് ചുറ്റുമുള്ള മലനിരകൾ ഇരുമ്പയിരിനാൽ സമ്പുഷ്ടമായിരുന്നു. അരികുവത്ക്കരിക്കപ്പെട്ട ഒരു സമുദായത്തിലെ ഭൂരഹിതരായ ഏതൊരാളും ചെയ്യുന്നതുപോലെ അവരും ഖനികളിൽ ജോലിയെടുക്കാൻ തുടങ്ങി. "കുട്ടിക്കാലംതൊട്ടേ ഞാൻ (ഖനികളിൽ) ജോലിയെടുത്തിട്ടുണ്ട്," അവർ പറയുന്നു. "ഞാൻ പല മൈനിങ് കമ്പനികൾക്ക് കീഴിലും പണിയെടുത്തിട്ടുണ്ട്." ചെറുപ്പത്തിൽത്തന്നെ ജോലി ചെയ്ത് തുടങ്ങിയതിനാൽ, കുന്നുകൾ കയറുന്നതിലും ജംപറുകൾ ഉപയോഗിച്ച് (അയിരിന്റെ സാന്നിധ്യമുള്ള) പാറകളിൽ ദ്വാരങ്ങൾ ഉണ്ടാക്കുന്നതിലും അവയിൽ സ്ഫോടനത്തിനായി രാസവസ്തുക്കൾ നിറയ്ക്കുന്നതിലും ഹനുമക്ക പ്രാവീണ്യം നേടി; ഖനനത്തിനുപയോഗിക്കുന്ന ഭാരമേറിയ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും അവർ നിപുണയായിരുന്നു. "അവാഗ മെഷീനറി ഇല്ല മാ (ആ കാലത്ത് യന്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല.) അവർ ഓർത്തെടുക്കുന്നു. "സ്ത്രീകൾ ജോഡികളായാണ് ജോലി ചെയ്യുക. (സ്‌ഫോടനത്തിന് ശേഷം) ഇളകിയിരിക്കുന്ന പാറക്കഷ്ണങ്ങൾ ഒരാൾ കുഴിച്ചെടുക്കുമ്പോൾ മറ്റേയാൾ അവ ഉടച്ച് ചെറിയ കഷ്ണങ്ങളാക്കും. മൂന്ന് വ്യത്യസ്തമായ വലുപ്പങ്ങളിൽ പാറ പൊട്ടിച്ചെടുക്കണമായിരുന്നു ഞങ്ങൾക്ക്." അയിര് തുണ്ടുകളിൽനിന്ന് പൊടി അരിച്ചുമാറ്റിയതിനുശേഷം, സ്ത്രീകൾ അവ തലയിലേറ്റി ട്രക്കുകളിൽ നിറയ്ക്കും."ഞങ്ങൾ എല്ലാവരും ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഞങ്ങളെപ്പോലെ കഷ്ടപ്പെട്ടിട്ടുള്ളവർ വേറെയാരുമുണ്ടാകില്ല," അവർ കൂട്ടിച്ചേർക്കുന്നു.

"എന്റെ ഭർത്താവ് ഒരു മദ്യപാനിയായിരുന്നു; ഞാൻ ഒറ്റയ്ക്കാണ് അഞ്ച് പെൺമക്കളെ വളർത്തിയത്," ഹനുമക്ക പറയുന്നു. "ആ കാലത്ത്, ഒരു ടൺ (അയിര്) ഉടയ്ക്കുന്നതിന് 50 പൈസയാണ് എനിക്ക് കിട്ടിയിരുന്നത്. ഭക്ഷണത്തിനുപോലും ഞങ്ങൾ കഷ്ടപ്പെട്ടു. ഓരോരുത്തർക്കും അര റൊട്ടിയാണ് കഴിക്കാൻ കിട്ടുക. കാട്ടിൽനിന്നും പച്ചിലകൾ ശേഖരിച്ച്, ഉപ്പ് കൂട്ടി തിരുമ്മി ഉരുളകളാക്കി ഞങ്ങൾ റൊട്ടിയോടൊപ്പം കഴിക്കും. ചിലപ്പോൾ ഞങ്ങൾ നീളത്തിലുള്ള, ഉരുണ്ടിരിക്കുന്ന ഒരു വഴുതനങ്ങ വാങ്ങിച്ച്, അത് അടുപ്പിന് മുകളിൽവെച്ച് ചുട്ടെടുത്ത്, തോലുരിച്ച് ഉപ്പ് പുരട്ടും. എന്നിട്ട് അതുമാത്രം കഴിച്ച്, വെള്ളവും കുടിച്ച് കിടന്നുറങ്ങും..അങ്ങനെയാണ് ഞങ്ങൾ ജീവിച്ചത്." ശൗചാലയങ്ങളോ ശുദ്ധമായ കുടിവെള്ളമോ സുരക്ഷാ മുൻകരുതലുകളോ ഇല്ലാതെ ജോലി ചെയ്തുവന്ന ഹനുമക്കയ്ക്ക് കഷ്ടി ഭക്ഷണത്തിനുള്ള വകമാത്രമേ സമ്പാദിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

At least 4,000-odd mine workers have filed a writ-petition before the Supreme Court, demanding compensation and rehabilitation
PHOTO • S. Senthalir

നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് കുറഞ്ഞത് 4,000 ഖനി തൊഴിലാളികൾ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുകയാണ്

Hanumakka Ranganna (second from left) and Hampakka Bheemappa (third from left) along with other women mine workers all set to continue the protest march, after they had stopped at Vaddu village in Sandur to rest
PHOTO • S. Senthalir

സന്ദൂരിലെ വദ്ദു ഗ്രാമത്തിൽ വിശ്രമത്തിനായി തങ്ങിയതിനുശേഷം ഹനുമക്ക രംഗണ്ണയും (ഇടതുനിന്ന് രണ്ടാമത്) ഹംപക്ക ഭീമപ്പയും (ഇടതുനിന്ന് മൂന്നാമത്) മറ്റ് സ്ത്രീ ഖനിത്തൊഴിലാളികളോടൊത്ത് പ്രതിഷേധ മാർച്ച് തുടരാൻ തയ്യാറായി നിൽക്കുന്നു

ഹനുമക്കയുടെ ഗ്രാമത്തിൽനിന്നുതന്നെയുള്ള മറ്റൊരു ഖനിത്തൊഴിലാളിയായ ഹംപക്ക ഭീമയ്യയും കഠിനാധ്വാനത്തിന്റെയും ഇല്ലായ്മയുടെയും സമാനമായ കഥയാണ് പറയുന്നത്. ഒരു പട്ടികജാതി കുടുംബത്തിൽ ജനിച്ച അവരെ ബാല്യത്തിൽത്തന്നെ ഭൂരഹിതനായ ഒരു കർഷക തൊഴിലാളിയ്ക്ക് വിവാഹം കഴിച്ച് കൊടുക്കുകയായിരുന്നു. "വിവാഹം നടക്കുമ്പോൾ എത്ര വയസ്സുണ്ടായിരുന്നുവെന്ന് എനിക്ക് ഓർമ്മയില്ല. കുട്ടിയായിരിക്കുമ്പോൾത്തന്നെ ഞാൻ ജോലി ചെയ്തു തുടങ്ങിയിരുന്നു - എനിക്ക് പ്രായപൂർത്തിയായിട്ടുപോലുമുണ്ടായിരുന്നില്ല ", അവർ പറയുന്നു. "ഒരു ടൺ അയിര് ഉടയ്ക്കുന്നതിന് എനിക്ക് 75 പൈസയാണ് കിട്ടിയിരുന്നത്. ഒരാഴ്ച മുഴുവൻ പണിയെടുത്താലും ഏഴ് രൂപപോലും ഞങ്ങൾക്ക് കിട്ടില്ല. അവർ തുച്ഛമായ ശമ്പളം മാത്രം നൽകിയിരുന്നത് കാരണം ഞാൻ കരഞ്ഞുകൊണ്ടാണ് വീട്ടിലേയ്ക്ക് പോകുക."

75 പൈസ ദിവസക്കൂലിയ്ക്ക് 5 വർഷത്തോളം ജോലി ചെയ്തതിന് ശേഷമാണ് ഹംപക്കയ്ക്ക് 75 പൈസയുടെ ശമ്പളവർദ്ധനവ് ലഭിച്ചത്. അടുത്ത നാലുവർഷം, ദിവസേന 1.50 രൂപ കൂലിയ്ക്ക് ജോലിചെയ്ത അവർക്ക് വീണ്ടുമൊരു 50 പൈസ കൂലി വർധിപ്പിച്ച് നൽകി. "പത്തുവർഷം ഞാൻ രണ്ടുരൂപയാണ് (ഒരു ടൺ അയിര് ഉടയ്ക്കുന്നതിനുള്ള ദിവസക്കൂലി) സമ്പാദിച്ചിരുന്നത്," അവർ പറയുന്നു. "എല്ലാ ആഴ്ചയും വായ്പക്കുള്ള പലിശയായി 1.50 രൂപ ഞാൻ അടയ്ക്കും. പിന്നെ ഒരു 10 രൂപ അങ്ങാടിയിൽ ചിലവാകും... നുച്ചവിന് (പൊടിയരി) വില കുറവായതിനാൽ അതാണ് ഞങ്ങൾ വാങ്ങിച്ചിരുന്നത്."

അക്കാലത്ത്, കൂടുതൽ പണിയെടുക്കുന്നതാണ് കൂടുതൽ സമ്പാദിക്കാനുള്ള ബുദ്ധിപരമായ മാർഗ്ഗം എന്നായിരുന്നു ഹംപക്കയുടെ ധാരണ. അതുകൊണ്ടുതന്നെ, അവർ അതിരാവിലെ 4 മണിക്ക് ഉണർന്ന്, പാചകം ചെയ്ത്, ഭക്ഷണം പൊതിഞ്ഞെടുത്ത് 6 മണിയാകുമ്പോഴേക്കും ഖനികളിലേയ്ക്ക് പോകാനുള്ള ട്രക്കും കാത്ത് വഴിയിലിറങ്ങി നിൽക്കും. നേരത്തെ എത്തിയാൽ, പതിവുള്ളതിലും ഒരു ടൺ അധികം അയിര് ഉടയ്ക്കാനാകുമല്ലോ. "ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് ബസുകൾ ഒന്നും ഉണ്ടായിരുന്നില്ല. (ട്രക്ക് ) ഡ്രൈവർക്ക് 10 പൈസ കൊടുക്കണമായിരുന്നു; അത് പിന്നീട് 50 പൈസയായി ഉയർന്നു," ഹംപക്ക ഓർത്തെടുക്കുന്നു.

വീട്ടിലേയ്ക്കുള്ള മടക്കയാത്ര എളുപ്പമായിരുന്നില്ല. നേരം ഇരുട്ടാറാകുമ്പോൾ, ഹംപക്കയും വേറെ 4,5 തൊഴിലാളികളും ഭാരമേറിയ അയിര് നിറച്ച് പോകുന്ന ട്രക്കുകളിലൊന്നിൽ കയറിപ്പറ്റും.

"ചിലപ്പോഴെല്ലാം ട്രക്ക് പെട്ടെന്ന് തിരിക്കുമ്പോൾ, ഞങ്ങളിൽ നാലോ അഞ്ചോ പേർ റോഡിൽ വീഴും. (പക്ഷെ) ഞങ്ങൾക്ക് ഒരിക്കലും വേദന അനുഭവപ്പെട്ടിരുന്നില്ല. ഞങ്ങൾ എഴുന്നേറ്റ് വീണ്ടും അതേ ട്രക്കിൽ കയറും," അവർ ഓർമ്മിക്കുന്നു. അധികം ഉടയ്ക്കുന്ന ആ ഒരു ടൺ അയിരിന്റെ പണം പക്ഷെ ഒരിക്കൽ‌പ്പോലും അവർക്ക് ലഭിച്ചിട്ടില്ല. "മൂന്ന് ടൺ അയിര് ഉടച്ചാലും ഞങ്ങൾക്ക് രണ്ട് ടണ്ണിന്റെ പണം മാത്രമേ തന്നിരുന്നുള്ളൂ," അവർ പറയുന്നു. "ഞങ്ങൾക്ക് ഒന്നും ചോദിക്കാനോ പറയാനോ കഴിയുമായിരുന്നില്ല."

Mine workers stop for breakfast in Sandur on the second day of the two-day padayatra from Sandur to Bellary
PHOTO • S. Senthalir
Mine workers stop for breakfast in Sandur on the second day of the two-day padayatra from Sandur to Bellary
PHOTO • S. Senthalir

സന്ദൂരിൽനിന്ന് ബെല്ലാരിയിലേക്കുള്ള ദ്വിദിന പദയാത്രയുടെ രണ്ടാമത്തെ ദിവസം, ഖനിത്തൊഴിലാളികൾ പ്രഭാതഭക്ഷണത്തിനായി സന്ദൂരിൽ നിൽക്കുന്നു

Left: Hanumakka (centre) sharing a light moment with her friends during the protest march.
PHOTO • S. Senthalir
Right: Hampakka (left) along with other women mine workers in Sandur
PHOTO • S. Senthalir

ഇടത്: പ്രതിഷേധ മാർച്ചിനിടെ ഹനുമക്ക (നടുക്ക്) തന്റെ സുഹൃത്തുക്കളുമൊത്ത് കുശലം പങ്കിടുന്നു. വലത്: ഹംപക്കയും മറ്റ് സ്ത്രീ ഖനിത്തൊഴിലാളികളും സന്ദൂരിൽ

ഇടയ്ക്കിടെ അയിര് മോഷണം പോകുമ്പോൾ, മേസ്ത്രി (മേൽനോട്ടക്കാരൻ) അത് തൊഴിലാളികളുടെ ശമ്പളം പിടിച്ചുവെച്ചാണ് ഈടാക്കുക. "ആഴ്ചയിൽ മൂന്നോ നാലോ ദിവസം ഞങ്ങൾ വീട്ടിൽ പോകാതെ അയിരിന് കാവലിരിക്കും. നടുക്ക് തീകൂട്ടി ചൂട് കാഞ്ഞ്, വെറും തറയിലാണ് ഞങ്ങൾ കിടന്നുറങ്ങുക. അയിര് മോഷണം പോകാതെ സൂക്ഷിച്ച്, ശമ്പളം വാങ്ങിച്ചെടുക്കാൻ അങ്ങനെ ചെയ്യുകയേ വഴിയുണ്ടായിരുന്നുള്ളൂ."

ഖനികളിൽ ദിവസേന 16 മുതൽ 18 മണിക്കൂർ ജോലി ചെയ്യുന്നതുകൊണ്ടുതന്നെ തൊഴിലാളികൾക്ക് അടിസ്ഥാനപരമായ വ്യക്തിശുചിത്വംപോലും പാലിക്കാൻ കഴിഞ്ഞിരുന്നില്ല. "ആഴ്ചയിൽ ഒരു ദിവസം, അങ്ങാടിയിൽ പോകുന്ന അന്ന് മാത്രമാണ് ഞങ്ങൾ കുളിച്ചിരുന്നത്," ഹംപക്ക പറയുന്നു.

1998-ൽ ജോലിയിൽനിന്ന് പുറത്താക്കപ്പെടുന്ന സമയത്ത്, ഈ സ്ത്രീ ഖനിത്തൊഴിലാളികൾ ഒരു ടണ്ണിന് 15 രൂപ വീതമാണ് സമ്പാദിച്ചിരുന്നത്. ഒരു ദിവസം അഞ്ച് ടൺ അയിര് കയറ്റുന്നതിലൂടെ 75 രൂപ അവർക്ക് ലഭിച്ചിരുന്നു. അയിരിന്റെ വലിയ കഷ്ണങ്ങൾ വേർതിരിക്കുന്ന ദിവസങ്ങളിൽ അത് 100 രൂപയാകും.

ഖനിയിലെ ജോലി നഷ്ടമായതോടെ ഹനുമക്കയും ഹംപക്കയും ജീവനോപാധി തേടി കൃഷിപ്പണിയിലേയ്ക്ക് തിരിഞ്ഞു. "ഞങ്ങൾക്ക് കൂലിപ്പണി മാത്രമാണ് കിട്ടിയിരുന്നത്. പാടത്ത് കള പറിക്കാനും കല്ലുകൾ നീക്കംചെയ്യാനും ചോളം കൊയ്യാനുമെല്ലാം ഞങ്ങൾ പോകും. 5 രൂപ ദിവസക്കൂലിക്ക് ഞങ്ങൾ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ അവർ (ഭൂവുടമകൾ) ഞങ്ങൾക്ക് ദിവസേന 200 രൂപ തരുന്നുണ്ട്," ഹനുമക്ക പറയുന്നു. താൻ ഇപ്പോൾ സ്ഥിരമായി പാടത്ത് പണിക്ക് പോകാറില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.; അവരുടെ മകൾ ഇപ്പോൾ അവരെ നോക്കുന്നുണ്ട്. ഹംപക്കയും  മകന്റെ സംരക്ഷണയിലായതിനുശേഷം കർഷകത്തൊഴിലാളിയായി ജോലി ചെയ്യുന്നത് അവസാനിപ്പിച്ചു.

"ഞങ്ങൾ ചോര നീരാക്കിയും ഞങ്ങളുടെ ചെറുപ്പം ബലി കൊടുത്തുമാണ് ആ കല്ലുകൾ (അയിര്) ഉടച്ചത്. പക്ഷെ അവർ (ഖനന കമ്പനികൾ) ഞങ്ങളെ പഴത്തൊലിപോലെ വലിച്ചെറിഞ്ഞുകളഞ്ഞു," ഹനുമക്ക പറയുന്നു.

പരിഭാഷ: പ്രതിഭ ആർ.കെ .

S. Senthalir

ਐੱਸ. ਸੇਂਥਾਲੀਰ, ਪੀਪਲਜ਼ ਆਰਕਾਈਵ ਆਫ਼ ਰੂਰਲ ਇੰਡੀਆ ਦੀ ਸੀਨੀਅਰ ਸੰਪਾਦਕ ਅਤੇ 2020 ਪਾਰੀ ਫੈਲੋ ਹੈ। ਉਹ ਲਿੰਗ, ਜਾਤ ਅਤੇ ਮਜ਼ਦੂਰੀ ਦੇ ਜੀਵਨ ਸਬੰਧੀ ਰਿਪੋਰਟ ਕਰਦੀ ਹੈ। ਸੇਂਥਾਲੀਰ ਵੈਸਟਮਿੰਸਟਰ ਯੂਨੀਵਰਸਿਟੀ ਵਿੱਚ ਚੇਵੇਨਿੰਗ ਸਾਊਥ ਏਸ਼ੀਆ ਜਰਨਲਿਜ਼ਮ ਪ੍ਰੋਗਰਾਮ ਦਾ 2023 ਦੀ ਫੈਲੋ ਹੈ।

Other stories by S. Senthalir
Editor : Sangeeta Menon

ਸੰਗੀਤਾ ਮੈਨਨ ਮੁੰਬਈ-ਅਧਾਰਤ ਲੇਖਿਕਾ, ਸੰਪਾਦਕ ਤੇ ਕਮਿਊਨੀਕੇਸ਼ਨ ਕੰਸਲਟੈਂਟ ਹਨ।

Other stories by Sangeeta Menon
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.