കഴിഞ്ഞയാഴ്ച ഗണപതി ബാൽ യാദവ് ജീവിതാസ്തമയത്തിലേക്കു സൈക്കിൾ ചവിട്ടി. സ്വാതന്ത്ര്യ സമര പോരാളിയും ഒളിവിൽ പ്രവർത്തിച്ചിരുന്ന വിപ്ലവകാരികളുടെ സന്ദേശ വാഹകനുമായിരുന്ന, തന്‍റെ ശതാബ്ദി പൂർത്തിയാക്കി 101-ാം വയസ്സിനോടു പൊരുതിയ, ചെറിയൊരു സമയത്തെ അസുഖമൊഴിച്ചാല്‍ അവസാന മാസങ്ങളിലും 5 മുതൽ 20 കിലോമീറ്റർ വരെ തന്‍റെ പഴയ സൈക്കിളിൽ എവിടെയും യാത്ര ചെയ്യുമായിരുന്ന, ആ മനുഷ്യൻ ആകാശത്തേക്കു സൈക്കിൾ ചവിട്ടി മറഞ്ഞു.
ഞങ്ങൾ 2018-ൽ അദ്ദേഹത്തെ കണ്ടുമുട്ടിയ അന്ന് - അദ്ദേഹത്തിനു 97 വയസ്സായിരുന്ന സമയത്ത് - ഞങ്ങളെ അന്വേഷിച്ച് അദ്ദേഹം 30 കിലോമീറ്ററോളം സൈക്കിൾ ചവിട്ടിയിരുന്നു. ഞങ്ങൾ പാരി (PARI) സംഘം അന്നു താമസിച്ചിരുന്നെങ്കിലും ശ്രദ്ധ പിടിച്ചുപറ്റുന്ന അദ്ദേഹത്തിന്‍റെ കഥ കേൾക്കുന്നതിനായി വലിയ താത്പര്യത്തോടെ അദ്ദേഹത്തെ കാണാന്‍ ആഗ്രഹിച്ചു. അന്ന് മെയ് മാസം പകുതിയായിരുന്നു, അദ്ദേഹം മണിക്കൂറുകളോളം റോഡിൽ ചിലവഴിച്ചു. തന്‍റെ സൈക്കിൾ ഒരു മ്യൂസിയം വസ്തുപോലെ തോന്നിച്ചത് അദ്ദേഹത്തെ ബാധിക്കുന്നേയുണ്ടായിരുന്നില്ല. ആ മനുഷ്യൻ പോയി, അദ്ദേഹത്തിന്‍റെ കഥ അവശേഷിക്കുന്നു: ഗണപതി യാദവിന്‍റെ ശ്രദ്ധേയമായ ജീവിത ചക്രം .
1920-ൽ ജനിച്ച ഗണപതി ബാൽ യാദവ് തൂഫാൻ സേനയിൽ (ചുഴലിക്കാറ്റ് സൈന്യം) പ്രവർത്തിച്ച സ്വാതന്ത്ര്യ സമര പോരാളിയായിരുന്നു. 1943-ൽ ബിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രതി സർക്കാരിന്‍റെ അഥവാ സതാറയിലെ താത്കാലിക, ഒളിവിലെ സർക്കാരിന്‍റെ സായുധ വിഭാഗമായിരുന്നു തൂഫാൻ സേന. അദ്ദേഹം ബ്രിട്ടീഷ് സർക്കാരിനെതിരായ അവരുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ജി. ഡി. ബാപു ലാഡിന്‍റെയും ‘ക്യാപ്റ്റൻ ഭാവു’വിന്‍റെയും നേതൃത്വത്തിൽ 1943 ജൂണിൽ സതാറ ജില്ലയിലെ ശെനോലിയിൽ വലിയ ട്രെയിൻ കൊള്ള നടത്തിയ സ്വപ്ന വിപ്ലവ സംഘത്തിന്‍റെ ഭാഗവുമായിരുന്നു 'ഗൺപാ ദാദ’.
അദ്ദേഹം ഞങ്ങളോടു പറഞ്ഞു: "വർഷങ്ങളോളം ഞാൻ ഞങ്ങളുടെ (വനത്തിൽ ഒളിച്ചിരിക്കുന്ന) നേതാക്കന്മാർക്ക് ഭക്ഷണം എത്തിക്കുമായിരുന്നു. രാത്രിയിൽ അവരെ കാണാൻ ഞാൻ പോകുമായിരുന്നു. നേതാവിനോടൊപ്പം 10-20 പേർ ഉണ്ടാകുമായിരുന്നു.” കണ്ടു പിടിച്ചാൽ അദ്ദേഹത്തെ - കൂടെയുള്ള 20 പേരെയും - ബ്രിട്ടീഷുകാര്‍ വധിക്കുമായിരുന്നു. യാദവ് അദ്ദേഹത്തിന്‍റെ സൈക്കിളിൽ ഒളിവിലുള്ളവർക്ക് ഭക്ഷണം എത്തിക്കുന്ന ജോലി ആ സമയത്തു ചെയ്തു. വിപ്ലവ സംഘങ്ങൾക്കിടയിൽ അതിപ്രധാനമായ സന്ദേശങ്ങൾ എത്തിക്കുന്ന ജോലിയും അദ്ദേഹം ചെയ്തു.
അദ്ദേഹത്തിന്‍റെ സൈക്കിളിന്‍റെ കാര്യം ഞാൻ ഒരിക്കലും മറക്കില്ല. മുട്ടക്കച്ചവടക്കാരും പാവ് വാലാകളും അലക്കുകാരും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വീടുകളിൽ സാധനങ്ങൾ എത്തിച്ച് കച്ചവടം ചെയ്യുന്നവരും ഉപയോഗിക്കുന്നതു പോലുള്ള സൈക്കിളിലേക്ക് ഞാൻ കുറേനേരം നോക്കിയിരുന്നു. ഇതായിരുന്നു സംഭാഷണത്തിനിടയ്ക്ക് അദ്ദേഹം നീരസപ്പെട്ട ഒരു സമയം. ഈ സൈക്കിളിന് കാൽ ശതാബ്ദം “മാത്രമേ” പഴക്കമുള്ളൂ. നേരത്തേയുണ്ടായിരുന്ന ഒരെണ്ണം ആരോ മോഷ്ടിച്ചിരുന്നു. അദ്ദേഹം ഏറെ ഇഷ്ടപ്പെട്ട അത് 55 വർഷം ഉപയോഗിച്ചതാണ്. ആ ആരോ ഒരാൾ പുരാവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ആരെങ്കിലുമാണോയെന്ന് ഞാൻ സംശയിക്കുന്നു.
പത്രപ്രവർത്തക സുഹൃത്തായ സമ്പത് മോരെ ആണ് ഞങ്ങളെ ഗണപതി യാദവിന് പരിചയപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ശിർഗാവ് ഗ്രാമത്തിലുള്ള സമ്പത്തിന്‍റെ മുത്തച്ഛന്‍റെ വീട്ടിൽ വച്ചാണ് ഞങ്ങൾ അദ്ദേഹത്തെ ആദ്യം കണ്ടുമുട്ടിയത്. പിന്നീട് ഞങ്ങൾ 5 കിലോമീറ്റർ അകലെയുള്ള അദ്ദേഹത്തിന്‍റെ ഗ്രാമത്തിലേക്കു പോയി മണിക്കൂറുകളോളം അദ്ദേഹത്തോടു സംസാരിച്ചു. 97-ാം വയസ്സിൽ സൈക്കിൾ ചവിട്ടുന്നത് ഞങ്ങൾ വലിയ കാര്യമായി എടുത്തത് അദ്ദേഹം ശ്രദ്ധിച്ചതേയില്ല. പക്ഷെ ഞങ്ങളുടെ അപേക്ഷയെ മാനിച്ച് അര മണിക്കൂർ കൂടി പാരി ഫെലോ സങ്കേത് ജയിനിനും ഞങ്ങളുടെ വീഡിയോ എഡിറ്റർ സിഞ്ചിതാ മാജിക്കുമൊപ്പം അദ്ദേഹം സൈക്കിൾ ചവിട്ടി. അദ്ദേഹത്തിന്‍റെ ദിനചര്യ ചിത്രീകരിക്കാന്‍ അവര്‍ നന്നായി പരിശ്രമിച്ചിരുന്നു. അദ്ദേഹം ദിവസേന സൈക്കിൾ ചവിട്ടിയിരുന്ന റോഡിൽ - ചെളിയുള്ളത് – സങ്കേത് നിവർന്നു കിടന്നു. സിഞ്ചിത ഒരു സ്കൂട്ടറിന്‍റെ സീറ്റിൽ തിരിഞ്ഞിരുന്ന് യാത്ര ചെയ്തു. അങ്ങനെ ഇരുന്നുകൊണ്ട് അദ്ദേഹത്തിനു മുൻപില്‍ സഞ്ചരിക്കുന്ന സ്കൂട്ടറില്‍ നിന്നും അദ്ദേഹം സ്ഥിരമായി യാത്ര ചെയ്തിരുന്ന റോഡിലൂടെ സൈക്കിളോടിക്കുന്നത് ചിത്രീകരിക്കാമായിരുന്നു.
പാരിയുടെ ഭരത് പട്ടീലും നമിതാ വയ്കറും കൂടിക്കാഴ്ചയിൽ മികച്ച പരിഭാഷകരായി പ്രവർത്തിച്ചു. ആ ഓരോ നിമിഷവും എനിക്ക് അവിസ്മരണീയമാണ്.
സമ്പത്ത് എന്നോടു പറഞ്ഞത് അടുത്ത രണ്ടു വർഷം കൂടി ആ വന്ദ്യ വയോധികനെ കണ്ടുമുട്ടാറുണ്ടായിരുന്നെന്നാണ്. അപ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു ഞാനും പാരി സംഘവുമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയതെന്ന്. “ഞാനാരുമല്ല, സ്വാതന്ത്ര്യ സമരത്തിന്‍റെ വെറുമൊരു സന്ദേശ വാഹകൻ. പക്ഷെ അവർ എന്‍റെ പങ്ക് പ്രധാനമായി കാണുകയും വലിയ ബഹുമാനത്തോടെ എന്നെ കാണുകയും ചെയ്തു.” ഗ്രാമത്തിലും പ്രദേശത്തും തനിക്ക് അംഗീകാരം നേടിത്തന്ന കഥകള്‍ അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചു. ഇത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതും ആയിരുന്നു.
അന്ത്യയുടെ അവസാനത്തെ സ്വാതന്ത്ര്യ സമര പോരാളികളിലെ നിരവധി പേർക്കിടയിൽ ഞാൻ കണ്ട ഒരു ഗുണവിശേഷമാണ് ഈ വിനയം: അവരും അവരുടെ സമയവും ലോകവും വളരെ വിശേഷപ്പെട്ടതാണെന്ന് അവർക്കറിയാവുന്ന ഒരു തലമുണ്ട്. എന്നിരിക്കിലും മറ്റൊരു തലത്തിൽ നിന്ന് അവർ നിസ്സാരമായി പറയും തങ്ങളുടെ കടമ തങ്ങൾ നിർവ്വഹിച്ചതേയുള്ളൂവെന്ന് - ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ. ഗൺപാ ദാദയെപ്പോലെ ധാരാളം പേർ ഇന്ത്യൻ ഭരണകൂടം 1972 മുതൽ അവർക്കു നല്കി വരുന്ന പെൻഷൻ ഒരിക്കലും സ്വീകരിച്ചിട്ടില്ല.
ഇന്ത്യയുടെ ജീവിച്ചിരിക്കുന്ന അവസാനത്തെ സ്വാതന്ത്ര്യ സമര പോരാളികൾ ക്കുവേണ്ടി ഞങ്ങൾ ഒരുക്കിയിട്ടുള്ള വിശേഷ ഇടം ഞങ്ങളുടെ വായനക്കാരും മറ്റുള്ളവരും സ്ഥിരമായി സന്ദർശിക്കണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അഞ്ചുവർഷത്തിനുള്ളിൽ അവരെല്ലാവരും മരിക്കും. ഈ ദേശത്തിന് സ്വാതന്ത്ര്യം നേടിത്തന്നവരെ, ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ നുകത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിച്ചവരെ, വരും തലമുറയ്ക്ക് ഒരിക്കലും കാണാനോ കേൾക്കാനോ അവരോടു സംസാരിക്കാനോ അവസരമുണ്ടാകില്ല.
ഇപ്പോൾ അദ്ദേഹം പോയിരിക്കുന്നു, ഇന്ത്യയുടെ വളരെ വേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സുവർണ തലമുറയിൽപ്പെട്ട ഒരാൾകൂടി വിടപറഞ്ഞു. ഞങ്ങൾ പാരിയിൽ അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചിക്കുന്നു, പക്ഷെ അദ്ദേഹത്തിന്‍റെ ജീവിതം ആഘോഷിക്കുന്നു. അദ്ദേഹം തന്‍റെ കഥ പറയാൻ പാരിയെ തിരഞ്ഞെടുത്തതിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. തന്‍റെ നൂറാം വയസ്സിലും ഊർജ്ജസ്വലനായി കൃഷി ചെയ്യുന്നത് തുടർന്ന ഒരു കർഷകൻ. വലിയ കുടുംബ പുരയിടത്തിലെ തന്‍റെ സ്വന്തം ഒറ്റമുറി വീട്ടിലിരുന്ന്, ഞാൻ പോരുന്ന സമയത്ത് സ്വന്തം കൈ കൊണ്ട് എനിക്കെന്തെങ്കിലും തരണമെന്ന് ആഗ്രഹമുണ്ടെന്നു പറഞ്ഞ ഒരു മനുഷ്യൻ. അത് ഒരു കപ്പ് ശുദ്ധമായ പാലായിരുന്നു. ആ ഒരു സമയത്ത് ഞങ്ങൾ രണ്ടുപേരും വികാര ഭരിതരായി.
സമ്പത്ത് മോരെയേക്കാൾ നന്നായി ആരും ആ നിമിഷം വിവരിച്ചിട്ടില്ല. സമ്പത്ത് പിന്നീടെഴുതി: "ഗൺപാ ദാദ മറാത്തിയിൽ സംസാരിച്ചപ്പോൾ സായ്നാഥ് സർ ഇംഗ്ലീഷിൽ സംസാരിക്കുകയായിരുന്നു. പക്ഷെ പോകാനുള്ള സമയമായപ്പോൾ ഇംഗ്ലീഷ് മനസ്സിലാക്കാൻ കഴിയാതിരുന്ന ദാദയ്ക്ക് ഈ മനുഷ്യൻ പോവുകയാണെന്ന് ശരീര ഭാഷയിൽ നിന്നു മനസ്സിലായി. ദാദ വികാരാധീനനായി. അദ്ദേഹം നിവർന്നു നിന്ന് സാറിന്‍റെ കൈ തന്‍റെ കൈയിലാക്കി മുറുകെ പിടിച്ചു. ദാദയുടെ കണ്ണുകൾ നിറഞ്ഞു. സാറും ദാദയുടെ കൈയിൽ കറച്ചധികം സമയം പിടിച്ചു. ഞങ്ങൾക്കു മനസ്സിലായി ഒരു ഭാഷയുടെയും സഹായമില്ലാതെ അവർ സംസാരിച്ചുവെന്ന്.”
പരിഭാഷ: റെന്നിമോന്‍ കെ. സി