താരാവന്തി കൗർ അസ്വസ്ഥയാണ്. “ഞങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ചെറിയ ജോലികൾ പോലും ഈ നിയമങ്ങൾ പാസ്സാക്കിയാൽ ഇല്ലാതാകും”, അവർ പറയുന്നു.
അവർ പടിഞ്ഞാറൻ ഡൽഹിയിലെ സമരവേദിയായ തിക്രിയിൽ എത്തിയത് പഞ്ചാബിലെ കിളിയാന്‍വാലി ഗ്രാമത്തിൽ നിന്നാണ്. താരാവന്തിയും കൂടെയുള്ള ഏകദേശം 300 സ്ത്രീകളും ജനുവരി 7-ന് രാത്രി ഇവിടെത്തിച്ചേര്‍ന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളായ ബട്ടിൻഡാ, ഫരീദ്കോട്ട്, ജലന്ധർ, മോഗാ, മുക്ത്സർ, പട്യാല, സംഗ്രൂർ, എന്നിവിടങ്ങളിൽ നിന്ന് ഇവിടെത്തിച്ചേർന്ന 1,500 കർഷക തൊഴിലാളികളിൽ അവരും പെടുന്നു. അവരെല്ലാം ഉപജീവനം, ദളിതരുടെ ഭൂഅവകാശം, ജാതി വിവേചനം എന്നീ വിഷയങ്ങളൊക്കെ കൈകാര്യം ചെയ്യുന്ന പഞ്ചാബ് ഖേത് മസ്ദൂർ യൂണിയനില്‍ അംഗങ്ങളുമാണ്.
ഉപജീവനത്തിനായി കൃഷിജോലിയെ ആശ്രയിക്കേണ്ടി വരുന്ന ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിനു സ്ത്രീകളിൽ ഒരുവളാണ് അവർ. രാജ്യത്തെ 144.3 ദശലക്ഷം കർഷക തൊഴിലാളികളുടെ 42 ശതമാനം ശതമാനം, ഏറ്റവും കുറഞ്ഞത്, സ്ത്രീകളാണ്.
മുഖ്ത്സർ ജില്ലയിലെ മലോട്ട് തെഹ്സീലിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള 70-കാരിയായ താരാവന്തി ഗോതമ്പ്, നെല്ല്, പരുത്തി പാടങ്ങളിൽ പ്രതിദിനം 250-300 രൂപയ്ക്കു പണിയെടുക്കുന്നു. “പക്ഷേ നേരത്തേ ലഭ്യമായിരുന്നത്രയും ജോലി ഇപ്പോൾ ലഭ്യമല്ല. ഹരി ക്രാന്തി (പച്ച വിപ്ലവം) മുതൽ തൊഴിലാളികൾ ബുദ്ധിമുട്ടിലാണ്”, കാർഷിക മേഖലയിലുണ്ടായിട്ടുള്ള ഒരുപാടു മാറ്റങ്ങൾക്കിടയിൽ 1960കളിലും അതിനുശേഷവും പഞ്ചാബിൽ വ്യാപകമായിരുന്ന കാർഷിക യന്ത്രവത്കരണത്തെ പരാമർശിച്ചുകൊണ്ട് അവർ പറയുന്നു.“എനിക്കു പ്രായം കൂടിയിട്ടുണ്ടാകാം, പക്ഷേ ഞാൻ ക്ഷീണിതയല്ല, പണി ലഭിച്ചാല്‍ അതു നന്നായി ചെയ്യും”, അവർ പറയുന്നു. “പക്ഷേ യന്ത്രങ്ങൾ എല്ലാം എടുത്തിരിക്കുന്നു. കർഷകതൊഴിലാളികളായ ഞങ്ങൾക്ക് [അധികം] പണിയൊന്നും ലഭിക്കുന്നില്ല. ഞങ്ങളുടെ കുട്ടികൾക്കു ഭക്ഷണമില്ല. ദിവസത്തിലൊന്നേ ഞങ്ങൾ നന്നായി കഴിക്കുന്നുള്ളൂ. ഏതാണ്ടെല്ലാ തൊഴിലുകളും അപഹരിച്ച്, എല്ലാ പരിധികളും ലംഘിച്ച്, സർക്കാർ ഞങ്ങളുടെ ജീവിതം നരകമാക്കി.”
പാടങ്ങളിൽ പണി കുറവായതുകൊണ്ടു തൊഴിലാളികളൊക്കെ എം.ജി.എൻ.ആർ.ഇ.ജി.എ. പണികളിലേക്കു തിരിഞ്ഞു. ഗ്രാമീണ ഇന്ത്യയിലെ എല്ലാ കുടുംബങ്ങൾക്കും വർഷത്തിൽ 100 ദിവസം ജോലി ഉറപ്പാക്കുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പു നിയമം പഞ്ചാബിൽ 258 രൂപയാണു കൂലിയിനത്തില്‍ നൽകുന്നത്. “പക്ഷേ എത്രനാൾ?”, അവർ ചോദിക്കുന്നു. “സ്ഥിരതയുള്ള തൊഴിലുകളാണ് ഞങ്ങള്‍ക്കാവശ്യം, എല്ലാ ദിവസവും ഞങ്ങൾക്കു തൊഴില്‍ വേണം.”
താരാവന്തി ദളിത് വിഭാഗത്തിൽപ്പെടുന്നു. “ഇതെല്ലാം ഞങ്ങൾക്കു വ്യത്യസ്തങ്ങളാണ്, ഞങ്ങൾ പാവങ്ങൾ ആണ്” അവര്‍ പറഞ്ഞു. അവർ [ഉയർന്ന ജാതിക്കാർ] ഞങ്ങളെ തുല്യരായി കണക്കാക്കില്ല. മറ്റുള്ളവർ ഞങ്ങളെ മനുഷ്യരായി പരിഗണിക്കില്ല. കീടങ്ങളോ വ്യാധികളോ ആയിട്ടാണ് ഞങ്ങളെ കാണുന്നത്.”
“പക്ഷെ ഇപ്പോൾ നടക്കുന്ന സമരങ്ങളില്‍ വ്യത്യസ്ത വർഗ്ഗ, ജാതി, ലിംഗ വിഭാഗങ്ങളില്‍നിന്നുള്ളവരുടെ പങ്കാളിത്തം പ്രതിദിനം കൂടിവരുന്നു”, അവർ പറഞ്ഞു. “ഇത്തവണ ഞങ്ങളൊരുമിച്ച് ഈ സമരത്തില്‍ പങ്കെടുക്കുന്നു. ഇപ്പോൾ ഞങ്ങൾ ശരിയായ പാതയിലാണ്. ഈ നിയമങ്ങൾ പിൻവലിക്കുന്നതു വരെ ഞങ്ങൾ സമരം തുടരും. എല്ലാവർക്കും ഐക്യപ്പെടാനും നീതി ആവശ്യപ്പെടാനുമുള്ള സമയമാണിത്.”
2020 ജൂൺ 5-നാണ് കാര്‍ഷിക നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു. ഈ മൂന്നു നിയമങ്ങള്‍ ഇനിപ്പറയുന്നവയാണ്: വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ കാര്‍ഷിക നിയമം; കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന ഭേദഗതി നിയമം, 2020 . ഇന്ത്യന്‍ ഭരണഘടനയുടെ 32-ാം വകുപ്പിനെ അട്ടിമറിച്ചുകൊണ്ട് എല്ലാ പൌരന്മാര്‍ക്കും നിയമ സഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇന്‍ഡ്യക്കാരനെയും ഇവ ബാധിക്കുന്നുവെന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്.
കര്‍ഷകരുടെയും കൃഷിയുടെയുംമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുന്നതിനാല്‍ കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങു വില (എം.എസ്.പി.), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.കള്‍), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കർഷകർക്കു താങ്ങാകാവുന്ന എല്ലാത്തിനേയും അവ ദുർബലപ്പെടുത്തുന്നു.
“സർക്കാർ പറയുന്നു അവർ ഈ നിയമങ്ങളിൽ മാറ്റങ്ങൾ (ദേദഗതികൾ) വരുത്തുമെന്ന്. പക്ഷേ അവർ ഞങ്ങളോടു പറഞ്ഞതുപോലെ ആദ്യം മുതലേ ഈ നിയമങ്ങൾ ശരിയായിരുന്നുവെങ്കിൽ എന്തിന് ഇപ്പോൾ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കണം? ഇതിനർത്ഥം അവർ പാസ്സാക്കിയ നിയമങ്ങൾ ഒരിക്കലും ശരിയായിരുന്നില്ലെന്നാണ്”, താരാവന്തി പറയുന്നു.
പരിഭാഷ: റെന്നിമോന്‍ കെ. സി.