"നക്ഷത്രങ്ങൾക്ക് നിങ്ങൾ കൊടുക്കുന്ന പേരുകളല്ല ഞങ്ങൾ റാബറികൾ ഉപയോഗിക്കുന്നത്," മശ്രുഭായ് നിരീക്ഷിക്കുന്നു. " തുമാര ധ്രുവ് താര , ഹമാരാ പരോടിയ [നിങ്ങളുടെ ധ്രുവ നക്ഷത്രം ഞങ്ങൾക്ക് പരോടിയയാണ്]"

വാർധ ജില്ലയിൽ ഉൾപ്പെടുന്ന ദെനോദ ഗ്രാമത്തിലെ, മശ്രുഭായിയുടെ ദേരയിലാണ് ഞങ്ങൾ. താത്കാലിക താമസസ്ഥലങ്ങളെയാണ് ദേര എന്ന് വിളിക്കുന്നത്. നാഗ്പൂരിൽനിന്ന് 60 കിലോമീറ്ററും മശ്രുഭായ് വീടെന്ന് വിശേഷിപ്പിക്കുന്ന കച്ചിൽനിന്ന് 1,300 കിലോമീറ്ററും അകലെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ദേര.

ഈ റാബറി ദേരയിൽ സന്ധ്യ മയങ്ങിത്തുടങ്ങിയിരിക്കുന്നു. ശൈത്യകാലം വേനൽക്കാലത്തിന് വഴിമാറുന്ന, അസ്തമയസൂര്യന്റെ ചുവപ്പുരാശി ആകാശത്തിൽ തെല്ലുനേരംകൂടി പടർന്നുനിൽക്കുന്ന, മാർച്ച് മാസത്തിലെ ഒരു സന്ധ്യ. പ്ലാശ് മരത്തിന്റെ ( ബ്യുട്ടിയ മോണോസ്‌പെർമ എന്ന് ശാസ്ത്രീയനാമമുള്ള ഈ മരം ഹിന്ദിയിൽ പലാഷ് , കേസുഡോ എന്നീ പേരുകളിൽ അറിയപ്പെടുന്നു) ജ്വലിക്കുന്ന പൂക്കൾ ഭൂമിയിൽ കാവിയുടെ നിറഭേദങ്ങൾ തീർക്കുന്നു. നിറങ്ങളുടെ ഉത്സവമായ ഹോളി ഇങ്ങെത്താറായി.

അടുപ്പക്കാർ മശ്രു മാമ എന്ന് സ്നേഹത്തോടെ വിളിക്കുന്ന മശ്രുഭായിയും ഞാനും വിദർഭയിലെ ഈ പ്രദേശത്ത്, വൈകുന്നേരത്തെ തെളിഞ്ഞ മാനം നോക്കിയിരിക്കുകയാണ്. ഒരു പരുത്തിപ്പാടത്തിന്റെ നടുക്കിട്ടിരിക്കുന്ന, അദ്ദേഹത്തിന്റെ കട്ടിലിലിരുന്ന് സൂര്യന് കീഴിലുള്ള എല്ലാത്തിനെക്കുറിച്ചും ഞങ്ങൾ സംസാരിക്കുന്നു: നക്ഷത്രങ്ങൾ, നക്ഷത്രസമൂഹങ്ങൾ, മാറുന്ന കാലാവസ്ഥയും പരിസ്ഥിതിയും, അദ്ദേഹത്തിന്റെ ആളുകളുടെയും മൃഗങ്ങളുടെയും അസംഖ്യം മനോവിചാരങ്ങൾ, എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു നാടോടിയുടെ കഠിനമായ, പരുക്കൻ ജീവിതം, അദ്ദേഹത്തിന് അറിയുന്ന നാടോടികഥകളും ഇതിഹാസങ്ങളും തുടങ്ങി വേറെയും പല വിഷയങ്ങൾ.

നക്ഷത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നവരാണ് റാബറികൾ. യാത്ര ചെയ്യേണ്ട വഴി നിർണ്ണയിക്കാൻ, പ്രത്യേകിച്ചും രാത്രികാലങ്ങളിൽ, അവർ നക്ഷത്രങ്ങളെ ആശ്രയിക്കുന്നതിനാലാണിത്. "ഏഴ് നക്ഷത്രങ്ങളുടെ കൂട്ടമായ സപ്തർഷി ഞങ്ങൾക്ക് ഹരൺ [മാൻ] ആണ്," അദ്ദേഹം വിശദീകരിക്കുന്നു. "ഏഴ് നക്ഷത്രങ്ങൾ പുലർകാലത്ത് മാഞ്ഞുപോകുമെങ്കിലും ഇരുട്ടുള്ള സമയത്ത്, അവ പുതിയ പ്രഭാതത്തിന്റെ, പുതിയ വെല്ലുവിളികളുടെ, ഒട്ടനേകം സാധ്യതകളുടെ വരവറിയിക്കുന്നു," അല്പം തത്വചിന്ത കലർത്തി അദ്ദേഹം പറയുന്നു.

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

മശ്രു റാബറിയും (ഇടത്) റാബറി സമുദായത്തിലെ മറ്റ് അംഗങ്ങളും, വാർധ ജില്ലയിലെ ദെനോദ ഗ്രാമത്തിലുള്ള, അവരുടെ താത്കാലിക താമസസ്ഥലമായ ദേരയിൽ. ദേരയുടെ വാർഷിക ദേശാടനപാത നാഗ്പൂർ, വാർധ, ചന്ദ്രപൂർ, യവത്മാൽ എന്നീ ജില്ലകളിലൂടെയും പരിസരപ്രദേശങ്ങളിലൂടെയും കടന്നുപോകുന്നു

പൊക്കവും ഒത്ത ശരീരവും കട്ടിമീശയും നര വീണ മുടിയും വലിയ കൈത്തലങ്ങളും അതിലും വലിയ ഹൃദയവുമുള്ള, അറുപത് വയസ്സുകാരനായ മശ്രു മാമയാണ് ദേരയിലെ ഏറ്റവും മുതിർന്ന അംഗം. അദ്ദേഹവും വേറെ അഞ്ച് കുടുംബങ്ങളും ചേർന്നുള്ള ദേര രണ്ടുദിവസം മുൻപാണ് ഇവിടെ എത്തിയത്. "ഇന്ന് ഞങ്ങൾ ഇവിടെയാണ്; ഇന്നേയ്ക്ക് പതിനഞ്ചാം നാൾ ഞങ്ങൾ നാഗ്പൂരിലായിരിക്കും. മഴ തുടങ്ങുന്ന സമയത്ത് ഞങ്ങളെ യവത്മാലിനടുത്തുള്ള പന്ധർഖവാടയിൽ കാണാം. വർഷത്തിലുടനീളം പരിചിതമായ ഇടങ്ങളിലൂടെ സഞ്ചരിച്ച് കൃഷിയിടങ്ങളിൽ താമസിക്കുകയാണ് ഞങ്ങളുടെ രീതി," അദ്ദേഹം എന്നോട് പറയുന്നു.

ആകാശത്തിന് കീഴിൽ നീണ്ടുകിടക്കുന്ന, തുറന്ന പാടമാണ് വർഷത്തിലുടനീളം അദ്ദേഹത്തിന്റെ വീട്.

*****

ഭാഗികമായി കന്നുകാലിവളർത്തലുകാരായ റാബറികൾ യഥാർത്ഥത്തിൽ ഗുജറാത്തിലെ കച്ച് സ്വദേശികളാണ്. എന്നാൽ മശ്രു മാമയെപ്പോലെ നിരവധി പേർ, തലമുറകളായി മധ്യേന്ത്യയിലെ വിദർഭയിൽ താമസിച്ചുവരുന്നു. വലിയ പറ്റം ആടുകളെയും ചെമ്മരിയാടുകളെയും ഒട്ടകങ്ങളെയും വളർത്തുകയാണ് അവരുടെ ജോലി. കച്ചിൽ തുടരുന്ന മിക്ക റാബറികളും സ്വന്തം ഭൂമിയിൽ പണിയെടുക്കുന്നവരാണ്; മശ്രു മാമയെപ്പോലെയുള്ള മറ്റുള്ളവർ നിരന്തരം സഞ്ചരിച്ച് ക്യാമ്പുകളിൽ ജീവിക്കുന്നു.

വിദർഭയിൽ ഒന്നാകെയും തൊട്ടടുത്തുള്ള ഛത്തീസ്ഗഡിലുമായി ഇത്തരത്തിലുള്ള 3,000-ലധികം ദേരകളുണ്ടെന്നാണ് മശ്രു മാമയുടെ കണക്ക്. ഓരോ ദേരയ്ക്കും നിശ്ചിതമായ ഒരു ദേശാടനക്രമം ഉണ്ടാകുമെങ്കിലും, അവർ ഒരിക്കലും നിശ്ചിതയിടങ്ങളിൽ തങ്ങാറില്ല.

അനേകം ജില്ലകളിലൂടെ സഞ്ചരിക്കുകയും കുറച്ചുദിവസം കൂടുമ്പോൾ തങ്ങളുടെ ദേശാടനപാതയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ ക്യാമ്പുകൾ തീർക്കുകയുമാണ് റാബറികളുടെ പതിവ്. യാത്രയ്ക്കിടെ എത്രതവണ അവർ ക്യാമ്പ് ചെയ്യുമെന്ന് പറയാനാകില്ലെങ്കിലും ഒരു സീസണിൽ 50-75 ഇടങ്ങളിലൂടെ അവർ സഞ്ചരിക്കുന്നതായി കാണാം. ഒരുദിവസം അവർ വാർധ ജില്ലയിലെ ഒരു ഗ്രാമത്തിലാണെങ്കിൽ, അടുത്ത ദിവസം ചിലപ്പോൾ യവത്മാൽ ജില്ലയിലെ വാനിയ്ക്ക് സമീപത്തായിരിക്കും. കാലാവസ്ഥയ്ക്കും പ്രാദേശിക കർഷകരുമായുള്ള ബന്ധത്തിനും അനുസരിച്ച്, റാബറികൾ ഒരിടത്ത് രണ്ടുദിവസം മുതൽ രണ്ടാഴ്ചക്കാലംവരെ തങ്ങിയേക്കാം.

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

മശ്രു മാമ വലിയ പറ്റം ആടുകളെയും ചെമ്മരിയാടുകളെയും ഒട്ടകങ്ങളെയും വളർത്തുന്നു. അദ്ദേഹത്തിന്റെ വിശ്വസ്തനായ രാമ (ഇടത്) മൃഗങ്ങളെ പരിപാലിക്കാനും തങ്ങാനുള്ള അടുത്ത ഇടം കണ്ടെത്താനും അദ്ദേഹത്തെ സഹായിക്കുന്നു

റാബറികളും കർഷകരും തമ്മിൽ പരസ്പര്യത്തിൽ ഊന്നിയ ബന്ധമാണുള്ളത്. കർഷകർ കന്നുകാലികളെ തങ്ങളുടെ പാടത്തെ കളകളും കൃഷിയ്ക്കുപയോഗിക്കാനാകാത്ത, വിളകളുടെ ഇലകളുമെല്ലാം തിന്നാൻ സ്വതന്ത്രമായി മേയാൻ അനുവദിക്കുമ്പോൾ, ഈ ചെറുമൃഗങ്ങളുടെ കാഷ്ഠം വീണ് പാടത്തെ മണ്ണ് ഫലഭൂയിഷ്ടമാകുന്നതിനാൽ റാബറികളുടെ വരവ് കർഷകർക്കും ഗുണകരമായി മാറുന്നു.

ചിലപ്പോഴെല്ലാം, ഏപ്രിൽമുതൽ ജൂലൈവരെയുള്ള മാസങ്ങളിൽ ആടിന്റേയും ചെമ്മരിയാടിന്റെയും പറ്റങ്ങളെ തങ്ങളുടെ കൃഷിയിടത്തിൽ പാർപ്പിക്കാനായി കർഷകർ റാബറികൾക്ക് നല്ലൊരു തുക പ്രതിഫലമായി കൊടുക്കാറുണ്ട്. മൃഗങ്ങളുടെ എണ്ണമനുസരിച്ചാണ് കൃത്യമായ തുക നിശ്ചയിക്കപ്പെടുന്നതെങ്കിലും, ഈയിനത്തിൽ റാബറികൾക്ക് ഒരുവർഷത്തിൽ  2-3 ലക്ഷം രൂപ ലഭിക്കാറുണ്ടെന്ന് നാഗ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെന്റർ ഫോർ പീപ്പിൾസ് കളക്ടീവ് എന്ന സംഘടന, മൃഗങ്ങളെ കൃഷിയിടങ്ങളിൽ പാർപ്പിക്കുന്നത് സംബന്ധിച്ച് നടത്തിയ, ഇനിയും പ്രസിദ്ധീകരിക്കാത്ത പഠനത്തിൽ പറയുന്നു. മൃഗങ്ങളെ പാർപ്പിച്ചതിനുശേഷം കൃഷിയിടങ്ങളുടെ ഉത്പാദനക്ഷമത കാര്യമായി വർദ്ധിക്കുന്നു.

മാമയ്ക്ക് സ്വന്തമായി ആയിരത്തിലധികം മൃഗങ്ങളുണ്ട് - അതുതന്നെയാണ് അദ്ദേഹത്തിന്റെ തുറുപ്പുചീട്ടും.

അദ്ദേഹത്തിന്റെ ഒട്ടകങ്ങളിൽ കച്ചി ഇനത്തിൽപ്പെട്ട മൂന്നെണ്ണം - നീന്താൻ കഴിവുള്ള ഖരായി ഇനത്തിലുള്ള ഒട്ടകങ്ങളിൽനിന്നും വ്യത്യസ്തമാണിവ - സമീപത്തുള്ള കുറ്റിക്കാടുകൾക്കിടയിൽ മേഞ്ഞ് തിരികെ എത്തിയിരിക്കുന്നു. മാമയുടെ വിശ്വസ്തനായ രാമയുടെ ഒപ്പമാണ് അവർ പോയിരുന്നത്. മൃഗങ്ങളെ പരിപാലിക്കുന്നതിനൊപ്പം ദേരയ്ക്ക് തങ്ങാനുള്ള അടുത്ത ഇടം കണ്ടെത്താനും രാമ സഹായിക്കുന്നു. ഞങ്ങൾ ഇരുന്നിടത്തുനിന്നും ഒട്ടകങ്ങളെ വ്യക്തമായി കാണാൻ കഴിയില്ലെങ്കിലും, ഇരുട്ട് വീണുതുടങ്ങവേ അടുത്തുള്ള മരത്തിന് കീഴിൽ നിഴലുകൾ തീർത്ത് നിൽക്കുന്ന അവ പുറപ്പെടുവിക്കുന്ന മുരൾച്ചകൾ കേൾക്കാം.

മശ്രു മാമയുടെ ഇപ്പോഴത്തെ ക്യാമ്പിന് തൊട്ടടുത്തായി, ദേരയ്ക്ക് എതിരെയുള്ള ഒരു പരുത്തിപ്പാടത്ത്, അദ്ദേഹത്തിന്റെ ആടുകളും ചെമ്മരിയാടുകളും ശുദ്ധമായ പച്ചപ്പുല്ല് തിന്നുകയാണ്. എല്ലാ ദേരയിലും എപ്പോഴും ഒരു പട്ടിയുണ്ടാകും; ഇവിടെ, മശ്രു മാമയുടെ പട്ടി മോത്തി, റാബറി സ്ത്രീകൾ കൈകൊണ്ട് നെയ്തുണ്ടാക്കിയ നനുത്ത ജോഹാദ് (കമ്പിളി) കൊണ്ട് മൂടിയിരിക്കുന്ന ഞങ്ങളുടെ ചാർപോയ്ക്ക് സമീപം, ഉത്സാഹത്തോടെ കളിക്കുന്നുണ്ട്.

PHOTO • Jaideep Hardikar

മശ്രു മാമ സ്വന്തമായുള്ള ആയിരത്തിലധികം മൃഗങ്ങളോടൊത്താണ് യാത്ര ചെയ്യുന്നത്. 'ശൈത്യവും മഴയും അവയെ ലോലരാക്കുകയും വേനൽക്കാലത്തെ ചൂടുകാറ്റ് അവരെ ശക്തരാക്കുകയും ചെയ്യുന്നു'

*****

മഹാരാഷ്ട്രയുടെ കിഴക്കൻഭാഗത്ത്, കൂടുതലും ചെറുകിട കർഷകരുടെ ഉടമസ്ഥതയിലുള്ള, മഴയെ ആശ്രയിക്കുന്ന, ഒറ്റവിളപ്പാടങ്ങൾ പലതും ഇപ്പോൾ തരിശാണ്. പരുത്തി മുഴവനായി വിളവെടുത്തിരിക്കുന്നു. ശൈത്യകാലത്തെ വിളകൾ - ചെറുപയറും അരിച്ചോളവും അവിടവിടെയായി കുറച്ച് ഗോതമ്പും - രണ്ടാഴ്ചയ്ക്കുളിൽ വിളവെടുപ്പിന് തയ്യാറായി, വളർച്ചയുടെ അവസാനഘട്ടത്തിലെത്തി നിൽക്കുന്നു. മശ്രു മാമയുടെ ആടുകളും ചെമ്മരിയാടുകളും ഇപ്പോഴുള്ള കൃഷിയിടത്തിലെ അവസാനത്തെ പച്ചിലയും തിന്നുതീർത്തതിനുശേഷം, ഒന്നുരണ്ട് ദിവസത്തിൽ അദ്ദേഹം പുതിയ കൃഷിയിടത്തിലേക്ക് നീങ്ങും.

"എനിക്ക് ഇവിടെ ഒരു സ്ഥിരം വിലാസമില്ല," മശ്രു മാമ പറയുന്നു. മഴ പെയ്യുന്ന സമയത്ത്, 15-20 അടുത്ത ബന്ധുക്കൾ ഉൾപ്പെടുന്ന, ദേരയിലെ സ്ത്രീകളും പുരുഷന്മാരും ടാർപ്പോളിൻകൊണ്ട് മൂടിയ ചാർപ്പോയ്ക്ക് കീഴിൽ അഭയം തേടും. മാമയുടെ ആടുകളും ചെമ്മരിയാടുകളും ഒട്ടകങ്ങളും മഴ നനഞ്ഞ് നിൽക്കും. "ശൈത്യവും തണുപ്പും അവയെ ലോലരാക്കും, വേനൽക്കാലത്തെ ചൂടുകാറ്റ് അവരെ ശക്തരാക്കുകയും ചെയ്യും. റാബറികളാണ് യഥാർത്ഥ കാലാവസ്ഥാ നിരീക്ഷകർ.", അദ്ദേഹം പറയുന്നു.

"ഞങ്ങളുടെ ജീവിതത്തിൽ ആകെ സ്ഥിരമായിട്ടുള്ളത് അനിശ്ചിതത്വമാണ്. അത് നല്ല തീർച്ചയാണ്," അദ്ദേഹം ചിരിക്കുന്നു. നാഗ്പൂർ, വാർധ, ചന്ദ്രപൂർ, യവത്മാൽ എന്നീ ജില്ലകളിലൂടെയും പരിസരപ്രദേശങ്ങളിലൂടെയുമാണ് അദ്ദേഹത്തിന്റെ ദേര സഞ്ചരിക്കുന്നത്. "മഴയുടെ ക്രമം മാറിയിരിക്കുന്നു. കാടുകൾ അപ്രത്യക്ഷമായി. കൃഷിയിടങ്ങളിലുണ്ടായിരുന്ന പല മരങ്ങളും നശിച്ചിരിക്കുന്നു". കാർഷിക പ്രതിസന്ധിയും കർഷകരുടെ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളും അടുത്തുനിന്ന് കണ്ടറിഞ്ഞിട്ടുള്ളയാളാണ് മശ്രു മാമ. വ്യാപകമായ സാമ്പത്തികമാറ്റങ്ങൾക്കൊപ്പം സങ്കീർണ്ണമായ പാരിസ്ഥിതിക, കാലാവസ്ഥാ ഘടകങ്ങളും ഇതിന് കാരണമായതായി അദ്ദേഹം പറയുന്നു.

മശ്രു മാമയുടെ അഭിപ്രായത്തിൽ കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ ഒരു ദുസ്സൂചനയാണ്. കൃഷിയിടങ്ങളെയും വെള്ളത്തെയും കാടിനേയും മൃഗങ്ങളെയുമെല്ലാം അത് അസ്ഥിരപ്പെടുത്തുന്നു. റാബറികളുടെ പഴയ ഇടങ്ങൾ പലതും ഇപ്പോൾ പ്രതിസന്ധിയിലാണ്. ഏകദേശം 30 വർഷം മുൻപ് ഈ പ്രദേശങ്ങളിലുണ്ടായിരുന്ന  പച്ചപ്പും പുല്ലുമൊന്നും ഇന്നവിടെയില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അതിന്റെ പ്രത്യാഘാതങ്ങൾ അദ്ദേഹത്തിന്റെ മൃഗങ്ങളും നേരിടുന്നുണ്ട്. "ദേഖിയേ പ്രകൃതി മേം പ്രോബ്ലം ഹുവാ , തോ ആദ്മി കോ പത്താ ഭി നഹീ ചലേഗാ കി അബ് ക്യാ കർനാ ഹൈ [പ്രകൃതിയിൽ ഒരു പ്രശ്നമുണ്ടായാൽ, മനുഷ്യർക്ക് അത് എന്താണെന്നോ അത് എങ്ങനെ പരിഹരിക്കണമെന്ന് പോലുമോ മനസ്സിലാകില്ല]," ഒരുപാട് വർഷത്തെ അനുഭവസമ്പത്തുള്ള ഈ നാടോടി പറയുന്നു.

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

ഇടത്ത്: മശ്രു മാമ. വലത്ത്: സന്ധ്യ മറയുമ്പോൾ, മശ്രു മാമയുടെ ഒട്ടകങ്ങൾ സമീപത്തുള്ള കുറ്റിക്കാടുകൾക്കിടയിൽ മേഞ്ഞതിനുശേഷം ദേരയിലേയ്ക്ക് മടങ്ങുന്നു. 'ഒട്ടകങ്ങൾ ഞങ്ങളുടെ കപ്പലുകളാണ്, ‘ഹമാരാ ജഹാസ് ഹൈ‘ [ഞങ്ങളുടെ ദൈവം]'

ഈയിടെ, ഹൈദരാബാദിലെ അറവുശാലകളിലേയ്ക്ക് ഒട്ടകങ്ങളെ കടത്തുന്നുവെന്ന് ചില റാബറി ഇടയർക്കുനേരെ തെറ്റായ ആരോപണം ഉയർന്ന സംഭവത്തെ ദുഖത്തോടെ ഓർത്ത് അദ്ദേഹം പറയുന്നു, " ഞങ്ങളെ അറിയാത്ത ആളുകൾക്ക്, ഞങ്ങൾക്ക് ഞങ്ങളുടെ ഒട്ടകങ്ങളുമായുള്ള ബന്ധം മനസ്സിലാകില്ല." (വായിക്കുക: കച്ചിലെ ഒട്ടകങ്ങളുടെ ഉടമസ്ഥാവകാശം: ഉപേക്ഷിക്കപ്പെട്ടവരുടെ കപ്പലുകൾ )

"ഒട്ടകങ്ങൾ ഞങ്ങളുടെ കപ്പലുകളാണ്, ഹമാരാ ജഹാസ് ഹൈ,“ (ഞങ്ങളുടെ ദൈവം).  ഓരോ ദേരയ്ക്കും മൂന്നോ നാലോ ഒട്ടകങ്ങളുണ്ടാകും. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുമ്പോൾ അവരുടെ സാധനങ്ങളും കുട്ടികളെയും ചുമക്കുന്നത് ഈ ഒട്ടകങ്ങളാണ്," അദ്ദേഹം പറയുന്നു.

ഏറ്റവും കുറവ് ഗവേഷണം നടന്നിട്ടുള്ള ജനവിഭാഗങ്ങളിലൊന്നാണ് മധ്യേന്ത്യയിലെ റാബറികൾ; സർക്കാർ വൃത്തങ്ങൾപോലും അവർ ഈ പ്രദേശത്ത് താമസിച്ചുവരുന്നതായി അംഗീകരിക്കുന്നില്ല. മശ്രു മാമ ജനിച്ചത് വാർധയിലെ ഒരു കൃഷിയിടത്തിലാണ്. അദ്ദേഹം വിവാഹിതനായതും കടുംബം പടുത്തുയർത്തിയതും വിദർഭയിലെ ഈ കൃഷിയിടങ്ങളിൽത്തന്നെയാണ്. എന്നിട്ടും ഇത്തരം ഒരു ജനവിഭാഗം അവിടെ ജീവിക്കുന്നത് ആർക്കും അറിയില്ല.

ഗുജറാത്തി സംസാരിക്കുന്ന അതേ അനായാസതയോടെത്തന്നെ, വിദർഭയുടെ പടിഞ്ഞാറൻഭാഗത്തുള്ളവർ സംസാരിക്കുന്ന, മറാത്തിയുടെ വകഭേദമായ വർഹാദി സംസാരിക്കാനും മശ്രു മാമയ്ക്ക് കഴിയും. "ഒരു കണക്കിന് ഞാൻ ഒരു വർഹാദിയാണ്.", അദ്ദേഹം പറയുന്നു. റാബറികളുടെ തനത് വസ്ത്രധാരണരീതി പിന്തുടരുന്ന മശ്രു മാമ അടിമുടി വെളുത്ത വസ്ത്രമാണ് ധരിക്കുന്നത് - മടക്കി തയ്ച്ചിട്ടുള്ള ഒരു മേൽവസ്ത്രം, ഒരു ധോത്തി, വെള്ള തലപ്പാവ്. അതുകൊണ്ടുതന്നെ അദ്ദേഹം അന്യനാട്ടുകാ‍രനാണെന്ന് ആളുകൾ ധരിച്ചേക്കാം. എന്നാൽ പ്രാദേശികസംസ്കാരത്തെ ആഴത്തിൽ മനസ്സിലാക്കിയിട്ടുള്ള, അവിടത്തെ ആചാരങ്ങളും പാരമ്പര്യങ്ങളും വ്യക്തമായി അറിയുന്നയാളാണ് അദ്ദേഹം. ആവശ്യം വരുന്നപക്ഷം, നാട്ടുഭാഷയിൽ സംസാരിക്കാനും തെറികൾ പറയാനുംപോലും അദ്ദേഹത്തിന് കഴിയും!

ജന്മദേശമായ കച്ചിൽനിന്ന് ഏറെ ദൂരെ താമസിക്കുമ്പോഴും റാബറി സമുദായം അവരുടെ പാരമ്പര്യവും സംസ്കാരവും മുറുകെപ്പിടിച്ചിട്ടുണ്ട്. കച്ചിൽ തുടരുന്ന ബന്ധുജനങ്ങളുമായി അവർ അടുത്ത ബന്ധം സൂക്ഷിക്കുന്നുമുണ്ട്. മശ്രു മാമയുടെ ഭാര്യ ഇപ്പോൾ കച്ച് ജില്ലയിലെ അഞ്ജർ ബ്ളോക്കിലുള്ള ഭദ്രോയി ഗ്രാമം സന്ദർശിക്കാൻ പോയിരിക്കുന്നു. അദ്ദേഹത്തിന്റെ മുതിർന്ന രണ്ട്‌ പെൺമക്കളെയും അവിടെയുള്ള റാബറി സമുദായാംഗങ്ങളാണ് വിവാഹം ചെയ്തിരിക്കുന്നത്.

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

വർഷത്തിലുടനീളം മശ്രു മാമയുടെ വീട്, ആകാശത്തിന് കീഴിലെ തുറന്ന പാടമാണ്. അതിഥികൾ വരുന്ന ദിവസങ്ങളിൽ, ദേരയിലെ സ്ത്രീകൾ വിരുന്നൊരുക്കുകയും എല്ലാ കുടുംബങ്ങളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു

" നയീ പീഡി യഹാ നഹീ രെഹ്നാ ചാഹ് ത്തീ” [പുതിയ തലമുറയിലുള്ളവർക്ക് കൃഷിയിടങ്ങളിൽ താമസിക്കാൻ താത്പര്യമില്ല], അദ്ദേഹം പറയുന്നു. ദേരയിലെ കുട്ടികൾക്ക് സ്കൂളിൽ പോയി പഠിക്കാനും, ജോലി നേടാനുമുള്ള സൗകര്യത്തിനായി അവരെ മറ്റ് കുടുംബാംഗങ്ങളുടെ അടുത്തേയ്ക്ക് തിരികെ അയക്കുകയാണ് പതിവ്. "ലോഗ് മെഹ്നത്ത് ഭീ നഹീ കർ രഹേ ; ദോഡ് ലഗീ ഹൈ” [ആളുകൾ മുൻപത്തെപ്പോലെ കഠിനാധ്വാനം ചെയ്യുന്നില്ല; എല്ലാവരും ഭ്രാന്തമായ ഓട്ടത്തിലാണ്], മശ്രു മാമ പറയുന്നു. അദ്ദേഹത്തിന്റെ മകൻ ഭരത് എൻ‌ജിനീറിങ്ങിൽ ഡിപ്ലോമ നേടിയതിനുശേഷം ഒരു സ്ഥിരജോലി കണ്ടെത്താനായി മുംബൈയിലേക്ക് പോയിരിക്കുകയാണ്.

മശ്രു മാമയുടെ ഇളയ മകൾ അദ്ദേഹത്തോടൊപ്പമുണ്ട്. അവളും ദേരയിലെ മറ്റ് അഞ്ച് സ്ത്രീകളും ചേർന്ന് അത്താഴമുണ്ടാക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദങ്ങൾക്കൊപ്പം ഇടകലർന്ന് അവരുടെ അവ്യക്തമായ സംസാരം കേൾക്കാം. അടുപ്പിൽ തീ പകർന്നതോടെ ചുറ്റുമുള്ള സ്ത്രീകളുടെ മുഖത്ത് സ്വർണ്ണനിറം പടർന്നു. അവരെല്ലാവരും കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് സ്ത്രീകൾ കറുത്ത വസ്ത്രവും പുരുഷന്മാർ വെള്ള വസ്ത്രവും ധരിക്കുന്നത്?

റാബറികളുടെ കുലദേവതയായ സതി മായുടെ ഇതിഹാസവും കാലങ്ങൾക്കുമുൻപ്, സുന്ദരിയായ ഒരു റാബറി രാജകുമാരിയെച്ചൊല്ലി സമുദായവും പുറത്തുനിന്ന് വന്ന അക്രമകാരിയയായ ഒരു രാജാവും തമ്മിൽ നടന്ന യുദ്ധത്തിന്റെ കഥയും വിവരിച്ചാണ് മശ്രു മാമ ആ ചോദ്യത്തിന് ഉത്തരമേകുന്നത്. രാജകുമാരിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ രാജാവ് അവളെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു. എന്നാൽ സമുദായം അതിന് വിസമ്മതിച്ചതോടെ ജയ് സാൽമറിൽ ഇരുകൂട്ടർക്കുമിടയിൽ യുദ്ധം ആരംഭിച്ചു. ഒരുപാട് ചോര വീണ ആ യുദ്ധം ഒടുവിൽ അവസാനിച്ചത്, ശാശ്വതമായ സമാധാനം പുലരാനായി ആ രാജകുമാരി സ്വയം ഭൂമീദേവിയുടെ മടിയിലേക്ക് മറഞ്ഞപ്പോഴാണ്. "ഞങ്ങൾ അവൾക്കുവേണ്ടി ദു:ഖമാചരിക്കുകയാണ്,' അദ്ദേഹം പറയുന്നു. "ഞങ്ങൾ ഇപ്പോഴും അത് തുടരുന്നു."

നേരം ഇരുട്ടിയിരിക്കുന്നു; അത്താഴം തയ്യാറായിട്ടുണ്ട്. ദേരയിലെ 5-6 കുടുംബങ്ങൾ വെവ്വേറെ പാചകം ചെയ്യുകയാണ് സാധാരണ പതിവ്. എന്നാൽ, ഞങ്ങളെപ്പോലെ, ഏതെങ്കിലും അതിഥികൾ എത്തുന്ന അവസരങ്ങളിൽ, അവർ വിരുന്നൊരുക്കുകയും എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ചെമ്മരിയാടിന്റെ പാലുകൊണ്ടുണ്ടാക്കിയ അരിപ്പായസവും ചെമ്മരിയാടിന്റെ പാലിൽനിന്നുള്ള വെണ്ണകൊണ്ട് തയ്യാറാക്കുന്ന നെയ്യ് ചേർത്ത് കഴിക്കുന്ന ശർക്കരയും ചപ്പാത്തിയും എരിവുള്ള പരിപ്പുകറിയും ചാവലും (പാകം ചെയ്ത അരി) മോരുമാണ് ഇന്നത്തെ വിശിഷ്ടവിഭവങ്ങൾ.

മൊബൈൽ ഫോണുകളുടെ വെട്ടത്തിൽ ഞങ്ങൾ അത്താഴം കഴിക്കാനിരിക്കുന്നു.

പരിഭാഷ: പ്രതിഭ ആർ.കെ .

Jaideep Hardikar

Jaideep Hardikar is a Nagpur-based journalist and writer, and a PARI core team member.

Other stories by Jaideep Hardikar
Editor : Pratishtha Pandya

ਪ੍ਰਤਿਸ਼ਠਾ ਪਾਂਡਿਆ PARI ਵਿੱਚ ਇੱਕ ਸੀਨੀਅਰ ਸੰਪਾਦਕ ਹਨ ਜਿੱਥੇ ਉਹ PARI ਦੇ ਰਚਨਾਤਮਕ ਲੇਖਣ ਭਾਗ ਦੀ ਅਗਵਾਈ ਕਰਦੀ ਹਨ। ਉਹ ਪਾਰੀਭਾਸ਼ਾ ਟੀਮ ਦੀ ਮੈਂਬਰ ਵੀ ਹਨ ਅਤੇ ਗੁਜਰਾਤੀ ਵਿੱਚ ਕਹਾਣੀਆਂ ਦਾ ਅਨੁਵਾਦ ਅਤੇ ਸੰਪਾਦਨ ਵੀ ਕਰਦੀ ਹਨ। ਪ੍ਰਤਿਸ਼ਠਾ ਦੀਆਂ ਕਵਿਤਾਵਾਂ ਗੁਜਰਾਤੀ ਅਤੇ ਅੰਗਰੇਜ਼ੀ ਵਿੱਚ ਪ੍ਰਕਾਸ਼ਿਤ ਹੋ ਚੁੱਕਿਆਂ ਹਨ।

Other stories by Pratishtha Pandya
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.