“നോക്കൂ, എന്റെ മോട്ടോർ മണ്ണിനടിയിലായി”, പ്രളയത്തിൽ മണ്ണിനടിയിൽ ഭാഗികമായി താഴ്ന്ന്പോയ തന്റെ മോട്ടോർ കുഴിച്ചെടുക്കുന്നതിനിടയിൽ ദേവേന്ദ്ര റാവത്ത് പറയുന്നു. മധ്യ പ്രദേശിലെ ശിവപുരി ജില്ലയിലെ സുന്ദ് എന്ന ഗ്രാമത്തിലെ കർഷകനാണ് ദേവേന്ദ്ര. ‘പ്രളയത്തിൽ എന്റെ ഭൂമി വെള്ളത്തിനടിയിലായി. എന്റെ മൂന്ന് മോട്ടോറുകളും ഭാഗികമായി താഴ്ന്നുപോയി. ഒരു കിണറുണ്ടായിരുന്നതുപോലും ഇടിഞ്ഞുവീണു. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്”? 48 വയസ്സുള്ള അയാൾ ചോദിക്കുന്നു.

നർവാർ തെഹിസിലിലെ സുന്ദ്, സിന്ധു നദിയുടെ രണ്ട് കൈവഴികൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. 2021-ൽ നദി കരകവിഞ്ഞൊഴുകിയപ്പോൾ, 635 ആളുകൾ താമസിക്കുന്ന (2011-ലെ സെൻസസ്) ഗ്രാമത്തിൽ അത് വലിയ നാശം വിതച്ചു. ഇതിനുമുമ്പ് അത്തരമൊരു വെള്ളപ്പൊക്കമുണ്ടായതായി ഓർമ്മയില്ലെന്ന് ദേവേന്ദ്ര പറഞ്ഞു. “വെള്ളപ്പൊക്കത്തിൽ ഏകദേശം, 18 ഏക്കർ നെൽ‌പ്പാടം നശിച്ചു. കഷ്ടി 3.7 ഏക്കർ (6 ബിഗ) ഭൂമി എനിക്ക് എന്നന്നേക്കുമായി ഈ പ്രളയത്തിൽ നഷ്ടപ്പെട്ടു”, അയാൾ കൂട്ടിച്ചേർത്തു.

കാലി പഹാഡിയിലെ ഗ്രാമം പ്രളയജലത്താൽ ചുറ്റപ്പെട്ട് ഒരു ദ്വീപിനെപ്പോലെ തോന്നിച്ചു. ഈയിടെയായി, മഴ ശക്തിയായി പെയ്യുമ്പോൾ ഗ്രാമീണർ മറുഭാഗത്തേക്ക് പോകുന്നത് വെള്ളത്തിലൂടെ തുഴഞ്ഞിട്ടോ നീന്തിയിട്ടോ ആണ്.

“വെള്ളപ്പൊക്കത്തിന്റെ കാലത്ത്, ഞങ്ങളുടെ ഗ്രാമം മൂന്ന് ദിവസം മുങ്ങിക്കിടന്നു”, ദേവേന്ദ്ര പറയുന്നു. വീട് വിട്ടുപോകാൻ തയ്യാറാകാതിരുന്ന 10-12 പേരൊഴിച്ച് ബാക്കിയെല്ലാവരേയും സർക്കാരിന്റെ ബോട്ടുകളിൽ കയറ്റി രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ഒരു ചന്തയിൽ പാർപ്പിച്ചു. ചിലരാകട്ടെ, മറ്റ് ഗ്രാമങ്ങളിൽ താമസിക്കുന്ന ബന്ധുക്കളുടെയടുത്തേക്ക് പോയി. പ്രളയസമയത്ത് വൈദ്യുതിതടസ്സവുമുണ്ടായി. അത് ശരിയാക്കാൻ ഒരുമാസമെടുത്തു എന്ന് ദേവേന്ദ്ര ഓർക്കുന്നു.

PHOTO • Rahul

2021-ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ പമ്പ് പുറത്തെടുക്കാൻ ശ്രമിക്കുന്ന, സുന്ദിലെ താമസക്കാരനായ ദേവേന്ദ്ര റാവത്ത്

2021-ൽ, മേയ് 14-നും 21-നുമിടയിൽ, പടിഞ്ഞാറൻ മധ്യ പ്രദേശിൽ 20 മുതൽ 59 ശതമാനം‌വരെ കുറവ് മഴയാണ് പെയ്തതെന്ന് ഇന്ത്യൻ കാലാവസ്ഥാവകുപ്പ് പറയുന്നു.

എന്നാൽ, ഒരാഴ്ച കഴിഞ്ഞ് ജൂലായ് 28 മുതൽ ഓഗസ്റ്റ് 4 വരെ, പതിവിലും 60 ശതമാനം അധികം മഴ പെയ്തു. സിന്ധുനദിയിലെ രണ്ട് വലിയ അണക്കെട്ടുകളിലേക്ക് – മാരിഖേരയിലെ അതൽ സാഗർ അണക്കെട്ടിലേക്കും, നാർവാറിലെ മോഹിനി അണക്കെട്ടിലേക്കും – വെള്ളം ഇരച്ചുകയറി. അധികാരികൾ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുകയും സുന്ദ് വെള്ളത്തിനടിയിലാവുകയും ചെയ്തു. “ഷട്ടർ തുറക്കാതെ വേറെ വഴിയുണ്ടായിരുന്നില്ല. അണക്കെട്ട് പൊട്ടാതിരിക്കാൻ ഞങ്ങൾ വെള്ളം പുറത്തുവിടുകയായിരുന്നു. 2021 ഓഗസ്റ്റ് 2, 3 തീയതികളിൽ ശക്തമായ മഴ പെയ്തതുകൊണ്ടാണ് അത്തരമൊരു സാഹചര്യമുണ്ടായത്”, അതൽ സാഗർ അണക്കെട്ടിന്റെ എസ്.ഡി.ഓ. ആയ ജി.എൽ. ബൈരാഗി പറയുന്നു.

മധ്യ പ്രദേശിൽ എപ്പോഴൊക്കെ അധികമഴ പെയ്യുന്നുവോ, അപ്പോഴൊക്കെ ഏറ്റവുമധികം അത് ബാധിക്കുന്നത് സിന്ധുനദിയെയാണ്. “ഗംഗാതടത്തിന്റെ ഭാഗമാണ് ആ നദി. ഹിമാലയത്തിൽനിന്ന് ഉത്ഭവിക്കുന്നതല്ല. തെക്കുനിന്ന് വടക്കോട്ട് ഒഴുകുന്ന അത്, മഴവെള്ളത്തിനെയാണ് ആശ്രയിക്കുന്നത്”, ഭോപ്പാലിലെ ബർക്കത്തുള്ള സർവ്വകലാശാലയിലെ ബയോസയൻസ് വകുപ്പ് പ്രൊഫസ്സർ ബിപിൻ വ്യാസ് പറയുന്നു.

വിളകളുടെ ക്രമത്തേയും ഇത് വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. “ഞങ്ങളുടെ നെല്ലും, എള്ളും പൂർണ്ണമായി നശിച്ചു. ഈ വർഷം ഗോതമ്പുപോലും ശരിക്കും കൃഷിചെയ്യാനായില്ല”, ദേവേന്ദ്ര പറയുന്നു. സിന്ധിന്റെ തടത്തിലെമ്പാടും, ധാരാളം സ്ഥലത്ത്, കടുക് കൃഷി ചെയ്യുന്നുണ്ട്. വെള്ളപ്പൊക്കത്തിനുശേഷം, ധാരാളം കർഷകർ കടുകുകൃഷിയിലേക്ക് മാറി.

PHOTO • Rahul
PHOTO • Aishani Goswami

ഇടത്ത്: വെള്ളപ്പൊക്കത്തിൽ നശിച്ച കൃഷിഭൂമിയുടെ സമീപത്ത് നിൽക്കുന്ന ദേവേന്ദ്രയും, രാംനിവാസും (മധ്യത്തിൽ). വലത്ത്: രാംനിവാസ് (വെള്ള ഷർട്ടിൽ) പറയുന്നു, ‘കാലാവസ്ഥാ വ്യതിയാനം മൂലം, അതിശക്തമായ മഴയും വെള്ളപ്പൊക്കവും ഞങ്ങളുടെ കൃഷി നശിച്ചുകൊണ്ടിരിക്കുന്നു’

കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടായ നഷ്ടത്തിനെക്കുറിച്ച് സംസാരിക്കുമ്പോൾ ദേവേന്ദ്രയുടെ മരുമകൻ രാംനിവാസ് പറയുന്നു, “കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം, കനത്ത മഴയും വെള്ളപ്പൊക്കവും ഞങ്ങളുടെ കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല, ചൂട് വർദ്ധിച്ചതുമൂലം ചെടികൾ നശിക്കാനുള്ള സാധ്യതയുമുണ്ട്”.

വെള്ളപ്പൊക്കത്തിനുശേഷം പട്‌വാരിയും (ഗ്രാമത്തിന്റെ രേഖകൾ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥൻ) സർപാഞ്ചും (ഗ്രാമമുഖ്യൻ) ഗ്രാമക്കാരെ സന്ദർശിച്ച്, നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം നൽകി.

“നശിച്ചുപോയ എന്റെ നെല്ലിന്, ഒരു ബിഗയ്ക്ക് (0.619 ഏക്കർ) 2,000 രൂപവെച്ച് എനിക്ക് കിട്ടി”, ദേവേന്ദ്ര പറയുന്നു. “വെള്ളത്തിൽ ഞങ്ങളുടെ നെല്ല് നശിച്ചില്ലായിരുന്നെങ്കിൽ, ഞങ്ങൾക്ക് മൂന്നോ നാലോ ലക്ഷം രൂപ ലാഭം കിട്ടിയേനേ”, രാം‌‌നിവാസ് കൂട്ടിച്ചേർക്കുന്നു

ദേവേന്ദ്രയുടെ കുടുംബം കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. ലോക്ക്ഡൌണിനുശേഷം വിളകളുടെ വിപണിവില കുത്തനെ ഇടിഞ്ഞു. മഹാവ്യാധിക്കുശേഷം, കുടുംബത്തിന്റെ സ്ഥിതി കൂടുതൽ വഷളായി. ദേവേന്ദ്രയുടെ മകളും, മരുമകളും 2021-ൽ വിവാഹിതരായി. “കൊറോണ കാരണം എല്ലാറ്റിനും ചിലവേറി. എന്നാൽ വിവാഹം മുൻ‌കൂട്ടി തീരുമാനിച്ചിരുന്നതിനാൽ, മുന്നോട്ട് പോവുകയല്ലാതെ വേറെ വഴിയില്ലായിരുന്നു”, ദേവേന്ദ്ര വിശദീകരിച്ചു.

അപ്പോഴാണ്, യാതൊരു മുന്നറിയിപ്പുമില്ലാതെ, 2021 ഓഗസ്റ്റിൽ വെള്ളപ്പൊക്കമുണ്ടായതും, കുടുംബത്തിന് കൂടുതൽ സാമ്പത്തിക ദുരിതങ്ങൾ സൃഷ്ടിച്ചതും.

PHOTO • Aishani Goswami
PHOTO • Rahul

ഇടത്ത്: 2021-ലെ വെള്ളപ്പൊക്കത്തിൽ സിന്ധ് നദീതടത്തിലെ പല വൃക്ഷങ്ങളും നിലം‌പരിശായി. വലത്ത്: നർവാറിലെ മോഹിനി അണക്കെട്ട്

*****

“കാലം തെറ്റിയുള്ള മഴ ഏകദേശം 7.7 ഏക്കർ കരിമ്പുകൃഷി പൂർണ്ണമായി നശിപ്പിച്ചു”, സിന്ധ് നദിയുടെ തീരത്തുള്ള ഇന്ദർഘർ തെഹിസിലിലെ തിലയ്ത്ത ഗ്രാമവാസിയായ സാഹിബ് സിംഗ് റാവത്ത് കൃഷിഭൂമിയിലേക്ക് ചൂണ്ടിക്കൊണ്ട് പറയുന്നു. 2021-ലെ തണുപ്പുകാലത്ത് ദത്തിയ ജില്ലയിൽ കനത്ത മഴപെയ്തതുമൂലം കൃഷിനാശവും വരുമാനനഷ്ടവും സഹിക്കേണ്ടിവന്നു എന്ന് കർഷകർ ചൂണ്ടിക്കാട്ടി.

സുന്ദിലെ വീടുകൾ ഉയരത്തിൽ സ്ഥിതിചെയ്തിരുന്നതുകാരണം രക്ഷപ്പെട്ടു. എന്നാൽ, വേണ്ടിവന്നാൽ, കുന്ന് കയറി രക്ഷപ്പെടാനായി, 5 കിലോഗ്രാം ധാന്യം ചാക്കിൽ തയ്യാറാക്കിവെച്ച്, വെള്ളത്തിന്റെ അളവ് ദിവസവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു തങ്ങളെന്ന് കാലി പഹാഡി ഗ്രാമപഞ്ചായത്തിലെ സുമിത്ര സെൻ പറഞ്ഞു.

ദിവസവേതനത്തിന് കൂലിപ്പണിയും അടുത്തുള്ള സ്കൂളിൽ പാചകവും ചെയ്ത് ജീവിക്കുകയാണ് 45 വയസ്സുള്ള സുമിത്ര സെൻ. അവരുടെ ഭർത്താവ്, 50 വയസ്സുള്ള ധൻപാൽ സെൻ, കഴിഞ്ഞ ഒരു പതിറ്റാണ്ടായി അഹമ്മദാബാദിലെ ഒരു പഴ്സ് നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുകയാണ്. അവരുടെ ചെറിയ മകൻ, 16 വയസ്സുള്ള അതീന്ദ്ര സെന്നും അവിടെയാണ് ജോലി ചെയ്യുന്നത്. നായ് സമുദായത്തിൽ‌പ്പെട്ട സുമിത്ര, സർക്കാരിൽനിന്ന് ഒരു ബി.പി.എൽ (ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്കായുള്ള) കാർഡ് സംഘടിപ്പിച്ചിട്ടുണ്ട്.

പ്രളയത്തിൽ രണ്ടേക്കറിനടുത്ത് (3 ബിഗ) കൃഷിസ്ഥലം നഷ്ടമായെന്ന് സ്യൊന്ധ ബ്ലോക്കിലെ മദൻപുര ഗ്രാമത്തിലെ വിദ്യാറാം ബാഗേൽ പറഞ്ഞു. “ഒരൊറ്റ വിളവുപോലും ബാക്കി വന്നില്ല. മണ്ണ് മുഴുവൻ മണൽകൊണ്ട് മൂടി”, വിദ്യാറാം പറഞ്ഞു.

PHOTO • Rahul
PHOTO • Rahul
PHOTO • Rahul

ഇടത്ത്: കാലം തെറ്റി പെയ്ത മഴ, സാഹിബ് സിംഗ് റാവത്തിന്റെ കൃഷിസ്ഥലത്തെ 7.7 ഏക്കർ കരിമ്പുകൃഷി നശിപ്പിച്ചു. മധ്യത്തിൽ: വെള്ളപ്പൊക്കത്തിൽ വീടുവിട്ടുപോകേണ്ടിവന്നാൽ ഉപയോഗിക്കാനായി അഞ്ച് കിലോഗ്രാം ധാന്യം സൂക്ഷിച്ചുവെച്ചിരുന്നു എന്ന് സുമിത്ര സെൻ പറഞ്ഞു. വലത്ത്: വിദ്യാറാം ബാഗേലിന്റെ പാടത്ത് മണൽ നിറഞ്ഞു

*****

പുഴയ്ക്ക് മുകളിൽ പാലം പണിയുന്നത് പണച്ചിലവുള്ള കാര്യമായതിനാൽ സർക്കാർ അതിന് തയ്യാറാവുന്നില്ലെന്ന് സുന്ദിലെ താമസക്കാർ പറയുന്നു. ഈ ഗ്രാമത്തിൽ 433 ഏക്കറിനടുത്ത് (700 ബിഗ) കൃഷിസ്ഥലമുണ്ട്. അത് മുഴുവനും ഗ്രാമീണരുടെ ഉടമസ്ഥതയിലുമാണ്. “വേറെ എവിടേക്കെങ്കിലും താമസം മാറ്റിയാലും, കൃഷി ചെയ്യാൻ ഞങ്ങൾക്ക് ഇവിടേക്കുതന്നെ വരേണ്ടിവരും”. രാംനിവാസ് എന്ന താമസക്കാരൻ പറഞ്ഞു.

കാലാവസ്ഥാ മാറ്റമോ, കാലം തെറ്റിയതോ അമിതമായതോ ആയ മഴയോ പുഴയിൽ അണക്കെട്ടുകൾ വർദ്ധിക്കുന്നതുമൂലമുണ്ടാകുന്ന വെള്ളപ്പൊക്കെ സാധ്യതയോ എന്തുതന്നെയായാലും തങ്ങൾ ഈ സ്ഥലം ഉപേക്ഷിച്ച് പോവില്ലെന്ന് ദേവേന്ദ്രയും കുടുംബവും പറയുന്നു. “ഞങ്ങൾ ഗ്രാമീണർ ഒരിക്കലും ഗ്രാമം ഉപേക്ഷിച്ച് പോവില്ല. ഇവിടെയുള്ള അത്രതന്നെ സ്ഥലം ഞങ്ങൾക്ക് തരാൻ സർക്കാർ തീരുമാനിച്ചാലേ ഇവിടംവിട്ട് ഞങ്ങൾ പോവുകയുള്ളു”, അയാൾ കൂട്ടിച്ചേർത്തു.

പരിഭാഷ: രാജീവ് ചേലനാട്ട്

Rahul

ਝਾਰਖੰਡ ਦੇ ਰਹਿਣ ਵਾਲ਼ੇ ਰਾਹੁਲ ਸਿੰਘ ਇੱਕ ਸੁਤੰਤਰ ਰਿਪੋਰਟਰ ਹਨ। ਉਹ ਪੂਰਬੀ ਰਾਜਾਂ ਝਾਰਖੰਡ, ਬਿਹਾਰ ਅਤੇ ਪੱਛਮੀ ਬੰਗਾਲ ਤੋਂ ਵਾਤਾਵਰਣ ਦੇ ਮੁੱਦਿਆਂ 'ਤੇ ਰਿਪੋਰਟ ਕਰਦੇ ਹਨ।

Other stories by Rahul
Aishani Goswami

ਆਇਸ਼ਾਨੀ ਗੋਸਵਾਮੀ ਅਹਿਮਦਾਬਾਦ ਵਿੱਚ ਸਥਿਤ ਇੱਕ ਵਾਟਰ ਪ੍ਰੈਕਟੀਸ਼ਨਰ ਅਤੇ ਆਰਕੀਟੈਕਟ ਹੈ। ਉਸਨੇ ਵਾਟਰ ਰਿਸੋਰਸ ਇੰਜੀਨੀਅਰਿੰਗ ਅਤੇ ਮੈਨੇਜਮੈਂਟ ਵਿੱਚ ਮਾਸਟਰਜ਼ ਕੀਤੀ ਹੈ ਅਤੇ ਨਦੀਆਂ, ਡੈਮਾਂ, ਹੜ੍ਹਾਂ ਅਤੇ ਪਾਣੀ ਦਾ ਅਧਿਐਨ ਕਰਦੀ ਹਨ।

Other stories by Aishani Goswami
Editor : Devesh

ਦੇਵੇਸ਼ ਇੱਕ ਕਵੀ, ਪੱਤਰਕਾਰ, ਫ਼ਿਲਮ ਨਿਰਮਾਤਾ ਤੇ ਅਨੁਵਾਦਕ ਹਨ। ਉਹ ਪੀਪਲਜ਼ ਆਰਕਾਈਵ ਆਫ਼ ਰੂਰਲ ਇੰਡੀਆ ਵਿਖੇ ਹਿੰਦੀ ਅਨੁਵਾਦ ਦੇ ਸੰਪਾਦਕ ਹਨ।

Other stories by Devesh
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat