തിങ്കളാഴ്ച രാവിലെ സദർ പട്ടണത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം തുറന്ന് മിനിറ്റുകൾക്കുള്ളില്‍ സുനിതാ ദത്ത അവരുടെ ഭർത്താവുമായി അവിടെയെത്തി. പക്ഷെ ഒരു ഓക്സിലിയറി നഴ്സ് മിഡ്‌വൈഫ് (എ.എൻ.എം.) അവരെക്കൂട്ടി പ്രസവ വാർഡിൽ പോയ ഉടനെ തന്നെ അവർ പി.എച്.സി. വിട്ടു. " ഇസ്മേം കൈസേ ഹോഗാ ബച്ചാ, ബഹുത് ഗന്ദ്ഗി ഹേ ഇധർ " [എങ്ങനെയെനിക്ക് ഇവിടെ പ്രസവിക്കാൻ കഴിയും? വലിയ വൃത്തികേടാണ് ഇവിടെ]”, തങ്ങള്‍ എത്തിയ ഓട്ടോറിക്ഷയിൽ തിരിച്ചു കയറിക്കൊണ്ട് സുനിത പറഞ്ഞു.

"ഇന്ന് അവളുടെ ദിവസമാണ് – അതുകൊണ്ട് ഞങ്ങൾക്ക് ഒരു സ്വകാര്യ ആശുപത്രിയിൽ പോകണം”, അവർ വന്ന ഓട്ടോറിക്ഷ അകന്നു പോകുമ്പോൾ ഭർത്താവ് അമർ ദത്ത പറഞ്ഞു. സുനിത അവരുടെ മൂന്നാമത്തെ കുട്ടിക്ക് ഈ പി.എച്.സി.യിലാണ് ജന്മം കൊടുത്തത്. പക്ഷെ, ഇത്തവണ അവരുടെ നാലാമത്തെ കുട്ടിയെ പ്രസവിക്കാന്‍ മറ്റെവിടെങ്കിലും പോകാനാണ് അവർക്കു താത്പര്യം.

രാവിലെ 11 മണിക്ക് സദർ പി.എച്.സി.യിലെ പ്രസവ മുറി, തലേ ദിവസത്തെ പ്രസവത്തെ തുടർന്നു രക്തക്കറ പിടിച്ചു വൃത്തികേടായ തറ വൃത്തിയാക്കുന്നതിനായി തൂപ്പുജോലി ചെയ്യുന്ന ആളെ കാത്തിരിക്കുകയാണ്.

"ഭർത്താവ് എന്നെ വന്നു കൊണ്ടു പോകുന്നതിനായി ഞാൻ കാത്തിരിക്കുന്നു. ഇന്നത്തെ എന്‍റെ പ്രവൃത്തി സമയം കഴിഞ്ഞു. എനിക്കു രാത്രി ഷിഫ്റ്റ് ആയിരുന്നു. രോഗികളൊന്നുമുണ്ടായിരുന്നില്ല. പക്ഷെ കൊതുകുകൾ കാരണം എനിക്കു കുറച്ചേ ഉറങ്ങാൻ കഴിഞ്ഞുള്ളൂ”, 43-കാരിയായ പുഷ്പാ ദേവി [പേര് മാറ്റിയിരിക്കുന്നു] പറഞ്ഞു. ബീഹാറിലെ ദർഭംഗ ജില്ലയിലെ സദർ പട്ടണത്തിലെ പി.എച്.സി.യിൽ എ.എൻ.എം. ആയി ജോലി നോക്കുകയാണ് പുഷ്പ. ഓഫീസ് മുറിയിൽ എ.എൻ.എo.നു വേണ്ടി നീക്കി വച്ചിരിക്കുന്ന കസേരയിൽ ഇരുന്ന് അവർ ഞങ്ങളോടു സംസാരിച്ചു. കസേരയ്ക്കു പിന്നിൽ കടലാസുകൾ ചിതറിക്കിടക്കുന്ന ഒരു മേശയും ഒരു തടിക്കട്ടിലും ഉണ്ടായിരുന്നു. അതേ കട്ടിലിലാണ് പുഷ്പ കഷ്ടിച്ചുറങ്ങിയ രാത്രി ചിലവഴിച്ചത്.

കീടങ്ങൾക്കു എളുപ്പത്തിൽ പ്രവേശിക്കാൻ പറ്റുന്ന വിധത്തിൽ ആവശ്യത്തിനു വലിപ്പമുള്ള ദ്വാരങ്ങളുള്ള ക്രീം നിറം മങ്ങിയ കൊതുകു വല കിടക്കയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്നു. താഴെയുള്ള കിടക്ക മടക്കി തലയണയോടൊപ്പം വച്ചിരിക്കുന്നു – അടുത്ത രാത്രി ഷിഫ്റ്റിലെ എ.എൻ.എം.ന് ഉപയോഗിക്കുന്നതിനു വേണ്ടി.

Sunita Dutta (in the pink saree) delivered her third child at the Sadar PHC (right), but opted for a private hospital to deliver her fourth child
PHOTO • Jigyasa Mishra
Sunita Dutta (in the pink saree) delivered her third child at the Sadar PHC (right), but opted for a private hospital to deliver her fourth child
PHOTO • Jigyasa Mishra

സുനിത ദത്ത (പിങ്ക് സാരി) അവരുടെ മൂന്നാമത്തെ കുട്ടിയെ പ്രസവിച്ചത് സദർ പി.എച്.സി. (വലത്) യിലാണ്. പക്ഷെ നാലാമത്തെ കുട്ടിയെ പ്രസവിക്കാൻ ഒരു സ്വകാര്യ ആശുപത്രി തിരഞ്ഞെടുത്തു.

"ഞങ്ങളുടെ ഓഫീസും കിടക്കുന്ന സ്ഥലവും എല്ലാം ഒന്നു തന്നെ. അതുകൊണ്ടാണിങ്ങനെ”, ഒരു നോട്ടുബുക്കിനു മുകളിൽ കൂട്ടം ചേർന്നിരുന്ന കൊതുകുകളെ ഓടിച്ചുകൊണ്ടു പുഷ്പ പറഞ്ഞു. അഞ്ചു കിലോമീറ്റർ മാത്രം മാറി ദർഭംഗ പട്ടണത്തിൽ ചെറിയൊരു കട നടത്തുന്ന 47-കാരനായ കിഷൻ കുമാർ ആണ് പുഷ്പയുടെ ഭർത്താവ്. അവരുടെ ഒരേയൊരു പുത്രൻ അംരീഷ് കുമാർ അവിടെയുള്ള ഒരു സ്വകാര്യ സ്ക്കൂളിൽ 8-ാം ക്ലാസ്സിൽ പഠിക്കുന്നു.

സദർ പി.എച്.സി.യിൽ എല്ലാമാസവും ശരാശരി 10 -15 പ്രസവങ്ങൾ നടക്കുന്നുവെന്ന് പുഷ്പ പറഞ്ഞു. കോവിഡ്-19 പടരുന്നതിനു മുൻപ് എണ്ണം ഏതാണ്ട് അതിന്‍റെ ഇരട്ടിയായിരുന്നുവെന്നും അവർ പറഞ്ഞു. പി.എച്.സി.യിലെ പ്രസവ മുറിയിൽ രണ്ടു പ്രസവ മേശകളും പ്രസവാനന്തര പരിചരണ (പോസ്റ്റ് നേറ്റൽ കെയർ - പി.എൻ.സി.) വാർഡിൽ ആകെ 6 കിടക്കകളുമാണ് ഉള്ളത്. കിടക്കകളിൽ ഒന്ന് ഒടിഞ്ഞതാണ്. ആകെയുള്ള ഈ കിടക്കകളിൽ "നാലെണ്ണം രോഗികളും രണ്ടെണ്ണം മംമ്തമാരും ഉപയോഗിക്കുന്നു” പുഷ്പ പറഞ്ഞു. മംമ്തമാർക്ക് ഉറങ്ങാൻ വേറെ സ്ഥലമില്ല.

ബീഹാറിലെ ആരോഗ്യ കേന്ദ്രങ്ങളിലെയും സർക്കാർ ആശുപത്രികളിലെയും പ്രസവ വാർഡുകളിലുള്ള കരാർ ആരോഗ്യ പ്രവര്‍ത്തകരാണ് ‘മംമ്തമാർ’ . ഈ വിഭാഗം സംസ്ഥാനത്തു മാത്രം കാണപ്പെടുന്നവരാണ്. മാസം ഏകദേശം 5,000 രൂപയും - ചിലപ്പോൾ അതിലും കുറവായിരിക്കും – അതോടൊപ്പം അവർ നോക്കുകയോ സഹായിക്കുകയോ ചെയ്ത ഓരോ പ്രസവത്തിനും 300 രൂപ വീതവുമാണ് ഇവർക്കു നൽകുന്നത്. പക്ഷെ ശമ്പള ഇനത്തിലും പുറമെ കിട്ടുന്ന ഇനത്തിലും ചേർത്ത് 6,000 രൂപയിലധികം എല്ലാ മാസവും ലഭിക്കുന്നവരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. അവരിൽ രണ്ടു പേർ ഈ പി.എച്.സി.യിൽ ഉണ്ട്, സംസ്ഥാനത്തൊട്ടാകെ നാലായിരത്തിലധികവും.

PHOTO • Priyanka Borar

അതിനിടയ്ക്ക് പുഷ്പ കാത്തിരിക്കുകയായിരുന്ന മംമ്ത പ്രവർത്തകയായ ബേബി ദേവി (പേര് മാറ്റിയിരിക്കുന്നു) എത്തുന്നതോടെ അവരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. “ദൈവത്തിനു നന്ദി, ഞാൻ പോകുന്നതിനു മുമ്പ് അവർ ഇവിടെയെത്തി. ഇന്ന് അവർക്കാണ് പകൽ ഷിഫ്റ്റുള്ളത്. മറ്റൊരു എ.എൻ.എം.ഉം ഉടൻ എത്തേണ്ടതാണ്”, പഴയ ഒരു സെൽഫോണിൽ സമയം നോക്കുന്നതിനായി കീ അമർത്തിക്കൊണ്ട് അവർ കൂട്ടിച്ചേർത്തു. അവർക്ക് സ്മാർട് ഫോൺ ഇല്ല. ഈ പി.എച്.സി.യിലെ പ്രസവ മുറിയിൽ മറ്റു നാലുപേർ കൂടി എ.എൻ.എം. ആയി ജോലി നോക്കുന്നു. മറ്റു 33 പേർകൂടി ഇതിനോടു ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ നിരവധി ഗ്രാമങ്ങളിലുള്ള ഇതിന്‍റെ ആരോഗ്യ ഉപ-കേന്ദ്രങ്ങളിലെത്തി ജോലി ചെയ്യുന്നവരാണവർ. പി.എച്.സി.യിൽ 6 ഡോക്ടർമാരും ജോലി ചെയ്യുന്നുണ്ട്. അതിലൊന്നായ ഗൈനക്കോളജിസ്റ്റിന്‍റെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. അവിടെ മെഡിക്കല്‍ ടെക്നീഷ്യന്‍ ഇല്ല – അതുമായി ബന്ധപ്പെട്ട ജോലി പുറത്ത് കൊടുത്തു ചെയ്യിക്കുകയാണ്. തൂപ്പുജോലി ചെയ്യുന്ന രണ്ടുപേരുണ്ട്.

എ.എൻ.എം. ആയി ജോലിയിൽ പ്രവേശിക്കുന്നത് 11,500 രൂപ തുടക്ക ശമ്പളത്തോടെയാണ്. രണ്ടു ദശകത്തിലധികമായി ജോലി ചെയ്യുന്ന പുഷ്പ ഏകദേശം അതിന്‍റെ മൂന്നിരട്ടി വാങ്ങുന്നു.

ഒരു ദാതൂൻ (പല്ലു വൃത്തിയാക്കാനായി ഏകദേശം 20 സെന്‍റീ മീറ്റർ നീളത്തിൽ മുറിച്ചെടുത്ത വേപ്പിന്‍റെ ഒരു ചെറിയ തണ്ട്) കൈയിൽ പിടിച്ചു കൊണ്ടാണ് 52-കാരിയായ മംമ്ത ബേബി ദേവി എത്തിയത്. " അരേ ദീദി ആജ് ബിൽകുൽ ഭാഗ്തേ-ഭാഗ്തേ ആയേ ഹേ [സഹോദരീ, ഞാൻ ഓടിയാണ് ഇന്നു വന്നത്]”, അവർ പുഷ്പയോടു പറഞ്ഞു.

അപ്പോൾ ഇന്നത്തെ പ്രത്യേകത എന്താണ്? അവരുടെ 12-കാരിയായ കൊച്ചുമകൾ അർച്ചന (പേര് മാറ്റിയിരിക്കുന്നു) അവരെ ജോലി സ്ഥലത്തേക്ക് അനുഗമിക്കുന്നു. പിങ്ക്-മഞ്ഞ ഉടുപ്പണിഞ്ഞ്, ഭംഗിയുള്ള തവിട്ട് നിറമുള്ള ചർമ്മത്തോടു കൂടി, സ്വർണ്ണ-തവിട്ടു നിറമുള്ള മുടി പിന്നിൽ നീളത്തിൽ കെട്ടി, അർച്ചന അവളുടെ മുത്തശ്ശിയുടെ പിന്നാലെ നടന്നു. അവളുടെ കൈയിൽ ഒരു പ്ലാസ്റ്റിക് സഞ്ചിയുണ്ടായിരുന്നു. അതിനുള്ളിൽ ഉച്ചഭക്ഷണം ആണെന്നു തോന്നുന്നു.

Mamta workers assist with everything in the maternity ward, from delivery and post-natal care to cleaning the room
PHOTO • Jigyasa Mishra

മംമ്താ പ്രവർത്തകർ പ്രസവ വാർഡിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും സഹായിക്കേണ്ടി വരുന്നു – പ്രസവം മുതൽ, പ്രസവാനന്തര ശുശ്രൂഷ വരെയും, കൂടാതെ മുറി വൃത്തിയാക്കുന്നതു പോലെയുള്ളതും.

അമ്മമാരെയും ശിശുക്കളെയും പരിചരിക്കുക എന്ന ജോലിയാണ് മംമ്ത പ്രവർത്തകരെ ഏൽപ്പിച്ചിരിക്കുന്നത്. എങ്കിലും പ്രസവം മുതൽ പ്രസവാനന്തര ശുശ്രൂഷ വരെ, പ്രസവ വാർഡിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും താൻ സഹായിക്കാറുണ്ടെന്ന് ബേബി ദേവി പറഞ്ഞു. “പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും നോക്കുക എന്നതാണ് എന്‍റെ ജോലി. പക്ഷെ ആശാ ദീദി യോടൊപ്പം പ്രസവം നോക്കുന്നതു വരെ അവർ ചെയ്യേണ്ടി വരുന്നു. കിടക്ക വൃത്തിയാക്കേണ്ടതായും തൂക്കുന്ന ആൾ ഇല്ലാത്ത ദിവസങ്ങളിൽ ആ ജോലി ചെയ്യേണ്ടതായും വരുന്നു”, മേശയിലെ പൊടി തുടച്ചുകൊണ്ട് ബേബി പറഞ്ഞു.

പി.എച്.സി.യിലെ ഒരേയൊരു മംമ്ത ആയിരുന്നപ്പോൾ കൂടുതൽ പണം ലഭിച്ചിരുന്നു എന്ന് അവർ പറഞ്ഞു. "മാസം 5,000-6,000 രൂപ എനിക്കു പതിവായി കിട്ടുമായിരുന്നു. പക്ഷെ മറ്റൊരു മംമ്തയെ നിയമിച്ചതു മുതൽ ഓരോ പ്രസവത്തിനും 300 രൂപ വീതം എനിക്കു ലഭിക്കുമായിരുന്നതിന്‍റെ 50 ശതമാനം മാത്രമെ എനിക്കു ലഭിക്കുന്നുള്ളൂ. മഹാമാരിയുടെ വരവോടു കൂടി ഓരോരുത്തർക്കും പ്രതിമാസം ലഭ്യമാകുന്ന ഏറ്റവും നല്ല തുക 3,000 രൂപ, ഒരുപക്ഷെ അതിലും കുറവ്, ആയിട്ടു മാറി. ഏകദേശം അഞ്ചു വർഷത്തോളമേ ആയിട്ടുള്ളൂ മറ്റിനത്തിൽ ലഭിക്കുന്ന തുക 300 രൂപയായി ഉയര്‍ത്തിയിട്ട്. 2016 വരെ ഇത് ഒരു പ്രസവത്തിനു 100 രൂപ വീതമായിരുന്നു.

മിക്ക ദിവസങ്ങളിലും പി.എച്.സി. സന്ദർശിക്കുന്ന മറ്റുള്ളവർ ആശാ പ്രവര്‍ത്തകര്‍ ആണ്. അവർ ഗ്രാമങ്ങളിൽ നിന്നുള്ള ഗർഭിണികളായ സ്തീകളെ തങ്ങളുടെ സംരക്ഷണയിൽ പ്രസവത്തിനായി ഇവിടെത്തിക്കുന്നു. സുനിതയേയും ഭർത്താവിനേയും ആരും അനുഗമിച്ചിരുന്നില്ല. ഈ റിപ്പോർട്ടർ അവിടെയുണ്ടായിരുന്ന സമയത്തും ആരും അവിടെ വന്നില്ല. ഒരുപക്ഷെ കോവിഡ്-19 മഹാമാരി ആരംഭിച്ചതിനു ശേഷം പി.എച്ച്.സി. രോഗികളുടെ എണ്ണത്തിൽ കുറവു വന്നതു കൊണ്ടായിരിക്കണം ഇത്. പക്ഷേ പ്രസവത്തിനായി അവിടെ വരുന്നവരുടെ കൂടെ മിക്കപ്പോഴും ആശാ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു.

ആശ (ASHA) എന്നത് ‘അംഗീകൃത സാമൂഹിക ആരോഗ്യ പ്രവര്‍ത്തക’  (Accredited Social Health Activist) എന്നതിന്‍റെ ചുരുക്ക രൂപമാണ്. ഗ്രാമീണ സ്ത്രീകളെ പൊതു ആരോഗ്യസുരക്ഷാ സംവിധാനവുമായി ബന്ധിപ്പിക്കുന്നവര്‍ ആണവർ.

തൊണ്ണൂറായിരത്തോളം ആശാ പ്രവര്‍ത്തകര്‍ ബീഹാറിൽ ഉണ്ട്. രാജ്യത്താകമാനമുള്ള 10 ലക്ഷത്തിലധികം ആശാ പ്രവര്‍ത്തകരില്‍ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണമാണിത്. ‘സന്നദ്ധ പ്രവർത്തകർ’ എന്നാണ് സർക്കാർ അവരെ വിശേഷിപ്പിക്കുന്നത്. അങ്ങനൊരു പദവി അവർക്കു നൽകാൻ കാരണം അവർക്കു പാരിതോഷികമായി ചെറിയൊരു തുകമാത്രം നൽകുന്നതിനെ ന്യായീകരിക്കുക എന്നതാണ്. ബീഹാറിൽ 1,500 രൂപയാണ് ഒരു മാസം അവർക്കു ലഭിക്കുന്നത്. സ്ഥാപനങ്ങളിലെ പ്രസവങ്ങൾ, പ്രതിരോധ മരുന്നു നൽകൽ, വീട് സന്ദർശനം, കുടുംബാസൂത്രണം, തുടങ്ങി മറ്റു ദൗത്യങ്ങൾ ഓരോന്നും പൂർത്തിയാക്കുന്നതനുസരിച്ച് അധികമായി കുറച്ചു തുക കൂടി ഇവര്‍ക്കു ലഭിക്കും. ഇപ്പറഞ്ഞ എല്ലാ ദൗത്യങ്ങളിൽ നിന്നുമായി അവരിൽ ഭൂരിപക്ഷം പേരും മാസം 5,000-6,000 രൂപ ഉണ്ടാക്കുന്നു. അവരിൽ 260 പേർ സദർ പി.എച്.സി.യും അതിന്‍റെ നിരവധി ഉപ-കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.

Left: The mosquito net and bedding in the office where ANMs sleep. Right: A broken bed in the post-natal care ward is used for storing junk
PHOTO • Jigyasa Mishra
Left: The mosquito net and bedding in the office where ANMs sleep. Right: A broken bed in the post-natal care ward is used for storing junk
PHOTO • Jigyasa Mishra

ഇടത് : ഓഫീസിലെ കൊതുകു വലയും എ.എൻ.എം. ജോലിക്കാർ ഉറങ്ങുന്ന കിടക്കയും. വലത്: പ്രസവാനന്തര സംരക്ഷണ വാർഡിൽ ഉപയോഗ ശൂന്യമായ സാധനങ്ങൾ വയ്ക്കാനുപയോഗിക്കുന്ന ഒടിഞ്ഞ കിടക്ക

ബേബി അവരുടെ കൊച്ചുമകളോട് പ്ലാസ്റ്റിക് സഞ്ചിയിൽ നിന്നും ഭക്ഷണം പുറത്തെടുക്കാൻ പറഞ്ഞിട്ട് സംസാരo തുടർന്നു. "സ്ഥലം, കിടക്കകൾ, സൗകര്യങ്ങൾ എന്നിവയുടെയൊക്കെ പരിമിതികൾ ഉണ്ടെന്ന് ഞങ്ങൾക്ക് എല്ലായ്പ്പോഴും തോന്നുന്നതാണ്. പക്ഷേ കൂടുതൽ സൗകര്യം ഞങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ സ്ഥലം മാറ്റുമെന്നു പറഞ്ഞ് ഞങ്ങളെ ഭീഷണിപ്പെടുത്തും. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. ഒരുപാടു തവണ ആ സമയത്ത് പ്രസവത്തിനു വന്ന സ്ത്രീകൾ ഈ അവസ്ഥ കണ്ട് തിരിച്ചു പോയിട്ടുണ്ട്”, അവർ കൂട്ടിച്ചേർത്തു. "പിന്നീടവർ സ്വകാര്യ ആശുപത്രികളിലേക്കു പോകുന്നു.”

"എന്നോടൊപ്പം വരൂ, ഞാൻ നിങ്ങളെ ഞങ്ങളുടെ പി.എൻ.സി. വാർഡ് കാണിക്കാം”, അവർ ഈ റിപ്പോർട്ടറുടെ കൈകൾ പിടിച്ചു വലിച്ചുകൊണ്ടു അവര്‍ പറഞ്ഞു. "പ്രസവശേഷം എല്ലാക്കാര്യങ്ങൾക്കും വേണ്ടി ഞങ്ങൾക്കുള്ള ഒരേയൊരു മുറിയാണിത്. ഞങ്ങൾക്കും അതുപോലെ തന്നെ രോഗികൾക്കുമായി ഇതൊക്കെയേ ഉള്ളൂ”, ഈ വാർഡിലുള്ള 6 കിടക്കകൾ കൂടാതെ മറ്റു രണ്ടെണ്ണം കൂടിയുണ്ട് - പുഷ്പയെപ്പോലെ എ.എൻ.എം. ജോലി ചെയ്യുന്നവർ ഓഫീസ്‌ സ്ഥലത്ത് ഉപയോഗിക്കുന്ന ഒന്നും പ്രസവ വാർഡിന് തൊട്ടു പുറത്തു മറ്റൊന്നും. "ഈ കിടക്കളിൽ രണ്ടെണ്ണം മംമ്തമാർ ഉപയോഗിക്കുന്നു. രാത്രി ഷിഫ്റ്റിൽ എല്ലാ കിടക്കകളിലും രോഗികൾ ആയിരിക്കുമ്പോൾ ഞങ്ങൾ ബെഞ്ചുകളിൽ ഉറങ്ങും. തറയിലുറങ്ങേണ്ടി വന്ന ദിവസങ്ങൾ ഞങ്ങൾക്കും ഞങ്ങളുടെ എ.എൻ.എം. ജീവനക്കാർക്കു പോലും ഉണ്ടായിട്ടുണ്ട്.

ഞങ്ങളുടെ സംഭാഷണം ഉയർന്ന മേലുദ്യോഗസ്ഥരിൽ ആരെങ്കിലും കേൾക്കുന്നുണ്ടോയെന്നറിയാൻ ബേബി ചുറ്റും നോക്കുന്നുണ്ട്. "വെള്ളം ചൂടാക്കാൻ ഞങ്ങൾക്ക് ഒരു ക്രമീകരണങ്ങളും ഇല്ല. ദീദിമാർ [എ.എൻ.എം. ജീവനക്കാർ] നാളുകളായി അതു ചോദിക്കുന്നു, പക്ഷെ ഫലമില്ല. അടുത്തു ചായക്കട നടത്തുന്നവരാണ് ഞങ്ങളെ സഹായിക്കുന്നത്. നിങ്ങൾ പുറത്തിറങ്ങുമ്പോൾ പി.എച്.സി.യുടെ കവാടത്തിന് വലതുവശത്തായി ഒരു ചായക്കട കാണാം, ഒരു സ്ത്രീയും മകളും ചേർന്ന് നടത്തുന്നത്. ആവശ്യമുള്ള സമയത്ത് അവർ ഞങ്ങൾക്ക് ഒരു സ്റ്റീൽ പാത്രത്തിൽ വെള്ളം എത്തിച്ചു തരുന്നു. അവർ അതു കൊണ്ടു വരുമ്പോൾ ഞങ്ങൾ എന്തെങ്കിലും കൊടുക്കും, മിക്കവാറും 10 രൂപ ആയിരിക്കും.”

ലഭിക്കുന്ന ചെറിയ തുക എങ്ങനെയാണ് അവർ കൈകാര്യം ചെയ്യുന്നത്? "നിങ്ങൾ എന്തു കരുതുന്നു?" ബേബി ചോദിച്ചു. "നാലു പേരുള്ള ഒരു കുടുംബത്തിന് 3,000 രൂപ തികയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എനിക്കു മാത്രമാണ് വരുമാനമുള്ളത്. എന്‍റെ മകനും മരുമകളും ഈ പെൺകുട്ടിയും [കൊച്ചുമകൾ] എന്‍റെ കൂടെ താമസിക്കുന്നു. രോഗികൾ ഞങ്ങൾക്ക് ചെറിയ തുക നൽകുന്നു. എ.എൻ.എം. ജീവനക്കാർ, ആശാ പ്രവര്‍ത്തകര്‍... അങ്ങനെ എല്ലാവർക്കും ഇതു കിട്ടുന്നു. ഇങ്ങനെയും കുറച്ചു പണം ഞങ്ങൾക്കു കിട്ടുന്നു. ചിലപ്പോൾ പ്രസവത്തിന് 100 രൂപ വീതം, മറ്റു ചില സമയങ്ങളിൽ 200-ഉം കിട്ടും. ഞങ്ങൾ രോഗികളെ നിർബ്ബന്ധിക്കാറില്ല. ഞങ്ങൾ ചോദിക്കുന്നു, അവർ സന്തോഷത്തോടെ തരുന്നു. പ്രത്യേകിച്ച് ആൺകുഞ്ഞ് ഉണ്ടാകുമ്പോൾ.”

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപക റിപ്പോർട്ടിംഗ് നടത്തുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് മേല്‍പ്പറഞ്ഞ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected]

എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക . ഥാക്കൂർ ഫാമിലി ഫൗണ്ടേഷന്‍റെ സ്വതന്ത്ര പത്രപ്രവർത്തന ഗ്രാന്‍റിലൂടെ പൊതുജനാരോഗ്യത്തെയും പൗരസ്വാതന്ത്ര്യത്തെയും കുറിച്ച് ജിഗ്യാസാ മിശ്ര റിപ്പോർട്ട് ചെയ്യുന്നു . ഈ റിപ്പോർട്ടിന്‍റെ ഉള്ളടക്കത്തിൽ ഥാക്കൂർ ഫാമിലി ഫൗണ്ടേഷൻ ഒരു എഡിറ്റോറിയൽ നിയന്ത്രണവും നടത്തിയിട്ടില്ല.

പരിഭാഷ - റെന്നിമോന്‍ കെ. സി.

Jigyasa Mishra

ਜਗਿਆਸਾ ਮਿਸ਼ਰਾ ਉੱਤਰ ਪ੍ਰਦੇਸ਼ ਦੇ ਚਿਤਰਾਕੂਟ ਅਧਾਰਤ ਸੁਤੰਤਰ ਪੱਤਰਕਾਰ ਹਨ।

Other stories by Jigyasa Mishra
Illustration : Priyanka Borar

ਪ੍ਰਿਯੰਗਾ ਬੋਰਾਰ ਨਵੇਂ ਮੀਡਿਆ ਦੀ ਇੱਕ ਕਲਾਕਾਰ ਹਨ ਜੋ ਅਰਥ ਅਤੇ ਪ੍ਰਗਟਾਵੇ ਦੇ ਨਵੇਂ ਰੂਪਾਂ ਦੀ ਖੋਜ ਕਰਨ ਲਈ ਤਕਨੀਕ ਦੇ ਨਾਲ਼ ਪ੍ਰਯੋਗ ਕਰ ਰਹੀ ਹਨ। ਉਹ ਸਿੱਖਣ ਅਤੇ ਖੇਡ ਲਈ ਤਜਰਬਿਆਂ ਨੂੰ ਡਿਜਾਇਨ ਕਰਦੀ ਹਨ, ਇੰਟਰੈਕਟਿਵ ਮੀਡਿਆ ਦੇ ਨਾਲ਼ ਹੱਥ ਅਜਮਾਉਂਦੀ ਹਨ ਅਤੇ ਰਵਾਇਤੀ ਕਲਮ ਅਤੇ ਕਾਗਜ਼ ਦੇ ਨਾਲ਼ ਵੀ ਸਹਿਜ ਮਹਿਸੂਸ ਕਰਦੀ ਹਨ।

Other stories by Priyanka Borar

ਪੀ ਸਾਈਨਾਥ People’s Archive of Rural India ਦੇ ਮੋਢੀ-ਸੰਪਾਦਕ ਹਨ। ਉਹ ਕਈ ਦਹਾਕਿਆਂ ਤੋਂ ਦਿਹਾਤੀ ਭਾਰਤ ਨੂੰ ਪਾਠਕਾਂ ਦੇ ਰੂ-ਬ-ਰੂ ਕਰਵਾ ਰਹੇ ਹਨ। Everybody Loves a Good Drought ਉਨ੍ਹਾਂ ਦੀ ਪ੍ਰਸਿੱਧ ਕਿਤਾਬ ਹੈ। ਅਮਰਤਿਆ ਸੇਨ ਨੇ ਉਨ੍ਹਾਂ ਨੂੰ ਕਾਲ (famine) ਅਤੇ ਭੁੱਖਮਰੀ (hunger) ਬਾਰੇ ਸੰਸਾਰ ਦੇ ਮਹਾਂ ਮਾਹਿਰਾਂ ਵਿਚ ਸ਼ੁਮਾਰ ਕੀਤਾ ਹੈ।

Other stories by P. Sainath
Series Editor : Sharmila Joshi

ਸ਼ਰਮਿਲਾ ਜੋਸ਼ੀ ਪੀਪਲਸ ਆਰਕਾਈਵ ਆਫ਼ ਰੂਰਲ ਇੰਡੀਆ ਦੀ ਸਾਬਕਾ ਸੰਪਾਦਕ ਹਨ ਅਤੇ ਕਦੇ ਕਦਾਈਂ ਲੇਖਣੀ ਅਤੇ ਪੜ੍ਹਾਉਣ ਦਾ ਕੰਮ ਵੀ ਕਰਦੀ ਹਨ।

Other stories by Sharmila Joshi
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.