"തുടക്കം അടുക്കളയിൽ നിന്നായിരുന്നു.", ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ജോഷിമഠ് പട്ടണത്തിലെ താമസക്കാരനായ അജിത്ത് രാഘവ്, 2023 ജനുവരി മൂന്നാം തീയതി രാവിലെ നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ ഓർത്തുകൊണ്ട് പറയുന്നു.
ആദ്യം വീട്ടിലെ അടുക്കളയിൽ രൂപപ്പെട്ട വലിയ വിള്ളലുകൾ വളരെ പെട്ടെന്ന് വീടിന്റെ മറ്റു ഭാഗങ്ങളിലേക്കും പടർന്നുവെന്ന് ജീപ്പ് ടാക്സി ഡ്രൈവറായ ആ മുപ്പത്തിയേഴുകാരൻ പറയുന്നു. ഇടത്തരം വലിപ്പമുള്ള ആ ഇരുനില വീട്ടിലെ, വിള്ളലുകൾ ഏറ്റവും കുറവുള്ള മുറി പെട്ടെന്ന് തന്നെ താത്കാലിക അടുക്കളയായി മാറ്റിയെടുക്കപ്പെട്ടു. ആ വീട്ടിലെ താമസക്കാരായ, എട്ടു പേരടങ്ങുന്ന കുടുംബത്തിന് പൊടുന്നനെ സ്ഥലം തികയാത്ത സ്ഥിതിയായി.
"ഞാൻ എന്റെ മുതിർന്ന രണ്ട് പെൺമക്കളെയും-ഐശ്വര്യയും (12) സൃഷ്ടിയും (9)-എന്റെ മൂത്ത സഹോദരിയുടെ വീട്ടിൽ താമസിക്കാൻ പറഞ്ഞുവിട്ടു.", രാഘവ് പറയുന്നു. അദ്ദേഹവും ഭാര്യ ഗൗരി ദേവി, മകൾ ആറു വയസ്സുകാരിയായ അയേഷ, പ്രായമുള്ള രണ്ട് അമ്മായിമാർ (പിതൃസഹോദരരുടെ ഭാര്യമാർ) എന്നിവരുൾപ്പെടുന്ന ബാക്കി കുടുംബാംഗങ്ങളും ഇപ്പോഴും ഈ വീട്ടിൽ വച്ച് തന്നെയാണ് ഭക്ഷണം കഴിക്കുന്നത്. എന്നാൽ വൈകീട്ട് കിടന്നുറങ്ങാൻ അവർ തൊട്ടടുത്ത് തന്നെയുള്ള സംസ്‌കൃത മഹാവിദ്യാലയ സ്കൂളിലേയ്ക്ക് പോകും; ഹിമാലയൻ പർവ്വതനിരകളിലുള്ള ഈ നഗരത്തിൽ താത്കാലിക അഭയകേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നത് ഈ സ്കൂളിനെയാണ്. വീടുകളിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട 25-30 കുടുംബങ്ങളെ ഇവിടെയാണ് താമസിപ്പിച്ചിരിക്കുന്നത്.
2023 ജനുവരി 21നു ചമോലി ജില്ലാ അധികാരികൾ പ്രസിദ്ധീകരിച്ച ബുള്ളറ്റിൻ അനുസരിച്ച്, ജോഷിമഠിലെ 9 വാർഡുകളിലുള്ള 181 കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്; 863 കെട്ടിടങ്ങളിൽ വിള്ളൽ ദൃശ്യമായിട്ടുണ്ട്. തന്റെ അയൽപക്കത്തുള്ള വീടുകളിൽ രൂപപ്പെട്ട വിള്ളലുകൾ രാഘവ് പാരിയ്ക്ക് കാണിച്ചു തരുന്നു. "ഇവിടത്തെ ഓരോ വീടും ജോഷിമഠിന്റെ കഥ തന്നെയാണ് പറയുന്നത്.", നിലവിലെ സാഹചര്യത്തിലേക്ക് നയിച്ച, അനിയന്ത്രിതമായ വികസന പ്രവർത്തനങ്ങൾ പരാമർശിച്ച് അദ്ദേഹം പറയുന്നു.
2023 ജനുവരി മൂന്നിനാണ് ജോഷിമഠിലെ കെട്ടിടങ്ങളുടെ ചുവരുകളിലും ഉത്തരത്തിൻ മേലും നിലത്തുമെല്ലാം വലിയ വിള്ളലുകൾ രൂപപ്പെട്ട് തുടങ്ങിയതെന്ന് രാഘവ് പറയുന്നു. ദിവസങ്ങൾക്കുളിൽ അതൊരു രൂക്ഷമായ പ്രതിസന്ധിയായി വളർന്നു. ഏകദേശം ഇതേ സമയത്ത്, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന് (ഐ.എസ്.ആർ.ഓ) കീഴിലുള്ള നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (എൻ.ആർ.എസ്.സി) ജോഷിമഠിൽ ഭൂമി താഴ്ന്നതിന്റെ വ്യാപ്തി വ്യക്തമാകുന്ന ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി: 2022 ഡിസംബറിന്റെ അവസാനം മുതൽ 2023 ജനുവരിയുടെ തുടക്കം വരെയുള്ള ദിവസങ്ങളിൽ 5.4 സെന്റിമീറ്ററാണ് നിലം താഴ്ന്നത്. ഈ ചിത്രങ്ങൾ നിലവിൽ എൻ.ആർ.എസ്.സിയുടെ വെബ്‌സൈറ്റിൽ ലഭ്യമല്ല.
രാഘവ് താമസിക്കുന്ന സിംഗ്ദർ വാർഡിൽ 151 കെട്ടിടങ്ങളിൽ വിള്ളലുകൾ ദൃശ്യമായതായി കണ്ടെത്തിയിട്ടുണ്ട്; 98 കെട്ടിടങ്ങൾ അപകട മേഖലയിലാണ്. ഈ കെട്ടിടങ്ങൾ ഒന്നും തന്നെ താമസയോഗ്യമല്ലെന്നും സുരക്ഷിതമല്ലെന്നും സൂചിപ്പിക്കാനായി ജില്ലാ അധികാരികൾ അവയിൽ ഒരു ചുവന്ന ഗുണന ചിഹ്നം പതിപ്പിച്ചിട്ടുണ്ട്.
















