"എന്‍റെ വിരലുകളിൽ അച്ഛൻ ചരടുകൾ കെട്ടിത്തന്നിട്ട് പാവകളെ എങ്ങനെ നൃത്തം ചെയ്യിക്കണമെന്ന് പഠിപ്പിച്ചു”, ഏതാണ്ട് ആറ് പതിറ്റാണ്ടുകൾക്കു മുൻപുണ്ടായിരുന്ന ഒരു കാലം ഓർമ്മിച്ചുകൊണ്ട് 74-കാരനായ പ്രേംറാം പറഞ്ഞു.

"എനിക്കേകദേശം 9 വയസ്സുള്ളപ്പോൾ മുതൽ അച്ഛന്‍ പാവകളികൾ നടത്തുന്നതിനായി സന്ദർശിക്കുന്ന വിവിധ ഗ്രാമങ്ങളിലേക്ക് എന്നെ കൊണ്ടു പോകുമായിരുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു. "ഞാൻ ധോൾ വായിക്കുമായിരുന്നു. സാവകാശം എനിക്ക് പാവകളിയിൽ താത്പര്യം ഉണ്ടായി. എന്‍റെ അച്ഛൻ ലാലുറാം ഭട്ട് അവ എങ്ങനെ ചലിപ്പിക്കണമെന്ന് എന്നെ പഠിപ്പിച്ചു. ഞാനും പാവകളെ കൈകാര്യം ചെയ്യാന്‍ ആരംഭിച്ചു.”

പശ്ചിമ ജോധ്പൂരിലെ പ്രതാപ് നഗർ പ്രദേശത്തെ ഒരു നടപ്പാതയിലുള്ള ഒരു ചേരിയിലാണ് പ്രേംറാം ജീവിക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ 70-കാരിയായ ജുഗ്നിബായ്, മകൻ സുരേഷ്, മരുമകൾ സുനിത, 3 മുതല്‍ 12 വരെ പ്രായമുള്ള അവരുടെ 4 മക്കൾ എന്നിവരെല്ലാം ഒന്നിച്ചാണ് താമസിക്കുന്നത്. ഭട്ട് സമുദായത്തിൽ പെടുന്നവരാണ് ഈ കുടുംബം (രാജസ്ഥാനിൽ ഓ.ബി.സി. പട്ടികയിൽ പെടുത്തിയിരിക്കുന്നു). സമുദായത്തിലെ മുതിർന്നവർ പറയുന്നത് സംസ്ഥാനത്തെ നാഗൗർ ജില്ലയിൽ നിന്നും നിരവധി ഭട്ട് കുടുംബങ്ങൾ ഏതാണ്ട് 100 വർഷങ്ങൾക്കു മുമ്പ് രാജസ്ഥാനിലെ വിവിധ നഗരങ്ങളായ ജോധ്പൂർ, ജയ്പൂർ, ജയ്സാൽമർ, ബിക്കാനീർ എന്നിവിടങ്ങളിലേക്ക് കുടിയേറി എന്നാണ്.

“പാവയുണ്ടാക്കുന്നതിലോ പാവകളിയിലോ എനിക്കൊരു പരിശീലനവും ലഭിച്ചിട്ടില്ല. അച്ഛൻ ചെയ്യുന്നതുകണ്ടാണ് ഞാൻ ഈ കല പഠിച്ചത്”, 39-വയസ്സുകാരനായ സുരേഷ് പറഞ്ഞു. അദ്ദേഹവും ഏതാണ്ട് 10 വയസ്സുള്ളപ്പോൾ പ്രേംറാമിന്‍റെ കൂടെ ഗ്രാമങ്ങളിലേക്ക് പോകാനും പ്രദർശനങ്ങളിൽ സഹായിക്കാനും തുടങ്ങി. വീട്ടിൽ പാവകളെ ഉണ്ടാക്കാനും സഹായിക്കുമായിരുന്നു. "15 വയസ്സായ സമയത്ത് ഞാൻ പാവകളെ നൃത്തം ചെയ്യിക്കാനും പഠിച്ചു. ഞാൻ തനിയെ ഗ്രാമങ്ങളിൽ പോയി പ്രദർശനങ്ങൾ നടത്തുമായിരുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോ കാണുക : ‘ ഞങ്ങളെ കേൾക്കാനോ പ്രദർശനങ്ങൾ കാണാനോ ആരുമില്ല'

പന്ത്രണ്ട് വയസ്സുകാരനായ മകന്‍ മോഹിത് ഇപ്പോൾ അദ്ദേഹത്തെ അനുഗമിക്കുന്നു. “എപ്പോള്‍ ഞങ്ങള്‍ക്ക് എന്ത് പണി കിട്ടിയാലും ധോൾ വായിച്ചു കൊണ്ട് മോഹിത് എന്നോടൊപ്പമുണ്ട്”, സുരേഷ് പറഞ്ഞു. "അവൻ 5-ാം ക്ലാസ്സിൽ പഠിക്കുന്നു, പക്ഷെ സ്ക്കൂർ ഇപ്പോൾ അടച്ചിരിക്കുകയാണ് [മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൗൺ കാരണം].”

ആ ജോലി കിട്ടുക ഇപ്പോൾ അപൂർവ്വമാണ്. വളരെക്കാലമായി പാവകളിക്കാരുടെ പ്രേക്ഷകർ പ്രധാനമായും രാജസ്ഥാനിലെ ഹോട്ടലുകളിലുള്ള വിദേശ വിനോദ സഞ്ചാരികളായിരുന്നു. മൂന്നുപേരുടെ ഒരു സംഘം - ഒരാൾ പാവ കൈകാര്യം ചെയ്യുകയും മറ്റു രണ്ടു പേർ ഹാർമോണിയവും ധോലകും വായിക്കുകയും ചെയ്യും - അവർക്കുവേണ്ടി ഒരു മണിക്കൂർ നീളുന്ന ഒരു പരിപാടി അവതരിപ്പിക്കുമായിരുന്നു. ഈ പ്രകടനങ്ങൾ സാധാരണയായി നാടോടി ഗാനങ്ങളെ പ്രതിപാദിക്കുന്നതും രാജകീയ ഉപജാപങ്ങളെയും സംഘട്ടനങ്ങളെയും വിവരിക്കുന്നതുമായിരിക്കും (നൽകിയിരിക്കുന്ന വീഡിയോ കാണുക).

ഈ പ്രദർശനങ്ങൾ ഓരോ കളിക്കാരനും മാസത്തിൽ 3-4 തവണ 300 മുതൽ 500 രൂപ വരെ നേടിക്കൊടുക്കുമായിരുന്നു. ലോക്ക്ഡൗൺ സമയത്ത് ഇത്തരം ക്ഷണങ്ങൾ ഇല്ലാതാവുകയും പാവകളിക്കാർ വല്ലപ്പോഴും ലഭിക്കുന്ന വഴിയോര പ്രദര്‍ശനങ്ങളെ ആശ്രയിക്കുകയും ചെയ്തു. ഇങ്ങനെയുള്ള ഓരോ പ്രദര്‍ശനത്തിനും കഷ്ടിച്ച് 100-150 രൂപയാണ് ലഭിക്കുന്നത്. സ്ട്രോ വെൽവെറ്റ് സാധനങ്ങൾ നിർമ്മിക്കുന്നതിൽ നിന്നാണ് ചിലപ്പോൾ അവർക്ക് വരുമാനം ലഭിക്കുന്നത് (കാണുക Jaipur toy makers: stuck under a grass ceiling )

സംസ്ഥാനത്തുടനീളം നിയന്ത്രണങ്ങളില്‍ ചില അയവുകൾ വന്നതിനെത്തുടര്‍ന്ന് ജോലി സാവധാനത്തിൽ തിരിച്ചു വരികയാണെങ്കിൽ പോലും ലോക്ക്ഡൗൺ സമയത്ത് റേഷനും മറ്റ് ആവശ്യ വസ്തുക്കൾക്കുമായി സമുദായത്തിന് ജീവകാരുണ്യ സംഘടനകളെ ആശ്രയിക്കേണ്ടി വന്നു.

Left: 'No one respects our art like before', says Premram Bhat. In the cover image on top, he is performing with dholak-player Mohanlal Bhat. Right: Manju and Banwarilal Bhat: 'We have the real stories'
PHOTO • Madhav Sharma
In this video story, Premram Bhat and others speak of how their puppet shows, once popular in royal courts and at village events, are no longer in demand, and how the lockdowns have further hit their incomes
PHOTO • Madhav Sharma

ഇടത്: മുമ്പ് ബഹുമാനിച്ചിരുന്നതുപോലെ ഞങ്ങളുടെ കലയെ ആരും ബഹുമാനിക്കുന്നില്ല , പ്രേംറാം ഭട്ട് പറയുന്നു. കവർചിത്രത്തിൽ കാണുന്നത് അദ്ദേഹം ധോലക് വായിക്കുന്നതാണ്. പ്രകടനം നടത്തുന്നത് മോഹൻലാൽ ഭട്ട്. വലത്: മഞ്ജുവും ബൻവരിലാൽ ഭട്ടും: ‘ഞങ്ങളുടെ പക്കലാണ് യഥാർത്ഥ കഥകളുള്ളത്’

ജോധ്പൂരിലെ പ്രതാപ് നഗറിലെ നടപ്പാതയുടെ മറുവശത്തുള്ള കുടിലിലാണ് 38-കാരിയായ മഞ്ജു ഭട്ട് താമസിക്കുന്നത്. അവർ ഭർത്താവ് 41-കാരനായ ബൻവാരി ലാൽ ഭട്ടിന് പ്രകടനം നടത്താനുള്ള പാവകൾക്കുവേണ്ട വസ്ത്രങ്ങൾ തയിക്കുകയും ആഭരണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

“ഈ കല മരിക്കുന്നു”, അവർ പറഞ്ഞു. "നേരത്തെ ഒരുമാസം ഞങ്ങൾക്ക് 3-4 പ്രദർശനങ്ങൾ ലഭിക്കുമായിരുന്നു. പക്ഷെ കൊറോണ വന്നതു മുതൽ ഞങ്ങൾക്ക് ജോലി ഇല്ലെന്നുതന്നെ പറയാം. സർക്കാരിനു മാത്രമെ ഈ കലയെ രക്ഷിക്കാൻ കഴിയൂ. ഞങ്ങൾക്ക് കഴിയില്ല. ഇപ്പോൾ വിനോദത്തിന് പുതിയ ഉപാധികൾ ഉണ്ട്. ഞങ്ങളെ കേൾക്കാനോ ഞങ്ങളുടെ പ്രദർശനങ്ങൾ കാണാനോ ആരുമില്ല.”

കൂടാതെ, പരമ്പരാഗത കഥയിൽ അനാവശ്യ ഇടപെടലുകൾ നടന്നു കൊണ്ടിരിക്കുന്നുവെന്നും അവർ പറഞ്ഞു. "ഞങ്ങളുടെ കൈയിൽ യഥാർത്ഥ കഥയുണ്ട്. വിദ്യാസമ്പന്നരായ ആളുകൾ ഞങ്ങളുടെ അടുത്തുവന്ന് കഥകൾ കേട്ട് അവര്‍ക്കിഷ്ടപ്പെടുന്നതുപോലെ അതിനോടു കൂട്ടുകയോ അതില്‍നിന്ന് കുറയ്ക്കുകയോ ചെയ്തുകൊണ്ട് ടെലിവിഷൻ സീരിയലോ നാടകമോ സിനിമയോ ഒക്കെ ഉണ്ടാക്കുന്നു. അവയിൽ കൂടുതലും നുണകളാവും ഉണ്ടായിരിക്കുക, കുറച്ച് സത്യവും.”

ടെലിവിഷൻ, മൊബൈൽ ഫോൺ എന്നിവ പോലുള്ള പുതു സാങ്കേതികതകൾ കാരണം തന്നെപ്പോലുള്ള കലാകാരന്മാർക്ക് പണ്ട് ലഭിച്ചിരുന്ന സമ്മതി ഇപ്പോൾ ലഭിക്കുന്നില്ലെന്ന് പ്രേംറാമും പറഞ്ഞു. “ഞങ്ങളുടെ പൂർവ്വികർ രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും സദസ്സുകളെ ഉല്ലസിപ്പിച്ചിരുന്നു. പ്രതിഫലമായി അവർക്ക് ഭക്ഷ്യ ധാന്യങ്ങളും പണവും മറ്റു പല സാധനങ്ങളും ലഭിച്ചിരുന്നു. അവയൊക്കെ വർഷാവസാനം വരെ തികയുമായിരുന്നു. എന്‍റെ അച്ഛനും മുത്തച്ഛനും ആളുകളെ സന്തോഷിപ്പിക്കുന്നതിനായി ഗ്രാമങ്ങൾ തോറും പോകുമായിരുന്നു. ഗ്രാമീണർ ഇപ്പോഴും ഞങ്ങളെ ബഹുമാനിക്കുന്നു. പക്ഷെ ലോകം മാറിയിരിക്കുന്നു. മുമ്പ് ബഹുമാനിച്ചിരുന്നതുപോലെ ഞങ്ങളുടെ കലയെ ആരും ബഹുമാനിക്കുന്നില്ല. ഇത് മരിച്ചു കൊണ്ടിരിക്കുന്ന കലയാണ്. പാവകളി ഇനി ആസ്വദിക്കാനും എനിക്കു കഴിയില്ല.”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Madhav Sharma

ਮਾਧਵ ਸ਼ਰਮਾ, ਜੈਪੁਰ ਤੋਂ ਹਨ ਤੇ ਇੱਕ ਸੁਤੰਤਰ ਪੱਤਰਕਾਰ ਹਨ। ਉਹ ਸਮਾਜਿਕ, ਵਾਤਾਵਰਣ ਸਬੰਧੀ ਤੇ ਸਿਹਤ ਸਬੰਧੀ ਮਸਲਿਆਂ ਬਾਰੇ ਲਿਖਦੇ ਹਨ।

Other stories by Madhav Sharma
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.