എന്തുകൊണ്ടാണ് തന്‍റെ മുത്തശ്ശി മുംബൈയില്‍ പ്രതിഷേധ ജാഥക്കു പോയത് എന്ന കാര്യത്തില്‍ 10 വയസ്സുകാരിയായ നൂതന്‍ ബ്രാഹ്മണെ ജിജ്ഞാസുവായിരുന്നു. അതുകൊണ്ട് ജിജാബായ് ബ്രാഹ്മണെ അവളെ കൂടെ കൂട്ടാന്‍ തീരുമാനിച്ചു. “ഞാനവളെ കൊണ്ടുവന്നു, അതുകൊണ്ട് അവള്‍ക്കു ആദിവാസികളുടെ ദുഃഖങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാന്‍ സാധിക്കും”, ജനുവരി 26-ന് തെക്കന്‍ മുംബൈയിലുള്ള ആസാദ് മൈതാനത്തെ പൊള്ളുന്ന ചൂടത്തിരുന്നു ജിജാബായ് പറഞ്ഞു.
“ഡല്‍ഹിയില്‍ [മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ] സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണയ്ക്കാനാണ് ഞങ്ങളിവിടെ എത്തിയത്. പക്ഷെ ഞങ്ങള്‍ക്കു ചില പ്രാദേശിക ആവശ്യങ്ങളിലേക്കുകൂടെ ശ്രദ്ധ ക്ഷണിക്കേണ്ടതുണ്ട്”, നൂതനോടൊപ്പം ജനുവരി 25-26 തീയതികളില്‍ അസാദ് മൈതാനത്തുണ്ടായിരുന്ന 65-കാരിയായ ജിജാബായ് പറഞ്ഞു.
ജനുവരി 23-ന് നാശികില്‍ നിന്നും പുറപ്പെട്ട ഒരു കൂട്ടം കര്‍ഷകര്‍ക്കൊപ്പമാണ് നാശിക് ജില്ലയിലെ അമ്പേവാനി ഗ്രാമത്തില്‍ നിന്നും അവര്‍ ഇവിടെത്തിയത്.
കോലി മഹാദേവ ആദിവാസി സമുദായത്തില്‍പെട്ട ജിജാബായിയും അവരുടെ ഭര്‍ത്താവ് ശ്രവണും ദാശാബ്ദങ്ങളോളം ടിണ്ടോരി താലൂക്കിലെ ഗ്രാമത്തില്‍ അഞ്ചേക്കര്‍ വനഭൂമിയില്‍ കൃഷി ചെയ്തു. 2006-ല്‍ വനാവകാശ നിയമം പാസ്സാക്കിയശേഷം ഭൂമിക്കു പട്ടയം എടുക്കണമായിരുന്നു. “പക്ഷെ ഒരേക്കറില്‍ താഴെയേ ഞങ്ങളുടെ പേരില്‍ കിട്ടിയുള്ളൂ. അവിടെ ഞങ്ങള്‍ നെല്ല്, ഗോതമ്പ്, ഉഴുന്ന്, തുവര, എന്നിവയൊക്കെ കൃഷി ചെയ്യുന്നു”, അവര്‍ പറഞ്ഞു. “ബാക്കിയുള്ള ഭൂമി വനംവകുപ്പിന്‍റെ കീഴിലാണ്. അതിനടുത്തുകൂടെ പോയാല്‍ അധികാരികള്‍ ഞങ്ങളോട് പ്രശ്നമുണ്ടാക്കും.”
മുംബൈയിലെ റിപ്പബ്ലിക് ദിന സമരത്തില്‍ പങ്കെടുക്കാന്‍ മുത്തശ്ശിയോടൊപ്പം പോകാന്‍ നൂതനെ അവളുടെ അച്ഛനും ജിജാബായിയുടെ മകനുമായ സഞ്ജയ് അപ്പോള്‍തന്നെ സമ്മതിച്ചു. “2018-ലെ ദീര്‍ഘ ദൂര കിസാന്‍ ജാഥയില്‍ പങ്കെടുക്കാന്‍ അവള്‍ക്കു വരണമെന്നുണ്ടായിരുന്നു. നാശികില്‍ നിന്നും മുംബൈ വരെ ഒരാഴ്ചയിലധികം എടുത്താണ് ഞങ്ങള്‍ നടന്നെത്തിയത്. പക്ഷെ അവള്‍ തീര്‍ത്തും ചെറുതായിരുന്നു. അവള്‍ക്കു നടക്കാന്‍ പറ്റുമോയെന്ന കാര്യത്തില്‍ എനിക്കുറപ്പില്ലായിരുന്നു. ഇന്നവള്‍ക്ക് ആവശ്യത്തിനു പ്രായമായിട്ടുണ്ട്. അധികം നടക്കാനുമില്ല”, ജിജാബായ് പറഞ്ഞു.






