ഒറ്റപ്പെടൽ ജിഗർദേദിന് ഒരു പുതുമയല്ല. അവർ ശ്രീനഗറിലെ ദാൽനദിയിലെ ഒരു ഘാട്ടിലുള്ള അവരുടെ ഹൗസ്ബോട്ടിനു സമീപത്തായി ഒരു മരക്കുടിലിലാണ് താമസം. ഭർത്താവിനേയും പിന്നീട് മകനേയും നഷ്ട്ടപ്പെട്ടിട്ട് ഇപ്പോൾ 30 വർഷത്തോളമായി. ഈ ദീർഘകാലത്തിനിടയിൽ അവർ ഒരുപാട് പ്രാരാബ്ധങ്ങൾ ഒറ്റയ്ക്ക് സഹിച്ചു.
അവർ പറയുന്നു, "ഈ ആയുസ്സിനിടയിൽ 30 കൊല്ലങ്ങളായി ഞാൻ ഒറ്റയ്ക്ക് താമസിക്കുന്നു, എന്നാൽ കഴിഞ്ഞകൊല്ലത്തേതുപോലെ ഒരൂ ബുദ്ധിമുട്ട് ഇതിനുമുമ്പൊരിക്കലും അനുഭവിച്ചിട്ടില്ല. ഷട്ട്ഡൗൺ കഴിഞ്ഞ് വിനോദസഞ്ചാരികൾ വന്നുതുടങ്ങിയപ്പോഴേക്കും ഈ കൊറോണ വന്നു, പിന്നെ എല്ലാവരെയും ബന്ദികളാക്കി വീണ്ടും ലോക്ക്ഡൗണും. "
ഓഗസ്റ്റ് 5, 2019ന് ആർട്ടിക്കിൾ 370 എടുത്തുമാറ്റിയതിനെത്തുടർന്ന് കശ്മീരിലുണ്ടായ ലോക്ക്ഡൗൺ വ്യാപകമായ നഷ്ട്ടങ്ങൾ സൃഷ്ട്ടിച്ചു. "അതിനുശേഷം ഞാൻ ഒരു വിനോദസഞ്ചാരിയെപ്പോലും കണ്ടിട്ടില്ല," ജിഗർ പറയുന്നു. തദ്ദേശവാസികളല്ലാത്ത എല്ലാവരും മടങ്ങണമെന്ന ഔദ്യോഗികമായ അറിയിപ്പ് വന്നപ്പോൾ വിനോദസഞ്ചാരിക:ൾക്കും ആ താഴ്വാരത്തുനിന്ന് മടങ്ങേണ്ടിവന്നു. "അത് ഞങ്ങളെ ശരിക്കും തകർത്തുകളഞ്ഞു", അവർ കൂട്ടിച്ചേർത്തു. "ഞങ്ങളുടെ കച്ചവടം മുഴുവൻ നഷ്ടത്തിലായി. പണ്ടേ തകർന്ന എന്റെ ജീവിതം കൂടുതൽ ദുരിതത്തിലായി”.
ഒറ്റപ്പെടലിലേക്ക് അവരെ നയിച്ച ആ തകർച്ചയെക്കുറിച്ച് അവർ വ്യക്തമായി ഓർക്കുന്നുണ്ട്. "അന്ന് എന്റെ സഹോദരിയുടെ വിവാഹനിശ്ചയമായിരുന്നു. കുടുംബം മുഴുവനും ഒരുമിച്ച് ആട്ടവും പാട്ടുമൊക്കെയായി സന്തോഷത്തോടെ ഒരുമിച്ചുകൂടിയിരുന്നു". 80 വയസ്സായി എന്ന് സ്വയം വിശ്വസിക്കുന്ന ജിഗർ പറയുന്നു. "എന്റെ ഭർത്താവ്, അലി മുഹമ്മദ് തുള്ള, എന്റെ അടുത്ത് വന്ന് നെഞ്ചുവേദനിക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തെ മടിയിൽക്കിടത്തിയപ്പോൾ, ആ ശരീരം തണുത്തുറക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു..... ആ നിമിഷം, ആകാശം എന്റെ തലയ്ക്ക് മുകളിൽ ഇടിഞ്ഞുവീഴുന്നതുപോലെ തോന്നി."
ജിഗറിനേയും 17 വയസ്സുണ്ടായിരുന്ന മന്ന എന്ന് വിളിപ്പേരുള്ള മകൻ മൻസൂറിനേയും ഒറ്റയ്ക്കാക്കി 50 വയസ്സുള്ള അലി മുഹമ്മദ് യാത്രയായി. ഒരു ഹൌസ്ബോട്ടായിരുന്നു ഉണ്ടായിരുന്ന ഒരേയൊരു ഉപജീവനമാർഗ്ഗം. അവരുടെ കുടിലിൽനിന്നും ഒരുചെറിയ പാലത്തിനപ്പുറത്ത് കെട്ടിയിട്ടിരിക്കുകയയൈരുന്നു 4 മുറികളുള്ള ഇൻഡോറ എന്ന ആ ഹൌസ്ബോട്ട്.
"വിനോദസഞ്ചാരികളെ അന്വേഷിച്ച് പുറത്തുപോവുമ്പോൾ, എന്റെ കാര്യം ശ്രദ്ധിക്കാൻ മകൻ അയൽക്കാരോട് ശട്ടം കെട്ടും. ഞാൻ അവന്റെ അച്ഛനെ ഓർത്ത് കരഞ്ഞുകൊണ്ടിരിക്കുമെന്ന് അവനറിയാമായിരുന്നു", ആ ഒറ്റമുറിപ്പുരയിലെ ഒരു മെത്തയിലിരുന്ന്, കതകിന് പുറത്തേക്കുനോക്കിക്കൊണ്ട് ജിഗർ പറയുന്നു. മുറിയിലെ മരത്തിന്റെ ചുവരുകളിൽ ഭർത്താവിന്റെയും മകന്റെയും ഫോട്ടോകളുണ്ടായിരുന്നു.
ഭർത്താവ് മരിച്ച ദു:ഖത്തിൽനിന്ന് കരകയറുന്നതിനുമുന്നേ, മൻസൂറും മരിച്ചു. ഏഴുമാസത്തിനകം. മരണകാരണമോ, ദിവസമോ ജിഗറിന് ഓർമയില്ല. അച്ഛൻ മരിച്ചതിന്റെ ദുഖമാണ് അവന്റെ ജീവനെടുത്തതെന്ന് അവർ വിശ്വസിക്കുന്നു.
"എന്റെ ലോകം തകിടം മറിഞ്ഞു", അവർ പറയുന്നു. "ഓർമ്മകൾ നിറഞ്ഞ ഒരു ഹൗസ്ബോട്ടിൽ എന്നെ ഒറ്റക്കാക്കിക്കൊണ്ട് എന്റെ ജീവിതത്തിലെ രണ്ട് നായകൻമാരും എന്നെ വിട്ടുപോയി. രോഗം മൂലം എന്റെ ഓർമകൾ മിക്കതും മങ്ങിത്തുടങ്ങിയെങ്കിലും ആ രണ്ടുപേരെക്കുറിച്ചുള്ള ഓർമ്മകൾ ഇപ്പോഴും എന്നെ വേട്ടയാടുന്നു”, അവർ പറഞ്ഞു.











