ഒൻപത് വയസ്സുകാരിയായ ചന്ദ്രിക ബെഹെര സ്കൂളിൽ പോകാതെയായിട്ട് രണ്ടുവർഷത്തോളമാകുന്നു. ബാരാബങ്കി ഗ്രാമത്തിലെ, 1 മുതൽ 5 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കേണ്ട 19 വിദ്യാർത്ഥികളിൽ ഒരാളാണവൾ; എന്നാൽ ഈ കുട്ടികളാരും 2020 തൊട്ട് കൃത്യമായി സ്കൂളിൽ പോയിട്ടില്ല. തന്റെ അമ്മ തന്നെ സ്കൂളിലേയ്ക്ക് പറഞ്ഞയക്കുന്നില്ലെന്ന് അവൾ പറയുന്നു.
ബാരാബങ്കി ഗ്രാമത്തിന് 2007-ൽ സ്വന്തമായി സ്കൂൾ ലഭിച്ചെങ്കിലും 2020-ൽ ഒഡീഷ സർക്കാർ ആ സ്കൂൾ അടച്ചുപൂട്ടി. ചന്ദ്രികയെപ്പോലെ, പ്രധാനമായും സന്താൾ, മുണ്ട ആദിവാസി വിഭാഗത്തിൽപ്പെടുന്നവരായ ഗ്രാമത്തിലെ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളോട് 3.5 കിലോമീറ്റർ അകലെയുള്ള, ജാമുപസി ഗ്രാമത്തിലെ സ്കൂളിൽ പ്രവേശനം നേടാനാണ് അധികാരികൾ ആവശ്യപ്പെട്ടത്.
"കുട്ടികൾക്ക് ദിവസേന ഇത്രയും ദൂരം നടക്കാനാകില്ല. ഒരുപാട് ദൂരം നടക്കുന്നതിനിടെ അവർ പരസ്പരം വഴക്ക് കൂടുകയുമാണ്.", ചന്ദ്രികയുടെ അമ്മ മാമി ബെഹെര ചൂണ്ടിക്കാട്ടുന്നു. "ഞങ്ങൾ ദരിദ്രരായ തൊഴിലാളികളാണ്. ഞങ്ങൾ ജോലി അന്വേഷിച്ചുപോകണോ അതോ എല്ലാ ദിവസവും കുട്ടികളുടെ കൂടെ വീട്ടിൽനിന്ന് സ്കൂളിലേക്കും തിരിച്ചും കൂട്ടുപോകണോ? അധികാരികൾ ഞങ്ങളുടെ സ്വന്തം സ്കൂൾതന്നെ വീണ്ടും തുറക്കുകയാണ് വേണ്ടത്.", അവർ കൂട്ടിച്ചേർക്കുന്നു.
അതിനായില്ലെങ്കിൽ, തന്റെ ഇളയ കുഞ്ഞിനെപ്പോലെ, 6 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക്, വിദ്യാഭ്യാസം കിട്ടാതെ പോകുമെന്ന് അവർ നിസ്സഹായയായി വ്യക്തമാക്കുന്നു. ജാജ്പൂർ ജില്ലയിലെ ദാനാഗഡി ബ്ലോക്കിൽ ഉൾപ്പെടുന്ന ഈ പ്രദേശത്തെ കാടുകളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർ ഉണ്ടാകാമെന്നും 30-കളിലെത്തിനിൽക്കുന്ന ഈ അമ്മ ഭയപ്പെടുന്നുണ്ട്.
മാമി, മകൻ ജോഗിക്കായി നേരത്തെ വേറൊരാൾ ഉപയോഗിച്ചിരുന്ന ഒരു സൈക്കിൾ സംഘടിപ്പിച്ചെടുത്തിരുന്നു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ജോഗി 6 കിലോമീറ്റർ അകലെയുള്ള മറ്റൊരു സ്കൂളിലാണ് പഠിക്കുന്നത്. മാമിയുടെ മൂത്ത മകൾ, ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മോനിക്ക്, ജാമുപസി ഗ്രാമത്തിലുള്ള സ്കൂളിലേയ്ക്ക് നടന്നുപോകുകതന്നെ വേണം. ഏറ്റവും ഇളയവളായ ചന്ദ്രികയെ വീട്ടിൽ നിർത്തുകയേ നിർവാഹമുള്ളൂ.
"ഞങ്ങളുടെ തലമുറയിലുള്ളവർ ശരീരം തളർന്ന് വയ്യാതാകുന്നതുവരെ നടന്നും കയറിയും ജോലി ചെയ്തുമെല്ലാമാണ് ജീവിച്ചത്. ഞങ്ങളുടെ മക്കളുടെയും ഗതി അതുതന്നെയാകണമെന്നാണോ?", മാമി ചോദിക്കുന്നു.





















