പകുതി നിർമിച്ച കുതിരയെ തലയിണയാക്കി റോഡരികിൽ ഉറങ്ങുകയായിരുന്നു ജുവാരാറാം ഭട്ട്. അടുത്തുവന്ന് നിർത്തിയ കാറിന്‍റെ ശബ്ദം കേട്ട് അയാൾ ഉറക്കത്തിൽ നിന്നും എണീറ്റു. കാറിൽ ഇരിക്കുന്ന ആളുടെ അരികിലേക്ക് 60  വയസുള്ള അയാൾ ഓടിച്ചെന്നു. കുതിരപ്പാവയിൽ  ഇരുന്നുകൊണ്ട് അതിന്‍റെ ബലത്തെ അയാൾക്കു മുന്നിൽ കാണിച്ചു. കുതിരക്ക് 300 രൂപ ജുവാരാറാം ഭട്ട് പറഞ്ഞു എന്നാൽ ഉപഭോക്താവ് അതിന് 200 രൂപയാണ് വിലയിട്ടത്. അങ്ങനെ വൈകീട്ട് 4 മണിയോടെ അയാൾ ആ ദിവസത്തെ ആദ്യത്തെ, ഒരുപക്ഷെ അവസാനത്തെയും, കച്ചവടം നടത്തി.

വിശ്രമസ്ഥലത്തിന്‍റെ അരികിലായിത്തന്നെ മുളവടികൾകൊണ്ട് നിർമിച്ച  ടാർപോളിനും പ്ലാസ്റ്റിക്കും മേഞ്ഞ അയാളുടെ കുടിലായിരുന്നു. ഈ കുടിലിലാണ് അയാൾ ഭാര്യയായ ബുഗ്‌ലിഭായിയും അവരുടെ രണ്ടാണ്മക്കളും അവരുടെ ഭാര്യമാരും കുട്ടികളുമായി കഴിയുന്നത്. പടിഞ്ഞാറൻ ജയ്‌പൂരിലെ അംബാബരി ദർഗയോട് ചേർന്നുള്ള അമനീഷ അരുവിക്ക് മുകളിലുള്ള പാലത്തിനരികിലുള്ള 50-ഓളം കുടിലുകൾക്കിടയിലാണ് അയാളുടെ കുടിൽ സ്ഥിതി ചെയ്യുന്നത്. ഭട്ട് വിഭാഗത്തിൽ നിന്നുള്ള കുടുംബങ്ങളാണ് ഇവിടെ ജീവിക്കുന്നത് (രാജസ്ഥാൻ സർക്കാർ ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭാഗമാണിത്). ഇവർ വൈക്കോൽ ഉപയോഗിച്ച് ആന, കുതിര, ഒട്ടകം എന്നീ കരകൗശല വസ്തുക്കൾ നിർമിച്ചു വരുന്നു.

"വർഷം ഏതാണെന്ന് ഓർമയില്ല. എന്‍റെ അച്ഛനാണ് നാഗൗർ ജില്ലയിലെ ഡിഡ്വാന പട്ടണത്തിൽ നിന്നും ജയ്‌പൂരിലേക്ക് വന്നത്,” അയാൾ പറഞ്ഞു. പാവനിർമാണത്തിൽ അദ്ദേഹത്തിന്‍റെ പ്രധാന ജോലി വൈക്കോൽ കൊണ്ടുള്ള രൂപം ഉണ്ടാക്കലാണ്. ഇങ്ങനെ ചെയ്യുന്നതിനിടയിൽ രൂപത്തിന് ബലം നൽകാനായി കനംകുറഞ്ഞ മുളവടികൾ ഇടയ്ക്കിടെ അയാൾ അതിലേക്ക് കടത്തി വയ്ക്കുന്നു. പിന്നീട് വൈക്കോലിനെ വയർകൊണ്ടും നൂലുകൊണ്ടും കെട്ടി അതിനെ ശരിയായ രൂപത്തിലാക്കുന്നു. ഈ രൂപത്തെ ബുഗ്‌ലിഭായിക്ക് കൊടുക്കുന്നു. അവർ ചുവന്ന വെൽവെറ്റ് അതിന് ചുറ്റും തുന്നിച്ചേർക്കുന്നു. പിന്നീട് അതിനെ സ്വര്‍ണ്ണനിറത്തിലുള്ള ലെയ്സ് കൊണ്ട് അലങ്കരിക്കുന്നു. ഇങ്ങനെ ഒരു കളിപ്പാട്ടം നിർമിക്കാൻ ഏകദേശം 2-3 മണിക്കൂറുകൾ എടുക്കുന്നു.

ഇത്തരം പണികൾ ചെയ്യാനിരിക്കുന്ന കുടിൽ ഒരേ സമയം അവരുടെ  വീടും ജോലിസ്ഥലവുമാണ്. നാലിൽ കൂടുതൽ തവണ ഇവർക്ക് ഇത്തരം വീടുകൾ ഉപേക്ഷിക്കേണ്ടതായി വന്നിട്ടുണ്ട്. നിയമവിരുദ്ധമായവയാണെന്ന് പറഞ്ഞു പോലീസും ജയ്‌പൂർ പട്ടണത്തിലെ അധികാരികളും ഇവ പൊളിച്ചുനീക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥലത്ത് വെള്ളത്തിനായി അവർ ടാങ്കറുകളെയും അടുത്തുള്ള കടകളെയും ആശ്രയിക്കുന്നു. അമനിഷാ അരുവിക്കടുത്തുള്ള പൊതു ശൗചാലയങ്ങളും സ്ഥലങ്ങളും ഉപയോഗിക്കുന്നു. വൈദ്യുതിക്കായി മിക്ക കുടുംബങ്ങളും ബാറ്ററിയിൽ ചാർജ് ചെയ്യുന്ന എൽഇഡി ലൈറ്റുകളും ഉപയോഗിച്ചുവരുന്നു.

പാലത്തിനരികിൽ താമസിക്കുന്ന മറ്റ് കുടുംബങ്ങളെപ്പോലെത്തന്നെ ജുവാരാറാമിന്‍റെ  കുടുംബത്തിനും സ്വന്തമായി കൃഷിസ്ഥലങ്ങൾ ഒന്നും തന്നെ ഇല്ല. രാജസ്ഥാനിലെ ജോധ്പൂർ ഗ്രാമത്തിൽനിന്നും നാഗൗർ ജില്ലയിൽ നിന്നുമുള്ളവരാണിവരിൽ അധികവും.  മരപ്പാവകൾ ഉണ്ടാക്കലും അവകൊണ്ടുള്ള പാവകളിയുമായിരുന്നു അവരുടെ പരമ്പരാഗത തൊഴിൽ എന്നയാൾ പറയുന്നു. എന്നാൽ ഇന്നവർ പ്രധാനമായും വൈക്കോൽകൊണ്ടും വെൽവെറ്റ് കൊണ്ടുമുള്ള അലങ്കാര വസ്തുക്കളാണ് ഉണ്ടാക്കുന്നത്.

Pooja Bhat has been making dry grass elephants, horses and camels since childhood. 'The lockdown forced us to even beg', she says
PHOTO • Madhav Sharma
Pooja Bhat has been making dry grass elephants, horses and camels since childhood. 'The lockdown forced us to even beg', she says
PHOTO • Madhav Sharma

ചെറുപ്പം മുതലേ വൈക്കോൽ കൊണ്ടുള്ള ആനകളും കുതിരകളും ഒട്ടകങ്ങളുമാണ് പൂജ ഭട്ട് ഉണ്ടാക്കി വരുന്നത് . 'ലോക്ക്ഡൗൺ ഞങ്ങളെ യാചിക്കാൻ വരെ നിർബന്ധിതരാക്കി,' അവർ പറയുന്നു

"ഇന്ന് ആളുകൾക്ക് വിനോദത്തിനായി ടി.വിയും മൊബൈൽ ഫോണുകളും ഉണ്ട്. അതുകൊണ്ടു തന്നെ ഞങ്ങളുടെ പാവകളി ആവശ്യമില്ല", ചെറുപ്പത്തിൽ അച്ഛന്‍റെയും അപ്പൂപ്പന്‍റെയും കയ്യിൽ നിന്ന് മരപ്പാവകൾ ഉണ്ടാക്കാൻ പഠിച്ച ജുവാരാറാം പറഞ്ഞു. സാധാരണയായി 3 പേർ അടങ്ങുന്ന സംഘമാണ് ഒരു പാവകളി ചെയ്യുന്നത്. അതിൽ നിന്ന് അവർക്ക് "10 മുതൽ 20 രൂപയും ചിലപ്പോൾ അല്പം മാവും" ആണ് ലഭിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ രണ്ട് ദശാബ്ദകാലമായി പ്രാദേശിക പ്രേക്ഷകരിൽ ഇത്തരം പ്രകടനങ്ങളോടുള്ള താല്പര്യം കുറഞ്ഞു വന്നിട്ടുണ്ട്.

ജയ്‌പ്പൂരും ചുറ്റുപാടുമുള്ള വലിയ ഹോട്ടലുകളിൽ താമസിക്കുന്ന വിദേശ ടൂറിസ്റ്റുകളായിരുന്നു ഏറെക്കാലമായി അവരുടെ പ്രേക്ഷകരിൽ പ്രധാനമായി ഉണ്ടായിരുന്നത്. അവർക്കായി 3 പേരടങ്ങുന്ന സംഘം ഒരു മണിക്കൂർ നീളുന്ന പ്രകടനം നടത്തുമായിരുന്നു. ഒരാൾ പാവകളെയും മറ്റുള്ളവർ ഹാർമോണിയവും ഡോലക്കും വായിക്കുമായിരുന്നു. ഈ പ്രകടനങ്ങളിൽ പ്രധാനമായും  നാടൻ പാട്ടുകളും കഥകളുമായിരിക്കും പ്രതിപാദിക്കുന്നത്. അവയിൽ പ്രധാനപ്പെട്ട കഥകളിലൊന്ന്  ജോധ്പൂരിലെ 73 വയസുള്ള പ്രേം റാം ഭട്ട് പറയുന്ന 17-ാം നൂറ്റാണ്ടിൽ ഷാജഹാൻ ചക്രവർത്തിയുടെ ഭരണസമയത്ത് ജീവിച്ചിരുന്ന മാർവാറിലെ രാജഗൃഹത്തിലെ അമർ സിംഗ് റാത്തോറിന്‍റെ കഥയായിരുന്നു - കൂടാതെ നാഗൗരിലെ സിംഹാസനത്തിനു വേണ്ടി രജപുത്ര സഹോദരങ്ങള്‍ നടത്തിയ പരസ്പര പോരാട്ടങ്ങള്‍, ഗൂഢാലോചനകള്‍, വധങ്ങള്‍ എന്നിവയുടെയും.

ഇത്തരത്തിലുള്ള പ്രകടനങ്ങളിൽ ഓരോരുത്തർക്കും മാസത്തിൽ 3-4 പ്രാവശ്യമായി 300 രൂപ മുതൽ 500 രൂപ വരെ ലഭിക്കുമായിരുന്നു. എന്നാൽ ലോക്ക്ഡൗണിനും അതിന്‍റെ ഭാഗമായി ടൂറിസത്തിലുണ്ടായ മാന്ദ്യവും മൂലം അതും ഇല്ലാതായിരിക്കുന്നു. "കൊറോണ കാരണം ഹോട്ടലുകൾ അടച്ചിടേണ്ടി വന്നപ്പോൾ ഹോട്ടലുകളും ടൂറിസ്റ്റുകളും നൽകി വന്നിരുന്ന ചെറിയ ജോലികൾ പോലും ഇല്ലാതായി," ജൂവാരാറാം പറഞ്ഞു. "ഇപ്പോൾ ടൂറിസ്റ്റുകൾ ഇല്ല. അതുകൊണ്ടുതന്നെ ഞങ്ങളുടെ നിലനില്പിനായി ഇപ്പോൾ ഈ വൈക്കോൽ പാവകൾ മാത്രമേ ഉള്ളൂ."

മരപ്പാവകൾ നിർമിക്കലും പാവകളികളുമായിരുന്നു ഭട്ട് വിഭാഗത്തിലെ ജനങ്ങളുടെ പ്രധാന ജോലിയെങ്കിലും വൈക്കോൽ-വെൽവെറ്റ് പാവകളുടെ നിർമാണം ഈ അടുത്താണ് തുടങ്ങിയത്. കൈകൊണ്ടു നിർമിച്ച ഇത്തരം മൃഗങ്ങള്‍ക്കുള്ള ആവശ്യം മറ്റു രാജ്യങ്ങളിൽ - പ്രത്യേകിച്ചും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ - വർധിച്ചു വന്ന സമയത്താണ് സമുദായത്തിലെ ജനങ്ങൾ 1960 കളിൽ ചെറിയ കുതിരകളെ നിർമിച്ച് തുടങ്ങിയതെന്ന് പ്രേം റാം ഓർക്കുന്നു. കൂടാതെ മരപ്പാവകൾ ഉണ്ടാക്കാനുള്ള ചിലവ് കൂടുതലാണ്, അതുപോലെ സമയവും ഏറെ എടുക്കേണ്ടി വരുന്നു. അതിനാൽ തന്നെ പ്രത്യേക ഓർഡറുകൾ ഉണ്ടെങ്കിൽ മാത്രമേ ഭട്ട് വിഭാഗക്കാർ ഇപ്പോൾ അവ നിർമിക്കാറുളളൂ.

'Now, people have TVs and mobile phones for their entertainment, they do not need our puppet shows anymore', says Juara Ram (right)
PHOTO • Madhav Sharma
'Now, people have TVs and mobile phones for their entertainment, they do not need our puppet shows anymore', says Juara Ram (right)
PHOTO • Madhav Sharma

'ഇന്ന് ആളുകൾക്ക് വിനോദത്തിനായി ടി.വിയും മൊബൈൽ ഫോണുകളും ഉണ്ട്. അതുകൊണ്ടു തന്നെ ഞങ്ങളുടെ പാവകളി ആവശ്യമില്ല,' ജുവാരാറാം (വലത്) പറയുന്നു

തുണികൊണ്ട് പൊതിഞ്ഞ, വൈക്കോൽ കൊണ്ടുണ്ടാക്കിയ കുതിരകൾ രാജസ്ഥാനിലെ രാംദിയോറ അമ്പലങ്ങളിൽ ഒരു പ്രധാന നേർച്ചയാണ്. 17-ാം നൂറ്റാണ്ടിൽ ഒരു ദേവത മരക്കുതിരയിൽ ജീവനെ സന്നിവേശിപ്പിച്ച് അതിനെ സഞ്ചരിക്കാനായി ഉപയോഗിച്ചു എന്നാണ് ഐതിഹ്യം. കൈകൊണ്ടു നിർമിച്ച ഇത്തരം കുതിരകളെ ജയ്സാൽമീർ ജില്ലയിലെ രാംദേവ്റ പട്ടണത്തിൽ ആഗസ്ത്-സെപ്റ്റംബർ മാസങ്ങളോടടുപ്പിച്ച് നടത്തുന്ന 8 ദിവസം നീളുന്ന വാർഷിക മേളയിൽ  നേർച്ചയായി നൽകപ്പെടുന്നു.

"എന്‍റെ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും ചെയ്യുന്നത് കണ്ടാണ് ഇവ എങ്ങനെ ഉണ്ടാക്കാമെന്ന് ഞാൻ പഠിച്ചത്.  ചെറുപ്പം മുതൽ ഞാൻ  വൈക്കോൽ കൊണ്ടുള്ള കുതിരകളെയും ആനകളെയും ഒട്ടകങ്ങളെയും ഉണ്ടാക്കിവരുന്നു," 18 വയസുള്ള പൂജ ഭട്ട് പറഞ്ഞു. ജുവാരാറാമിന്‍റെ കുടിലിന്‍റെ എതിർവശത്തായുള്ള നടപ്പാതയിൽ ഇരുന്നുകൊണ്ട് പാരമ്പര്യ വേഷമായ രാജസ്ഥാനി ലെഹങ്ക അണിഞ്ഞുകൊണ്ട് വൈക്കോൽ രൂപങ്ങളിൽ ചുവന്ന വെൽവെറ്റ് തുന്നിക്കൊണ്ടിരിക്കുകയാണ് അവൾ.

മഹാമാരി അവളുടെ വരുമാനത്തെയും സാരമായി ബാധിച്ചു. "മുമ്പ് ഈ പാവകൾ വിറ്റാൽ ഞങ്ങൾക്ക് 2 നേരത്തെ ആഹാരത്തിനുള്ള വക കിട്ടുമായിരുന്നു," പൂജ പറഞ്ഞു. എന്നാൽ ലോക്ക്ഡൗൺ ഞങ്ങളെ യാചിക്കാൻ വരെ നിർബന്ധിതരാക്കി. മുമ്പ് ചിലപ്പോഴൊക്കെ 10  പാവകൾ വരെ ഒരു ദിവസം വിൽക്കാനാകുമായിരുന്നു. എന്നാൽ ഇപ്പോൾ അത് ഒന്നോ രണ്ടോ ആയി കുറഞ്ഞിരിക്കുന്നു. "മുമ്പ് ഞങ്ങൾക്ക് 400 മുതൽ 500 രൂപ വരെ ഒരു ദിവസം (ചിലവുകൾ ഒഴിച്ചുള്ള ലാഭം) കിട്ടുമായിരുന്നു, എന്നാലിപ്പോൾ കഷ്ടിച്ച് 100 അല്ലെങ്കിൽ 150 രൂപയാണ് കിട്ടുന്നത്. ആർക്കും ഇപ്പോൾ കൈകൊണ്ടുണ്ടാക്കിയ പാവകൾ ആവശ്യമില്ല. ഇനി അഥവാ ആവശ്യമുണ്ടെങ്കിൽ തന്നെ അവർ വല്ലാതെ വിലപേശും. അപ്പോൾ വളരെ ചെറിയ വിലയ്ക്ക്  ഇവ വിൽക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നു. ഞങ്ങളുടെ  ചിലവുകൾക്കുള്ളത് പോലും ഇതിൽ നിന്നും കിട്ടുന്നില്ല.

അവരുടെ കുടുംബങ്ങൾക്കോ പാലത്തിനടിയിൽ കഴിയുന്ന കുടുംബങ്ങൾക്കോ തിരിച്ചറിയൽ കാർഡുകളോ രേഖകളോ ഒന്നും തന്നെയില്ല. ഗവൺമെന്‍റിൽ നിന്നും അവർക്ക് യാതൊരു സഹായവും ലഭിക്കുന്നുമില്ല. "ഞങ്ങൾ കാർഡുണ്ടാക്കാനായി അധികാരികളെ സമീപിക്കുമ്പോൾ അവർ ഞങ്ങളെ ആട്ടിയോടിക്കും", പൂജയുടെ സഹോദരി 25 വയസുള്ള മഞ്ജു പറഞ്ഞു. "ഞങ്ങൾ ഒരു വോട്ടർ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിക്കിട്ടാൻ പലപ്പോഴായി ശ്രമിച്ചു. സര്‍ക്കാരിന്‍റെ യാതൊരു പദ്ധതികളിലും ഞങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. ലോക്ക്ഡൗൺ  സമയത്ത്  ഇവിടെ ഭകഷണം വിതരണം ചെയ്യാനായി വന്ന ചില ആളുകളുടെ സന്മനസ്സുകൊണ്ടാണ് ഞങ്ങൾ അതിജീവിച്ചത്. ഞങ്ങൾ അന്നൊക്കെ  മൂന്ന് ദിവസം പഴകിയ കേടായ പൂരികൾ വരെ കഴിച്ചിട്ടുണ്ട്."

പൂജയുടെ കുടിലിനടുത്തു താമസിച്ച് ജോലിചെയ്യുന്ന രാജു ഭട്ടിനും മാർച്ച് 2020 മുതൽ കഷ്ടപ്പാടുകളുടെ നാളുകളാണ്. "ലോക്ക്ഡൗണിന്‍റെ വരവോടെ പാവകൾ വാങ്ങാനുള്ളവരുടെ എണ്ണം നന്നേ കുറഞ്ഞു, എന്നാൽ ഇവയുണ്ടാക്കാനുള്ള അവശ്യ വസ്തുക്കളുടെ വിലയിൽ വലിയ വർധനവുണ്ടായി," 5 വയസു മുതൽ വൈക്കോൽ പാവകൾ നിർമിക്കുന്ന 38 വയസുള്ള രാജു പറഞ്ഞു.

'No one in our community wants their children to continue doing this work', says Raju Bhat, with his wife Sanju and sons Rohit (left), and Deepak (right)
PHOTO • Madhav Sharma
'No one in our community wants their children to continue doing this work', says Raju Bhat, with his wife Sanju and sons Rohit (left), and Deepak (right)
PHOTO • Madhav Sharma

'ഞങ്ങളുടെ സമുദായത്തിലെ ഒരാളും അവരുടെ കുട്ടികൾ ഈ ജോലി തുടരണമെന്ന് ആഗ്രഹിക്കുന്നില്ല,' രാജു ഭട്ട് പറയുന്നു . അദ്ദേഹം ഭാര്യ സഞ്ജു , മക്കൾ രോഹിത് ( ഇടത് ), ദീപക് ( വലത് ) എന്നിവരോടൊപ്പം .

"മുമ്പെല്ലാം ക്വിന്‍റലിന് 100 മുതൽ 150 രൂപക്ക് ചാന്ദ്‌പോലെ മണ്ഡിയിൽ നിന്നോ മുഹന മണ്ഡിയിൽ നിന്നോ (അവരുടെ കുടിലുകളിൽ നിന്നും 8 മുതൽ 11 കിലോമീറ്റർ വരെ ദൂരെ) പച്ചക്കറികളും പഴങ്ങളും പൊതിയാനുപയോഗിക്കുന്ന വൈക്കോൽ ലഭിക്കുമായിരുന്നു. അവകൊണ്ട് 50-ഓളം പാവകൾ ഞങ്ങൾക്ക് ഉണ്ടാക്കാനാകുമായിരുന്നു", രാജു പറഞ്ഞു. "എന്നാൽ ഇന്ന് ഞങ്ങൾക്ക് ക്വിന്‍റലിന്‌ 1,500 രൂപയോളം ചിലവഴിക്കേണ്ടി വരുന്നു." കൂടാതെ മീറ്ററിന് 70 രൂപ നിരക്കിൽ വെൽവെറ്റിനും ചെലവ് വരുന്നു. അലങ്കാരത്തിനുപയോഗിക്കുന്ന ഗ്ലിറ്ററിന് കിലോക്ക് 500 രൂപയും ചെലവ്  വരുന്നുണ്ട്. ഈ ചെറിയ മുളവടികളും പാവകൾ രൂപപ്പെടുത്താനും കെട്ടാനും ഉപയോഗിക്കുന്ന വള്ളികളും വാങ്ങേണ്ടി വരുന്നു.

മാർച്ച് 2020 ലോക്ക്ഡൗണിന് മുമ്പ് 18 ഇഞ്ചോളം ഉയരമുള്ള  ഒരു വൈക്കോൽ-വെൽവെറ്റ് പാവ ഉണ്ടാക്കാനായി രാജുവിന് 65-60 രൂപയാണ് ചിലവഴിക്കേണ്ടിയിരുന്നെങ്കിൽ ഇന്നത് 90 രൂപക്ക് മുകളിലായി. "ഞങ്ങൾ ഇത്തരം പാവ ഒരെണ്ണം 100-120 രൂപയ്ക്ക് (ചിലപ്പോഴൊക്കെ 200 രൂപക്ക്) അവയുടെ വലുപ്പമനുസരിച്ച് വിൽക്കുന്നു," അയാൾ പറഞ്ഞു. അയാളുടെ കുടുംബം ഒരു ദിവസം 4 പാവകൾ വരെ ഉണ്ടാക്കുന്നു, പക്ഷെ 2 അല്ലെങ്കിൽ 3 എണ്ണമേ വില്‍ക്കാനാകുന്നുള്ളു, അതും ഭാഗ്യമുണ്ടെങ്കിൽ  മാത്രം. "ആളുകൾ ഞങ്ങളോട് 150 രൂപ വിലയുള്ള ഒരു കുതിരവണ്ടിക്ക് വേണ്ടി വിലപേശും, പക്ഷെ ഒരു വലിയ ഷോപ്പിംഗ് മാളിലോ മറ്റോ യാതൊരു വിലപേശലുമില്ലാതെ അവർ 500 രൂപ നൽകി ഒരു കാർ കളിപ്പാട്ടം വാങ്ങാൻ തയ്യാറാകുന്നു."

ഈ സാധനങ്ങൾ വിറ്റുകിട്ടുന്നതുകൊണ്ട് കുടുംബത്തിലെ 6 അംഗങ്ങളെ രാജുവിന് സംരക്ഷിക്കണം - രാജു, ഭാര്യ സഞ്ജു, അവരുടെ നാലു മക്കൾ ദീപക് (17), അനിൽ, (15) ഗുഡ്ഡി, (12) രോഹിത് (10). കുട്ടികളിൽ ആരും തന്നെ സ്കൂളിൽ പോകുന്നില്ല. ദീപകും അനിലും 2 വർഷം മുൻപ് പാവകൾ നിർമിക്കാനായി കുടുംബത്തെ സഹായിക്കാനായി പഠിത്തം നിർത്തി. തൊട്ടടുത്തുള്ള ഗവണ്മെന്‍റ് സ്കൂളിൽ പഠിക്കുന്ന  ഗുഡ്ഡിക്കും രോഹിത്തിനും സ്മാർട്ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാനുമാകുന്നില്ല.

"ഗവണ്മെന്‍റ്  സ്കൂളുകൾ തുറന്നാൽ ഞാൻ ഗുഡ്ഡിയെയും രോഹിത്തിനെയും സ്കൂളിൽ അയക്കും," രാജു പറഞ്ഞു. "ഞങ്ങളുടെ സമുദായത്തിൽ ആരും തന്നെ അവരുടെ കുട്ടികൾ ഈ ജോലി തുടരാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ ഞങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ ഞങ്ങൾ അവരെ ഈ ജോലിയിൽ ഉൾപ്പെടുത്താൻ നിർബന്ധിതരാകുകയാണ്. എനിക്കും മറ്റു മാതാപിതാക്കളെപോലുള്ള സ്വപ്നങ്ങളാണ് എന്‍റെ കുട്ടികളെക്കുറിച്ചുള്ളത്. അവർ ജോലി കണ്ടെത്തണമെന്ന് ഞാനാഗ്രഹിക്കുന്നു. അവർ ജീവിതകാലം മുഴുവനും ഈ പാവകൾ ഉണ്ടാക്കണമെന്ന് ഞാനാഗ്രഹിക്കുന്നില്ല. ആരും ഏതു സമയത്തും വന്ന് അവരുടെ വീടുകൾ പൊളിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നില്ല."

മരപ്പാവകൾ ഉണ്ടാക്കുന്ന ജോലി സാവധാനം ഇല്ലാതായതുപോലെ ഒരിക്കൽ വൈക്കോൽ കൊണ്ടുള്ള പാവ നിർമാണവും അവരുടെ സമുദായത്തിന് നഷ്ടമാകുമെന്ന് രാജു മുൻകൂട്ടി കാണുന്നു."എന്‍റെ തലമുറ വരെയേ ഈ ജോലി നിലനിൽകുകയുള്ളൂ," അയാൾ പറഞ്ഞു.

ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ചിൽക്ക .

പരിഭാഷ: നിധി ചന്ദ്രന്‍

Madhav Sharma

ਮਾਧਵ ਸ਼ਰਮਾ, ਜੈਪੁਰ ਤੋਂ ਹਨ ਤੇ ਇੱਕ ਸੁਤੰਤਰ ਪੱਤਰਕਾਰ ਹਨ। ਉਹ ਸਮਾਜਿਕ, ਵਾਤਾਵਰਣ ਸਬੰਧੀ ਤੇ ਸਿਹਤ ਸਬੰਧੀ ਮਸਲਿਆਂ ਬਾਰੇ ਲਿਖਦੇ ਹਨ।

Other stories by Madhav Sharma
Translator : Nidhi Chandran

Nidhi Chandran is a postgraduate in Journalism and Communication. She has been working in the publishing sector for the past few years. Currently, she works as a freelance copy editor and translator.

Other stories by Nidhi Chandran