“ഞങ്ങളുടെ കുഞ്ഞു ഗർഭത്തിൽ തന്നെ മരിച്ചുവെന്ന് അവർ പറഞ്ഞു. ഞങ്ങൾ ശരിക്കും ഭയപ്പെട്ടുപോയി. എന്നിട്ട് അവർ ഞങ്ങളോട്‌ മറ്റെവിടേക്കെങ്കിലും പോകാൻ പറഞ്ഞു. അങ്ങനെ ഞാൻ എന്‍റെ മരുമകളെ ടൗണിലെ ഒരു സ്വകാര്യ ഡോക്ടറുടെയടുത്തു കൊണ്ടുപോകാൻ തീരുമാനിച്ചു,”  സുഖിയാ ദേവി, തനിക്കും മരുമകൾ കുസുമിനും ബിഹാറിലെ ജില്ലാ തലസ്‌ഥാനമായ വൈശാലിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ചുണ്ടായ അനുഭവം  അനുസ്മരിക്കുന്നു.

ഊർജ്ജസ്വലയായ ഒരു ദിവസം പ്രായമുള്ള കൊച്ചുമകളെ കയ്യിലെടുത്ത് 62-കാരിയായ ഈ കർഷകത്തൊഴിലാളി രാവിലെ പത്തുമണിയോടു കൂടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുൻപിൽ കുഞ്ഞിന്‍റെ കുത്തിവയ്പ്പിനു വേണ്ടി വരിയിൽ കാത്തു നിൽക്കുന്നു.

28-കാരിയായ മരുമകൾക്ക് പ്രസവവേദന തുടങ്ങിയപ്പോൾ സുഖിയ അവരെ വൈശാലി പി.എച്.സി.യിലേക്കു കൊണ്ടുപോയി. അവിടെ വച്ചാണ് ഒരു അറ്റന്‍ഡന്‍റ് അവരോടു കുഞ്ഞിന് ജീവനില്ല എന്ന് പറഞ്ഞത്. പരിഭ്രമിച്ചു പോയ ഇവരും കുസുമും ഒരു ഓട്ടോറിക്ഷയിൽ 15 കിലോമീറ്റർ അകലെയുള്ള തങ്ങളുടെ ഗ്രാമത്തിലെ (ഇവരുടെ ആവശ്യപ്രകാരം ഗ്രാമത്തിന്റെ പേരു വെളിപ്പെടുത്തുന്നില്ല) വീട്ടിലേക്കു തിരിച്ചു. "ഞങ്ങൾ വീട്ടിലേക്കു മടങ്ങി വന്നു," സുഖിയ പറഞ്ഞു. "എന്നിട്ട് ഒരു മഹിളാ ഡോക്ടറുടെ (ഗൈനക്കോളജിസ്റ്റ് ) അടുത്തു പോകാൻ ഒരു സ്വകാര്യ വാഹനം, ബൊലേറോ, വിളിച്ചു. വണ്ടിയുടെ വാടക എത്രയെന്നു ചോദിക്കാൻ പോലും ഞാൻ മറന്നു. പ്രസവത്തെക്കുറിച്ചു അത്രയും ആധിയിലായിരുന്നു ഞാൻ. അയൽക്കാരുടെ സഹായത്തോടെ ഞാൻ എന്‍റെ മരുമകളെ വണ്ടിയിൽ കയറ്റി. എന്നിട്ടു ക്ലിനിക്കിലേക്കു പുറപ്പെട്ടു.”

ഡോക്ടറുടെ അടുത്തു പോകുന്ന വഴി ‘ചാപിള്ള’യായ ആ കുഞ്ഞിന് ജീവൻ വന്നു.

"അവൾ ആ വാഹനത്തിനുള്ളിൽ തന്നെ ജനിച്ചു വീണു," സുഖിയ പറഞ്ഞു. "എല്ലാം ഒരു ബുദ്ധിമുട്ടുമില്ലാതെ കഴിഞ്ഞു." നേരത്തെ തന്നെ കയ്യിൽ കരുതിയിരുന്ന സാരി അവർ ഷീറ്റായി ഉപയോഗിച്ചു. (അവരെ അനുഗമിച്ച) സ്ഥലത്തെ മെഡിക്കൽ ഷോപ്പിന്‍റെ ഉടമസ്ഥൻ വണ്ടിയിൽ കുറച്ചു വെള്ളവും കരുതിയിരുന്നു. "പക്ഷെ ഇതിനെല്ലാം കൂടി ഒരുപാട് സമയം ചെലവായി ..." സുഖിയ കൂട്ടിച്ചേർത്തു.

ഇതിന് ഒരുപാടു പണവും ചെലവായി. കുറച്ചു ദൂരം മാത്രമേ ഓടിയുള്ളുവെങ്കിലും കാറിന്‍റെ ഉടമസ്ഥൻ 3000 രൂപയും കാറു വൃത്തിയാക്കാൻ ആളെ വിളിക്കുന്നതിന്‌ അധികമായി 1000 രൂപയും ഇവരോടു വാങ്ങി.

Sukhiya had come to the PHC for the baby's birth certificate: 'These people say that if they don’t get the money, they won’t make the papers'
PHOTO • Jigyasa Mishra
Sukhiya had come to the PHC for the baby's birth certificate: 'These people say that if they don’t get the money, they won’t make the papers'
PHOTO • Jigyasa Mishra

സുഖിയ കുഞ്ഞിന്‍റെ ജനന സർട്ടിഫിക്കറ്റിനു വേണ്ടി പി.എച് .സി.യിൽ വന്നതായിരുന്നു: 'ഇവിടുത്തെ  ആൾക്കാർ പറയുന്നത് പണം കിട്ടിയില്ലെങ്കിൽ അവർ പേപ്പറുകൾ തയ്യാറാക്കില്ല എന്നാണ്'

പക്ഷെ സത്യത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സംഭവിച്ചതെന്താണ്? ഞങ്ങളുടെ അവിടം സന്ദർശിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവിടെ അൾട്രാ സൗണ്ട് മെഷീനെന്നല്ല മറ്റൊരു മെഷീനും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല എന്നാണ്. എന്തടിസ്ഥാനത്തിലാണ് ഇവർ പിന്നെ കുഞ്ഞു മരിച്ചുവെന്ന് പറഞ്ഞത്? ഏകപക്ഷീയമായി അവർ വിധിക്കുകയായിരുന്നു വേണം കരുതാൻ.

"ഞങ്ങൾ ആശുപത്രിയിൽ (പി.എച്.സി.) എത്തിയപ്പോൾ രാത്രി ഒരുപാട് വൈകിയിരുന്നു," സുഖിയ പറഞ്ഞു. "അവർ അവളെ പ്രസവ മുറിയിലേക്ക് കൊണ്ടുപോയി. അഞ്ചു മിനിറ്റിനുള്ളിൽ അവരിലൊരാൾ വന്ന് ഇത് വളരെ ഗുരുതരമായ കേസാണെന്നു പറഞ്ഞു. സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതായിരിക്കും നല്ലതെന്നവർ അറിയിച്ചു. ഒരു ദായി (പ്രസവ ശുശ്രൂഷക) ആണെന്ന് തോന്നുന്നു, പുറത്തു വന്നു കുഞ്ഞിന് ജീവനില്ല എന്ന് അറിയിച്ചു. രാത്രി 11 മണിയോളമായതിനാൽ ഞങ്ങൾ സ്ഥലത്തെ ആശാ പ്രവർത്തകയോടൊപ്പമല്ല വന്നത്. അതുകൊണ്ടു ഞാൻ പെട്ടെന്ന് വീട്ടിലേക്കു തിരിച്ചു ചെന്ന് അയൽക്കാരുടെ സഹായത്തോടെ ബൊലേറോ വിളിച്ചു. ഗ്രാമത്തിലെ തന്നെ ഒരാളുടെ വാഹനമായതിനാൽ ഞങ്ങൾക്കതു 15 മിനിറ്റിനുള്ളിൽ ലഭ്യമായി. അല്ലായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നുവെന്ന് ദൈവത്തിനറിയാം."

ഒരു വാഹനം വാടകയ്‌ക്കെടുക്കാൻ (പിന്നീട് അത് വൃത്തിയാക്കാനും) മാത്രമായി 4000 രൂപ താൻ ചെലവാക്കേണ്ടി വരുമെന്നു സുഖിയ ഒരിക്കലും കരുതിയിരുന്നില്ല. "വണ്ടി കിട്ടിയതിനു ശേഷം ഞങ്ങൾ ഗ്രാമത്തിനടുത്തു തന്നെ താമസിക്കുന്ന ഒരു മെഡിക്കൽ ഷോപ് ഉടമയെ ഡോക്ടറുടെ അടുത്തേക്ക് വരാൻ ഒപ്പം കൂട്ടി. അദ്ദേഹം കുസുമിന്  'ഒരു കുപ്പി' (ഇഞ്ചക്ഷനും ഡ്രിപ്പും) കൊടുക്കുകയും, അവൾ അപ്പോൾ തന്നെ ആ കാറിൽ പ്രസവിക്കുകയും ചെയ്തു. പിന്നെ ഞങ്ങൾ എല്ലാവരും വീട്ടിലേക്കു തിരിച്ചു പോന്നു." അപ്പോഴേക്കും അർദ്ധരാത്രി കഴിഞ്ഞിരുന്നു.

ഞാൻ പിറ്റേ ദിവസം സുഖിയയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ചാണ് കാണുന്നത്. അവർ അവിടെ കുഞ്ഞിന്‍റെ കുത്തിവയ്പ്പിനും, ജനന സർട്ടിഫിക്കറ്റിനും വേണ്ടി വന്നതായിരുന്നു. "ഇവിടുത്തെ ആൾക്കാർ പറയുന്നത് പണം കിട്ടിയില്ലെങ്കിൽ അവർ പേപ്പറുകൾ തയ്യാറാക്കില്ല എന്നാണ്," അവർ പറഞ്ഞു.

ചുരുക്കത്തിൽ, പി.എച്.സി.യിലെ ഉദ്യോഗസ്ഥർ തങ്ങൾ തലേന്ന് ഗർഭത്തിൽ മരിച്ചുവെന്ന് പ്രസ്താവിച്ച കുഞ്ഞിന്‍റെ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ പണം ആവശ്യപ്പെടുകയായിരുന്നു.

PHOTO • Priyanka Borar

'അവർ അവളെ പ്രസവ മുറിയിലേക്ക് കൊണ്ടുപോയി. അഞ്ചു മിനിറ്റിനുള്ളിൽ അവരിലൊരാൾ വന്ന് ഇതു വളരെ ഗുരുതരമായ കേസാണെന്നു പറഞ്ഞു. സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതായിരിക്കും നല്ലതെന്നും അവർ അറിയിച്ചു'

"ഇവിടെ എല്ലാവരും പണം ആവശ്യപ്പെടുന്നു- മനസ്സിൽ തോന്നുന്ന തുക. കടലാസു [ജനന സർട്ടിഫിക്കറ്റ്] ശരിയാക്കാൻ ഞാൻ ഒരാൾക്കു 100 രൂപയും വേറൊരാൾക്കു 300 രൂപയും കൊടുത്തു. അതിനുശേഷം മറ്റൊരു സ്ത്രീക്ക് 350 രൂപ പിന്നെയും കൊടുക്കേണ്ടി വന്നു," അവർ പറഞ്ഞു. "നേരത്തെ ചുവന്ന സാരിയുടുത്തിരുന്ന ഈ സിസ്റ്റർ," അടുത്തു നിന്ന പ്രസവ ശുശ്രൂഷ സഹായിയെ (ഓക്സിലിയറി നേഴ്സ് മിഡ്‌വൈഫ് - എ.എൻ.എം.) ചൂണ്ടിക്കാണിച്ചു കൊണ്ട് തുടർന്നു, "ഇവർ 500 രൂപ ചോദിക്കുകയും, ഇല്ലെങ്കിൽ പേപ്പർ ശരിയാക്കില്ലെന്നു പറയുകയും ചെയ്തു." സുഖിയ അവസാനം മറ്റു ചിലർക്കു പണം കൊടുത്തു.

"എനിക്കീ പേപ്പറുകളെക്കുറിച്ചു കാര്യമായി ഒന്നും അറിയില്ല. എനിക്ക് മൂന്നു മക്കളുണ്ട്, പക്ഷെ അവർക്കുവേണ്ടി ഞാനിതൊന്നും തയ്യാറാക്കിയിട്ടില്ല. എന്നാൽ ഇന്നത്തെകാലത്തു ഇത് വളരെ പ്രധാനമാണെന്നു ഇവർ പറയുന്നു," സുഖിയ പറഞ്ഞു.

"എനിക്ക് രണ്ടാണ്മക്കളും ഒരു മകളുമാണ്. മൂത്തവനാണ് ഈ കുഞ്ഞിന്‍റെ അച്ഛൻ. ഇളയ മകന്‍റെ വിവാഹവും നിശ്ചയിച്ചു കഴിഞ്ഞു. മകളാണ് ഏറ്റവും ഇളയത്. അവൾ അവിവാഹിതയാണ്, എന്നോടൊപ്പമാണ് താമസം. അവരുടെ അച്ഛൻ (ഒരു കർഷകത്തൊഴിലാളി) അവരെല്ലാം ചെറിയ കുട്ടികളായിരിക്കുമ്പോഴേ മരിച്ചു." സുഖിയ കുനിഞ്ഞു കൈകൾ കാല്മുട്ടുകൾക്കൊപ്പം കൊണ്ട് വന്നു തന്‍റെ ഭർത്താവ് മരിക്കുമ്പോൾ കുട്ടികൾ എത്ര ചെറുതായിരുന്നുവെന്നു കാണിച്ചു.

"ഒരുപാടു വർഷങ്ങൾ ഞാൻ മറ്റുള്ളവരുടെ കൃഷിയിടങ്ങളിൽ പണിയെടുത്ത് എന്‍റെ മക്കളെ പോറ്റി വളർത്തി," സുഖിയ പറയുന്നു. ഇന്ന് അവരുടെ രണ്ടു മക്കൾ പണം വീട്ടിലേക്കയച്ചു കൊടുക്കുന്നു, അവർ (പുതിയ കൈക്കുഞ്ഞുൾപ്പടെ) രണ്ടു പേരക്കുട്ടികളെയും, വീട്ടമ്മയായ അവരുടെ അമ്മ കുസുമിനെയും, സ്വന്തം മകളെയും പരിപാലിച്ചു പോരുന്നു.

"എന്‍റെ രണ്ടാൺമക്കളും 'കമ്പനി'കളിൽ  സ്വകാര്യ കോൺട്രാക്ടർമാർക്കു വേണ്ടി പണിയെടുക്കുന്നു," അവർ പറഞ്ഞു. "ഇളയവൻ മുംബൈയിൽ വൈദ്യുതി ബോർഡുകളുണ്ടാക്കുന്നു. ഈ കുഞ്ഞിന്‍റെ (34-കാരനായ) അച്ഛൻ പഞ്ചാബിൽ കെട്ടിടങ്ങളുടെ അകത്തെ ആവശ്യങ്ങൾക്കു വേണ്ട പ്ലാസ്റ്റർ ഓഫ് പാരീസ് പണികൾ ചെയ്യുന്ന ഒരു കൈപ്പണിക്കാരനാണ്. രണ്ടു പേർക്കും ലോക്ക്ഡൗൺ സമയത്തു വീട്ടിൽ വരാൻ കഴിഞ്ഞില്ല," സുഖിയയുടെ ഒച്ച കനക്കുന്നു. അവർ സംസാരം നിർത്തുന്നു.

Sukhiya (who suffers from filariasis) waits for Kusum and her grandchild, who have been taken inside the vaccination room
PHOTO • Jigyasa Mishra
Sukhiya (who suffers from filariasis) waits for Kusum and her grandchild, who have been taken inside the vaccination room
PHOTO • Jigyasa Mishra

മന്ത് രോഗം ബാധിച്ച സുഖിയ കുസുമിനും  വാക്‌സിനേഷൻ മുറിയിലേക്ക് കൊണ്ടുപോയ ത ന്‍റെ കൊച്ചുമകൾക്കും വേണ്ടി കാത്തു നിൽക്കുന്നു

"മൂത്ത മകന്‍റെ വിവാഹം അഞ്ചു വർഷങ്ങൾക്കു മുൻപാണ് ഞാൻ നടത്തിയത്. ഇത് അവരുടെ രണ്ടാമത്തെ കുഞ്ഞാണ്. എന്ത് മൂത്ത കൊച്ചുമകനു ഇപ്പോൾ മൂന്നര വയസ്സായി," അതെ പി.എച്.സി.യിൽ തന്നെ ജനിച്ച കുസുമിന്‍റെ ആദ്യത്തെ മകൻ പ്രഭാതിനെക്കുറിച്ച് അവർ പറയുന്നു.

സുഖിയ പി.എച്.സി. പരിസരത്തു നിൽക്കുമ്പോൾ കുസും പ്രസവാനന്തര ശുശ്രൂഷാ മുറിയിൽ കിടക്കുകയാണ്. കുസുമിന്‍റെ ഇടതുവശത്തുള്ള വെളുത്ത ചുമര് കാലങ്ങളായി ആൾക്കാർ ചവച്ചുതുപ്പിയ പാൻ കൊണ്ട് പകുതി ചുവന്നിരിക്കുന്നു. വാർഡിൽ ഫോട്ടോഗ്രഫി അനുവദനീയമല്ല. കുസുമിന്‍റെ തുറന്ന കട്ടിലിന്‍റെ വലതുവശത്തു ഇപ്പോൾ എട്ടുകാലികൾക്ക് പാർപ്പിടമായ ഒരു അൾട്രാ സൗണ്ട് മെഷീനുണ്ട്. "അത് കഴിഞ്ഞ ആഴ്ച കേടായതാണ്, തൂപ്പുകാർ അത് വൃത്തിയാക്കുന്നുകൂടിയില്ല," ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ.എൻ.എം. പറയുന്നു.

ഗർഭത്തിന്‍റെ അവസാനമാസത്തിൽ കുസും ഒരു സ്വകാര്യ ആശുപത്രിയിൽ പി.എച്.സി.യിലെ ജീവനക്കാരുടെ ഉപദേശപ്രകാരം അൾട്രാ സൗണ്ട്  പരിശോധനക്ക് പോയിരുന്നു. പക്ഷെ "പിന്നീട്, ഞങ്ങളിവിടെ പ്രസവത്തിനു വേണ്ടി വന്നപ്പോൾ അവർ ഞങ്ങളെ മടക്കിയയച്ചു, അത് ഞങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കി," സുഖിയ പറഞ്ഞു. ഈ സംഭാഷണത്തിനിടയിൽ ഒരിക്കൽ പോലും, കഴിഞ്ഞ ദിവസത്തെ സംഭവങ്ങളേല്പിച്ച ആഘാതത്തിൽ നിന്ന് മുക്തയാവാത്ത, മരുന്നുകളുടെ സ്വാധീനത്തിൽ മയങ്ങുകയായിരുന്ന കുസും, ഞങ്ങളോട് സംസാരിക്കാനുള്ള അവസ്‌ഥയിലായിരുന്നില്ല.

ഫൈലേറിയാസിസ് (മന്തുരോഗം) ബാധിച്ച സുഖിയ (ഒരു കാലിനു മറ്റെക്കാലിനേക്കാള്‍ ഏതാണ്ട് ഇരട്ടി വലിപ്പമുണ്ട്) പറഞ്ഞു: "ഞാനെപ്പോഴും ഇങ്ങനാണ്. കുറെ നേരം നിൽക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണ്. അധികം നടക്കാനുമാകില്ല. മരുന്ന് കഴിച്ചുകൊണ്ടിരിക്കുമ്പോൾ മാത്രമേ വേദനയില്ലാതുള്ളൂ. പക്ഷെ എല്ലാം ഞാനീ കാലു വച്ച് തന്നെ വേണം ചെയ്യാൻ. ഇവിടെ വന്ന സ്ഥിതിക്ക്‌ എനിക്കുള്ള മരുന്നു കൂടി വാങ്ങണം. അത് തീരാറായി."

മൂത്ത കൊച്ചു മകന്‍റെ കയ്യും പിടിച്ചു അവർ പി.എച്.സി. യുടെ ദവാ വിതരൺ കേന്ദ്ര ത്തിലേക്ക്  (മരുന്ന് വിതരണ കേന്ദ്രം) മുടന്തി നടന്നു പോകുന്നു.

കവർ ചിത്രീകരണം : പ്രിയങ്ക ബോറാര്‍ പുതിയ രൂപത്തിലുള്ള അർത്ഥവും ആവിഷ് ‌കാരവും കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ കൊണ്ട് പരീക്ഷണം ചെയ്യുന്ന ഒരു പുതിയ മീഡിയ ആർട്ടിസ്റ്റാണ് പ്രിയങ്ക ബോറാർ. പഠനങ്ങള്‍ക്കും കളികള്‍ക്കുമായി അനുഭവങ്ങൾ രൂപകൽപന ചെയ്യുന്ന, സംവേദനാത്മക മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്ന, പ്രിയങ്ക പരമ്പരാഗതമായ രീതിയിൽ പേപ്പറും പേനയും ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നു.

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ചുള്ള പാരിയുടെയും കൗ ണ്ടർ മീഡിയ ട്രസ്റ്റിന്‍റെയും രാജ്യവ്യാപക റിപ്പോർട്ടിംഗ്, പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പ്രധാനപ്പെട്ടവരും പാര്‍ശ്വവത്കൃതരുമായ പ്രസ്തുത വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ്

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

ഥാക്കൂർ ഫാമിലി ഫൗണ്ടേഷന്‍റെ സ്വതന്ത്ര പത്രപ്രവർത്തന ഗ്രാന്‍റിലൂടെ പൊതുജനാരോഗ്യത്തെയും പൗരസ്വാതന്ത്ര്യത്തെയും കുറിച്ച് ജിഗ്യാസാ മിശ്ര റിപ്പോർട്ട് ചെയ്യുന്നു . ഈ റിപ്പോർട്ടിന്‍റെ ഉള്ളടക്കത്തിൽ ഥാക്കൂർ ഫാമിലി ഫൗണ്ടേഷൻ ഒരു എഡിറ്റോറിയൽ നിയന്ത്രണവും നടത്തിയിട്ടില്ല.

പരിഭാഷ - പി എസ്‌ സൗമ്യ

Jigyasa Mishra

ਜਗਿਆਸਾ ਮਿਸ਼ਰਾ ਉੱਤਰ ਪ੍ਰਦੇਸ਼ ਦੇ ਚਿਤਰਾਕੂਟ ਅਧਾਰਤ ਸੁਤੰਤਰ ਪੱਤਰਕਾਰ ਹਨ।

Other stories by Jigyasa Mishra
Illustration : Priyanka Borar

ਪ੍ਰਿਯੰਗਾ ਬੋਰਾਰ ਨਵੇਂ ਮੀਡਿਆ ਦੀ ਇੱਕ ਕਲਾਕਾਰ ਹਨ ਜੋ ਅਰਥ ਅਤੇ ਪ੍ਰਗਟਾਵੇ ਦੇ ਨਵੇਂ ਰੂਪਾਂ ਦੀ ਖੋਜ ਕਰਨ ਲਈ ਤਕਨੀਕ ਦੇ ਨਾਲ਼ ਪ੍ਰਯੋਗ ਕਰ ਰਹੀ ਹਨ। ਉਹ ਸਿੱਖਣ ਅਤੇ ਖੇਡ ਲਈ ਤਜਰਬਿਆਂ ਨੂੰ ਡਿਜਾਇਨ ਕਰਦੀ ਹਨ, ਇੰਟਰੈਕਟਿਵ ਮੀਡਿਆ ਦੇ ਨਾਲ਼ ਹੱਥ ਅਜਮਾਉਂਦੀ ਹਨ ਅਤੇ ਰਵਾਇਤੀ ਕਲਮ ਅਤੇ ਕਾਗਜ਼ ਦੇ ਨਾਲ਼ ਵੀ ਸਹਿਜ ਮਹਿਸੂਸ ਕਰਦੀ ਹਨ।

Other stories by Priyanka Borar

ਪੀ ਸਾਈਨਾਥ People’s Archive of Rural India ਦੇ ਮੋਢੀ-ਸੰਪਾਦਕ ਹਨ। ਉਹ ਕਈ ਦਹਾਕਿਆਂ ਤੋਂ ਦਿਹਾਤੀ ਭਾਰਤ ਨੂੰ ਪਾਠਕਾਂ ਦੇ ਰੂ-ਬ-ਰੂ ਕਰਵਾ ਰਹੇ ਹਨ। Everybody Loves a Good Drought ਉਨ੍ਹਾਂ ਦੀ ਪ੍ਰਸਿੱਧ ਕਿਤਾਬ ਹੈ। ਅਮਰਤਿਆ ਸੇਨ ਨੇ ਉਨ੍ਹਾਂ ਨੂੰ ਕਾਲ (famine) ਅਤੇ ਭੁੱਖਮਰੀ (hunger) ਬਾਰੇ ਸੰਸਾਰ ਦੇ ਮਹਾਂ ਮਾਹਿਰਾਂ ਵਿਚ ਸ਼ੁਮਾਰ ਕੀਤਾ ਹੈ।

Other stories by P. Sainath
Series Editor : Sharmila Joshi

ਸ਼ਰਮਿਲਾ ਜੋਸ਼ੀ ਪੀਪਲਸ ਆਰਕਾਈਵ ਆਫ਼ ਰੂਰਲ ਇੰਡੀਆ ਦੀ ਸਾਬਕਾ ਸੰਪਾਦਕ ਹਨ ਅਤੇ ਕਦੇ ਕਦਾਈਂ ਲੇਖਣੀ ਅਤੇ ਪੜ੍ਹਾਉਣ ਦਾ ਕੰਮ ਵੀ ਕਰਦੀ ਹਨ।

Other stories by Sharmila Joshi
Translator : P. S. Saumia

P. S. Saumia is a physicist currently working in Russia.

Other stories by P. S. Saumia