മകൻ എങ്ങിനെയാണ് മരിച്ചതെന്ന് തനിക്കറിയാമെന്നായിരുന്നു ശോഭ സാഹ്നി കരുതിയത്. പക്ഷേ ഏഴ് മാസങ്ങൾക്കിപ്പുറം അവർക്കിപ്പോൾ അതത്ര തീർച്ചയില്ല.
ആറ് വയസ്സായ മകൻ ആയുഷിന് അസുഖം ബാധിച്ചതിനെക്കുറിച്ച് പറയുകയായിരുന്നു ശോഭ. ഫെബ്രുവരിയിലെ ശാന്തമായ ഒരു ഉച്ചയ്ക്ക് ബ്രഹ്മസാരി ഗ്രാമത്തിലെ തന്റെ ഒറ്റമുറി വീടിന്റെ വാതിൽപ്പടിയിലിരിക്കുകയായിരുന്നു 30 വയസ്സുള്ള അവർ. “അവന് പനിയുണ്ടായിരുന്നു. പിന്നെ, വയർ വേദനിക്കുന്നുവെന്നും പറഞ്ഞു”, ശോഭ ഓർത്തെടുത്തു.
2021 ജൂലായ് മാസം അവസാനമായിരുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലെ അവരുടെ ഗ്രാമത്തിൽ മഴവെള്ളം കയറി. അത് അസാധാരണമായിരുന്നില്ല. “എല്ലാ വർഷവും അത് സംഭവിക്കാറുണ്ട്. വെള്ളം ഒഴുകിപ്പോവാനുള്ള സംവിധാനമില്ല” അവർ പറഞ്ഞു.
ഓരോ തവണ മഴ പെയ്യുമ്പോഴും ബ്രഹ്മസാരിയിൽ വെള്ളക്കെട്ടുണ്ടാവുകയും അത് ചാണകവും മനുഷ്യവിസർജ്ജവും മാലിന്യവുമായി കലർന്ന് ഗ്രമത്തിലാകെ പരക്കുകയും ചെയ്യും. “ചത്തുപോയ പ്രാണികളും കൊതുകുകളുമൊക്കെ വെള്ളത്തിൽ ഉണ്ടാവും. വീട്ടിൽ പാകം ചെയ്യുന്നിടത്തുപോലും ഈ വെള്ളം കയറും. ഞങ്ങളുടെ കുട്ടികൾ ഈ വെള്ളത്തിലാണ് കളിക്കുക. എത്ര അരുതെന്ന് പറഞ്ഞാലും അവർ കേൾക്കില്ല. മഴക്കാലത്ത് ഇവിടെ ആളുകൾ രോഗികളാവാറുണ്ട്”, അവർ സൂചിപ്പിച്ചു.
കഴിഞ്ഞ കൊല്ലം അവരുടെ മകന്റെ ഊഴമായിരുന്നു. “ആദ്യം, രണ്ട് സ്വകാര്യ ആശുപത്രിയിൽ അവനെ ചികിത്സിക്കാൻ ഞങ്ങൾ നോക്കി. ബർഹൽഗഞ്ചിലും സിക്രിഗഞ്ചിലും. നടന്നില്ല”
പനി വന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ ശോഭ അവനെ 7 കിലോമീറ്റർ അകലെയുള്ള ബെൽഘട്ടിലെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ കൊണ്ടുപോയി. അവിടെനിന്ന് അവർ, ബാബ രാഘവ് ദാസ് മെഡിക്കൽ കൊളേജിലേക്ക് കൊണ്ടുപോകാൻ എഴുതിക്കൊടുത്തു. ബ്രഹ്മസാരിയിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള അടുത്ത പട്ടണമായ ഗോരഖ്പുരിലായിരുന്നു മെഡിക്കൽ കൊളേജ്.










