“20 അടി ആഴമുള്ള ഓടയായിരുന്നു. ആദ്യം പരേഷ് ഉള്ളിൽ പോയി. രണ്ടുമൂന്ന് ബക്കറ്റ് മാലിന്യം പുറത്തെത്തിച്ച്, കുറച്ചുനേരം പുറത്തിരുന്ന് വിശ്രമിച്ച് വീണ്ടും അകത്തുപോയി. അകത്തുപോയ ഉടൻ അയാൾ നിലവിളിക്കാൻ തുടങ്ങി”.
“എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. അതിനാൽ ഗാൽസിംഗ് ഭായിയും അകത്തേക്ക് പോയി. പിന്നെ ഒരു ശബ്ദവും കേട്ടില്ല. അപ്പോൾ അടുത്തതായി അനിപ് ഭായിയും ഉള്ളിലേക്ക് പോയി. ഉള്ളിൽപ്പോയ മൂന്നുപേരുടേയും ശബ്ദം കേട്ടില്ല. അപ്പോൾ അവർ എന്നെ ഒരു കയറിൽക്കെട്ടി താഴത്തേക്ക് വിട്ടു. ഒരാളുടെ കൈ പിടിക്കാൻ പറഞ്ഞു. ആരുടെ കൈയ്യാണെന്ന് എനിക്ക് തീർച്ചയില്ല. പിടിച്ചുകഴിഞ്ഞപ്പോൾ അവരെന്നെ മുകളിലേക്ക് വലിച്ചു. അപ്പോഴാണ് എന്റെ ബോധ പോയത്”, ശ്വാസംപോലുമെടുക്കാൻ നിൽക്കാതെ ഭാവേഷ് പറഞ്ഞു.
സഹോദരൻ പരേഷും മറ്റ് രണ്ടുപേരും കണ്മുന്നിൽ മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഞങ്ങൾ ഭാവേഷിനെ സന്ദർശിച്ചത്. ആ ദുരന്തത്തിന്റെ ഞെട്ടലിൽനിന്ന് അയാൾ മുക്തനായിരുന്നില്ല. ആകെ ദു:ഖിതനും നിരാശനുമായ ഒരാളുടെ ശബ്ദത്തിലാണ് അയാൾ സംസാരിച്ചത്.
ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഖർസാന ഗ്രാമത്തിലെ 20 വയസ്സുള്ള ഭാവേഷ് കടരയ്ക്ക് അതിജീവിക്കാനുള്ള ‘ഭാഗ്യ’മുണ്ടായി. ഭാറൂച്ച് ജില്ലയിലെ ദഹേജ് ഗ്രാമപഞ്ചായത്തിലെ ആഴമുള്ള അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങിയ അഞ്ചുപേരും - ആദിവാസികളായിരുന്നു – ജീവനോടെ ബാക്കിയായ രണ്ടുപേരിൽ ഒരാളാണ് ആ ചെറുപ്പക്കാരൻ. ദാഹോദിലെത്തന്നെ ബലെന്ദിയ-പേതാപുരിലെ 18 വയസ്സുള്ള ജിഗ്നേഷ് പാർമറാണ് രക്ഷപ്പെട്ട രണ്ടാമൻ.
ജിഗ്നേഷിന്റെ അതേ ഗ്രാമത്തിൽനിന്നുള്ള 20 വയസ്സായ അനിപ് പാർമർ, ദാഹോദിലെ ദന്ത്ഗഢ്-ചക്ലിയയിലെ 25 വയസ്സുള്ള ഗാൽസിംഗ് മുനിയ, ഭാവേഷിന്റെ സഹോദരനായ 24 വയസ്സുള്ള പരേഷ് കടര എന്നിവരായിരുന്നു ആ മറ്റ് മൂന്നുപേർ. ഓടയിലെ വിഷവാതകം ശ്വസിച്ച് ഇവർ മൂന്നുപേരും മരിച്ചു (അവരുടെ വയസ്സ് ആധാർ കാർഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കാർഡ് തയ്യാറാക്കുന്ന താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മനോധർമ്മംപോലെയായിരിക്കും മിക്കപ്പോഴും അവരുടെ വയസ്സ് രേഖപ്പെടുത്തിയിട്ടുണ്ടാവുക).
എന്നാൽ 325-330 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽനിന്നുള്ള ആ അഞ്ച് ആദിവാസി യുവാക്കളും ദഹേജിലെ ഓടകൾ വൃത്തിയാക്കിയിരുന്നത് എന്തിനായിരുന്നു? അവരിൽ രണ്ടുപേർ മറ്റൊരു ഗ്രാമപഞ്ചായത്തിനുവേണ്ടി മാസാടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്നു. ബാക്കി മൂന്നുപേരുടെ കുടുംബത്തിന് അറിയാമായിരുന്നില്ല, ജീവിക്കാൻ അവർ എന്തെല്ലാം തൊഴിലുകളാണ് ചെയ്തിരുന്നതെന്ന്. ഭിൽ എന്ന് പേരുള്ള, വളരെ പാർശ്വവത്ക്കരിക്കപ്പെട്ട ഒരു ആദിവാസി സമൂഹത്തിലെ അംഗങ്ങളായിരുന്നു അവർ അഞ്ചുപേരും.
2023 ഏപ്രിൽ 4-നാണ് ദുരന്തം ആഞ്ഞടിച്ചത്. “ഒരാൾ അകത്തായിരുന്നു”, ജിഗ്നേഷ് ഓർത്തെടുത്തു. സമീപത്തുള്ള മറ്റൊരു ഓടയിലായിരുന്നു ആ ദിവസം അയാൾ. “വിഷവാതകം ശ്വസിച്ച് അവന് വയ്യാതായി. അവനെ സഹായിക്കാനായി മറ്റൊരാൾ (ഗാൽസിംഗ്) അകത്തേക്ക് പോയെങ്കിലും അയാളും ആ വാതകം ശ്വസിച്ച് അകത്ത് വീണുപോയി. അവരെ രണ്ടുപേരെയും രക്ഷിക്കാനാണ് അനിപ് അകത്തുപോയത്. എന്നാൽ വാതകം അത്ര ശക്തിയിലായിരുന്നു വന്നിരുന്നത്. അവനും ബോധംകെട്ട് വീണു”.
“അവനെ രക്ഷിക്കാനായി ഞങ്ങൾ ഒച്ചയിട്ടുകൊണ്ടിരുന്നു”, ജിഗ്നേഷ് പറഞ്ഞു. “അപ്പോഴാണ് ഗ്രാമത്തിലുള്ളവർ വന്നത്. അവർ പൊലീസിനേയും അഗ്നിരക്ഷാസേനയേയും വിളിച്ചു”, ഭാവേഷ് അകത്തേക്ക് പോയെങ്കിലും അവനും വാതകം ശ്വസിച്ച് അബോധാവസ്ഥയിലായി. അവരെ പുറത്തെത്തിച്ചതിനുശേഷം ഭാവേഷിനെ ആദ്യം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബോധം തിരിച്ചുകിട്ടിയതിനുശേഷമാണ് പൊലീസ് അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്’.
എന്തിനാണവർ അയാളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ, ബോധം കിട്ടുന്നതുവരെ പൊലീസ് കാത്തിരുന്നത്? ആർക്കും ഉത്തരമില്ല. എന്തൊക്കെയായാലും ഭാവേഷ് രക്ഷപ്പെട്ടു.
*****
വിവാഹത്തിന് മുൻപുതന്നെ അനിപ് ദാഹേജിൽ ജോലിചെയ്യുകയായിരുന്നു. 2019-ൽ വിവാഹശേഷം അയാളുടെ ഭാര്യ രമീല ബെന്നും കൂടെയെത്തി. “ഞാൻ രാവിലെ 8 മണിയോടെ ജോലിക്ക് പോവും”, അവർ പറഞ്ഞു. “അദ്ദേഹം രാവിലെ 11 മണിക്ക് ഊണ് കഴിച്ചാണ് ജോലിക്ക് പോവുക. ഗ്രാമമുഖ്യനോ ഉപമുഖ്യനോ ഏൽപ്പിക്കുന്ന എന്തെങ്കിലുമൊക്കെ ജോലി ചെയ്യും”, അനിപ് മരിക്കുന്ന സമയത്ത് താൻ കൂടെയുണ്ടാവാതിരുന്നതിനുള്ള കാരണം പറയുകയായിരുന്നു രമീല ബെൻ.
“പണ്ടൊക്കെ ഞങ്ങൾ ഒരുമിച്ച് അഴുക്കുചാലുകൾ വൃത്തിയാക്കാറുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് നാലുമാസത്തോളം ഞങ്ങൾ ആ പണി ചെയ്തിരുന്നു. പിന്നെ അവർ ഞങ്ങളോട് ‘ട്രാക്ടർ ജോലി’ ചെയ്യാൻ പറഞ്ഞു. ഞങ്ങൾ ട്രാക്ടറുമായി ഗ്രാമത്തിൽ മുഴുവൻ പോവും. ആളുകൾ മാലിന്യം കൊണ്ടുവന്ന് അതിൽ നിക്ഷേപിക്കും. ഞാൻ മാലിന്യം വേർതിരിക്കും. ദാഹേജിൽ ഞങ്ങൾ വലിയ അഴുക്കുചാലുകൾപോലും വൃത്തിയാക്കിയിരുന്നു. സ്വകാര്യ വീടുകളിലുള്ള ആ വലിയ ഗട്ടറുകൾ അറിയില്ലേ? അതിൽ. ഞാൻ ഒരു ബക്കറ്റ് കയറിൽ തൂക്കി, ആ അഴുക്ക് മുഴുവൻ പുറത്തേക്കെടുക്കും”, അവർ വിശദീകരിച്ചു.
“ജോലി ചെയ്യുന്ന ഓരോ ദിവസത്തിനും 400 രൂപവെച്ച് അവർ തരും. ജോലിക്ക് പോവുന്ന ദിവസം എനിക്കും 400 രൂപ കിട്ടും. നാലുമാസത്തിനുശേഷം, അവർ പണം തരുന്നത് മാസാടിസ്ഥാനത്തിലാക്കി. ആദ്യം ഒമ്പതിനായിരം, പിന്നെ പന്ത്രണ്ട്, ഒടുവിൽ മാസത്തിൽ പതിനയ്യായിരം രൂപവരെ. താമസിക്കാൻ ഒരു മുറിയും പഞ്ചായത്ത് തന്നിരുന്നു”, രമീല ബെൻ പറഞ്ഞു.
ജോലിക്ക് ചേരുന്നതിനുമുൻപ്, രേഖാമൂലം അവർ എന്തെങ്കിലും കരാർ ഒപ്പിട്ടിരുന്നുവോ?
ബന്ധുക്കൾക്ക് അതറിയില്ല. പഞ്ചായത്ത് ഏർപ്പാടാക്കിയ സ്വകാര്യ കരാറുകാർ ജോലിക്കുവെച്ച ആളുകളാണോ ഈ മരിച്ചുപോയവർ എന്ന് ആർക്കും തീർച്ചയില്ല. പഞ്ചായത്തുമായി താത്ക്കാലികമോ സ്ഥിരമോ ആയ എന്തെങ്കിലും കരാറുണ്ടായിരുന്നോ എന്നും അറിയില്ല.
“കരാറുകാരന്റെ പേരെഴുതിയ കടലാസ്സിൽ എന്തെങ്കിലും ഉണ്ടായിരുന്നിരിക്കാം. ഒരുപക്ഷേ അനിപിന്റെ പോക്കറ്റിലാവും അതൊക്കെ” അയാളുടെ അച്ഛൻ ഝാലു ഭായി പറഞ്ഞു. ജീവൻ തിരിച്ചുകിട്ടിയ, പുതുതായി ജോലിക്ക് ചേർന്ന ഭാവേഷിന്റെയും ജിഗ്നേഷിന്റെയും കാര്യമോ? “അങ്ങിനെ യാതൊരു കടലാസ്സും ഒപ്പിട്ടിട്ടില്ല. അവർ വിളിക്കുമ്പോൾ ഞങ്ങൾ പോവും”, ഭാവേഷ് പറയുന്നു.
ഭവേഷ് ഇവിടെ ജോലിചെയ്യാൻ തുടങ്ങി പത്തുദിവസം കഴിഞ്ഞപ്പോഴായിരുന്നു അപകടം നടന്നത്. ജിഗ്നേഷിനേയും പരേഷിനേയും ആ ദിവസം ജോലിക്ക് വിളിച്ചു. ആ ജോലിയിൽ അവരുടെ ആദ്യത്തെ ദിവസമായിരുന്നു അന്ന്. അവർ ചെയ്യാൻ പോവുന്ന ജോലിയെക്കുറിച്ച് അവരുടെ കുടുംബത്തിലാർക്കും ഒന്നും അറിയില്ലായിരുന്നു.
സംസാരിക്കുമ്പോൾ പരേഷിന്റെ അമ്മ, 51 വയസ്സുള്ള സപ്നാ ബെൻ കരയുകായിരുന്നു. “പഞ്ചായത്തിൽ എന്തോ ജോലിയുണ്ടെന്ന് പറഞ്ഞ് പരേഷ് പോയി. അവർ അവനെ ദാഹേജിലേക്ക് വിളിക്കുകയായിരുന്നു. അവന്റെ സഹോദരൻ (ഭാവേഷ്) പത്തുദിവസം മുമ്പുമുതലേ അവിടെയുണ്ടായിരുന്നു. ഗാൽസിംഗ് ഭായിയാണ് അയാളെ വിളിച്ചത്. ദിവസവും 500 രൂപ കിട്ടുമെന്നായിരുന്നു ഭാവേഷും പരേഷും പറഞ്ഞത്. ഓട വൃത്തിയാക്കാനാണെന്ന് അവരിരുവരും പറഞ്ഞില്ല. എത്ര ദിവസമെടുക്കുമെന്ന് ഞങ്ങൾക്കെങ്ങിനെ അറിയാൻ പറ്റും? അവർ അവിടെ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് ഞങ്ങൾക്കറിയില്ലല്ലോ”, അവർ ചോദിക്കുന്നു.
ഗാൽസിംഗ് മുനിയയുടെ വീട്ടിൽ, അയാളുടെ 26 വയസ്സായ ഭാര്യ കനിത ബെന്നിനും ഭർത്താവിന്റെ ജോലിയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. “ഞാൻ വീടിന്റെ പുറത്ത് പോവാറില്ല.”, അവർ പറഞ്ഞു. “‘ഞാൻ പഞ്ചായത്തിൽ പണിക്ക് പോവുന്നു’ എന്ന് പറഞ്ഞ് അദ്ദേഹം പോവും. എന്താണ് പണിയെന്നൊന്നും ഒരിക്കലും എന്നോട് പറയാറില്ല. ഏഴുവർഷമായിട്ടുണ്ടാകും അദ്ദേഹം ഈ പണിചെയ്യാൻ തുടങ്ങിയിട്ട്. ഒരിക്കലും എന്നോട് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. വീട്ടിൽ തിരിച്ചുവന്നാൽപ്പോലും”, അവർ പറയുന്നു.
തങ്ങളുടെ ആണ്മക്കൾ, ഭർത്താക്കന്മാർ, സഹോദരന്മാർ, മരുമക്കൾ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് ആ അഞ്ച് കുടുംബങ്ങളിലെയും ഒരംഗത്തിനുപോലും അറിവുണ്ടായിരുന്നില്ല. പഞ്ചായത്തിന്റെ പണിയാണെന്ന് അറിയാം. അനിപ് മരിച്ചതിനുശേഷമാണ്, മകൻ എന്തുജോലിയാണ് ചെയ്തിരുന്നതെന്ന് അച്ഛൻ ഝാലുവിന് മനസ്സിലായത്. പണത്തിന്റെ ആവശ്യമാണ് അവരെ ഈ ജോലിക്ക് നിർബന്ധിതരാക്കിയതെന്ന് അദ്ദേഹത്തിന് തോന്നുന്നു. “പഞ്ചായത്ത് പണി എന്ന് പറഞ്ഞാൽ അവർ പറയുന്നതെന്തും ചെയ്യണമെന്നാണ് അർത്ഥം, അതിനി പന്നിയുടെ ശവം ചുമക്കലായാലും ശരി”, ഝാലു പറയുന്നു. “അവർ ഓട വൃത്തിയാക്കാൻ പറഞ്ഞാൽ ഞങ്ങൾ അത് ചെയ്യണം. അല്ലെങ്കിൽ അവർ ഞങ്ങളെ ജോലിക്ക് വെക്കില്ല. വീട്ടിൽ പൊക്കോളാൻ പറയും”.
ഈ ജോലിയിൽ എന്തെല്ലാം നേരിടേണ്ടിവരുമെന്ന്, മരിച്ചവർക്കോ, അതല്ലെങ്കിൽ പുതുതായി ഈ ജോലിക്ക് വന്നവർക്ക് അറിയാമായിരുന്നോ? ഇല്ലെന്നാണ് ഭാവേഷും ജിഗ്നേഷും പറയുന്നത്. “ദിവസവും 500 രൂപ തരുമെന്ന് ഗാൽസിംഗ് ഭായി പറഞ്ഞു. ഓടയൊക്കെ വൃത്തിയാക്കേണ്ടിവരുമെന്നും സൂചിപ്പിച്ചു”, ഭാവേഷ് പറയുന്നു. ജിഗ്നേഷും ഇത് ശരിവെച്ചു. കൂട്ടത്തിൽ ഇതും പറഞ്ഞു, “അനിപ് എന്നെ വിളിച്ചു, ഞാൻ ചെന്നു. ചെന്ന ദിവസം രാവിലെത്തന്നെ നേരിട്ട് ജോലിക്ക് കയറി”.
ജിഗ്നേഷൊഴിച്ച് മറ്റാരും അഞ്ചാം ക്ലാസ്സിനപ്പുറത്തേക്ക് പോയിട്ടില്ല. ബി.എ. ഗുജറാത്തി കോഴ്സിൽ ആദ്യവർഷ പുറം വിദ്യാർത്ഥിയാണ് ജിഗ്നേഷ്. എന്നാൽ യഥാർത്ഥത്തിൽ, ദാരിദ്ര്യത്തിൽനിന്ന് പുറത്തുകടക്കണമെങ്കിൽ, ഓടയ്ക്കകത്തേക്ക് ഇറങ്ങണമെന്നതാണ് അവരുടെ അവസ്ഥ. വീട്ടിൽ വിശന്നിരിക്കുന്ന വയറുകളും വിദ്യാഭ്യാസം ആവശ്യമുള്ള കുട്ടികളും അവരെ കാത്തിരിപ്പുണ്ട്.
*****
ദി നാഷണൽ കമ്മീഷൻ ഫോർ സഫായി കർമ്മചാരിയുടെ (എൻ.സി.എസ്.കെ-ശുചീകരണത്തൊഴിലാളികളുടെ ദേശീയ കമ്മീഷൻ) 2022-23 വാർഷിക റിപ്പോർട്ടുപ്രകാരം , 1993-നും 2022-നുമിടയ്ക്ക്, ഓടകൾ വൃത്തിയാക്കുന്ന ജോലിക്കിടയിൽ, 153 തൊഴിലാളികൾ കൊല്ലപ്പെട്ടിട്ടുണ്ട്. തമിഴ് നാടിന് തൊട്ടുതാഴെയാണ് ഇത്. അവിടെ, ഇതേ കാലയളവിൽ മരിച്ചവർ 220 ആണ്.
എന്നാൽ, മരിച്ചവരുടേയോ, ഓടകളും സെപ്റ്റിക്ക് ടാങ്കുകളും വൃത്തിയാക്കുന്നവരുടേയോ കൃത്യമായ കണക്കുകൾ ലഭ്യമല്ല. 2021-നും 2023-നുമിടയിൽ, 11 ശുചീകരണത്തൊഴിലാളികൾ ജോലിക്കിടയിൽ മരണപ്പെട്ടു എന്ന്, ഗുജറാത്ത് സോഷ്യൽ ജസ്റ്റീസ് ആൻഡ് എംപവർമെന്റ് മന്ത്രി സംസ്ഥാന നിയമസഭയെ അറിയിച്ചിട്ടുണ്ട്. അതിൽ ഏഴുപേർ 2021 ജനുവരിക്കും 2022 ജനുവരിക്കും ഇടയിലാണ്. നാലുപേർ 2022 ജനുവരിക്കും 2023 ജനുവരിക്കുമിടയിലും.
കഴിഞ്ഞ രണ്ടുമാസത്തിനിടെ മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട എട്ട് തൊഴിലാളികളുടെ കണക്കുകൂടി ചേർത്താൽ മരണസംഖ്യ ഇനിയും ഉയരും. മാർച്ചിൽ രാജ്കോട്ട് രണ്ടും, ദാഹേജിൽ ഏപ്രിലിൽ മൂന്നും (ഈ റിപ്പോർട്ടിൽ സൂചിപ്പിച്ചവ). ഇതേ മാസംതന്നെ, ധോൽക്കയിൽ രണ്ടുപേരും തരാടിൽ ഒരാളും മരിക്കുകയുണ്ടായി.
എന്തെങ്കിലും സുരക്ഷാ സാമഗ്രികളുണ്ടായിരുന്നോ?
അനിപിന്റെ ഭാര്യ രമീല ബെൻ, ഭാറൂച്ച് പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത എഫ്.ഐ.ആറിൽ ഇതിനുള്ള ഉത്തരമുണ്ട്. “യാതൊരു സുരക്ഷാസാമഗ്രികളുമില്ലാതെ 20 അടി താഴ്ചയുള്ള ദുർഗന്ധം നിറഞ്ഞ ഓടയിൽ ഇറങ്ങിയാൽ, എന്റെ ഭർത്താവും കൂടെയുള്ള മറ്റുള്ളവരും മരിക്കാനിടയുണ്ടെന്ന് ജയ്ദീപ് സിംഗ് റാണ എന്ന സർപാഞ്ചിനും ഡെപ്യൂട്ടി സർപാഞ്ചിന്റെ ഭർത്താവ് മഹേഷ് ഭായി ഗോഹിലിനും അറിയാമായിരുന്നു. എന്നിട്ടും അവർക്കാവശ്യമായ ഒരു സുരക്ഷാസാമഗ്രികളും നൽകിയില്ല. (ഡെപ്യൂട്ടി സർപാഞ്ച് ഒരു സ്ത്രീയായിരുന്നു. എന്നാൽ ഏതൊരു യാഥാസ്ഥിതിക സമൂഹത്തിലെയുംപോലെ, യഥാർത്ഥ അധികാരം കൈയ്യാളിയിരുന്നത് അവരുടെ ഭർത്താവായിരുന്നു).
ആദ്യമുണ്ടായിരുന്ന എംപ്ലോയ്മെന്റ് ഓഫ് മാനുവൽ സ്കാവഞ്ചേർസ് ആൻഡ് കൺസ്‌ട്രക്ഷൻ ഓഫ് ഡ്രൈ ലാട്രിൻസ് (പ്രൊഹിബിഷൻസ്) ആക്ട് 1993 -ന് (മനുഷ്യരെ ഉപയോഗിച്ച് തോട്ടിവേല ചെയ്യിപ്പിക്കുന്നതും കക്കൂസ് നിർമ്മിക്കുന്നതും നിരോധിക്കുന്ന നിയമം) പകരമായി ദി പ്രൊഹിബിഷൻ ഓഫ് എംപ്ലോയ്മെന്റ് ഓഫ് മാനുവൽ സ്കാവഞ്ചേർസ് ആൻഡ് ദേർ റീഹാബിലിറ്റേഷൻ ആക്ട് 2013 (മനുഷ്യരെ ഉപയോഗിച്ച് തോട്ടിവേല ചെയ്യിക്കുന്നത് നിരോധിക്കുകയും, അവരെ പുനരധിവസിപ്പിക്കുകയും ചെയ്യുന്ന നിയമം) വന്നതോടെ, മനുഷ്യരെ ഉപയോഗിച്ചുകൊണ്ട് ഓടകളും കക്കൂസ് ടാങ്കുകളും ശുചിയാക്കിക്കുന്നത് നിരോധിക്കപ്പെട്ടു. എന്നാൽ ഇതെല്ലാം കടലാസ്സിൽമാത്രമേ നടപ്പായുള്ളു. കാരണം, ഇതേ നിയമത്തിൽത്തന്നെ, “അപകടകരമായ ശുചീകരണജോലി” ചെയ്യുന്നവരെക്കുറിച്ചും അവർക്ക് അവകാശപ്പെട്ട സുരക്ഷാസാമഗ്രികളെക്കുറിച്ചും പറയുകയും ചെയ്യുന്നുണ്ട്. തൊഴിലാളിയുടെ സുരക്ഷയ്ക്കാവശ്യമായ ഒരുക്കങ്ങൾ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമയുടേത് ജാമ്യമില്ലാത്ത കുറ്റമാണ്. രാമില ബെന്നിന്റെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ, പൊലീസ് ദഹേജ് ഗ്രാമപഞ്ചായത്തിന്റെ സർപാഞ്ചിനേയും ഡെപ്യൂട്ടി സർപാഞ്ചിന്റെ ഭർത്താവിനേയും അറസ്റ്റ് ചെയ്തു. അവരാകട്ടെ, ഉടനടി ജാമ്യത്തിനപേക്ഷിക്കുകയും ചെയ്തു. തങ്ങളുടെ അപേക്ഷയുടെ നിജസ്ഥിതി എന്താണെന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അറിയില്ല.
*****
“എനിക്കിനി ആരുമില്ല. ഇതാ ഇവിടെ അഞ്ച് കുട്ടികൾ. അദ്ദേഹം അവരുടെ ഭക്ഷണത്തിന്റേയും വിദ്യാഭ്യാസത്തിന്റേയും കാര്യങ്ങൾ നോക്കാറുണ്ടായിരുന്നു. അതൊക്കെ നോക്കാൻ ഇനിയാരുമില്ല”, സങ്കടത്താൽ മുറിയുന്നുണ്ടായിരുന്നു ഗാൽസിംഗിന്റെ ഭാര്യ കനിത ബെന്നിന്റെ ശബ്ദം. ഭർത്താവിന്റെ മരണശേഷം അവർ അഞ്ച് മക്കളോടൊപ്പം ഭർത്തൃസഹോദരങ്ങളുടെ കൂടെയാണ് ജീവിക്കുന്നത്. മൂത്ത കുട്ടിക്ക് 9 വയസ്സ്. ഇളയവൾക്ക് ഒരു വയസ്സ് തികച്ചായിട്ടില്ല. “എനിക്ക് നാല് ആൺമക്കളാണ്”, ഗാൽസിംഗിന്റ് 54 വയസ്സുള്ള അമ്മ ബാബുദി ബെൻ പറയുന്നു. “രണ്ടുപേർ സൂറത്തിൽ. അവർ ഞങ്ങളെ സന്ദർശിക്കാറില്ല. മൂത്തവൻ വേറെയാണ് താമസിക്കുന്നത്. അവൻ ഞങ്ങൾക്കെന്തിന് ഭക്ഷണം തരണം? ഞങ്ങൾ ഏറ്റവും ചെറിയവൻ, ഗാൽസിംഗിന്റെ കൂടെയാണ് കഴിഞ്ഞിരുന്നത്. ഇപ്പോൾ അവൻ പോയി. ഇനി ഞങ്ങൾക്ക് ആരാണുള്ളത്?” അവർ ചോദിക്കുന്നു.
21 വയസ്സിൽ വിധവയായ, ഗർഭിണിയായ രമീല ബെന്നും എല്ലാം നഷ്ടപ്പെട്ടു. “ഇനി ഞാനെങ്ങിനെ ജീവിക്കും? ആരാണ് ഞങ്ങൾക്ക് ഭക്ഷണം നൽകുക. കുടുംബത്തിൽ ആളുകളുണ്ടെങ്കിലും എത്രനാളാണെന്നുവെച്ചാണ് അവരെ ആശ്രയിക്കാനാവുക?” അഞ്ച് ഭർത്തൃസഹോദരന്മാരേയും നാത്തൂന്മാരേയും അനീപിന്റെ മാതാപിതാക്കളേയും ഉദ്ദേശിച്ചാണ് അവർ ചോദിക്കുന്നത്.
“ഈ കുട്ടിയെ ഞാനിനി എന്ത് ചെയ്യും? ആരാണ് ഞങ്ങൾക്കൊരാശ്രയം? ഈ ഒറ്റയ്ക്കായ സ്ത്രീ, ഗുജറാത്തിൽ ഇനി എങ്ങോട്ട് പോകാനാണ്”, രാജസ്ഥാൻ സ്വദേശിയാണ് അവർ. പക്ഷേ ഇനി അങ്ങോട്ട് തിരിച്ചുപോകാനാവില്ല. “എന്റെ അച്ഛന് വയസ്സായി. ഒന്നും ചെയ്യാനാവില്ല. കൃഷിചെയ്യാൻ പോലും. ഭൂമിയുമില്ല. കുടുംബത്തിലാണെങ്കിൽ ധാരാളമാളുകളും. എനിക്ക് നാല് സഹോദരന്മാരും ആറ് സഹോദരിമാരുമുണ്ട്. അച്ഛനമ്മമാരുടെയടുക്കലേക്ക് ഞാനെങ്ങിനെ പോകും”, തന്റെ വയറ്റിലേക്ക് നോക്കിക്കൊണ്ടാണ് അവരിത് പറഞ്ഞത്. ആറുമാസം ഗർഭിണിയാണ് അവർ.
“അനിപ് എനിക്ക് പുസ്തകങ്ങൾ കൊണ്ടുവന്ന് തരാറുണ്ടായിരുന്നു”, അയാളുടെ പത്തുവയസ്സായ അനിയത്തി ജാഗ്രതി ഞങ്ങളോട് പറയാൻ തുടങ്ങിയെങ്കിലും അവരുടെ ശബ്ദം കരച്ചിലിൽ മുങ്ങിപ്പോയി.
ചെറുപ്പത്തിൽത്തന്നെ ഭവേഷിനും പരേഷിനും അവരുടെ അച്ഛനെ നഷ്ടപ്പെട്ടു. മറ്റ് മൂന്ന് സഹോദരന്മാരും, നാത്തൂന്മാരും അമ്മയും, ഇളയ അനിയത്തിയും ഉൾപ്പെടുന്നതാണ് അവരുടെ കുടുംബം. “പരേഷ് എപ്പോഴും എന്നെ ലാളിക്കുമായിരുന്നു”, 16 വയസ്സുള്ള അനിയത്തി ഭാവ്ന പറയുന്നു. “12-ആം ക്ലാസ് പാസ്സായാൽ എനിക്കിഷ്ടമുള്ള സ്ഥലത്ത് പോയി പഠിക്കാൻ വിടുമെന്ന് ജ്യേഷ്ഠൻ എന്നോട് പറയാറുണ്ടായിരുന്നു. എനിക്കൊരു ഫോൺ വാങ്ങിത്തരാമെന്നും പറഞ്ഞു”, ഈ വർഷം അവൾ 12-ആം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് ഇരിക്കുന്നുണ്ട്.
ഗൽസിംഗ്, പരേഷ്, അനിപ് എന്നിവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിൽനിന്ന് 10 ലക്ഷം രൂപവെച്ച് കിട്ടിയെന്ന് അറിഞ്ഞു. പക്ഷേ ഇവരുടേത് വളരെ വലിയ കുടുംബങ്ങളാണ്. ധാരാളമാളുകളുള്ളത്. അവരുടെയൊക്കെ ഒരേയൊരു അന്നദാതാവിനെയാണ് അവർക്ക് നഷ്ടപ്പെട്ടത്. മാത്രമല്ല, നഷ്ടപരിഹാരം ചെക്കായിട്ടാണ് വന്നിട്ടുണ്ടാവുക. വിധവകളുടെ പേരിൽ. എന്നാൽ സ്ത്രീകൾക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല. പുരുഷന്മാർക്ക് മാത്രമേ അറിയൂ.
ഒരു ആദിവാസി സമൂഹം, പ്രകൃതിയുമായി അടുത്തിടപഴകുന്ന ഒരു സമൂഹം എങ്ങിനെയാണ് ഇത്തരം തൊഴിലുകളിലേക്ക് എത്തിപ്പെട്ടത്? അവർക്ക് ഭൂമിയില്ലേ? മറ്റ് ഉപജീവനമാർഗ്ഗങ്ങളില്ലേ?
“ഞങ്ങളുടെ കുടുംബത്തിന് ചെറിയ തുണ്ടുഭൂമികൾ ഉണ്ട്”, അനിപിന്റെ അമ്മാവൻ (മോട്ട ബാപ്പ) പറയുന്നു. “എന്റെ കുടുംബത്തിന് 10 ഏക്കർ ഭൂമിയുണ്ടാവും. എന്നാൽ അതിൽനിന്ന് ഭക്ഷിച്ച് ജീവിക്കുന്ന 300 പേരും ഉണ്ടാവും. എങ്ങിനെ സാധിക്കും. അപ്പോൾ മറ്റെന്തെങ്കിലും തൊഴിലെടുത്ത് ജീവിക്കേണ്ടിവരും. ഞങ്ങളുടെ ഭൂമി ഞങ്ങൾക്ക് ജീവിക്കാനുള്ളത് തരുന്നുണ്ടാവും. എന്നാൽ വിൽക്കാൻ ഒന്നും കിട്ടില്ല”.
ഇത്തരം ജോലികൾ ചെയ്താൽ സാമുദായികഭ്രഷ്ട് വരുമോ?
“സത്യത്തിൽ അങ്ങിനെയൊന്നുമില്ല”, പരേഷിന്റെ അമ്മാവൻ ബച്ചുഭായി കടര പറയുന്നു. “എന്നാൽ അങ്ങിനെ ചിലത് സംഭവിച്ചിട്ടുണ്ട്. ഇത്തരം വൃത്തികെട്ട ജോലികൾ ചെയ്യരുതെന്ന് ഞങ്ങൾക്ക് തോന്നുന്നു”.
“പക്ഷേ എങ്ങിനെ ജീവിക്കും..?”
ഈ കഥ റിപ്പോർട്ടർ എഴുതിയത് ഗുജറാത്തിയിലാണ്. ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് പ്രതിഷ്ത പാണ്ഡ്യ.
പരിഭാഷ: രാജീവ് ചേലനാട്ട്