2021 മേയ് മാസത്തിൽ ഭാര്യയ്ക്ക് ശ്വസനസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചപ്പോൾ ഉത്തർപ്രദേശിലെ തന്‍റെ കുഗ്രാമത്തിന്‍റെ സമീപത്തുള്ള പട്ടണത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ രാജേന്ദ്രപ്രസാദ് നിർബന്ധിതനായി. കൂടുതൽ അടുത്തുള്ളതും എന്നാൽ രാജ്യാതിർത്തിക്കപ്പുറത്തുള്ളതുമായ നേപ്പാളിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു അയാൾ ആദ്യം ആഗ്രഹിച്ചത്.

“അതിർത്തിക്കപ്പുറത്തുനിന്ന് ചികിത്സ തേടുന്നത് ഞങ്ങളുടെ പതിവാണ്. ഗ്രാമത്തിലെ മിക്കവരും വർഷങ്ങളായി അങ്ങിനെ ചെയ്യാറുമുണ്ട്”, അസാധാരണമായ ഈ പതിവിനെക്കുറിച്ച് 37 വയസ്സുള്ള രാജേന്ദ്ര പറഞ്ഞു. രാജേന്ദ്രന്‍റെ ഗ്രാമമായ ബങ്കടിയിൽനിന്ന് കേവലം 15 കിലോമീറ്റർ അപ്പുറത്താണ് നേപ്പാളിലെ ആശുപത്രി. ഉത്തർപ്രദേശിലെ ഏറ്റവും വലിയ ജില്ലയായ ലഖിം‌പുർ ഖേരിയിലുള്ള (ഖേരി എന്നും അറിയപ്പെടുന്നു) രാജേന്ദ്രന്‍റെ ബങ്കടി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് നേപ്പാളിന്‍റെ അതിർത്തിയിലാണ്.

1950-ൽ സമാധാന-സൗഹൃദ കരാർ ഒപ്പിട്ടതിൽ‌പ്പിന്നെ ഇന്ത്യയും നേപ്പാളും തുടർന്നുവരുന്ന തുറന്ന അതിർത്തി നയം, ഈ രണ്ട് പ്രദേശങ്ങളിലേയും ആളുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യമൊരുക്കി. വ്യാപാരത്തിനും, സ്ഥലം വാങ്ങാനും, തൊഴിലെടുക്കാനും അത് അവരെ സഹായിച്ചു. ബങ്കടിയിലെ ജനങ്ങൾക്ക്, അതിർത്തിക്കപ്പുറത്തുള്ള നേപ്പാളിൽ പോയി, കൂടുതൽ മെച്ചപ്പെട്ടതും ചിലവ് കുറഞ്ഞതുമായ ചികിത്സകൾ നടത്താനും അത് സഹായകമായി.

പക്ഷേ, കോവിഡ് അതെല്ലാം മാറ്റിമറിച്ചു.

രാജേന്ദ്രന്‍റെ 35 വയസ്സുള്ള ഭാര്യ ഗീതാ ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ, ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം മൂർദ്ധന്യത്തിലായിരുന്നു.  എന്നാൽ, 2020 മാർച്ച് 23-ന് ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളുമായി പങ്കിടുന്ന 1,850 കിലോമീറ്റർ ദൈർഘ്യം വരുന്ന അതിർത്തി നേപ്പാൾ അടച്ചപ്പോൾ അതിർത്തിക്കപ്പുറത്തുള്ള ആശുപത്രിയിലേക്ക് പോവാൻ അവർക്ക് സാധിച്ചില്ല.

രാജേന്ദ്രന്‍റെ കുടുംബത്തിന് അതിന് വലിയ വില കൊടുക്കേണ്ടിയും വന്നു.

Rajendra Prasad in his farmland in Bankati, located on the border with Nepal. He wonders if his wife would have lived had the border not been sealed due to Covid-19 and they could have gone to the hospital there
PHOTO • Parth M.N.
Rajendra Prasad in his farmland in Bankati, located on the border with Nepal. He wonders if his wife would have lived had the border not been sealed due to Covid-19 and they could have gone to the hospital there
PHOTO • Parth M.N.

നേപ്പാൾ അതിർത്തിയിലുള്ള ബങ്കടിയിലെ തന്‍റെ കൃഷിസ്ഥലത്ത് രാജേന്ദ്രപ്രസാദ് . കോവിഡ് 19 മൂലം അതിർത്തികൾ അടയ്ക്കാതിരിക്കുകയും നേപ്പാളിലെ ആശുപത്രിയിലേക്ക് പോകാൻ സാധിക്കുകയും ചെയ്തിരുന്നെങ്കിൽ തന്‍റെ ഭാര്യ ജീവനോടെ ഉണ്ടാകുമായിരുന്നോ എന്ന് രാജേന്ദ്രന് അറിയില്ല

25 കിലോമീറ്റർ അകലെയുള്ള, ബങ്കടി ഗ്രാമം ഉൾപ്പെടുന്ന ബ്ലോക്കിന്‍റെ തലസ്ഥാനമായ പാലിയ ടൗണിലേക്ക് രാജേന്ദ്രൻ ഗീതയെ കൊണ്ടുപോയി. “പാലിയയിലേക്കുള്ള റോഡിന്‍റെ സ്ഥിതി വളരെ മോശമായതിനാൽ അവിടേക്കെത്താൻ കൂടുതൽ സമയമെടുക്കു”മെന്ന് അയാൾ പറയുന്നു. “പട്ടണത്തിലെ സർക്കാരാശുപത്രി അത്ര നല്ലതല്ല, അതിനാൽ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി”, അയാൾ പറഞ്ഞു. ഗുരുതരമായ രോഗങ്ങൾ ചികിത്സിക്കുന്നതിനുള്ള സൗകര്യം ബങ്കടിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലില്ലാതിരുന്നതിനാൽ, 2,000 രൂപയ്ക്ക് ഒരു വണ്ടി വാടകയ്ക്കെടുത്താണ് പാലിയയിലേക്ക് രാജേന്ദ്ര ഭാര്യയെ കൊണ്ടുപോയത്.

ചുമയും ജലദോഷവും ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടുമടക്കം കോവിഡിന്‍റെ എല്ലാ ലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും, പട്ടണത്തിലെ ആശുപത്രിയിലെ പരിശോധനയിൽ കോവിഡില്ലെന്ന് കണ്ടെത്തി. എന്നാൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. “ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് തുടർന്നു”, രാജേന്ദ്ര പറയുന്നു. അതിനുപുറമേ പാലിയയിൽ ഓക്സിജൻ ക്ഷാമവുമുണ്ടായിരുന്നു. “ഞാൻ സ്വന്തം നിലയ്ക്ക് കുറച്ച് സിലിണ്ടറുകൾ സംഘടിപ്പിച്ചുവെങ്കിലും അത് മതിയായില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്‍റെ ആറാം നാൾ അവൾ മരിച്ചു”, രാജേന്ദ്ര പറയുന്നു.

ഒരേക്കറിൽ താഴെമാത്രം ഭൂമിയുണ്ടായിരുന്ന ചെറുകിട കർഷകനായ രാജേന്ദ്രയ്ക്ക് സ്ഥിരമായ വരുമാനമുണ്ടായിരുന്നില്ല. വർഷത്തിൽ 1.5 ലക്ഷത്തിന് താഴെയായിരുന്നു അയാളുടെ വരുമാനം. സ്വകാര്യമായി സംഘടിപ്പിച്ച സിലിണ്ടറുകള്‍ക്കും ചികിത്സയ്ക്കുമായി 50,000 രൂപയോളം അയാൾക്ക് ചിലവായി. “എന്‍റെ കൈയ്യിൽനിന്ന് അരി വാങ്ങാറുള്ള ഒരു വ്യാപാരിയിൽനിന്നാണ് പണം കടം വാങ്ങിയത്. വിളവെടുത്തുകഴിഞ്ഞാൽ പണം തിരിച്ചുകൊടുക്കും”, അയാൾ പറയുന്നു. “കടം വാങ്ങേണ്ടിവന്നതിലല്ല, അവൾക്ക് നല്ല ചികിത്സ കൊടുക്കാൻ കഴിയാത്തതിലാണ് എനിക്ക് സങ്കടം. കൗമാരക്കാരായ രണ്ട് കുട്ടികളുടെ ചുമതല ഇപ്പോൾ എന്‍റെ ചുമലിലായി”, രണ്ട് കുട്ടികളുടെ അച്ഛനായ രാജേന്ദ്ര പറയുന്നു.

ഗീത മരിച്ചിട്ട് ഒരു വർഷമാവാൻ പോവുന്നു. നേപ്പാളിലെ ആശുപത്രിയിലേക്ക് പോയിരുന്നെങ്കിൽ സ്ഥിതിയിൽ വല്ല മാറ്റവും ഉണ്ടാവുമായിരുന്നോ എന്ന് അയാൾക്കറിയില്ല. “അതിർത്തി അടച്ചപ്പോൾ ചില ആളുകൾ മൊഹാന നദിയിലൂടെയും ദുധ്വ കാട്ടിലൂടെയും ഒളിച്ചുകടന്നിരുന്നു. പക്ഷേ അത് പരീക്ഷിക്കാൻ എനിക്ക് തോന്നിയില്ല. പാഴാക്കാൻ തീരെ സമയമുണ്ടായിരുന്നില്ല. അതുകൊണ്ടാണ്, നേപ്പാളിലേക്ക് കടക്കുന്നതിനുപകരം, പാലിയയിലെ ആശുപത്രിയിലേക്ക് പോയത്. അത് ശരിയായ തീരുമാനമായിരുന്നോ എന്ന് എനിക്കറിയില്ല”.

Jai Bahadur Rana, the pradhan of Bankati, is among the village's many residents who seek treatment at Seti Zonal Hospital in Nepal. "The doctors and facilities at Seti are far better," he says
PHOTO • Parth M.N.

ബങ്കടിയിലെ ഗ്രാമമുഖ്യൻ ജയ് ബഹാദൂർ റാണയടക്കം ഗ്രാമത്തിലെ നിരവധിയാളുകളാണ് നേപ്പാളിലെ സേതി സോണൽ ആശുപത്രിയിൽ ചികിത്സ തേടുന്നത് . ' സേതിയിൽ കൂടുതൽ മിടുക്കരായ ഡോക്ടർമാരും മെച്ചപ്പെട്ട സൗകര്യങ്ങളുമുണ്ട്,' റാണ പറയുന്നു

ബങ്കടിയിലെ 214 കുടുംബങ്ങളിലെ മിക്കവാറും എല്ലാവർക്കും നേപ്പാളിലെ ധംഗഢി ജില്ലയിലെ സേതി സോണൽ ആശുപത്രിയിലെ ചികിത്സ ലഭിച്ചിട്ടുണ്ട്. ബങ്കടിയിലെ 42 വയസ്സുള്ള മുഖ്യൻ ജയ് ബഹാദൂർ റാണയും അതിൽ ഉൾപ്പെടുന്നു.

6-7 കൊല്ലം മുൻപ് ക്ഷയരോഗം ബാധിച്ചപ്പോൾ അഞ്ച് തവണയോളം താൻ അവിടുത്തെ ആശുപത്രിയിൽ പോയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. “ആറ് മാസത്തോളം നീണ്ടുനിന്നു ചികിത്സ. അക്കാലത്ത്, അതിർത്തിയിൽ പരിശോധനയൊന്നും ഉണ്ടായിരുന്നില്ല. ഒരു ബുദ്ധിമുട്ടുമില്ലാതെ ചികിത്സ തേടാൻ കഴിഞ്ഞിരുന്നു”, റാണ പറയുന്നു.

ഗ്രാമത്തിലെ ആളുകൾ സേതി സോണൽ ആശുപത്രിയിൽ പോകുന്നതിന് ധാരാളം കാരണങ്ങളുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു.  “പാലിയിലേക്കുള്ള റോഡ് ദുധ്വ റിസർവ്വ് വനത്തിലൂടെയാണ് പോവുന്നത്. ധാരാളം വന്യമൃഗങ്ങളുണ്ടാവും”, അയാൾ പറയുന്നു. “ഇനി അവിടെയെത്തിയാലോ? സ്വകാര്യ ആശുപത്രികൾ ഞങ്ങൾക്ക് താങ്ങാൻ പറ്റില്ല. ഖേരിയിലെ സർക്കാർ ആശുപത്രികളിലാകട്ടെ സൗകര്യങ്ങളുമില്ല. അതുമായി താരത‌മ്യം ചെയ്താൽ സേതിയിൽ കൂടുതൽ നല്ല ഡോക്ടർമാരും മെച്ചപ്പെട്ട സൗകര്യങ്ങളുമുണ്ട്”, റാണ കൂട്ടിച്ചേർക്കുന്നു.

നേപ്പാളിലെ അനുഭവങ്ങൾ ഓർക്കാൻ അദ്ദേഹത്തിന് ഇഷ്ടമാണ്. “ഇവിടെയുള്ള (ഇന്ത്യയിലെ) സർക്കാർ ആശുപത്രികളും ചികിത്സയും സൗജന്യമാണെങ്കിലും ഡോക്ടർമാർ മരുന്നുകൾ പുറത്തേക്ക് എഴുതിത്തരുകയാണ് ചെയ്യുന്നത്. പൈസ കൂടുതലാവും”, നേപ്പാളിൽ ആ സ്ഥിതിയില്ല എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. “അവിടെ ആശുപത്രികളിൽ മരുന്നുകളില്ലെങ്കിൽ മാത്രമേ പുറത്തേക്ക് എഴുതിത്തരൂ. എന്‍റെ ചികിത്സയ്ക്ക് വളരെ കുറച്ച് പൈസയാണ് ചിലവായത്. മാർച്ച് 2020-നുശേഷം ടി.ബി. ഉണ്ടായിട്ടില്ലെന്നത് ഭാഗ്യമായി കരുതുന്നു. ഇല്ലായിരുന്നെങ്കിൽ ഖേരിയിലോ 200 കിലോമീറ്റർ അകലെയുള്ള ലഖ്‌നൗവിലോ ചികിത്സ തേടേണ്ടിവന്നേനേ. അതിർത്തികൾ തുറന്നതിനുശേഷവും ഇതുതന്നെയാണ് അവസ്ഥ”, റാണ പറയുന്നു.

2021 സെപ്റ്റംബർ അവസാനവാരത്തോടെ, ഇന്ത്യക്കാർക്ക് റോഡുമാർഗ്ഗം വരാനും പോകാനും നേപ്പാൾ അനുവാദം നൽകി. പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും, പൂരിപ്പിച്ച അന്തർദ്ദേശീയ യാത്രാരേഖയുടെ അച്ചടിച്ച കോപ്പിയും കൈയ്യിൽ കരുതണമെന്ന നിബന്ധനയോടെ.

ഈ പുതിയ സംവിധാനം ബങ്കടിയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. നാട്ടിലെ പരിമിതമായ സൗകര്യങ്ങളെ ആശ്രയിക്കാൻ അവർ ഇന്ന് നിർബന്ധിതരാണ്.

Mansarovar outside her house in Kajariya. In January, she walked through the forest with her infant son to reach Geta Eye Hospital across the border. "No hospital in our district is as good as Geta for eye care," she says
PHOTO • Parth M.N.

കജാരിയയിലെ തന്‍റെ വീടിന്‍റെ മുമ്പിൽ നിൽക്കുന്ന മൻ സരോവർ . ജനുവരിയിൽ , തന്‍റെ കൈക്കുഞ്ഞുമായി കാട്ടിലൂടെ അതിർത്തിക്കപ്പുറത്തുള്ള ഗേട കണ്ണാശുപത്രിയിലേക്ക് അവൾക്ക് പോകേണ്ടിവന്നു . 'ഞങ്ങളുടെ ജില്ലയിലുള്ള ഒരാശുപത്രിയും ഗേട പോലെ മികച്ചതല്ല,' അവള്‍ പറയുന്നു

“ഗൗരിഫാന്‍റയിലെ അതിർത്തിയിൽ ധാരാളം ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവരും” റാണ പറയുന്നു. “ഗ്രാമത്തിന്‍റെ പേരും തിരിച്ചറിയൽ രേഖകളും, പോകുന്നതിന്‍റെ കാരണവും അങ്ങിനെ പലതും വിശദീകരിക്കേണ്ടിവരും. പോകാൻ മിക്കവാറും അനുവദിക്കാറുണ്ടെങ്കിലും, ഗ്രാമത്തിലെ ആളുകൾക്ക് ഈ ചോദ്യം ചെയ്യൽ പേടിയുള്ള കാര്യമാണ്. അതുകൊണ്ട് ഒരു നിവൃത്തിയുമില്ലെങ്കിലേ ഇപ്പോൾ ആളുകൾ അതിർത്തിക്കപ്പുറത്തേക്ക് പോകാറുള്ളു”.

അത്തരത്തിൽ, ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് നേപ്പാളിലെ കൈലാലി ജില്ലയിലെ ഗേട കണ്ണാശുപത്രിയിലെ ചികിത്സ.

2022 ജനുവരി മധ്യത്തിൽ, ഖേരി ജില്ലയിലെ കജാരിയ ഗ്രാമത്തിൽനിന്ന്, കൈക്കുഞ്ഞുമായി കാട്ടിലൂടെ, 20 കിലോമീറ്റർ അപ്പുറത്തുള്ള ഗേട കണ്ണാശുപത്രിയിലേക്ക് നടന്നുപോകേണ്ടിവന്നു 23 വയസ്സുള്ള മൻ‌സരോവറിന്. ഡോക്ടറെ കാണിക്കാൻ വേണ്ടിയാണ് കൈക്കുഞ്ഞുമായി അവൾ പോയത്. “കണ്ണ് ചികിത്സയ്ക്ക് ഗേട ആശുപത്രിയോളം ഒരു നല്ല ആശുപത്രി ഞങ്ങളുടെ ജില്ലയിലും സംസ്ഥാനത്തുപോലും ഇല്ല. മകന്‍റെ കാര്യത്തിൽ ഉപേക്ഷ കാണിക്കാൻ ഞാൻ ആഗ്രഹിച്ചില്ല”, അവൾ പറയുന്നു.

2021 ഏപ്രിൽ ജനിച്ച മകന് കണ്ണിൽ എപ്പോഴും വെള്ളം നിറയലും പീളകെട്ടലുമായിരുന്നു. അതിർത്തിക്കപ്പുറത്തേക്ക് കൊണ്ടുപോകുന്നതുവരെ അസുഖം നീണ്ടുപോയി. “ഭാഗ്യത്തിന് അതിർത്തിയിലാരും തടഞ്ഞില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ അവന് ഭേദമായി. ഡോക്ടർ അവന്‍റെ തലയിൽ കൈവെച്ച്, ഇനി ഒന്നും പേടിക്കാനില്ല എന്ന് എന്നോട് പറഞ്ഞു. ചികിത്സയ്ക്ക് മൊത്തം ചിലവയാത് 500 രൂപ മാത്രമാണ്” മൻ‌സരോവർ പറയുന്നു.

ഉത്തർപ്രദേശിലെ പട്ടികവർഗ്ഗവിഭാഗമായ ഥാരു സമുദായക്കാർ ഭൂരിപക്ഷമുള്ള ഖേരിയിലെ അതിർത്തിഗ്രാമങ്ങളിലുള്ളവർക്ക്, ചിലവ് കുറഞ്ഞ ചികിത്സപോലെത്തന്നെ പ്രധാനമാണ് ആശുപത്രികളിൽനിന്നുള്ള നല്ല പെരുമാറ്റവും.

ആശുപത്രികളിൽനിന്ന് അപമാനം സഹിക്കേണ്ടിവരിക എന്നുപറഞ്ഞാൽ എന്താണെന്ന് നന്നായറിയാം, 20 വയസ്സുള്ള ശിമാലി റാണയ്ക്ക്. ബങ്കടിയിൽനിന്ന് ഏഴ് കിലോമീറ്റർ അകലെയാണ് കജാരിയ ഗ്രാമം. “നമ്മൾ നിസ്സഹായരായിപ്പോവും. കാരണം, ചികിത്സിക്കേണ്ട ആളുകൾതന്നെയാണ് നമ്മളെ അപമാനിക്കുന്നതും.”, പാലിയയിലെ ആശുപത്രിയനുഭവം ഓർത്തുകൊണ്ട് അവർ പറയുന്നു.

Shimali had no choice but to get their newborn son treated at a private hospital in Kheri's Palia town.
PHOTO • Parth M.N.
Shimali and Ramkumar (right) outside their home in Kajariya. They had no choice but to get their newborn son treated at a private hospital in Kheri's Palia town. "It is not my fault that you are poor," said a doctor there, after the hospital wanted them to pay more
PHOTO • Parth M.N.

( വലത്ത് ) കജാരിയയിലെ വീടിന് പുറത്ത് ശിമാലിയും രാംമാറും . ഖേരിയിലെ പാലിയ പട്ടണത്തിലെ സ്വകാര്യാശുപത്രിയിൽ തങ്ങളുടെ നവജാതശിശുവിനെ കൊണ്ടുപോവുക എന്നല്ലാതെ മറ്റൊരു മാർഗ്ഗവുമുണ്ടായിരുന്നില്ല അവർക്ക് . കൂടുതൽ പണം ആവശ്യപ്പെട്ട ആശുപത്രിയിലെ ഡോക്ടർ അവരോട് പറഞ്ഞത് ' നിങ്ങൾ പാവപ്പെട്ടവരായത് എന്‍റെ കുറ്റം കൊണ്ടല്ലല്ലോ' എന്നായിരുന്നു

2021 നവംബറിൽ ജനിച്ച അവരുടെ മകന് ജന്മനാ ശ്വാസകോശസംബന്ധമായ രോഗമുണ്ടായിരുന്നു. “അവന് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൊണ്ടുപോയപ്പോൾ എന്തുചെയ്യണമെന്നറിയാതെ അവർ പട്ടണത്തിലേക്ക് കുട്ടിയെ കൊണ്ടുപോകാൻ പറഞ്ഞു. “ഞങ്ങളൊരു സ്വകാര്യാശുപത്രിയിൽ പോയി. പക്ഷേ ഭീകരമായിരുന്നു അവിടെനിന്നുണ്ടാ‍യ അനുഭവം”, അവർ പറയുന്നു.

കുട്ടിക്ക് ഭേദമായിട്ടും വിടുതൽ നൽകാൻ ആശുപത്രി കൂട്ടാക്കിയില്ലെന്ന്, ശിമാലിയുടെ 20 വയസ്സുള്ള ഭർത്താവ് രാംകുമാർ പറയുന്നു. “അവർ കൂടുതൽ പൈസ ചോദിച്ചു” അയാൾ പറയുന്നു. “ഞങ്ങൾ പാവപ്പെട്ട കൃഷിക്കാരായിരുന്നു. ഒരേക്കറിൽ താഴെ മാത്രം ഭൂമിയുള്ളവർ. “ഞങ്ങൾക്ക് കൂടുതൽ പണം തരാനൊന്നും നിവൃത്തിയില്ലെന്ന് പറഞ്ഞപ്പോൾ ‘നിങ്ങൾ പാവപ്പെട്ടവരായതിന് ഞങ്ങളാണോ കാരണക്കാർ?’ എന്നാണ് അവർ ചോദിച്ചത്. അതിനുമുൻപ്, ആശുപത്രിയിൽ മുൻ‌കൂർ പണമടയ്ക്കാത്തതിനും ഞങ്ങൾക്ക് അപമാനം സഹിക്കേണ്ടിവന്നിരുന്നു”

അവർക്ക് അനുഭവിക്കേണ്ടിവന്ന അപമാനം പുതുമയുള്ളതൊന്നുമായിരുന്നില്ല. 2021 നവംബറിൽ ഒക്സ്ഫാം ഇന്ത്യ പുറത്തുവിട്ട രോഗികളുടെ അവകാശത്തെക്കുറിച്ചുള്ള സർവ്വേ റിപ്പോർട്ടുപ്രകാരം, സർവ്വേയിൽ പങ്കെടുത്ത യു.പി.യിലെ 472 ആളുകളിൽ, 52.44 ശതമാനം ആളുകളും സാമ്പത്തികമായ വിവേചനം നേരിടുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. 14.35 ശതമാനം ആളുകൾക്ക് മതത്തിന്‍റെയും 18.68 ശതമാനത്തിന് ജാതിയുടേയും പേരിൽ വിവേചനം അനുഭവിക്കേണ്ടിവരാറുണ്ടെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.

ആശുപത്രിയിലെ ദുരനുഭവം ഒരാഴ്ചയോളം നീണ്ടുനിന്നുവെന്ന് ശിമാലിയും രാംകുമാറും പറയുന്നു. ഒടുവിൽ കുട്ടിയെ വിട്ടുകിട്ടണമെന്ന് അവർ നിബന്ധം പിടിച്ചു. ആശുപത്രിയിലെ ബില്ലടയ്ക്കാൻ ബന്ധുക്കളിൽനിന്ന് 50,000 രൂപ രാംകുമാറിന് കടമെടുക്കേണ്ടിയും വന്നു. “കുട്ടിയെ ഡിസ്ചാർജ്ജ് ചെയ്യുമ്പോഴും ഡോക്ടർ പറഞ്ഞത്, “അവന് എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ടാവില്ല’ എന്നാണ്.

ഇതിന്‍റെ നേർവിപരീതമായ അനുഭവമാണ് നേപ്പാളിൽനിന്ന് മാൻസരോവറിനുണ്ടായത്. ആശ്വാസത്തോടെയും സന്തോഷത്തോടെയുമാണ് അവർ ഗേട ആശുപത്രിയിൽനിന്ന് പുറത്തുവന്നത്. “ഡോക്ടർമാരൊക്കെ നല്ല സ്നേഹമുള്ളവരായിരുന്നു” അവൾ പറയുന്നു. “നമുക്ക് നേപ്പാളി ഭാഷ അറിയില്ലെങ്കിൽ അവർ ഹിന്ദിയിലെങ്കിലും കാര്യങ്ങൾ പറഞ്ഞുതരും. അവർക്കത് അധികം വഴങ്ങില്ലെങ്കിൽ‌പ്പോലും. നമ്മുടെ ചോദ്യങ്ങൾക്കൊക്കെ അവർ മറുപടി തരും. ഇന്ത്യയിൽ പാവപ്പെട്ട ആളുകളോട് മോശമായിട്ടാന് പെരുമാറുന്നത്. അതാണ് ഈ രാജ്യത്തിന്‍റെ ഒരു വലിയ കുഴപ്പം”.

സ്വതന്ത്ര പത്രപ്രവർത്തനത്തിന് താക്കൂർ ഫാമിലി ഫൗണ്ടേഷൻ നൽകുന്ന ധനസഹായത്തോടെ പൊതുജനാരോഗ്യത്തെക്കുറിച്ചും പൗരാവകാശത്തെക്കുറിച്ചും റിപ്പോർട്ട് ചെയ്യുന്ന വ്യക്തിയാണ് പാർത്ഥ് എം . എൻ . റിപ്പോർട്ടുകളുടെ ഉള്ളടക്കത്തിൽ താക്കൂർ ഫാമിലി ഫൗണ്ടേഷന് യാതൊരുവിധ നിയന്ത്രണങ്ങളും നടത്തിയിട്ടില്ല .

പരിഭാഷ: രാജീവ് ചേലനാട്ട്

Parth M.N.

ਪਾਰਥ ਐੱਮ.ਐੱਨ. 2017 ਤੋਂ ਪਾਰੀ ਦੇ ਫੈਲੋ ਹਨ ਅਤੇ ਵੱਖੋ-ਵੱਖ ਨਿਊਜ਼ ਵੈੱਬਸਾਈਟਾਂ ਨੂੰ ਰਿਪੋਰਟਿੰਗ ਕਰਨ ਵਾਲੇ ਸੁਤੰਤਰ ਪੱਤਰਕਾਰ ਹਨ। ਉਨ੍ਹਾਂ ਨੂੰ ਕ੍ਰਿਕੇਟ ਅਤੇ ਘੁੰਮਣਾ-ਫਿਰਨਾ ਚੰਗਾ ਲੱਗਦਾ ਹੈ।

Other stories by Parth M.N.
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat