750 കിലോമീറ്ററുകൾ താണ്ടി നാലു ദിവസത്തെ റോഡു യാത്രയ്ക്കു ശേഷം ജീപ്പുകളും ടെമ്പോകളും അടങ്ങുന്ന സംഘം രാജസ്ഥാനിലെ കോട്ട ഗുരുദ്വാരയിൽ ഉച്ചഭക്ഷണത്തിനായി നിർത്തി. ഡിസംബർ 24-ന് ഉച്ചകഴിഞ്ഞു നല്ല തണുപ്പായിരുന്നു. യാത്രക്കാർ - മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകരും കർഷക തൊഴിലാളികളും – നീണ്ട യാത്രയ്ക്കു ശേഷം ക്ഷീണിച്ചിരുന്നു. ഗുരുദ്വാരയിലെ സാമൂഹ്യ അടുക്കളയിൽ എല്ലാവരും ഭക്ഷണത്തിനായി നോക്കിയിരിക്കുന്ന നേരം സവിതാ ഗുഞ്ലിന്‍റെ പാട്ടുകൾ എല്ലാവരേയും ഊർജ്ജസ്വലരായി നിർത്തി - കാംഗാർ ച്യാ കശ്താനാ നടവലാ ജഗലാ, ജീവൻ നാഹി പോടലാ, കപഡാ നാഹി നേസായലാ (‘തൊഴിലാളികളുടെ തൊഴിലാണ് ലോകത്തെ മനോഹരമാക്കുന്നത്, പക്ഷേ അവർക്കു കഴിക്കാൻ ഭക്ഷണമില്ല, ധരിക്കാൻ വസ്ത്രങ്ങളില്ല’).
"പാടാനാണ് ഞാനിവിടെ വന്നത്”, ഇരുണ്ടു ചുവന്ന ഷർട്ടും നീല ജീൻസും ധരിച്ച 16-കാരിയായ ഭിൽ ആദിവാസി ഗായിക പറഞ്ഞു. “കർഷകരെ അവരുടെ അവകാശങ്ങളെക്കുറിച്ച് എനിക്കു ബോധവാന്മാരാക്കി നിർത്തണം. ലോകത്തോടെനിക്ക് ഞങ്ങളുടെ അവസ്ഥ പറയണം”, നാസിക് ജില്ലയിലെ ചന്ദ്വാഡ് താലൂക്കിലെ ചന്ദ്വാഡ് ഗ്രാമത്തിൽ നിന്നുള്ള സവിത പറഞ്ഞു. ഡൽഹിയുടെ അതിർത്തികളിലെ സമരങ്ങളോടൊപ്പം ചേരുന്നതിനായി ഡിസംബർ 21-ന് അവൾ വാഹന ജാഥയ്ക്കൊപ്പം നാസികിൽ നിന്നും പുറപ്പെട്ടു. മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കുമെതിരെ ലക്ഷക്കണക്കിനു കര്‍ഷകര്‍ സമരം ചെയ്തുകൊണ്ടിരിക്കുന്നു. 2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.
സവിത തന്‍റെ ഗ്രാമത്തിൽ ആഴ്ചാവസാനങ്ങളിലും അവധി ദിവസങ്ങളിലും ദിവസം 150-200 രൂപയ്ക്ക് കർഷക തൊഴിലാളിയായി പണിയെടുക്കുന്നു. "പണിയുണ്ടെങ്കിൽ എനിക്കു പാടത്തു പോകണം”, അവൾ പറഞ്ഞു. കോവിഡ്-19 ലോക്ക്ഡൗൺ സമയത്ത് ഒരുപാടു സമയം അവൾ ചന്ദ്വാഡിലെ പാടത്തു പണിയെടുത്തു ചിലവഴിച്ചു. "ലോക്ക്ഡൗൺ സമയത്ത് കുറച്ചേ പണിയുണ്ടായിരുന്നുള്ളൂ. എന്തൊക്കെ പണികളാണോ കിട്ടുന്നത് അതൊക്കെ ചെയ്ത് കഴിയുന്നത്ര ഞാൻ നേടി”, അവൾ പറഞ്ഞു. ഈ വർഷം (2020) അവൾ ഹൈസ്ക്കൂൾ പൂർത്തിയാക്കി. പക്ഷേ മഹാമാരി കാരണം കോളേജ് വിദ്യാഭ്യാസം തുടങ്ങാൻ പറ്റിയില്ല.




