അദ്ദേഹത്തിന്‍റെ കൈകളിൽ വിലങ്ങുകൾ വച്ചിട്ടുണ്ട്. കഴുത്തിലൂടെ ചുറ്റിയിരിക്കുന്ന ചങ്ങല നീണ്ട് താഴേക്ക് പാദങ്ങൾ വരെയെത്തുന്നു. അദ്ദേഹത്തിന്‍റെ വേഷം - കറുത്ത വരകളോടു കൂടിയ വെളുത്ത കുർത്ത - കൃത്യമായി ഒരു ജയിൽപുള്ളിയെപ്പോലെ തന്നെ തോന്നിക്കുന്നു.
പക്ഷേ 42-കാരനായ കബൽ സിംഗിനെ ഒരു കുറ്റത്തിനും പിടിച്ചിട്ടില്ല. ചങ്ങലകളൊക്കെ സ്വയം അടിച്ചേൽപ്പിച്ചിരിക്കുന്നതാണ്. പഞ്ചാബിലെ ഫാസിൽക്കാ ജില്ലയിലെ രുകൻപുര (ഖുയി ഖേരാ എന്നും അറിയപ്പെടുന്നു) എന്ന ഗ്രാമത്തിൽ നിന്നുള്ള കർഷകനാണ് അദ്ദേഹം.
മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തു കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിനു കര്‍ഷകരില്‍ ഒരാളാണ് അദ്ദേഹം. 2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.
പിന്നെ എന്തിനാണ് സ്വയം അടിച്ചേൽപ്പിച്ചിരിക്കുന്ന കൈവിലങ്ങുകൾ?
"കർഷകർ വളരെ നാളുകളായി അവരുടെ അവകാശങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നതു കണ്ടപ്പോൾ എനിക്കു വേദന സഹിക്കാൻ കഴിഞ്ഞില്ല. എന്‍റെ ശരീരത്തു കാണുന്ന ഈ ചങ്ങല അവരുടെ കഷ്ടപ്പാടുകളുടെ പ്രതിഫലനമാണ്. അവർക്കെന്താണ് ഉള്ളിൽ തോന്നുന്നത്, അതു തന്നെ എനിക്കും തോന്നുന്നു.”
"നിങ്ങൾ എന്‍റെമേൽ കാണുന്ന ചങ്ങല, അതേ ചങ്ങല ഞങ്ങളുടെ എല്ലാവരുടേയും മേൽ കാണാം, നിങ്ങൾ ഇതു കാണണം.” ജനവിരുദ്ധമായ മൂന്നു നിയമങ്ങൾ ആ ചങ്ങലകളിലെ അവസാന കണ്ണിയാണെന്നാണ് കബൽ സിങ് പറയുന്നത്.




