മൈതാനം വീക്ഷിക്കുമ്പോള്‍ കൈലാഷ് ഖണ്ഡാഗലെയുടെ കണ്ണുകള്‍ വിടര്‍ന്നു. “ഇവിടെ ഒരുപാട് കര്‍ഷകര്‍ ഉണ്ട്.” മൈതാനത്തുകൂടെ മുടന്തി നടന്നുകൊണ്ട് 38-കാരനായ ഭൂരഹിത തൊഴിലാളി പറഞ്ഞു.
ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മുംബൈയിലെ ആസാദ് മൈതാനത്തു കൂടിച്ചേര്‍ന്ന ആയിരക്കണക്കിനു കര്‍ഷകരോടു ചേരുന്നതിനായി ജനുവരി 24-നാണ് കൈലാഷ് എത്തിയത്. “ഞാനിവിടെ വന്നത് മൂന്നു പുതിയ കാര്‍ഷിക നിയമങ്ങളെയും എതിര്‍ക്കാനാണ്. എന്‍റെ കുടുംബത്തിനു കിട്ടുന്ന റേഷനെ അത് ബാധിക്കുമെന്ന് എനിക്കു മനസ്സിലായി”, കൈലാഷ് പറഞ്ഞു. അദ്ദേഹത്തിന്‍റെ സമുദായാംഗങ്ങള്‍ പ്രധാനമായും തക്കാളി, ഉള്ളി, ബജ്റ, നെല്ല് എന്നിവയൊക്കെ 1 മുതല്‍ 5 വരെ ഏക്കറുകളിലുള്ള സ്ഥലങ്ങളില്‍ കൃഷി ചെയ്യുന്നു.
ജനുവരി 24 മുതല്‍ 26 വരെ സംയുക്ത ശേത്കരി കാംഗാര്‍ മോര്‍ച്ച സംഘടിപ്പിച്ച ധര്‍ണ്ണയില്‍ പങ്കെടുത്ത അഹ്മദ്നഗര്‍ ജില്ലയില്‍ നിന്നുള്ള 500 (അദ്ദേഹത്തിന്‍റെ കണക്കനുസരിച്ച്) കോലി മഹാദേവ് ആദിവാസികളില്‍ ഒരാളാണ് ഒരാളാണ് അദ്ദേഹം. മുംബൈയിലേക്കു 300 കിലോമീറ്ററുകളോളം യാത്ര ചെയ്യുന്നതിനുവേണ്ടി 35 വാനുകള്‍ വാടകക്കെടുക്കുന്നതിനായി അകോലെ, പാര്‍നേര്‍, സംഗംനേര്‍ താലൂക്കുകളില്‍ നിന്നുള്ള ആദിവാസികള്‍ 200 രൂപ വീതം പിരിവെടുത്തു.
സംഗംനേര്‍ താലൂക്കിലെ ഖാംബേ ഗ്രാമത്തില്‍ നിന്നുള്ള കൈലാഷ് ഭാര്യ, പ്രായമായ മാതാപിതാക്കള്‍, മൂന്നുകുട്ടികള്‍ എന്നിവരുള്‍പ്പെടെ 7 അംഗങ്ങളുള്ള കുടുംബത്തിലെ വരുമാനമുള്ള ഏക വ്യക്തിയാണ്. “ഒരു ദിവസം 250 രൂപയ്ക്കു ഞാന്‍ മറ്റുള്ളവരുടെ പാടത്ത് പണിയെടുക്കുന്നു. പക്ഷെ, എന്‍റെ കാലിന്‍റെ പ്രശ്നം കാരണം വര്‍ഷത്തില്‍ 200 ദിവസത്തിലധികം പണി കണ്ടെത്തുക എനിക്കു ബുദ്ധിമുട്ടാണ്”, അദ്ദേഹം പറഞ്ഞു. പതിമൂന്നു വയസ്സുള്ളപ്പോള്‍ കൈലാഷിന്‍റെ ഇടതുകാലിന് പരിക്കു പറ്റിയതാണ്. വേണ്ടത്ര വൈദ്യ പരിചരണം ലഭിക്കാതെ കാലങ്ങള്‍ കൊണ്ട് അതു മുടന്തായി തീര്‍ന്നു. വലതു കൈക്ക് പ്രശ്നം ഉള്ളതിനാല്‍ ഭാവനയ്ക്കും കട്ടിയുള്ള ജോലികള്‍ എടുക്കാന്‍ വയ്യ.
ചെറുതും സ്ഥിരതയില്ലാത്തതുമായ വരുമാനം ആയതുകൊണ്ട് ഖണ്ഡാഗലെയുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം പൊതുവിതരണ സംവിധാന (പി.ഡി.എസ്.) പ്രകാരമുള്ള റേഷന്‍ സാധനങ്ങള്‍ വിലപ്പെട്ടതാണ്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം, 2013-നു കീഴില്‍ വരുന്ന 80 കോടി മനുഷ്യരില്‍ ഒരാളാണ് അദ്ദേഹം. ഒരോ വ്യക്തിക്കും 5 കിലോഗ്രാം ധാന്യങ്ങള്‍ വീതം ഓരോ മാസവും കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ ഈ നിയമം അനുവദിക്കുന്നു – അരി കിലോഗ്രാം 3 രൂപ, ഗോതമ്പ് കിലോഗ്രാം 2 രൂപ, മറ്റു ഭക്ഷ്യവസ്തുക്കള്‍ കിലോഗ്രാമിന് ഒരു രൂപ വീതവും.
പക്ഷെ കൈലാഷിന്‍റെ 7-അംഗ കുടുംബത്തിന് 15കിലോ ഗോതമ്പും 10 കിലോ അരിയുമാണ് ലഭിക്കുന്നത് – അവരുടെ വിഹിതത്തേക്കാള്‍ 10 കിലോ കുറവ് – എന്തുകൊണ്ടെന്നാല്‍ ഇളയ രണ്ടു കുട്ടികളുടെ പേരുകള്‍ അവരുടെ ബി.പി.എല്‍. (ദാരിദ്ര്യ രേഖക്കു താഴയുള്ളത്) റേഷന്‍ കാര്‍ഡില്‍ ഇല്ല. “ഈ 25 കിലോ 15 ദിവസങ്ങള്‍ കൊണ്ട് തീരും. പിന്നെ ഞങ്ങള്‍ വിശപ്പു സഹിക്കണം”, കൈലാഷ് പറഞ്ഞു. കുടുംബത്തിനുള്ള റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി പ്രദേശത്തുള്ള പൊതുവിതരണ കേന്ദ്രത്തിലേക്ക് എല്ലാ മാസവും പോയി വരുന്നതിന് 4 കിലോമീറ്ററുകള്‍ അദ്ദേഹം നടക്കുന്നു. “എണ്ണ, ഉപ്പ്, വിദ്യാഭ്യാസം എന്നിവയ്ക്കും ഞങ്ങള്‍ പണം ചിലവാക്കണം. കിരാനാ [പലവ്യഞ്ജനങ്ങള്‍] കടയില്‍ നിന്നും വില കൂടിയ ധാന്യങ്ങള്‍ വാങ്ങാനുള്ള പണം ആര്‍ക്കാണുള്ളത്?”





