ഗണേശ് സ്കൂളിലെ 9-ആം ക്ലാസ്സിലും അരുൺ മുകാനെ 7-ലും ഇരിക്കേണ്ടതായിരുന്നു. പകരം, അവർ വെറുതെ സമയം കളയുകയാണ് ഇപ്പോൾ. മുംബൈയിലെ താനെ ജില്ലയിലെ കൊലോശി എന്ന ഊരിൽ. കൈയ്യിൽ കിട്ടുന്ന ആക്രിസാധനങ്ങൾ ഉപയോഗിച്ച് അവർ കാറും മറ്റ് വസ്തുക്കളുമുണ്ടാക്കുന്നു. അതല്ലെങ്കിൽ, അച്ഛനമ്മമാർ ഇഷ്ടികക്കളത്തിൽ ജോലി ചെയ്യുമ്പോൾ അവർ വെറുതെയിരുന്ന് സമയം ചിലവഴിക്കുന്നു.
“അവർ ഇപ്പോൾ പുസ്തകങ്ങൾ പഠിക്കുന്നില്ല. ഇളയ കുട്ടി, അരുൺ, ആക്രിസാധനങ്ങളും മരവും ഉപയോഗിച്ച് കളിപ്പാട്ടങ്ങളുണ്ടാക്കുന്നു”, അവന്റെ അമ്മ നീര മുകാനെ പറയുന്നു. അരുൺ ഇടയിൽക്കയറി അവരെ തടഞ്ഞു. “സ്കൂളിൽ എനിക്ക് ബോറടിക്കുന്നുവെന്ന് എത്ര തവണ ഞാൻ പലതവണ പറഞ്ഞിട്ടില്ലേ?”. അവരുടെ വർത്തമാനം ഒരിക്കലും നല്ല രീതിയിൽ അവസാനിക്കാറില്ല. വീടിന്റെ ചുറ്റുവട്ടത്തുനിന്ന് കിട്ടിയ പാഴ്വസ്തുക്കളിൽനിന്ന് ഈയടുത്ത് അവനുണ്ടാക്കിയ ഒരു കളിവണ്ടി കളിക്കാൻ അവൻ പുറത്തേക്ക് പോയി.
26 വയസ്സുള്ള നീര 7-ആം ക്ലാസ്സുവരെ പഠിച്ചിട്ടുണ്ടെങ്കിലും 35 വയസ്സുള്ള ഭർത്താവ് വിഷ്ണു 2-ആം ക്ലാസ്സിൽ പഠിപ്പ് നിർത്തി. കുളത്തിൽനിന്ന് മീൻ പിടിച്ചും, ഇഷ്ടികക്കളത്തിൽ പണിയെടുത്തും കഴിയുന്ന തങ്ങളുടെ ഗതി, മക്കൾക്കുണ്ടാകരുതെന്നും അവർക്ക് ഔപചാരിക വിദ്യാഭ്യാസം വേണമെന്നും നിർബന്ധമുണ്ടായിരുന്നു ആ രക്ഷിതാക്കൾക്ക്. ഇഷ്ടികക്കളത്തിൽ ജോലി ചെയ്യാനായി, നിരവധി ആദിവാസി കുടുംബങ്ങൾ ഷഹാപുർ-കല്യാൺ ഭാഗങ്ങളിലേക്ക് കുടിയേറ്റം നടത്താറുണ്ട്.
“എനിക്ക് അധികം പഠിക്കാൻ പറ്റിയില്ല. പക്ഷേ എന്റെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു”, മഹാരാഷ്ട്രയിൽ, അതീവദുർബ്ബല ഗോത്രവിഭാഗത്തിൽപ്പെടുന്ന (പർട്ടിക്കുലർലി വൾനെറബിൾ ട്രൈബൽ ഗ്രൂപ്പ് - പി.വി.ടി.ജി) മൂന്ന് സമുദായങ്ങളിലൊന്നായ കാട്കരി സമുദായക്കാരനായ വിഷ്ണു പറയുന്നു. ഗോത്രകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്ത്, ആ സമുദായത്തിന്റെ സാക്ഷരതാനിരക്ക് വെറും 41 ശതമാനം മാത്രമാണ്
അതുകൊണ്ട്, ആവശ്യത്തിനുള്ള കുട്ടികളില്ലാത്തതിനാൽ, പ്രദേശത്തെ സർക്കാർ സ്കൂൾ അടച്ചുപൂട്ടാൻ പോയപ്പോൾ, വിഷ്ണുവും ഭാര്യയും അവരുടെ മക്കളെ മഠ് ഗ്രാമത്തിലെ (മഠ് ആശ്രമം ശാല എന്നും വിളിക്കുന്നു) ഗവണ്മെന്റ് സെക്കൻഡറി ആശ്രം സ്കൂളിലേക്ക് മാറ്റി. സർക്കാരിന്റെ കീഴിൽ, ഒന്നാം ക്ലാസ്സുമുതൽ 12-ആം ക്ലാസ്സുവരെയുള്ള റസിഡൻഷ്യൽ സ്കൂളാണ് അത്. താനെ ജില്ലയിലെ മുർബാദിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് ആ സ്കൂൾ. 379 കുട്ടികളിൽ 125 പേർ അവരുടെ മക്കളെപ്പോലെ താമസിച്ച് പഠിക്കുന്ന കുട്ടികളായിരുന്നു. “അവർ നിന്നുകൊണ്ട് പഠിക്കാനും ഭക്ഷണം കഴിക്കാനും അവർക്ക് സാധിക്കുമല്ലോ എന്നോർത്ത് ഞാൻ സന്തോഷിച്ചു. കാണാൻ സാധിക്കാത്തതിൽ വിഷമുമുണ്ടെങ്കിലും”, വിഷ്ണു പറഞ്ഞു.







