തമിഴ്‌നാട്ടില്‍ ജീവിക്കുന്ന നാഗി റെഡ്ഡി കന്നഡ സംസാരിക്കുകയും തെലുങ്ക് വായിക്കുകയും ചെയ്യും. ഡിസംബറിൽ ഒരു ദിവസം അതിരാവിലെ അദ്ദേഹത്തെ കാണാനായി ഞങ്ങൾ ഏതാനും കിലോമീറ്ററുകൾ നടന്നു. തന്‍റെ സാധാരയായ വീട് “അവിടെ തന്നെയാണ്” എന്നാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. യഥാർത്ഥത്തിൽ ഇത് പ്രളയത്തിലകപ്പെട്ട തടാകത്തിനടുത്തും, വലിയ പുളിമരം കഴിഞ്ഞും, യൂക്കാലി കുന്നിനു മുകളിലും, മാവിൻ തോട്ടത്തിനു താഴെയും, കാവൽ നായയ്ക്കുo കുരയ്ക്കുന്ന നായക്കുഞ്ഞിനും കാലിത്തൊഴുത്തിനും അടുത്തുമാണ്.
രാജ്യത്തെ ഏത് കർഷകനും അഭിമുഖീകരിക്കുന്ന സാധാരണ പ്രശ്നങ്ങൾക്കും തലവേദനകൾക്കും പുറമെ, താൻ കൃഷിചെയ്യുന്ന വിളകളെ മാറ്റാൻ ചിന്തിക്കുന്ന വിധത്തിൽ നാഗി റെഡ്ഡി മറ്റൊരു പ്രശ്നവും നേരിടുന്നു. ബുദ്ധിമുട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമായ മൂന്ന് കഥാപാത്രങ്ങളാണ് അദ്ദേഹത്തെ വേട്ടയാടുന്നത്: മൊട്ടൈവാൽ, മക്കന, ഗിരി എന്നിവ.
ഈ കക്ഷികളെ നിസ്സാരമായി എടുക്കാൻ പറ്റില്ലെന്ന് ഇവിടുത്തെ കർഷകർ മനസ്സിലാക്കിയിട്ടുണ്ട് - അക്ഷരാർത്ഥത്തിലും ആലങ്കാരികമായും. അവയ്ക്കോരോന്നിനും 4,000-5,000 കിലോ തൂക്കമുള്ളതുകൊണ്ടല്ല ഇത്. കവർച്ചക്കാരായ ഈ ആനകളുടെ കൃത്യമായ ഉയരവും തൂക്കവും അടുത്ത് നിന്ന് പരിശോധിക്കുന്നതിലുള്ള ഉത്സാഹക്കുറവിന് പ്രദേശവാസികളോട് ക്ഷമിക്കാം.
രണ്ട് സംസ്ഥാനങ്ങളുടെ (തമിഴ്‌നാട്, കർണ്ണാടക) അതിർത്തിയിലുള്ള കൃഷ്ണഗിരി ജില്ലയിലാണ് ഞങ്ങൾ. തേന്‍കനികോട്ടൈയിലുള്ള നാഗി റെഡ്ഡിയുടെ ഗ്രാമം വദ്ര പാളയം വനത്തിൽ നിന്നും ആനകളിൽ നിന്നും അകലെയല്ല. അദ്ദേഹത്തിന്‍റെ വയലുകളിൽ നിന്ന് ഏതാനും മീറ്റർ ദൂരത്തുളള സിമന്‍റ് വരാന്തയിലാണ് ഞങ്ങളിരുന്നത്. 86 വയസ്സുള്ള കർഷകനായ നാഗണ്ണ (നാട്ടുകാർ അങ്ങനെയാണ് അദ്ദേഹത്തെ വിളിക്കുന്നത്) വളരെ പോഷകസമൃദ്ധമായ പഞ്ഞപ്പുല്ല് കൃഷിചെയ്യുന്നു. ദശകങ്ങൾകൊണ്ട് കൃഷിയിലെ എല്ലാ അവസ്ഥകൾക്കും (നല്ലതും മോശവും പലപ്പോഴും ഏറ്റവും ഭീകരവും) സാക്ഷ്യം വഹിച്ചത് അദ്ദേഹം ഓർമ്മിക്കുന്നു.
“എന്‍റെ ചെറുപ്പത്തിൽ ആനകളെ പഞ്ഞപ്പുല്ലിന്‍റെ മണം ആകർഷിക്കുമ്പോള്‍ പോലും സീസണിൽ കുറച്ചു ദിവസങ്ങളിലേ അവ വരുമായിരുന്നുള്ളൂ”, ഇപ്പോഴോ? "അവ മിക്കപ്പോഴും വരുന്നു, വിളകളും ഫലങ്ങളും തിന്ന് അവയ്ക്ക് പരിചയമായി.”
ഇതിന് രണ്ട് കാരണങ്ങളുണ്ട്, നാഗണ്ണ തമിഴിൽ വിശദീകരിക്കുന്നു. "1990-ന് ശേഷം, വനത്തിന്‍റെ വലിപ്പവും ലക്ഷണവും കുറഞ്ഞു വന്നപ്പോൾ ആനകളുടെ എണ്ണം വർദ്ധിച്ചു. അതുകൊണ്ട് അവ ഭക്ഷണത്തിനായി ഇവിടെ വരുന്നു. ഒരു നല്ല ഹോട്ടലിൽ ചെല്ലുമ്പോൾ നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളോട് പറയുന്നതു പോലെ അവര്‍ അവരുടെ സുഹൃത്തുക്കളോടും പറയുന്നു”, അദ്ദേഹം നെടുവീർപ്പെടുകയും പുഞ്ചിരിക്കുകയും ചെയ്തു. വിരുദ്ധോക്തി നിറഞ്ഞ അദ്ദേഹത്തിന്‍റെ താരതമ്യം അദ്ദേഹത്തെ രസിപ്പിച്ചു, ഞങ്ങളെ അതിശയിപ്പിക്കുകയും ചെയ്തു.
































