“ഗരാവോ ജാവോ രാജ് കെ, കാം ഹോഗാ ഗജ്ജ് കെ [വയർ നിറച്ച് ഭക്ഷണം കഴിച്ച് വീട്ടിൽ നിന്നും പുറപ്പെടുകയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ ദൗത്യത്തിൽ വിജയിയ്ക്കും].”
ഇതാണ് ഷാജഹാൻപൂരിൽ ലാങ്ങർ [ജാതി-മത-ലിംഗ-സാമ്പത്തിക ഭേദമെന്യേ ആവശ്യക്കാര്‍ക്കൊക്കെ ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്ന സാമൂഹ്യ അടുക്കളയ്ക്ക് കമ്മ്യൂണിറ്റി കിച്ചണ്‍ സമാനമായി ഗുരുദ്വാരകള്‍/സിഖുകാര്‍ ഒരുക്കുന്ന ഒരു സംവിധാനമാണ് ലാങ്ങര്‍ ] നടത്തുന്ന ബിലാവൽ സിംഗിന്‍റെ ലളിതമായ ത്വശാസ്ത്രം. “വിശപ്പുള്ള പതിഷേധക്കാരെയാണ് ഈ സർക്കാർ നേരിട്ടുകൊണ്ടിരിയ്ക്കുന്നത്”, പഞ്ചാബിയിൽ അദ്ദേഹം തുടർന്നു. “ആവശ്യത്തിന് ഭക്ഷണം കഴിയ്ക്കുന്ന പ്രതിഷേധക്കാരെ അവര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നു നമുക്കു കാണാം”.
രാജസ്ഥാനിലെ ഗംഗാനഗർ ജില്ലയിലെ ആർബി ഗ്രാമത്തിൽ നിന്നുള്ള 32-കാരനായ ബിലാവലും അദ്ദേഹത്തിന്‍റെ 30-കാരനായ കസിൻ റഷ്‌വീന്ദർ സിംഗും ഡെൽഹിയ്ക്ക് തെക്ക് ഏകദേശം 120 കി.മീ. മാറി രാജസ്ഥാൻ-ഹരിയാന അതിർത്തിയിൽ തമ്പടിച്ചിരിയ്ക്കുന്ന ആയിരക്കണക്കിന് പ്രതിഷേധക്കാരിൽ നിന്നുള്ളവരാണ്.
പ്രധാനമായും ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് കർഷകരും നിരവധി കർഷക യൂണിയനുകളും ഈ വർഷം സെപ്റ്റംബറിൽ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ച മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവംബർ 26 മുതൽ ഡൽഹിയ്ക്കകത്തും പരിസര പ്രദേശങ്ങളിലും കുത്തിയിരിപ്പ് സമരത്തിൽ ഏർപ്പെട്ടിരിയ്ക്കുന്ന സൈറ്റുകളിലൊന്നാണിത്.
ഇപ്പോഴുള്ള സര്‍ക്കാര്‍ ആദ്യം ഈ നിയമങ്ങൾ 2020 ജൂൺ 5-ന് ഓർഡിനൻസുകളായി പാസ്സാക്കുകയും പിന്നീട് സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാർഷിക ബില്ലുകളായി അവതരിപ്പിയ്ക്കുകയും അതേ മാസം 20-ാം തീയതി തന്നെ നിയമങ്ങളാക്കി മാറ്റാൻ തിടുക്കപ്പെടുകയും ചെയ്തു. ഈ നിയമങ്ങളെ കർഷകർ തങ്ങളുടെ ഉപജീവനത്തിന് വിനാശകരമായി കാണുന്നത്, എന്തുകൊണ്ടെന്നാൽ അവ വൻകിട കോർപ്പറേറ്റുകൾക്ക് കൂടുതൽ ഇടം ലഭിയ്ക്കാൻ അവസരമൊരുക്കുകയും അവയ്ക്ക് കർഷകരുടെയും കൃഷിക്കാരുടെയും മേൽ വലിയ അധികാരം ഉണ്ടാകാൻ കാരണമാവുക പോലും ചെയ്യും. മിനിമം താങ്ങ് വില, കാർഷികോൽപ്പന്ന വിപണന കമ്മിറ്റികൾ, സംസ്ഥാന സംഭരണം, അതിലപ്പുറം എന്തെങ്കിലും ഉണ്ടെങ്കില്‍ അതുള്‍പ്പെടെ കർഷകർക്ക് പ്രധാനമായും താങ്ങാകാവുന്ന എല്ലാത്തിനേയും അവ ദുർബലപ്പെടുത്തുന്നു.








