വെൺമണി ഗ്രാമത്തിലെ കീഴ്‌വെൺമണി ചേരിയില്‍ മര്‍ദ്ദകരായ ജന്മിമാര്‍ക്കെതിരെ വളരെക്കാലമായി പുകഞ്ഞുകൊണ്ടിരുന്ന സംഘടിത തൊഴിലാളികളുടെ സമരം 1968 ഡിസംബര്‍ അവസാന വാരം ആളിക്കത്തി. തമിഴ്നാട്ടിലെ നാഗപട്ടിണം ജില്ലയിലെ ഈ ഗ്രാമത്തില്‍ നിന്നുള്ള ഭൂരഹിതരായ ദളിത് തൊഴിലാളികള്‍ ഉയര്‍ന്ന വേതനവും കൃഷി ഭൂമിയില്‍ നിയന്ത്രണവും ഫ്യൂഡല്‍ അടിച്ചമര്‍ത്തലിന്‍റെ അവസാനവും ആവശ്യപ്പെട്ടുകൊണ്ട് സമരത്തിലായിരുന്നു. എന്തായിരുന്നു ജന്മിമാരുടെ പ്രതികരണം? അവര്‍ ചേരിയിലെ 44 ദളിത് തൊഴിലാളികളെ ജീവനോടെ ചുട്ടെരിച്ചു. പട്ടിക ജാതിക്കാരുടെ ഈ പുതിയ രാഷ്ട്രീയ ഉണര്‍വ്വില്‍ കുപിതരായ സമ്പന്നരും ശക്തരുമായ ജന്മിമാര്‍ അയല്‍ ഗ്രാമങ്ങളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരാന്‍ തീരുമാനിക്കുക മാത്രമല്ല ഒരു വന്‍ തിരിച്ചടിയും ആസൂത്രണം ചെയ്തു.
തൊഴിലാളികള്‍ക്ക് രക്ഷപെടാനുള്ള എല്ലാ വഴികളും അടച്ചുകൊണ്ട് ഡിസംബര്‍ 25-ന് രാത്രിയില്‍ ജന്മിമാര്‍ ചേരി വളയുകയും ആക്രമിക്കുകയും ചെയ്തു. ഒരു കുടിലിലേക്ക് ഓടിക്കയറിയ 44 തൊഴിലാളികളെ പുറത്തു നിന്നും പൂട്ടുകയും അക്രമികള്‍ കുടിലിനു തീ വയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ പകുതിയും - 11 പെണ്‍കുട്ടികളും 11 ആണ്‍കുട്ടികളും – 16 വയസ്സില്‍ താഴെയുള്ളവരായിരുന്നു. രണ്ടുപേര്‍ 70 കഴിഞ്ഞവരായിരുന്നു. ആകെയുള്ളവരിലെ 29 പേര്‍ സ്ത്രീകളും 15 പേര്‍ പുരുഷന്മാരും ആയിരുന്നു. എല്ലാവരും ദളിതരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ (മാര്‍ക്സിസ്റ്റ്) യെ പിന്തുണയ്ക്കുന്നവരും ആയിരുന്നു.
കൊലപാതകത്തില്‍ കുറ്റാരോപിതരായ 25 പേരെയും 1975-ല്‍ മദ്രാസ് ഹൈക്കോടതി മോചിപ്പിച്ചു. പക്ഷെ അവിശ്വസനീയമായ ഈ നിഷ്ഠൂരതയെക്കുറിച്ച് ഏറ്റവുമധികം എഴുതിയിട്ടുള്ളവരില്‍ ഒരാളായ മൈഥിലി ശിവരാമന്‍ ശക്തവും സമഗ്രവുമായ വിശകലനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അത് കൂട്ടക്കൊലയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിച്ചത്തു കൊണ്ടുവരിക മാത്രമല്ല അതിന്‍റെ പിന്നിലെ വര്‍ഗ്ഗ-ജാതി പീഡനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും പുറത്തു കൊണ്ടുവന്നു. ആ ദുരന്തത്തെക്കുറിച്ചുള്ള ഈ കവിത 81-ാം വയസ്സില്‍ മൈഥിലി ശിവരാമന്‍ കോവിഡ്-19 മൂലം മരണമടഞ്ഞ ഈ വാരത്തില്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.
മുഷ്ടി ചുരുട്ടിയ 44 കല്ലറകള്‍
മേല്‍ക്കൂരയില്ലാത്ത ചെറ്റപ്പുരകള്‍,
ഭിത്തികളില്ലാത്ത കുടിലുകള്‍,
മണ്ണടിഞ്ഞ് ചാരമായ കൂരകള്‍!
മുഷ്ടി ചുരുട്ടിയപോല്‍ 44 കല്ലറകള്‍
ചേരിയില്‍ വരിവരിയായി.
കുപിത സ്മരണ പോലെയോ,
പുരാവൃത്തത്തിലെ പോര്‍വിളി പോലെയോ,
ഉജ്ജ്വലമായി ഉദാസീനമായ
കണ്ണുനീര്‍ പോലെയോ
മൂകസാക്ഷിയായി നില്‍ക്കയാണവ.
ഡിസംബര്‍-25, 1968ലെ
ക്രിസ്തുമസ്സ് ദിനം, നിശ്ചയമായും
ഉല്ലാസഭരിതമായിരുന്നില്ല.
44ന്‍റെ കഥകള്‍ ശ്രദ്ധിക്കൂ,
ഒന്നു കേള്‍ക്കൂ, എല്ലാവരും കേള്‍ക്കൂ.
മേല്‍ക്കൂരയില്ലാത്ത ചെറ്റപ്പുരകള്‍,
ഭിത്തികളില്ലാത്ത കുടിലുകള്‍,
മണ്ണടിഞ്ഞ് ചാരമായ കൂരകള്‍!
നാലിടങ്ങഴി നെല്ലിന്‍റെ ഫ്ലാഷ്ബാക്ക്!
നിലമില്ലാതെ വയറു കായുന്നവന്
നാലുപോരാ, നാലു മതിയാവില്ല
എന്നവര്‍ ചൊല്ലി.
അന്നത്തിനായുള്ള വിശപ്പ്,
മണ്ണിനായുള്ള വിശപ്പ്.
വിത്തിനായുള്ള വിശപ്പ്,
വേരിനായുള്ള വിശപ്പ്,
തകര്‍ന്ന നടുവിന്‍റെയും മുതുകിന്‍റെയും
നഷ്ടപരിഹാരത്തിനായുള്ള വിശപ്പ്.
അവരുടെ കഠിനാദ്ധ്വാനം,
അവരുടെ വിയര്‍പ്പ്,
കഷ്ടപ്പാടിന്‍റെ കനി.
അയല്‍പക്കത്തെ മേല്ജാതിക്കാരായ ഭൂവുടമകള്‍,
അവരോട് സത്യമറിയാനുള്ള വിശപ്പ്.
മേല്‍ക്കൂരയില്ലാത്ത ചെറ്റപ്പുരകള്‍,
ഭിത്തികളില്ലാത്ത കുടിലുകള്‍,
മണ്ണടിഞ്ഞ് ചാരമായ കൂരകള്‍!
അവരില്‍ ചിലരൊക്കെ
കയ്യില്‍ അരിവാളും ചുറ്റികയും
മൂര്‍ദ്ധാവില്‍ മൂര്‍ച്ചയുള്ള
ആശയങ്ങളുമായി
ചുവപ്പില്‍ പൊതിഞ്ഞു നിന്നു.
നിര്‍ദ്ധനരും ക്ഷുഭിതരുമായ
അവരൊക്കെയും,
ദളിത് സ്ത്രീകളും പുരുഷന്മാരും.
കൂലിവേലക്കാരുടെ ധിക്കാരികളായ മക്കള്‍.
ഞങ്ങളൊക്കെയും
ഒത്തുചേര്‍ന്നു,
ഏമാന്‍റെ വയല്‍
കൊയ്യില്ലെന്നായി.
നാടന്‍ പാട്ടുകള്‍
പാടുമ്പോളറിഞ്ഞീല
ആരുടെ
കൊയ്ത്തെന്നും, ആരു കൊയ്യുന്നെന്നും.
മേല്‍ക്കൂരയില്ലാത്ത ചെറ്റപ്പുരകള്‍,
ഭിത്തികളില്ലാത്ത കുടിലുകള്‍,
മണ്ണടിഞ്ഞ് ചാരമായ കൂരകള്‍!
എമാന്മാരെപ്പോഴും ചതിയന്മാര്‍,
കരുണയില്ലായ്മയുടെ കണക്കു സൂക്ഷിപ്പുകാര്‍.
അവര്‍ അയല്‍നാട്ടില്‍ നിന്ന്
വാടകത്തൊഴിലാളികളെ ഇറക്കി.
മാപ്പിരക്കാനാജ്ഞാപിച്ച എമാനോട്
എന്തിനെന്നവര്‍ കടുപ്പിച്ചു.
ഏമാനവരെ പൂട്ടിയിട്ടു പേടിപ്പിച്ചു.
പുരുഷന്മാര്‍, സ്തീകള്‍, കുട്ടികള്‍.
44 പേര്‍.
കൂരയിലവരെ വാരിക്കൂട്ടി
വെടിവെച്ചു തീ വെച്ചു.
കെണിയില്‍ പെട്ടവര്‍ അര്‍ദ്ധരാത്രിയില്‍
പൊട്ടിത്തെറിച്ചു കത്തിജ്വലിച്ചു.
22 കുട്ടികള്‍, 18 സ്ത്രീകള്‍,
4 പുരുഷന്മാര്‍.
കീഴ്‌വെൺമണി കൂട്ടക്കൊലയില്‍
ക്രൂരമായി കൊല്ലപ്പെട്ടവര്‍,
കണക്കുകളിങ്ങനെ.
പത്രങ്ങളിലും നോവലുകളിലും
ഗവേഷണങ്ങളിലും
അവരിപ്പോഴും ജീവിക്കുന്നു.
മേല്‍ക്കൂരയില്ലാത്ത ചെറ്റപ്പുരകള്‍,
ഭിത്തികളില്ലാത്ത കുടിലുകള്‍,
മണ്ണടിഞ്ഞ് ചാരമായ കൂരകള്‍!
* ചേരി: പരമ്പരാഗതമായി തമിഴ്നാട്ടിലെ ഗ്രാമങ്ങളെ രണ്ടായി വേര്‍തിരിച്ചിരിക്കുന്നു. പ്രബല ജാതികള്‍ താമസിക്കുന്ന ഊര് എന്നും ദളിതര്‍ താമസിക്കുന്ന ചേരികള്‍ എന്നും.
* കവിതയില്‍ ആവര്‍ത്തിച്ചു വരുന്ന വരികള്‍ - മേല്‍ക്കൂരയില്ലാത്ത ചെറ്റപ്പുരകള്‍/ ഭിത്തികളില്ലാത്ത കുടിലുകള്‍/ മണ്ണടിഞ്ഞ് ചാരമായ കൂരകള്‍ – 1968-ലെ കൂട്ടക്കൊലയെക്കുറിച്ച് മൈഥിലി ശിവരാമന്‍ എഴുതി ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലിയില്‍ (മെയ് 26, 1973, വാല്യം 8, നം. 23, പുറം 926-928) പ്രസിദ്ധീകരിച്ച കീഴ്‌വെൺ മണ ിയിലെ മാന്യ കൊലപാതകികള്‍ ( Gentlemen Killers of Kilvenmani ) എന്ന ലേഖനത്തിന്‍റെ തുടക്കത്തിലുള്ള വരികളില്‍ നിന്നും എടുത്തിട്ടുള്ളതാണ്.
* ഈ വരികള്‍ ലെഫ്റ്റ് വേഡ് ബുക്സ് 2016-ല്‍ പ്രസിദ്ധീകരിച്ച മൈഥിലി ശിവരാമന്‍റെ അഗ്നിയാല്‍ പിന്തുടരപ്പെടുമ്പോള്‍: ജാതി, വര്‍ഗ്ഗം, ചൂഷണം, വിമോചനം എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങള്‍ ( Haunted by Fire: Essays on Caste, Class, Exploitation and Emancipation) എന്ന പുസ്തകത്തിലും കാണാവുന്നതാണ്.
ഓഡിയോ
: സുധൻവ ദേശ്പാണ്ഡെ ജനനാട്യ
മഞ്ചിൽ അഭിനേതാവും സംവിധായകനുമായും ലെഫ്റ്റ് വേഡ് ബുക്സിൽ എഡിറ്ററായും പ്രവർത്തിക്കുന്നു.
പരിഭാഷ (വിവരണം): റെന്നിമോന്‍ കെ. സി.
പരിഭാഷ (കവിത): അഖിലേഷ് ഉദയഭാനു