മോന്‍പ ഗോത്രവിഭാഗത്തില്‍പെട്ട ഏകാന്തരായ ഇടയരുടെ ഒരു സമൂഹമാണ് അരുണാചല്‍പ്രദേശിലെ പശ്ചിമ കാമെംഗ്, തവാങ് ജില്ലകളിലെ ബ്രോക്പകളുടേത്. നാടോടികളായ അവര്‍ നിശ്ചിത ക്രമങ്ങളില്‍ നീങ്ങുകയും പര്‍വ്വതങ്ങളില്‍ 9,000 മുതല്‍ 15,000 അടിവരെ ഉയരത്തില്‍ വസിക്കുകയും ചെയ്യുന്നു. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെനീളുന്ന ശൈത്യകാലത്ത് അവര്‍ താഴ്ന്ന പ്രദേശങ്ങളിലേക്ക് കുടിയേറുകയും മെയ് മുതല്‍ സെപ്തംബര്‍ വരെ നീളുന്ന വേനല്‍ക്കാലത്തും മഴക്കാലത്തും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു.
നവംബര്‍ 2016-ലെ ഒരു പ്രഭാതത്തില്‍ പശ്ചിമ കാമെംഗിലെ തെംപാംഗ് ഗ്രാമത്തിലേക്ക് ഞാനൊരു യാത്ര ആരംഭിച്ചു. സമുദ്രനിരപ്പില്‍ നിന്നും 7,500 അടി ഉയരത്തിലാണ് തെംപാംഗ് സ്ഥിതിചെയ്യുന്നത്. 60 വീടുകളിലായി മോന്‍പ വിഭാഗത്തില്‍മാത്രംപെട്ട ആളുകള്‍ വസിക്കുന്ന ഒരു ഗ്രാമമാണിത്. ഏറ്റവും അടുത്ത പട്ടണമായ ദിരാംഗ് ഇവിടെനിന്നും 26 കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്.
അടുത്തദിവസം ഞാന്‍ ഒരു സംഘം ബ്രോക്പകളുടെ ശീതകാല വാസസ്ഥലമായ ലഗാമിലേക്ക് പോയി. 8,100 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലഗാമിലെത്തുന്നതിനായി നിബിഡ വനത്തിലൂടെ എനിക്ക് 11 കിലോമീറ്റര്‍ ദൂരം 8 മണിക്കൂറിലധികം സമയമെടുത്ത് നടക്കേണ്ടിവന്നു. വയ്കുന്നേരം 6 മണിയോടെ ഞാനവിടെ എത്തിയപ്പോള്‍ ബ്രോക്പ ഇടയനായ 27-കാരന്‍ പെം സെറിങ് ഊഷ്മളമായ ഒരു പുഞ്ചിരിയോടെ എന്നെ സ്വീകരിച്ചു.
അടുത്തദിവസം രാവിലെ ഞാന്‍ കണ്ടത് ലഗാം യഥാര്‍ത്ഥത്തില്‍ ബ്രോക്പ ഇടയരുടെ ചെറിയൊരു ശീതകാല വാസസ്ഥലമാണെന്നുള്ള കാര്യമാണ്. അവിടെ ചെറിയൊരു ആശ്രമമുണ്ട്. ഏതാണ്ട് 40-45 ആളുകള്‍ ഇവിടെ കല്ലുകളും മുളകളും കൊണ്ടുണ്ടാക്കിയ, തകര മേല്‍ക്കൂരയുള്ള, 8-10 വീടുകളിലായി കഴിയുന്നു. നവംബറില്‍ ഈ താഴ്ന്ന മേച്ചല്‍പുറത്തേക്ക് ഇടയര്‍ എത്തുന്നതോടെ ഈ വാസസ്ഥലം നിറയും. ചെറുപ്പക്കാരായ ഇടയര്‍ അവരുടെ യാക്കുകളുടെയും കുതിരകളുടെയും കൂട്ടങ്ങളുമായി മാഗോ ഗ്രാമം പോലെയുള്ള ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് പോകുന്നതിനാല്‍ മെയ് മുതല്‍ സെപ്റ്റംബര്‍ വരെ ലഗാം മിക്കവാറും ആളൊഴിഞ്ഞ നിലയിലായിരിക്കും. പ്രായമുള്ളവര്‍ സാധാരണ നിലയില്‍ അവിടെത്തന്നെ വസിക്കുന്നു.
കുറച്ചുദിവസങ്ങള്‍ ഞാന്‍ സെറിങ്ങിനോടും മറ്റു ബ്രോക്പകളോടുമൊപ്പം ചിലവഴിച്ചു. “എല്ലായ്പ്പോഴും ഞങ്ങള്‍ക്കിത് ദൈര്‍ഘ്യമേറിയ നടപ്പാണ്. വേനല്‍ക്കാല മേച്ചല്‍പ്പുറങ്ങള്‍ക്കായി എല്ലാവര്‍ഷവും ഞങ്ങള്‍ കാട്ടിലൂടെ മാഗോ വരെ നടക്കും. ഇത് 4-5 ദിവസത്തെ തുടര്‍ച്ചയായ നടപ്പാണ്. രാത്രിയില്‍ മാത്രമെ വിശ്രമിക്കൂ”, പെം പറഞ്ഞു.
11,800 അടി ഉയരത്തിലുള്ള മാഗോ വടക്കുകിഴക്കന്‍ ഇന്ത്യയെയും ടിബറ്റിനെയും തമ്മില്‍വേര്‍തിരിക്കുന്ന തര്‍ക്ക അതിര്‍ത്തിയായ മക്മഹോന്‍ രേഖയിലാണ് സ്ഥിതിചെയ്യുന്നത്. വേനല്‍ക്കാലങ്ങളില്‍ മാഗോയിലെത്തുന്നതിനായി ബ്രോക്പകള്‍ മലനിരകളിലൂടെയും അതിലും ഉയര്‍ന്ന ചുരങ്ങളിലൂടെയും നടക്കും. ലഗാം, ഥുംഗ്രി, ചാങ്ലാ, ന്യാങ്, പോടോക്, ലുര്‍ടിം എന്നീ വഴികളിലൂടെ നടന്ന് അവര്‍ മാഗോയിലെത്തുന്നു.
മറ്റുള്ളവര്‍ക്ക് ഈ പ്രദേശത്തെത്താന്‍ തവാംഗില്‍ നിന്നുള്ള റോഡ് മാര്‍ഗ്ഗം മാത്രമെ കഴിയൂ. പ്രദേശത്തിന് പുറത്തുള്ള ഇന്ത്യക്കാരെ ഇന്ത്യന്‍ സൈന്യത്തിന്‍റെ അനുമതിയോടെ ഒരുരാത്രി മാത്രമെ അവിടെ തങ്ങാന്‍ അനുവദിക്കൂ. അതിര്‍ത്തി പ്രശ്നം ഉള്ളതുകൊണ്ട് മാഗോയിലേക്ക് പോകുന്ന ബ്രോക്പകള്‍ പോലും സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിക്കണം.
ബ്രോക്പകളുടെ ദൈനംദിന ജീവിതം ലളിതമായ ചില ക്രമവ്യവസ്ഥകളില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു. അവരുടെ പ്രധാന വരുമാനമാര്‍ഗ്ഗം യാക്ക് ആണ്. അവര്‍ ഇവയുടെ പാല്‍ ഉപയോഗിച്ച് വെണ്ണയും പാല്‍ക്കട്ടിയും ഉണ്ടാക്കുകയും അവ പ്രാദേശിക വിപണികളില്‍ വില്‍ക്കുകയും ചെയ്യും. സമുദായത്തിനുള്ളില്‍ ഒരു സാധനക്കൈമാറ്റ സമ്പ്രദായവും നിലനില്‍ക്കുന്നു. “കൃഷി പ്രധാന തൊഴിലായ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് അവര്‍ യാക്കിനെയും പാലുല്‍പന്നങ്ങളും നല്‍കുന്നു”, തെംപാംഗ് ഗ്രാമത്തില്‍നിന്നുള്ള ഒരു മോന്‍പയും ലോക വന്യജീവി നിധി-ഇന്ത്യയുടെ വെസ്റ്റേണ്‍ അരുണാചല്‍ ലാന്‍ഡ്‌സ്കേപ് പ്രോഗ്രാമിന്‍റെ ഒരു പ്രോജക്റ്റ് ഓഫീസറുമായ ബാപു പെമ വാംഗെ പറഞ്ഞു. “ഞങ്ങള്‍ [അദ്ദേഹത്തിന്‍റെ ഗോത്രമായ ബാപു] അവരുമായി സാധനക്കൈമാറ്റ വ്യാപാരം നടത്തുന്നു; ഞങ്ങള്‍ ഞങ്ങളുടെ ചോളം, ബാര്‍ലി, ബക്ക്‌വീറ്റ്, ചുവന്ന വറ്റല്‍മുളക് എന്നിവ അവരുടെ വെണ്ണയ്ക്കും ഛുര്‍പ്പിക്കും യാക്കിന്‍റെ ഇറച്ചിക്കും പകരമായി നല്‍കുന്നു. അടിസ്ഥാനപരമായി ഞങ്ങള്‍ ഭക്ഷണത്തിനായി അവരെ ആശ്രയിക്കുന്നു, അവര്‍ ഭക്ഷണത്തിനായി ഞങ്ങളെയും ആശ്രയിക്കുന്നു.”
പാരമ്പര്യമായി ലഭിച്ച ധാരാളം ഭൂമിയുള്ള രാജകീയ ബാപു ഗോത്രക്കാര്‍ പ്രതിഫലം വാങ്ങി (സാധാരണയായി ചെമ്മരിയാട്, വെണ്ണ എന്നിങ്ങനെയുള്ള ഇനങ്ങളായി) മറ്റു ഗോത്രക്കാര്‍ക്ക് കാലികളെ മേയ്ക്കാനുള്ള അവകാശം നല്‍കുന്നു. പക്ഷെ, ലഗാമിലെ ബ്രോക്പകളെ പ്രതിഫലത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്, കാരണം “അവര്‍ ഞങ്ങളുടെ ദൈവമായ ലഗാം ലാമയെ (സാധാരണ പാറകൊണ്ടുള്ള ഒരു വിഗ്രഹം) സംരക്ഷിക്കുന്നു”, വാംഗെ പറഞ്ഞു.
ഈ വര്‍ഷം കുറച്ചു കഴിയുമ്പോള്‍, ഒക്ടോബര്‍ പകുതിയോടെ, ബ്രോക്പകള്‍ അവരുടെ വേനല്‍ക്കാല മേച്ചല്‍പ്പുറങ്ങളില്‍ നിന്നും ഇറങ്ങും. “മേയാനുള്ള വിഭവങ്ങളും വിറകും തേടി കാട്ടിലൂടെ ഞങ്ങള്‍ നടക്കും”, പെം പറഞ്ഞു. “ഈ കാട് ഞങ്ങളുടെ മാതാവാണ്.”
പരിഭാഷ: റെന്നിമോന്‍ കെ. സി.