ദിവസത്തിൽ രണ്ടുതവണ സമീറുദ്ദീൻ ഷെയ്ഖ് തന്റെ സൈക്കിൾ, അഹമ്മദാബാദിലെ പഴയ നഗരത്തിന്റെ തിരക്കേറിയ ഇടവഴികളിലൂടെ പ്രയാസപ്പെട്ട് ഓടിക്കുന്നു. ജുഹപുരയിലെ ഫത്തേവാഡിയിലെ വീട്ടിൽനിന്ന്, താജ് എൻവലപ്പ് എന്ന തന്റെ തൊഴിലിടത്തിലേക്കുള്ള 13 കിലോമീറ്റർ ദൂരം ഒരുഭാഗത്തേക്ക് താണ്ടാൻ മാത്രം ഒരു മണിക്കൂർ സൈക്കിൾ ചവിട്ടണം. “മോട്ടോർബൈക്കുണ്ടെങ്കിലും ഞാൻ എടുക്കാറില്ല. പെട്രോൾച്ചിലവ് താങ്ങാൻ പറ്റില്ല” മൃദുഭാഷിയായ ആ 36 വയസ്സുകാരൻ സൈക്കിൽ പാർക്ക് ചെയ്തുകൊണ്ട് പറയുന്നു.
10x20 വലിപ്പമുള്ള ഒരു മുറിയിലാണ് അയാളുടെ തൊഴിൽദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും. പഴയ നഗരത്തിലെ ഒരു ഷോപ്പിംഗ് സമുച്ചയത്തിന്റെ അടിയിലുള്ള ഒരു സ്ഥാപനം. ഖാദിയ എന്നാണ് ആ പ്രദേശം അറിയപ്പെടുന്നത്. തന്നെപ്പോലെയുള്ള 10 പേരോടൊപ്പം, കവറുകളുണ്ടാക്കുന്ന ജോലിയിലാണ് അയാൾ. ചില നല്ല ദിവസങ്ങളിൽ 6,000 മുതൽ 7,000 കവർവരെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് അയാൾക്ക്.
കാണുന്നതുപോലെ അത്ര എളുപ്പമല്ല കവറുണ്ടാക്കൽ. “ഈ തൊഴിൽ പഠിക്കാൻ ഒന്നരമുതൽ രണ്ടുവർഷംവരെ എടുക്കും”, സമീറുദ്ദീൻ പറയുന്നു. ഉസ്താദ് (തൊഴിലിടത്തിലെ ഏറ്റവും മുതിർന്ന ആളും പരിശീലകനും) അംഗീകരിക്കുന്നതുവരെ സ്വതന്ത്ര തൊഴിലാളിയായി, സ്വന്തം നിലയ്ക്ക് ശമ്പളം വാങ്ങാൻ കഴിയില്ല. ഉസ്താദാണ് പണിയുടെ ഗുണമേന്മ നിശ്ചയിക്കുന്നതും അംഗീകാരം കൊടുക്കുന്നതും”, അയാൾ പറയുന്നു.
ഇവിടെ ഗുണമേന്മയെന്നത്, വേഗതയും കൃത്യതയും, നൈപുണ്യവും ഉപകരണങ്ങളെക്കുറിച്ചുള്ള അറിവുമാണ്. മുറിക്കാനും പഞ്ച് ചെയ്യാനുമുള്ള രണ്ട് യന്ത്രങ്ങളൊഴിച്ച് വർക്ക്ഷോപ്പുകളിലെ എല്ലാ പണിയും കൈകൊണ്ട് ചെയ്യുന്നവയാണ്.
മെഷീനുകൾ കൈകാര്യം ചെയ്യുന്നത് മിക്കവാറും പണിശാലയുടെ ഉടമസ്ഥർതന്നെയായിരിക്കും. കടലാസ്സിന്റെ വലിയ ഷീറ്റുകൾ മുൻനിശ്ചയിച്ച അളവുകൾക്കനുസരിച്ച് ചെറുതായി മുറിക്കുകയും, പ്രത്യേകമായ അച്ച് ഉപയോഗിച്ച് വിവിധ വലിപ്പത്തിലാക്കുകയും ചെയ്യും. തൊഴിലാളികൾ കടലാസ്സുകൾ 100-ന്റെ പെരുപ്പത്തിൽ എണ്ണിത്തിട്ടപ്പെടുത്തുകയും മടക്കുകയും ഒട്ടിക്കുകയും മുദ്രവെക്കുകയും പാക്ക് ചെയ്യുകയും ചെയ്യും.
































