കൗമാരപ്രായത്തിൽ ഗർഭം ധരിക്കരുതെന്ന് സ്ത്രീകളെ ബോധവത്ക്കരിക്കാൻ നസ്രത്ത് ബന്നൊവിന് സാധിച്ചിട്ടുണ്ട്. ആ സ്ത്രീകളെക്കൊണ്ട് ഗർഭനിരോധനോപാധികൾ ഉപയോഗിപ്പിക്കുന്നതിനും, പ്രസവത്തിനായി അവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനും നസ്രത്തിന് അവരുടെ ഭർത്തൃവീട്ടുകാരോട് പൊരുതേണ്ടിവന്നിട്ടുമുണ്ട് പലപ്പോഴും. പക്ഷേ പുരുഷന്മാരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താനാണ് കൂടുതൽ ബുദ്ധിമുട്ടെന്ന് 35 വയസ്സുള്ള ഈ ആശ പ്രവർത്തക സാക്ഷ്യപ്പെടുത്തുന്നു. ബിഹാറിലെ അരാരിയ ജില്ലയിലെ രാംപുർ ഗ്രാമത്തിലെ ആശ പ്രവർത്തകയാണ് നസ്രത്ത്.

3400 ആളുകൾ പാർക്കുന്ന ഫോബ്സ്ഗഞ്ച് ബ്ലോക്കിൽ ഒരാൾ മാത്രമാണ് “കഴിഞ്ഞ വർഷം (2018) സമ്മതിച്ചത്”, എന്ന് അവർ പറഞ്ഞു. “അയാളത് ചെയ്തു എന്നറിഞ്ഞപ്പോൾ അയാളുടെ ഭാര്യ ചെരിപ്പൂരി എന്നെ തല്ലാൻ വന്നു”വെന്നും ചിരിച്ചുകൊണ്ട് നസ്രത്ത് അറിയിച്ചു. നാല് കുട്ടികളുടെ അമ്മയാണ് നസ്രത്ത്.

രാംപുരിന്‍റെ വൈമനസ്യം ബിഹാറിലെ മറ്റ് ഗ്രാമങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. “മറ്റ് പുരുഷന്മാർ പരിഹസിച്ച് ചിരിക്കുമോ എന്നതാണ് അവരുടെ ഏറ്റവും വലിയ പേടി”, കഴിഞ്ഞ വർഷം വിനയ്കുമാർ എന്നോട് പറഞ്ഞു. ബിഹാർ സർക്കാർ എല്ലാ വർഷവും നവംബറിൽ ആരംഭിക്കുന്ന വന്ധ്യതാശസ്ത്രക്രിയാ പ്രചാരണത്തിന്‍റെ അടുത്ത യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു വിനയ്കുമാർ. “ശരീരത്തിന് കൂടുതൽ ബലക്ഷയം വന്ന് ലൈംഗികബന്ധത്തിനുള്ള കഴിവ് നഷ്ടപ്പെടുമെന്ന മൂഢവിശ്വാസവും അവരെ അലട്ടുന്നു”.

38 വയസ്സുള്ള കുമാർ, കഴിഞ്ഞ വർഷം, ജഹനാബാദിലെ മഖ്‌ദം‌പുർ ബ്ലോക്കിൽ, 3400-ഓളം ആളുകൾ താമസിക്കുന്ന ബിര ഗ്രാമത്തിൽ വികാസ് മിത്ര എന്ന സർക്കാർ ജോലിയിലായിരുന്നു ഏർപ്പെട്ടിരുന്നത്. സർക്കാരിന്‍റെ വിവിധ പദ്ധതികളെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക, അവ നടപ്പാക്കുക എന്നിവയായിരുന്നു അയാളുടെ ചുമതല. വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് പുരുഷന്മാരെ പ്രേരിപ്പിക്കുക എന്ന തീർത്തും സുഖകരമല്ലാത്ത ഒരു ജോലിയായിരുന്നു അതിലൊന്ന്. ബീജം വഹിക്കുന്ന കുഴലുകളെ കെട്ടിവെക്കുകയോ പൂട്ടുകയോ ചെയ്യുന്ന ഒരു ചെറിയ ശസ്ത്രക്രിയയാണ് വന്ധ്യംകരണം.

ബിഹാറിലെ വന്ധ്യംകരണത്തോത് 2005-2006-ൽ (എൻ.എഫ്.എച്ച്.എസ്. ഘട്ടം 3) 0.6 എന്ന താഴ്ന്ന നിലയിൽനിന്ന് 2015-2016-ൽ (എൻ.എഫ്.എച്ച്.എസ്. ഘട്ടം 4) പൂജ്യമായി കുറഞ്ഞിരുന്നു. ഇതേ കാലഘട്ടത്തിൽ, സ്ത്രീകളുടെ വന്ധ്യംകരണ ശതമാനവും കുറഞ്ഞു. 15 വയസ്സിനും 49 വയസ്സിനുമിടയിലുള്ള വിവാഹിതരായ സ്ത്രീകളുടെയിടയിൽ അത് 23.8-ൽനിന്ന് 20.5 ആയി. എങ്കിലും പുരുഷന്മാരേക്കാൾ ഭേദമായിരുന്നു അത്.

ദേശീയ ശരാശരിയും ബിഹാറിന്‍റെ അതേ സ്ഥിതിയിലായിരുന്നു. ഇന്ത്യയൊട്ടാകെ, എൻ.എഫ്.എച്ച്.എസ്. ഘട്ടം 4 കണക്കുപ്രകാരം നിലവിലുള്ള വിവാഹിതരായ 15-49 വയസ്സുകാരായ സ്ത്രീകളിൽ 36 ശതമാനം പേരാണ് വന്ധ്യംകരണത്തിന് വിധേയരായിട്ടുള്ളത്. അതേസമയം ആണുങ്ങൾ 0.3 ശതമാനവും.

രാജ്യത്ത് ഗർഭനിരോധന ഉറകളുടെ ഉപയോഗവും ദയനീയമായിരുന്നു. ഒരു ഗർഭനിരോധനോപാധി എന്ന നിലയിൽ അതുപയോഗിക്കുന്ന 15നും 49നുമിടയിലുള്ള നിലവിലുള്ള വിവാഹിതരായ സ്ത്രീകളുടെ ശതമാനം 5.6 ആയിരുന്നു.

'As women, we can’t be seen talking to men about sterilisation' say ASHA workers in Rampur village of Bihar's Araria district: Nusrat Banno (left), Nikhat Naaz (middle) and Zubeida Begum (right)
PHOTO • Amruta Byatnal

‘സ്ത്രീകളെന്ന നിലയ്ക്ക് പുരുഷന്മാരുമായി വന്ധ്യംകരണത്തെക്കുറിച്ച് ഞങ്ങൾ സംസാരിക്കുന്നതും അനുചിതമായി കണക്കാക്കപ്പെട്ടിരുന്നു’ അരാരിയ ജില്ലയിലെ രാം പുർ ഗ്രാമത്തിൽ ആശ പ്രവർത്തകര്‍ പറയുന്നു : നസ്രത്ത് ബന്നൊ ( ഇടത്ത് ), നിഖാത് നാസ് ( നടുവിൽ ), സുബൈദ ബീഗം ( വലത്ത് )

ഈ അസന്തുലനത്തെ അഭിമുഖീകരിക്കുന്നതിനും, വന്ധ്യംകരണ ശസ്ത്രക്രിയകളുടെ എണ്ണം കൂട്ടാനും പുരുഷന്മാരെ ഇതിൽ കൂടുതൽ ഉൾച്ചേർക്കാനുമായി സംസ്ഥാനത്തൊട്ടാകെ 9149 വികാസ് മിത്രമാരെ (വികസനപങ്കാളികൾ എന്ന് അർത്ഥം. 12-ആം ക്ലാസുവരെയുള്ള വിദ്യാഭ്യാസമാണ് വികാസ്മിത്രയാകാനുള്ള ചുരുങ്ങിയ യോഗ്യത) ബിഹാറിൽ 2018-ൽ തിരഞ്ഞെടുത്തു. ജഹനബാദ് ജില്ലയിൽ 123-പേരെയും അരാരിയ ജില്ലയിൽ 227-പേരെയും നിയമിച്ചിരുന്നു.

വികാസ്മിത്ര എന്ന നിലയ്ക്ക് വിനയ് കുമാറിന്‍റെ മറ്റ് ചുമതലകൾ കക്കൂസ് നിർമ്മാണവും, ലോണുകൾ പരിശോധിച്ച് വിതരണം ചെയ്യലും വെള്ളം ലഭ്യമാക്കലുമായിരുന്നു. വരൾച്ചയും വെള്ളപ്പൊക്കവും ആവർത്തിച്ചുണ്ടാവുന്ന സംസ്ഥാനമെന്ന നിലയിൽ, വരൾച്ചാ ആശ്വാസത്തിന് പണമനുവദിക്കലും വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് അർഹരായ ആളുകളുടെ പേരുകൾ പരിശോധിക്കലും വിനയ് കുമാറിന്‍റെ ചുമതലകളായിരുന്നു.

ബിഹർ മഹാദളിത് വികാസ് മിഷൻ 10,000 രൂപയാണ് വികാസ്മിത്രമാർക്ക് വേതനമായി നൽകുന്നത്. മഹാദളിതരെ, അഥവാ, ഏറ്റവുമധികം പിന്നാക്കം നിൽക്കുന്ന 21 പട്ടികജാതി സമുദായങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. ജില്ലാ ഭരണകൂടത്തിന്‍റെ കീഴില്‍ പ്രവർത്തിക്കേണ്ട അവര്‍ റിപ്പോർട്ട് നല്‍കേണ്ടത് ബ്ലോക്ക് വെൽ‌ഫയർ ഓഫീസര്‍ക്കാണ്‌. വന്ധ്യംകരണം നടത്താൻ പുരുഷന്മാരെ സമ്മതിപ്പിച്ചാൽ, ആൾക്ക് ഒന്നിനുവെച്ച് 400 രൂപയാണ് ഒരു വികാസ്മിത്രയ്ക്ക് അധികമായി ലഭിക്കുക.

വർഷംതോറും ഒരാഴ്ച നീണ്ടുനിൽക്കുന്ന വന്ധ്യംകരണ പ്രചാരണപരിപാടിയുടെ തിരക്കിലായിരുന്നു ഞാൻ കാണുമ്പോൾ വിനയ്കുമാർ. ‘പുരുഷ പങ്കാളിത്തം’ എന്നാണ് അതിനുള്ള ഔദ്യോഗികമായ വാക്ക്. ഇന്ത്യയിലെ കുടുംബാസൂത്രണപരിപാടിയിൽ ഏറ്റവുമധികം ശ്രദ്ധ പതിപ്പിക്കേണ്ട സംസ്ഥാനമാണ് ബിഹാർ. 15-നും 49-നുമിടയിലുള്ള പ്രായക്കാരുടെ ആകെ പ്രത്യുത്പാദനനിരക്ക് (ടി.എഫ്.ആർ - ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) 3.41 ശതമാനമാണ് ബിഹാറിൽ. ഇന്ത്യയിലെ ഏറ്റവുമധികം ഉയർന്ന പ്രത്യുത്പാദന നിരക്കാണത്. മറ്റ് ചില ജില്ലകളുൾപ്പെടെ, അരാരിയ ജില്ലയുടെ പ്രത്യുത്പാദന നിരക്കാ‍കട്ടെ 3.93 ആണ്. ദേശീയ ശരാശരി പ്രത്യുത്പാദനനിരക്കാകട്ടെ 2.18-ഉം (എൻ.എഫ്.എച്ച്.എസ്.-4 പ്രകാരമുള്ള കണക്ക്).

‘പുരുഷ പങ്കാളിത്തം’ എന്ന ഈ ദൗത്യം ഏറെ വർഷം മുൻപ് പൊതുജനാരോഗ്യപ്രവർത്തകർ ഏറ്റെടുത്ത് നടത്തിയ ഒന്നായിരുന്നു. പിന്നീടാണ് വികാസ്മിത്ര ഇത് ഏറ്റെടുത്തത്. വന്ധ്യംകരണത്തിന് സമ്മതിക്കുന്നവർക്ക് 1981 മുതൽ സർക്കാർ സാമ്പത്തികപ്രതിഫലം നൽകിവരുന്നുണ്ട്. ഇപ്പോളത്, ഓരോ പുരുഷന്മാർക്കും 3000 രൂപയായി വർദ്ധിച്ചിരിക്കുന്നു.

Vasectomy week pamphlets in Araria district: Bihar's annual week-long focus on male sterilisation is one of several attempts at 'male engagement'
PHOTO • Amruta Byatnal
Vasectomy week pamphlets in Araria district: Bihar's annual week-long focus on male sterilisation is one of several attempts at 'male engagement'
PHOTO • Amruta Byatnal

അരാരിയ ജില്ലയിലെ വന്ധ്യംകരണ വാര ലഘുലേഖകൾ : പുരുഷന്മാരെ വന്ധ്യംകരണത്തിന് പ്രേരിപ്പിക്കാൻ വർഷംതോറും നടത്തുന്ന നിരവധി ശ്രമങ്ങളിൽ ഒന്നാണ് , ഒരാഴ്ച നീണ്ടുനിൽക്കുന്ന , ‘ പുരുഷ പങ്കാളിത്തം ”.

എന്നിട്ടും, തുല്യ-ലിംഗ ഗർഭനിരോധനത്തിലേക്കുള്ള മുന്നേറ്റം, എല്ലാ രംഗത്തും സാവധാനത്തിലാണ് നീങ്ങുന്നത്. ഇന്ത്യയിലുടനീളം, സ്ത്രീകളാണ് ഈ ഉത്തരവാദിത്തത്തിന്‍റെ ഭൂരിഭാഗവും ചുമക്കുന്നത്. ആദ്യത്തെയും പിന്നത്തെയും കുട്ടികൾ തമ്മിൽ ഇടവേളയുണ്ടാവുക, അനാവശ്യമായ ഗർഭധാരണം ഒഴിവാക്കുക എന്നതൊക്കെ സ്ത്രീയുടെ മാത്രം ചുമതലയാണെന്ന ധാരണയാണ് ഇപ്പൊഴും ആളുകൾക്ക്. 15-നും 49-നുമിടയിലുള്ള നിലവിലെ വിവാഹിതരായ സ്ത്രീകളിൽ 48 ശതമാനവും ഐ.യു.ഡി.കളും (ഗർഭപാത്രത്തിൽ ഇടുന്ന ഉപകരണങ്ങൾ), ഗുളികകളും, കുത്തിവെയ്പ്പുകളും (ഗർഭനിരോധനത്തിനുള്ള ആധുനികരീതികൾ എന്ന പേരിൽ എൻ.എഫ്.എച്ച്.എസ്.-4-ൽ ഉൾപ്പെടുത്തിയിരിക്കുന്നവ) പോലെയുള്ള വന്ധ്യംകരണ രീതികളാണ് ഉപയോഗിക്കുന്നത്. ഈ ഗർഭനിരോധനോപാധികളിൽ, രാജ്യത്ത് ഏറ്റവും പ്രചാരമുള്ള രീതി സ്ത്രീ വന്ധ്യംകരണമാണ് (ട്യൂബുകൾ കെട്ടിവെക്കുന്ന രീതി).

ഗർഭനിരോധന ഗുളികകൾ, ഉറകൾ, ഐ.യു.ഡി. എന്നിവയേക്കാള്‍ സ്ഥിരമായ വന്ധ്യംകരണരീതി ഇന്ത്യയിലെ സ്ത്രീകളിലും പുരുഷന്മാരിലും പ്രയോഗിക്കുന്നതിനെതിരേ വ്യാപകമായ വിമർശനമുയർന്നിട്ടുണ്ട്. “(കുടുംബാസൂത്രണപദ്ധതിയിൽ) സ്ത്രീകൾക്ക് സ്വന്തമായ കർത്തൃത്വമോ അധികാരമോ ഇല്ലാത്തതിനാലാണ് ഇന്ത്യയിൽ സ്ത്രീകളുടെ വന്ധ്യംകരണത്തിന് കൂടുതൽ പ്രാധാന്യം കിട്ടുന്ന”തെന്ന്, ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷനിലെ ഹെൽത്ത് ഇനിഷ്യേറ്റീവിന്‍റെ തലവനും പ്രമുഖ ഗവേഷകനുമായ ഉമ്മൻ സി.കുര്യൻ അഭിപ്രായപ്പെടുന്നു.

സന്താനനിയന്ത്രണമടക്കമുള്ള പ്രത്യുത്പാദന അവകാശം, ഗർഭച്ഛിദ്രത്തിനുള്ള നിയമപരമായ പ്രാപ്യത, പ്രത്യുത്പാദന ആരോഗ്യസംരക്ഷണ ലഭ്യത എന്നിവയെക്കുറിച്ച് സ്ത്രീകളെ ബോധവത്ക്കരിക്കാനും അവർക്കാ അവകാശങ്ങൾ വിനിയോഗിക്കാനുമുള്ള സൗകര്യങ്ങൾ സംസ്ഥാനത്തിലെ കുടുംബാസൂത്രണ സംവിധാനം ചെയ്തുകൊടുക്കുന്നുണ്ട്. ഈ പ്രവൃത്തികളൊക്കെ നടത്തുന്നത്, നസ്രത്ത ബന്നോവിനെപ്പോലെയുള്ള ആശ പ്രവർത്തകരിലൂടെയും മുൻ‌നിരയിലുള്ള സാമൂഹികാരോഗ്യ പ്രവർത്തകരിലൂടെയുമാണ്. അവരാണ് ആവശ്യമായ ഘട്ടങ്ങളിൽ പ്രത്യുത്പാദനസംബന്ധമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുന്നതും അവയെ പിന്തുടരുന്നതും. സ്ത്രീകളെ വന്ധ്യംകരണത്തിന് പ്രേരിപ്പിക്കുന്നതിന് ആശ പ്രവർത്തകർക്ക് 500 രൂപവീതം കിട്ടുന്നുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന സ്ത്രീകൾക്ക് 3000 രൂപയും കിട്ടുന്നു.

വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കുശേഷം പുരുഷന്മാർ ഒരാഴ്ചകൊണ്ട് സുഖം പ്രാപിക്കുമെങ്കിലും, സ്ത്രീകൾക്ക് ചിലപ്പോൾ രണ്ടോ മൂന്നോ മാസമെടുക്കും പൂർണ്ണമായി സുഖപ്പെടാൻ. ശസ്ത്രക്രിയയ്ക്കുശേഷം പുരുഷന്മാര്‍ക്ക് അപ്പോൾത്തന്നെ പോകാമെങ്കിലും സ്ത്രീകൾക്ക് ആരോഗ്യകേന്ദ്രത്തിൽ ഒരു രാത്രിയെങ്കിലും തങ്ങേണ്ടിവരികയും ചെയ്യും.

ഇതൊക്കെയാണെങ്കിലും, വന്ധ്യംകരണം നടത്തിയില്ലെങ്കിൽ കൂടുതൽ സന്താനങ്ങളെ പരിപാലിക്കേണ്ടിവന്നേക്കുമെന്ന് സ്ത്രീകൾ ഭയപ്പെടുന്നു. അതിനാൽ, വിനയ്കുമാറിന്‍റെ ഭാര്യയെപ്പോലെ, പല സ്ത്രീകളും പലപ്പോഴും ഭർത്താക്കന്മാരോടോ, ഭർത്തൃബന്ധുക്കളോടോ പറയാതെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയരാവാറുള്ളത്.

Vikas Mitras Vinay Kumar and Ajit Kumar Manjhi work in Jehanabad district: for convincing men to undergo vasectomies, they earn Rs. 400 per person enlisted
PHOTO • Amruta Byatnal
Vikas Mitras Vinay Kumar and Ajit Kumar Manjhi work in Jehanabad district: for convincing men to undergo vasectomies, they earn Rs. 400 per person enlisted
PHOTO • Amruta Byatnal

വികാസ്മിത്രമാരായ വിനയ്കുമാറും അജിത്ത് കുമാർ മഞ്ജിയും ജഹനബാദ് ജില്ലയിലാണ് ജോലി ചെയ്യുന്നത് . പുരുഷന്മാരെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിച്ചാൽ , ആൾക്കൊന്നിന് 400 രൂപയാണ് അവർക്ക് ലഭിക്കുക .

വന്ധ്യംകരണത്തിന് താൻ പ്രേരിപ്പിക്കുന്ന ആളുകൾക്കുള്ള അതേ ഭയവും ആശങ്കയും കുമാറിനും ഉണ്ട്. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ ‘കൂടുതൽ ദുർബ്ബലനാകു’മെന്ന് അയാളും ഭയപ്പെട്ടിരുന്നു. “ആരോടാണ് സംസാരിക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ അയാളോട് ഉപദേശം ചോദിക്കാതെയും അറിയിക്കാതെയും സ്വന്തം നിലയ്ക്കായിരുന്നു അയാളുടെ ഭാര്യ, രണ്ട് കുട്ടികൾ ഉണ്ടായതിനുശേഷം, വന്ധ്യംകരണം നടത്താൻ തീരുമാനിച്ചത്,.

തങ്ങളുടെ സമുദായമായ ദളിതരുടേയും മഹാദളിതരുടേയും ഇടയിലാണ് കുമാറും മറ്റ് വികാസ്മിത്രമാരും പ്രവർത്തിക്കുന്നതെങ്കിലും, വന്ധ്യംകരണത്തെക്കുറിച്ച് പ്രചാരണം നടത്താൻ ചിലപ്പോൾ ഉയർന്ന ജാതിക്കാരായ പുരുഷന്മാരുമായും അവർക്ക് ഇടപെടേണ്ടിവരും. അതിന് അതിന്‍റേതായ വെല്ലുവിളികളുമുണ്ട്.

“ഉയർന്നജാതിക്കാർ ഈ ശസ്ത്രക്രിയയെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി പറയാൻ പറ്റുമോ എന്ന പേടി ഞങ്ങൾക്കുണ്ട്. അതിനാൽ, ഞങ്ങളുടെ സമുദായത്തിനകത്താണ് അധികവും പ്രവർത്തിക്കുന്നത്“ എന്ന് ജഹനബാദ് ജില്ലയിലെ മഖ്‌ദുംപുര ബ്ലോക്കിലുള്ള കാലനൗർ ഗ്രാമത്തിൽ വികാസ്മിത്രയായി ജോലിചെയ്യുന്ന 42 വയസ്സുള്ള അജിത് കുമാർ മാഞ്ചി പറയുന്നു. മൂന്ന് ആൺ‌മക്കളും ഒരു മകളുമാണ് അജിത്തിനുള്ളത്.

ചിലപ്പോൾ ഈ പ്രചാരണത്തിന് ഒരു തരംഗത്തിന്‍റെ സ്വഭാവവും കൈവരാറുണ്ട്. 2018-ൽ മാഞ്ചി രണ്ടുപേരെ ചേർത്തു. “ഞാൻ ഒരാളോട് സംസാരിക്കുകയായിരുന്നു. ഒറ്റയ്ക്ക് പോവില്ലെന്ന് അയാൾ തീർത്ത് പറഞ്ഞു. എല്ലാവരും കളിയാക്കുമത്രെ. അപ്പോൾ ഞാൻ അയാളുടെ അയൽക്കാരനേയും ഇതിന് പ്രേരിപ്പിച്ചു. അങ്ങിനെയാവുമ്പോൾ അവർക്കൊരു ധൈര്യം വരുമല്ലോ”.

പക്ഷേ ശസ്ത്രക്രിയ കഴിഞ്ഞിട്ട് 13 മാസം കഴിഞ്ഞിട്ടും ആ പുരുഷന്മാർക്ക് 3000 രൂപവെച്ച് കിട്ടിയില്ല. ചിലപ്പോൾ അങ്ങിനെ സംഭവിക്കാറുണ്ടെന്നും അപ്പോൾ ആളുകളെ പറഞ്ഞ് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്നും മാഞ്ചി പറയുന്നു. പൈസ അയയ്ക്കുന്നത് ബാങ്ക് അക്കൗണ്ടിലേക്കാണ്. എല്ലാ ആളുകൾക്കും ബാങ്ക് അക്കൗണ്ട് ഇല്ലതാനും. അപ്പോൾ ആ ജോലിയും വികാസ്മിത്രമാരുടെ ചുമലിലാവും. “ആർക്കെങ്കിലും ബാങ്ക് അക്കൗണ്ട് ഇല്ലെന്ന് പറഞ്ഞാൽ ഞാൻ പോയി അവർക്കുവേണ്ടി അക്കൗണ്ട് തുറക്കേണ്ടിവരും”, മാഞ്ചി പറഞ്ഞു. ഞാൻ സംസാരിച്ച വികാസ്മിത്രമാർ ഓരോരുത്തർക്കും മൂന്നോ നാലോ ആളുകളെ മാത്രമാണ് 2019 വർഷത്തിൽ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ചേർക്കാൻ സാധിച്ചത്.

Vikas Mitra Malati Kumar and Nandkishore Manjhi: 'We work as a team. I talk to the women, he talks to their husbands', she says
PHOTO • Amruta Byatnal

വികാസ്മിത്രമാരായ മാലതി കുമാറും നന്ദ്കിഷോർ മാഞ്ചിയും : ‘ഞങ്ങൾ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത് . ഞാൻ സ്ത്രീകളോടും , അദ്ദേഹം പുരുഷന്മാരോടും’, മാലതി പറഞ്ഞു .

വന്ധ്യംകരണത്തിന് ഒരാളെ പ്രേരിപ്പിക്കുമ്പോൾ അയാളുടെ ഭാര്യയേയും പറഞ്ഞ് ബോദ്ധ്യപ്പെടുത്തേണ്ടിവരും. മഖ്‌ദൂം ബ്ലോക്കിലെ കൊഹാര ഗ്രാമത്തിലെ വികാസ്മിത്രയാണ് മാലതി കുമാർ. “ഞങ്ങൾ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ഞാൻ സ്ത്രീകളോടും, അദ്ദേഹം പുരുഷന്മാരോടും സംസാരിക്കും”, അവർ പറഞ്ഞു.

“കൂടുതൽ കുട്ടികളുണ്ടായാൽ ഇപ്പോഴുള്ള കുട്ടികളെ എങ്ങിനെ നോക്കും? എന്ന് ഞാനവരോട് ചോദിക്കും” നന്ദ്കിഷോർ മാഞ്ചി പറഞ്ഞു. മിക്കപ്പോഴും അയാളുടെ ഉപദേശങ്ങളെ തള്ളിക്കളയുകയാണ് ആളുകൾ ചെയ്യുക.

ആശ പ്രവർത്തകർ അവരുടെ ഭർത്താക്കന്മാരുടെ സഹായവും തേടാറുണ്ട്. “സ്ത്രീകൾ എന്ന നിലയ്ക്ക് ആണുങ്ങളുമായി സംസാരിക്കാൻ ബുദ്ധിമുട്ടാണ്. “എന്നോടെന്തിനാണ് ഇതിനെക്കുറിച്ചൊക്കെ സംസാരിക്കുന്നത്, എന്‍റെ ഭാര്യയോട് സംസാരിക്കൂ“ എന്നാണ് ചില പുരുഷന്മാർ പറയുക. അപ്പോൾ ഞാനെന്‍റെ ഭർത്താവിന്‍റെ സഹായം ചോദിക്കും”, നസ്രത്ത് ബന്നൊ പറഞ്ഞു.

കുടുംബാസൂത്രണത്തിൽ ‘പുരുഷന്മാരുടെ പങ്കാളിത്ത’മെന്നത്, വന്ധ്യംകരണത്തിന് പുരുഷന്മാരെ ചേർക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെന്നാണ് സ്ത്രീകളുടെ സംസാരത്തിൽനിന്ന് മനസ്സിലാവുക. ഒരു സംഭാഷണത്തിന്‍റെ തുടക്കം മാത്രമാണത്. എത്ര കുട്ടികൾ വേണം, ഏത് ഗർഭനിരോധനോപാധി സ്വീകരിക്കണം എന്നൊക്കെയുള്ള കാര്യത്തിൽ സ്ത്രീകൾക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം. “ഇതിന് ധാരാളം സമയമെടുക്കും. ഇത് ചെയ്താലുണ്ടാവുന്ന അനന്തരഫലത്തെക്കുറിച്ച് രണ്ടുപേരെയും പറഞ്ഞ് മനസ്സിലാക്കണം” 41 വയസ്സുള്ള നിഖാത് നാസ് എന്ന ആശ പ്രവർത്തക പറഞ്ഞു. മൂന്ന് കുട്ടികളുടെ അമ്മയായ അവർ അരാരിയ ജില്ലയിലെ രാംപുർ ഗ്രാമത്തിലാണ് താമസം.

വന്ധ്യംകരണം വിവാഹജീവിതത്തിലുണ്ടാക്കാനിടയുള്ള സാമൂഹിക പ്രത്യാഘാതത്തെക്കുറിച്ചുകൂടി ചിന്തിക്കേണ്ടിവരുമെന്ന് സ്ത്രീകൾ പറയുന്നു. ഒരു സ്ത്രീ തന്‍റെ നേരെ ചെരിപ്പൂരി ആക്രമിക്കാൻ വന്ന ആ പഴയ സംഭവം ഓർത്തുകൊണ്ട് നസ്രത്ത് പറഞ്ഞു: “വന്ധ്യംകരണം അവരുടെ ഭർത്താവിനെ പുനരുത്പാദനശേഷിയില്ലാത്തവനും തന്മൂലം സമൂഹത്തിന് മുന്നിൽ പരിഹാസ്യനുമാക്കുമെന്ന് ആ സ്ത്രീ ഭയന്നിരുന്നു. അങ്ങിനെവന്നാൽ അയാൾ തന്‍റെ നേരെ അക്രമാസക്തനാകുമെന്നും അവർ ഭയപ്പെട്ടിരുന്നു”

എന്നിട്ട് നസ്രത്ത് ചോദിക്കുന്നു: “സ്ത്രീകൾക്ക് അവരുടെ ജീവൻ നഷ്ടപ്പെടുമോ എന്നാണ് പേടി. പുരുഷന്മാർക്കാണെങ്കിൽ, പരിഹാസ്യരാകുമോ എന്നും”

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: രാജീവ് ചേലനാട്ട്

Amruta Byatnal

ਅਮੂਰਤਾ ਬਯਾਤਨਲ ਨਵੀਂ ਦਿੱਲੀ ਅਧਾਰਤ ਸੁਤੰਤਰ ਪੱਤਰਕਾਰ ਹਨ। ਉਨ੍ਹਾਂ ਦਾ ਕੰਮ ਸਿਹਤ, ਲਿੰਗ ਅਤੇ ਨਾਗਰਿਕਤਾ ਦੇ ਮਸਲਿਆਂ 'ਕੇਂਦਰਤ ਰਹਿੰਦਾ ਹੈ।

Other stories by Amruta Byatnal
Illustration : Priyanka Borar

ਪ੍ਰਿਯੰਗਾ ਬੋਰਾਰ ਨਵੇਂ ਮੀਡਿਆ ਦੀ ਇੱਕ ਕਲਾਕਾਰ ਹਨ ਜੋ ਅਰਥ ਅਤੇ ਪ੍ਰਗਟਾਵੇ ਦੇ ਨਵੇਂ ਰੂਪਾਂ ਦੀ ਖੋਜ ਕਰਨ ਲਈ ਤਕਨੀਕ ਦੇ ਨਾਲ਼ ਪ੍ਰਯੋਗ ਕਰ ਰਹੀ ਹਨ। ਉਹ ਸਿੱਖਣ ਅਤੇ ਖੇਡ ਲਈ ਤਜਰਬਿਆਂ ਨੂੰ ਡਿਜਾਇਨ ਕਰਦੀ ਹਨ, ਇੰਟਰੈਕਟਿਵ ਮੀਡਿਆ ਦੇ ਨਾਲ਼ ਹੱਥ ਅਜਮਾਉਂਦੀ ਹਨ ਅਤੇ ਰਵਾਇਤੀ ਕਲਮ ਅਤੇ ਕਾਗਜ਼ ਦੇ ਨਾਲ਼ ਵੀ ਸਹਿਜ ਮਹਿਸੂਸ ਕਰਦੀ ਹਨ।

Other stories by Priyanka Borar
Editor : Hutokshi Doctor
Series Editor : Sharmila Joshi

ਸ਼ਰਮਿਲਾ ਜੋਸ਼ੀ ਪੀਪਲਸ ਆਰਕਾਈਵ ਆਫ਼ ਰੂਰਲ ਇੰਡੀਆ ਦੀ ਸਾਬਕਾ ਸੰਪਾਦਕ ਹਨ ਅਤੇ ਕਦੇ ਕਦਾਈਂ ਲੇਖਣੀ ਅਤੇ ਪੜ੍ਹਾਉਣ ਦਾ ਕੰਮ ਵੀ ਕਰਦੀ ਹਨ।

Other stories by Sharmila Joshi
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat