കവാടത്തിൽവെച്ചവൻ പിടിക്കപ്പെട്ടു,
കവലയിൽവെച്ചവൻ കൊല്ലപ്പെട്ടു
തെരുവിൽ കലാപം
ഓ, ഹമിറിയോ ഇവിടെയില്ലല്ലോ
ഇതുവരെയും വന്നിട്ടില്ലല്ലോ
200 വർഷം പഴക്കമുണ്ട് ഈ പാട്ടിന്. ഹമീർ എന്നും ഹംലി എന്നും പേരായ രണ്ട് യുവപ്രണയിനികളുടെ കഥയാണ് വളരെ പ്രചാരമുള്ള ഈ കച്ച് നാടോടിക്കഥയുടെ പ്രമേയം. ഇരുവരുടേയും കുടുംബങ്ങൾ ആ ബന്ധത്തെ അംഗീകരിച്ചില്ലെങ്കിലും, ഭുജിലെ ഹമീസർ തടാകത്തിന്റെ തീരത്തുവെച്ച് അവർ രഹസ്യമായി കണ്ടുമുട്ടി. എന്നാലൊരു ദിവസം, ഹമീർ പ്രിയതമയെ കാണാൻ പോകുന്നത് ഒരു ബന്ധുവിന്റെ ശ്രദ്ധയിൽപ്പെട്ടു. അയാൾ രക്ഷപ്പെടാൻ നോക്കിയെങ്കിലും പിടിക്കപ്പെടുകയും പിന്നീടുണ്ടായ യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തു. ഒരിക്കലും തിരിച്ചുവരാത്ത കാമുകനുവേണ്ടി തടാകതീരത്ത് കാത്തിരിക്കുന്ന ഹംലിയുടെ പാട്ടാണിത്.
എന്തുകൊണ്ടാണ് കുടുംബം അംഗീകരിക്കാതിരുന്നത്?
കൊലപാതകത്തിന്റെ പിന്നിലുള്ള കാരണം ജാതിയായിരിക്കാമെന്നാണ് പാട്ടിന്റെ വരികൾ - റസുഡ എന്ന് പൊതുവെ അറിയപ്പെടുന്ന ശൈലിയിൽ എഴുതിയത് – സൂചിപ്പിക്കുന്നത്. എന്നാൽ, വിരഹത്തിൽ അകപ്പെട്ട ഏതൊരു സ്ത്രീയുടേയും ദു:ഖത്തെ ചിത്രീകരിക്കുക മാത്രമാണ് പാട്ട് ചെയ്യുന്നത് എന്നാണ് കച്ച് പണ്ഡിതന്മാരുടെ പക്ഷം. എന്നാൽ, പാട്ടിൽ പരാമർശിക്കുന്ന കവാടത്തെയും കവലയെയും, തുടർന്നുവരുന്ന കലാപത്തെയുമെല്ലാം അവർ അവഗണിക്കുകയാണ് ചെയ്യുന്നത്.
കച്ച് മഹിളാ വികാസ് സംഘടൻ (കെ.എം.വി.എസ്) ആരംഭിച്ച ശൂരവാണി എന്ന സാമൂഹിക റേഡിയോ പ്രക്ഷേപണം റിക്കാർഡുചെയ്ത 341 പാട്ടുകളിൽ ഒന്നാണിത്. കെ.എം.വി.എസിലൂടെ പാരിക്ക് കൈവന്ന ഈ ശേഖരം, പ്രദേശത്തിന്റെ സാംസ്കാരികവും ഭാഷാപരവും സംഗീതപരവുമായ സമ്പന്നമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നു. മണലാരണ്യത്തിലുടനീളം ആ വൈവിധ്യമാകട്ടെ, ഇന്ന്, ആ മണൽപ്രദേശങ്ങളിൽനിന്ന് ക്രമേണ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയുമാണ്.
കച്ചിലെ ഭച്ചാവ് താലൂക്കിലെ ഭാവ്നാ ഭിൽ ആണ് ഈ പാട്ട് ഇവിടെ പാടുന്നത്. മേഖലയിലെ വിവാഹാവസരങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന കലാരൂപമാന് റസുഡ എന്ന ഈ നാടോടികലാരൂപം. ഈ കച്ചി നാടോടിനൃത്തത്തിൽ, ധോൽ വാദകന്റെ ചുറ്റുംനിന്ന് സ്ത്രീകൾ പാട്ടിനോടൊപ്പം തിരിഞ്ഞുകൊണ്ടേയിരിക്കും. ഒരു പെൺകുട്ടി വിവാഹിതയാവുമ്പോൾ, അതിനാവശ്യമായ ആഭരണങ്ങൾ വാങ്ങേണ്ടിവരുന്ന കുടുംബം ഭീമമായ കടത്തിലകപ്പെടുന്നു. ഹമീരിയോ കൊല്ലപ്പെട്ടതോടെ, ഈ ആഭരണങ്ങൾ ധരിക്കാനുള്ള അവകാശം ഹംലിക്ക് നഷ്ടമായി. അവളുടെ വിരഹത്തെക്കുറിച്ചും കടബാധ്യതയെക്കുറിച്ചുമുള്ളതാണ് ഈ പാട്ട്.
કરછી
હમીરસર તળાવે પાણી હાલી છોરી હામલી
પાળે ચડીને વાટ જોતી હમીરિયો છોરો હજી રે ન આયો
ઝાંપલે જલાણો છોરો શેરીએ મારાણો
આંગણામાં હેલી હેલી થાય રે હમીરિયો છોરો હજી રે ન આયો
પગ કેડા કડલા લઇ ગયો છોરો હમિરીયો
કાભીયો (પગના ઝાંઝર) મારી વ્યાજડામાં ડોલે હમીરિયો છોરો હજી રે ન આયો
ડોક કેડો હારલો (ગળા પહેરવાનો હાર) મારો લઇ ગયો છોરો હમિરીયો
હાંસડી (ગળા પહેરવાનો હારલો) મારી વ્યાજડામાં ડોલે હમીરિયો છોરો હજી રે ન આયો
નાક કેડી નથડી (નાકનો હીરો) મારી લઇ ગયો છોરો હમિરીયો
ટીલડી મારી વ્યાજડામાં ડોલે હમીરિયો છોરો હજી રે ન આયો
હમીરસર તળાવે પાણી હાલી છોરી હામલી
પાળે ચડીને વાટ જોતી હમીરિયો છોરો હજી રે ન આયો
മലയാളം
ഹമീസർ തടാകക്കരയിൽ
കാത്തുനിന്നൂ, അവൾ
ഹംലി
കാത്തുനിന്നു
തീരത്തെ കല്പടവിൽ
കയറിനിന്നവൾ
പ്രിയനെ, ഹമിറിയോയെ
കാത്തുനിന്നു,
എത്തിയില്ലല്ലോ അവനിതുവരെയും,
ഓ, അവനെത്തിയില്ലല്ലോ
കവാടത്തിൽവെച്ചവൻ
പിടിക്കപ്പെട്ടു,
കവലയിൽവെച്ചവൻ
കൊല്ലപ്പെട്ടു
തെരുവിലാകെ കലാപം
ഓ, ഹമിറിയോ
ഇവിടെയില്ലല്ലോ
ഇതുവരെയും വന്നിട്ടില്ലല്ലോ
ഹമിറിയോ, അവനെന്റെ
കടല
കൊണ്ടുപോയി
അവനെന്റെ പാദസരങ്ങൾ
കൊണ്ടുപോയി
പാദസരങ്ങൾ നൃത്തംവെക്കുന്നു
ഞാൻ കടത്തിലായല്ലോ
ഓ, ഹമിറിയോ
ഇവിടെയില്ലല്ലോ
ഇതുവരെയും വന്നിട്ടില്ലല്ലോ
ഹമിറിയോ, അവനെന്റെ
നെൿലസ് കൊണ്ടുപോയി,
എന്റെ മാല
നൃത്തം ചെയ്യുന്നു
ഞാൻ കടത്തിലായല്ലോ
ഓ, ഹമിറിയോ
ഇവിടെയില്ലല്ലോ
ഇതുവരെയും വന്നിട്ടില്ലല്ലോ
അവനെന്റെ മൂക്കുത്തിയും
കൊണ്ടുപോയി
എന്റെ തിലകവും
കൊണ്ടുപോയി
എന്റെ തിലകം
നൃത്തം ചെയ്യുന്നു
ഞാൻ കടത്തിലായല്ലോ
ഓ, ഹമിറിയോ
ഇവിടെയില്ലല്ലോ
ഇതുവരെയും വന്നിട്ടില്ലല്ലോ
ഹമീസർ തടാകക്കരയിൽ
കാത്തുനിന്നൂ, അവൾ
ഹംലി
കാത്തുനിന്നു
തീരത്തെ കല്പടവിൽ
കയറിനിന്നവൾ
പ്രിയനെ, ഹമിറിയോയെ
കാത്തുനിന്നു,
പാട്ടുശൈലി : പരമ്പരാഗത നാടൻപാട്ട്
ഗണം : പ്രണയം, നഷ്ടം, വിരഹം
പാട്ട് : 2
പാട്ടിന്റെ ശീർഷകം : ഹമിസർ തലാവെ പാനി ഹാലി ചോരി ഹമാലി
സംഗീതം : ദേവൽ മേത്ത
ഗായകൻ : ഭചാവ് താലൂക്കിലെ ചംപാർ ഗ്രാമത്തിലെ ഭാവ്നാ ഭിൽ
സംഗീതോപകരണങ്ങൾ : ഹാർമ്മോണിയം, ഡ്രം.
റിക്കാർഡിംഗ് വർഷാം : 2005, കെ.എം.വി.എസ് സ്റ്റുഡിയോ
ഗുജറാത്തി പരിഭാഷ : അമദ് സമേജ, ഭാരതി ഗോർ
പ്രീതി സോണി, കെ.എം.വി.എസിന്റെ സെക്രട്ടറി അരുണ ധോലാക്കിയ, കെ.എം.വി.എസിന്റെ പ്രോജക്ട് കോഓർഡിനേറ്റർ അമദ് സമേജ എന്നിവരുടെ പിന്തുണയ്ക്കും, ഗുജറാത്തി പരിഭാഷ തയ്യാറാക്കാൻ സഹായിച്ച ഭാർതിബെൻ ഗോറിനും പ്രത്യേക നന്ദി
പരിഭാഷ: രാജീവ് ചേലനാട്ട്