ബാംബ്ദഫൈസ തെരുവ് മുഴുവൻ നഹകുൽ പണ്ഡോക്കുവേണ്ടി ഓടുണ്ടാക്കാനായി സഹായത്തിനിറങ്ങി. ഇത് ഐക്യദാർഢ്യത്തിന്‍റെ ഒരു കാഴ്ചയായിരുന്നു. അവിടെ കൂട്ടമായി ഓടുണ്ടാക്കുന്നവർ സൗജന്യമായി – വീട്ടിലുണ്ടാക്കിയ വീഞ്ഞ് ചെറിയ അളവിൽ അവിടെയുണ്ടായിരുന്നവർക്ക് നഹകുൽ കൈമാറിക്കൊണ്ടിരുന്നത് ഒഴിവാക്കിയാൽ - പ്രവർത്തിച്ച് ഒരു സമൂഹ്യയത്നം നടത്തുകയായിരുന്നു.
പക്ഷെ എന്തിനായിരുന്നു ഈ മേൽക്കൂരയ്ക്കുവേണ്ടി അവർ ഓടുണ്ടാക്കിക്കൊണ്ടിരുന്നത്? ആദ്യം അവിടെയുണ്ടായിരുന്ന ഓട് എങ്ങനെയാണ് അദ്ദേഹത്തിന് നഷ്ടപ്പെട്ടത്? അദ്ദേഹത്തിന്‍റെ വീട്ടിലേക്കുള്ള നോട്ടത്തിൽ കാണുന്നത് പ്രധാന കെട്ടിടത്തിന്‍റെ വലിയൊരു ഭാഗത്ത് ഒന്നുമില്ലെന്നുള്ളതാണ് – ഓടുകളെല്ലാം നഷ്ടപ്പെട്ടതായി കാണാം.
"ഇതൊരു സർക്കാർ വായ്പയായിരുന്നു”, ക്ഷീണിതനായി അദ്ദേഹം പറഞ്ഞു. "ഞാൻ 4,800 രൂപ വായ്പയെടുത്ത് രണ്ടു പശുക്കളെ വാങ്ങി.” ഔദ്യോഗിക പദ്ധതി – ‘മൃദു വായ്പകൾ’ - തുകയുടെ പ്രധാനഭാഗം അതായിരുന്നു. അവ സബ്സിഡി ഘടകം, കുറഞ്ഞ പലിശ വായ്പഘടകം എന്നിവയും ചേർന്നതായിരുന്നു – നിങ്ങൾ പശുക്കളെ വാങ്ങുകയാണെങ്കിൽ. 1994-ൽ സർഗുജയുടെ ഈ ഭാഗത്ത് ആ തുകയ്ക്ക് നിങ്ങൾക്ക് രണ്ടു പശുക്കളെ വാങ്ങാൻ കഴിയുമായിരുന്നു. (ജില്ല അന്ന് മദ്ധ്യപ്രദേശിന്‍റെ ഭാഗമായിരുന്നു, ഇന്ന് ചത്തീസ്ഗഢിന്‍റെ ഭാഗവും).
എന്തെങ്കിലും കടം വാങ്ങുക എന്നുള്ള ഒരു ഉദ്ദേശ്യം നഹകുലിന് യഥാർത്ഥത്തിൽ ഉണ്ടായിരുന്നില്ല. അദ്ദേഹമുൾപ്പെട്ട പണ്ഡൊ ആദിവാസി വിഭാഗത്തിലെ കുറച്ചധികം അംഗങ്ങൾ അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വായ്പയെടുക്കുന്ന കാര്യത്തിൽ ജാഗരൂകരായിരുന്നു. ഭൂമി നഷ്ടപ്പെടുന്നത് പോലെയുള്ള അനുഭവങ്ങൾ അവർക്കുണ്ടായിട്ടുണ്ട്. പക്ഷെ ഇത് സർക്കാർ വായ്പ ആയിരുന്നു. ആദിവാസികളുടെ മാത്രം നേട്ടത്തിനുവേണ്ടി പ്രാദേശിക ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നത്. അതിനർത്ഥം ഇത് സ്വീകരിച്ചാൽ വലിയ കുഴപ്പമില്ലെന്നും. ആ സമയത്ത് ഇതൊരു നല്ല ആശയമായിരുന്നു.
"പക്ഷെ എനിക്കത് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല”, നഹകുൽ പറഞ്ഞു. പണ്ഡോകൾ വളരെ ദരിദ്രരാണ്. 'പത്യേകിച്ച് ദുർബലരായ ആദിവാസി വിഭാഗങ്ങളി’ലാണ് (Particularly Vulnerable Tribal Group) അവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. അവരുടെ പൊതു അവസ്ഥയ്ക്ക് നഹകുൽ ഒരു അപവാദമല്ല.



