ക്ലാസ്സിലെ ഒരേയൊരു വിദ്യാർത്ഥിയാണെന്ന യാഥാര്‍ത്ഥ്യവുമായി ഔചിത് മ്ഹാത്രെ പൊരുത്തപ്പെട്ടിരുന്നു. പക്ഷെ, അവസാനം സ്ക്കൂളിലവശേഷിച്ച ഒരേയൊരു വിദ്യാർത്ഥിയാകുന്നത് അവന് പുതിയൊരനുഭവമായിരുന്നു.
മഹാമാരിയെ തുടർന്ന് അടച്ചിട്ടതിനു ശേഷം കഴിഞ്ഞവർഷം ഒക്ടോബർ 4-ന് രാവിലെ ഏകദേശം 11 മണിയോടുകൂടി ഔചിത് ക്ലാസ്സ്മുറിയിലേക്ക് കയറിയപ്പോൾ അതാണ് സംഭവിച്ചത്. സ്ക്കൂളിലെ മൂന്ന് മുറികളും ശൂന്യമായിരുന്നു. മഹാത്മാ ഗാന്ധിയുടെ ഫ്രയിം ചെയ്തുവച്ച ചിത്രം സ്ഥാപിച്ചിരുന്ന ഒരു കസേരയ്ക്കരികിൽ ഒരദ്ധ്യാപകൻ മാത്രം അവനുവേണ്ടി കാത്തിരുന്നു.
2015-ൽ ഏതാണ്ട് 6 വയസ്സുള്ളപ്പോൾ 1-ാം ക്ലാസ്സിൽ ചേർന്നതു മുതൽ അവന് സഹപാഠികൾ ആരുമുണ്ടായിരുന്നില്ല. “ഫക്ത് മീച്ച് ഹോതോ [ഞാൻ മാത്രമേ അവിടുണ്ടായിരുന്നുള്ളൂ]”, അവൻ പറഞ്ഞു. സ്ക്കൂളിൽ അവസാനം ചേർന്നതും അവൻ തന്നെയായിരുന്നു. ഏകദേശം 25 വിദ്യാർത്ഥികൾ അന്നുമുണ്ടായിരുന്നു. ഘാരാപുരി ഗ്രാമത്തിലെ മൂന്ന് സ്ഥലങ്ങളിൽ (മൊരാബന്ദർ, രാജ്ബന്ദർ, ശേത്ബന്ദർ) നിന്നാണ് അവർ വന്നിരുന്നത്. ഏതാണ്ട് 1,100 ആളുകൾ ഇവിടെ വസിക്കുന്നു. മഹാരാഷ്ട്രയിലെ റായ്‌ഗഢ് ജില്ലയിലെ എലിഫന്‍റ ഗുഹകൾക്ക് പേര് കേട്ട പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഘാരാപുരി ദ്വീപ്. ദക്ഷിണ മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇൻഡ്യയിൽ നിന്നും ഒരുമണിക്കൂർ ബോട്ട് യാത്ര മതി അവിടെയെത്താൻ.
1 മുതൽ 7 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്ന ഔചിത്തിന്‍റെ സിലാ പരിഷദ് (സെഡ്.പി.) സ്ക്കൂളിൽ ഒരു ദശകത്തിനു മുൻപ് 55-60 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. വർഷങ്ങൾ കടന്നുപോയതോടെ കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി. 2019 ആയപ്പോൾ 13 വിദ്യാർത്ഥികൾ മാത്രമാണ് അവശേഷിച്ചത്. 2020 മാർച്ച് ആയപ്പോൾ ഇത് ഏഴായി കുറഞ്ഞു. 2020-21 അദ്ധ്യയന വർഷത്തിൽ 3 പേർ 7-ാം ക്ലാസ്സ് പൂർത്തിയാക്കുകയും 2 പേർ സ്ക്കൂൾ വിടുകയും ചെയ്തതോടെ രണ്ടുപേർ മാത്രം അവശേഷിച്ചു. 6-ാം ക്ലാസ്സിൽ ഔചിതും 7-ാം ക്ലാസ്സിൽ ഗൗരി മ്ഹാത്രെയും. “വേണ്ടരീതിയിൽ ഇവിടെ പഠനം നടക്കുന്നുണ്ടായിരുന്നില്ല, അതുകൊണ്ടാണ് എല്ലാവരും പോകാൻ തുടങ്ങിയത്”, അവൾ പറഞ്ഞു.


















