നവജാത ശിശുക്കൾക്ക് പേരിടാൻ ഞങ്ങൾ ആദിവാസികൾക്ക് തനതായ രീതികളുണ്ട്. പുഴകൾ, കാടുകൾ, ഭൂമി, ആഴ്ചയിലെ ദിവസം, സവിശേഷമായ തീയ്യതികൾ, ചിലപ്പോൾ പൂർവ്വികർ, ഇവരിൽനിന്നൊക്കെ ഞങ്ങൾ കടമെടുക്കാറുണ്ട്. എന്നാൽ കാലക്രമേണ, സ്വന്തമായ നിലയ്ക്ക് പേരിടാനുള്ള അവകാശം ഞങ്ങളിൽനിന്ന് അപഹരിക്കപ്പെട്ടു. സംഘടിത മതങ്ങളും പരിവർത്തനങ്ങളുമാണ് തനതായ ഈ അവകാശങ്ങൾ ഇല്ലാതാക്കിയത്. ഞങ്ങളുടെ പേരുകൾ മാറാനും പുതിയ പേരുകൾ ഞങ്ങൾക്ക് ചാർത്തിത്തരാനും തുടങ്ങി. ആദിവാസികൾ നഗരത്തിലെ ആധുനിക സ്കൂളുകളിൽ ചേർന്നപ്പോൾ, സംഘടിത മതങ്ങൾ ഞങ്ങളുടെ പേരുകളും മാറ്റി. അവർ നിർബന്ധപൂർവ്വം മാറ്റിയ പേരുകളിലുള്ള സർട്ടിഫിക്കറ്റുകളായിരുന്നു ഞങ്ങൾക്ക് കിട്ടിയത്. ഈവിധത്തിലാണ് ഞങ്ങളുടെ ഭാഷയും, പേരുകളും, സംസ്കാരവും ചരിത്രവും കൊലചെയ്യപ്പെട്ടത്. പേരിടുന്നതിൽ ഒരു ഗൂഢാലോചനയുണ്ട്. ഞങ്ങളുടെ വേരുകളും ചരിത്രവുമായി ബന്ധമുള്ള ആ ഭൂമിയുടെ അന്വേഷണത്തിലാണ് ഇന്ന് ഞങ്ങൾ. ഞങ്ങളുടെ അസ്തിത്വവുമായി ബന്ധമുള്ള ആ ദിവസങ്ങളും തീയ്യതികളും അന്വേഷിക്കുകയാണ് ഞങ്ങളിന്ന്.
ആരുടെ പേരാണിത്?
ഞാൻ ജനിച്ചത് സോമവാരമാണ്, തിങ്കളാഴ്ച
അതിനാൽ, എന്റെ പേർ സോമ്ര എന്നാണ്
ഞാൻ ജനിച്ചത് മംഗൾവാരത്തിലായിരുന്നു, ചൊവ്വാഴ്ച
അതിനാൽ എന്റെ പേർ മംഗൾ എന്നോ,
മംഗർ എന്നോ, മംഗര എന്നോ ആണ്
ബൃഹസ്പ്തവാരത്തിലായിരുന്നു എന്റെ ജനനം, വ്യാഴാഴ്ച
അതുകൊണ്ടാണ് എന്നെ ബിർസ എന്ന് വിളിച്ചത്
ആഴ്ചയിലെ ദിവസങ്ങളെപ്പോലെ
സമയത്തിന്റെ നെഞ്ചിൽ ഞാൻ ചവുട്ടിനിന്നു,
പക്ഷേ അവർ വന്ന് എന്റെ പേര് മാറ്റി
എന്നെ അടയാളപ്പെടുത്തിയ
ആ ദിവസങ്ങളും തീയ്യതികളും അവർ തകർത്തു
ഇന്ന് ഞാൻ രമേശോ, നരേശോ, മഹേഷോ ആണ്
അല്ലെങ്കിൽ, ആൽബർട്ടോ, ഗിൽബർട്ടോ, ആൽഫ്രഡോ
ആ ഓരോ നാടുകളിലേയും പേരുകളാണ് ഇന്നെനിക്ക്
എന്നെ സൃഷ്ടിക്കാത്ത മണ്ണുള്ള നാടുകളുടെ
എന്റെ ചരിത്രമല്ലാത്ത ചരിത്രമുള്ള നാടുകളുടെ
അവരുടെ ചരിത്രത്തിൽ ഞാൻ
എന്റെ ചരിത്രം അന്വേഷിക്കുന്നു,
ഒടുവിൽ ഞാൻ കണ്ടെത്തുന്നു
ആ ഓരോ നാടുകളിലേയും
ഓരോ മൂലയിലും കൊല്ലപ്പെടുന്നത് ഞാനാണ്
ഓരോ കൊലയ്ക്കും മനോഹരമായ ഒരു പേരുണ്ട്
പരിഭാഷ: രാജീവ് ചേലനാട്ട്