എൻറെ ഒപ്പം ധാരാളം സമയം ചിലവിട്ട തമിഴ്‌നാട്ടിലെ ഭിന്നലിംഗ സമൂഹത്തിലെ അംഗങ്ങൾ തങ്ങളെ 'അറവാണി' എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ, ആ സമൂഹത്തിലെ അനേകംപേർ ഈ പേര് തള്ളിക്കളയുന്നു എന്നും, സ്വയം തിരുനങ്കൈ എന്നാണു വിളിക്കുന്നത് എന്നും വളരെ പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്. എന്നിട്ടും, അവരോടുള്ള ആദരവോടുകൂടി, ഞാൻ സംസാരിച്ചവർ അവരെത്തന്നെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച പദം ഞാൻ ഈ ലേഖനത്തിൽ നിലനിർത്തുകയാണ്.
"ഇത് ഞങ്ങളുടെ ഉത്സവമാണ്. ഇനിയുള്ള 10 ദിവസങ്ങൾ, ഞങ്ങൾ വ്യത്യസ്തമായൊരു ജീവിതം നയിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ ഒരുമോഹനിദ്രയിലായിരുന്നു, അതിൽ നിന്നും പുറത്തുകടക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല," ജയമാല പറഞ്ഞു. 2014-ൽ വില്ലുപുരം ജില്ലയിലെ കൂവഗംഗ്രാമത്തിൽ ഞാൻ കണ്ടുമുട്ടിയ 26 വയസ്സുള്ള അറവാണിയാണ് അവർ. (തമിഴ്നാട്ടിൽ ഭിന്നലിംഗത്തിലുള്ള വനിതയെ അറവാണി എന്നാണ് വിളിക്കുന്നത്). വർഷത്തിലൊരിക്കൽ, തമിഴ്പഞ്ചാംഗപ്രകാരം ചിത്തിര മാസത്തിൽ (ഏപ്രിൽ- മെയ് മാസങ്ങളിൽ) 18-ദിവസം നീണ്ടുനിൽക്കുന്ന കൂവഗം ഉത്സവത്തിൽ പങ്കുചേരാനാണ് ജയമാല ഇവിടെ എത്തിയിട്ടുള്ളത് .
സൗന്ദര്യപ്രദർശനം, സംഗീത-നൃത്തമത്സരങ്ങൾ, മറ്റുപരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ നിന്ന് നിരവധി ഭിന്നലിംഗക്കാർ കൂവഗത്ത് വരാറുണ്ട്. അറവാൻ സ്വാമിയുമായി "വിവാഹിതരാകാൻ" വേണ്ടിയാണു പലരും വരുന്നത്. മഹാഭാരതത്തിലെ ഒരുകഥയുടെ അവതരണമായിട്ടാണ്, കൂത്താണ്ടവർ (നാടൻഭാഷയിൽ അറവാൻ അറിയപ്പെടുന്നത് ) ക്ഷേത്രത്തിൽ ഈ "വിവാഹം" നടക്കുന്നത്.
ആ കഥയിങ്ങനെയാണ്: നാഗരാജകുമാരിയായ ഉലൂപിയിൽ അർജ്ജുനനുണ്ടായ മകൻ അറവാൻ, കൗരവൻമാരുമായുള്ള യുദ്ധത്തിൽ പാണ്ഡവൻമാർ വിജയിക്കാൻവേണ്ടി കാളീദേവിക്ക് സ്വയം ബലി കൊടുക്കാൻ തയ്യാറായി. വിവാഹം കഴിക്കണമെന്നായിരുന്നു അദ്ദേഹത്തിൻറെ അവസാന ആഗ്രഹം. എന്നാൽ, തൊട്ടടുത്ത പുലരിയിൽ ബലി കൊടുക്കപ്പെടുന്ന അറവാനെ വിവാഹം കഴിക്കാൻ ആരും തയ്യാറായില്ല. അതിനാൽ, കൃഷ്ണൻ മോഹിനീരൂപമെടുത്ത് അറവാനെ വിവാഹം ചെയ്‌തു, അടുത്ത ദിവസം രാവിലെ വിധവയാകാൻ വേണ്ടി മാത്രം.
കൂവഗം ഉത്സവത്തിൽ, അറവാണികൾ ഈ വിവാഹാനുഷ്ഠാനങ്ങളും ബലിദാനവും വൈധവ്യവും ആചരിക്കുന്നു. ഞാൻ അവിടെ എത്തുമ്പോൾ വിവാഹാഘോഷങ്ങൾ തുടങ്ങിയിരുന്നു. ക്ഷേത്രത്തിനകത്ത്, പുരോഹിതൻ ഓരോരോ അറവാണികൾക്കായി വിവാഹകർമങ്ങൾ നടത്തുന്നുണ്ടായിരുന്നു. പുറത്ത്, അറവാണികൾ നൃത്തം ചെയ്യുകയും പൂമാലകൾ, താലികൾ, വളകൾ എന്നിവ വാങ്ങുകയായിരുന്നു.
ബെംഗളൂരുവിൽനിന്നുള്ള ഒരു അറവാണി സംഘത്തെ ഞാൻ കണ്ടുമുട്ടി; അവരുടെ നേതാവ് പ്രജ്വല പറഞ്ഞു, "ഞാനിവിടെ 12 വർഷമായി വരുന്നു. ഈ സമൂഹത്തിൽ ഞങ്ങളെ പോലുള്ളവർക്ക് ജീവിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ, എന്നെങ്കിലും ഞങ്ങൾ സ്വീകരിക്കപ്പെടും എന്ന പ്രതീക്ഷ ഈ സ്ഥലം തരുന്നുണ്ട്. ഒരു ദേവൻറെ ഭാര്യയാകുന്നത് ഞങ്ങൾക്ക് കിട്ടുന്ന ഒരു അംഗീകാരമാണ്."
കൂവഗം ഉത്സവം ആഹ്ലാദം നിറഞ്ഞ പരിപാടിയാണെങ്കിലും, അതിനൊരു ഇരുണ്ടവശവുമുണ്ട്. ജനക്കൂട്ടത്തിനിടയിലെ പുരുഷൻമാരിൽ നിന്ന് നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും പോലീസുകാരിൽ നിന്നുള്ള അസഭ്യവർഷത്തെക്കുറിച്ചും അറവാണികൾ പറഞ്ഞു. ‘‘എങ്കിലും ഞാൻ ഇവിടെ വരും, വന്നുകൊണ്ടേയിരിക്കും", എന്നു പറഞ്ഞു കൊണ്ട് 37 വയസ്സുള്ള ഐവി എന്ന അറവാണി ജനക്കൂട്ടത്തിൽ മറഞ്ഞു. എല്ലാ കൊല്ലവും ഇവിടെ വരാൻ ഐവിയെ പ്രേരിപ്പിക്കുന്നത് എന്താണ്എന്ന്ചോദിക്കണമെന്നുണ്ടായിരുന്നു. ഉത്തരം സുവ്യക്തമാണ്. ഇത് അവരുടെ ഉത്സവമാണ്. അവരെ അവരായി സ്വീകരിക്കുന്ന ഇടം.
ഈ സചിത്രലേഖനത്തിൻറെ ഒരു ആദ്യപതിപ്പ് ഫോട്ടോഗ്രാഫറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
പരിഭാഷ: ജിഷ എലിസബത്ത്