രാവിലെ 6 മണിയായപ്പോഴേക്കും ശരണ്യ ബലരാമൻ, ഗുമ്മിടിപൂണ്ടിയിലെ തന്റെ വീട്ടിൽനിന്ന് പുറപ്പെട്ടുകഴിഞ്ഞു. ചെന്നൈക്കടുത്തുള്ള തിരുവള്ളുവർ ജില്ലയിലെ ഈ ചെറിയ പട്ടണത്തിലെ റെയിൽവേ സ്റ്റേഷനിൽനിന്ന് ആ അമ്മ, തന്റെ മൂന്ന് മക്കളുമായി വണ്ടി കയറി. രണ്ട് മണിക്കൂറുകൾക്കുശേഷം, 40 കിലോമീറ്റർ അകലെയുള്ള ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ അവരെത്തുന്നു. അവിടെനിന്ന് ആ അമ്മയും മക്കളും, വീണ്ടും മറ്റൊരു 10-12 കിലോമീറ്റർ ദൂരം, ഒരു പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുന്നു. സ്കൂളിലെത്താൻ.
വൈകീട്ട് 4 മണിക്ക് തിരിച്ചും ഇതേ യാത്ര. വീട്ടിലെത്തുമ്പോൾ സമയം 7 മണി.
ആഴ്ചയിൽ അഞ്ചുദിവസം, ഇതേ മട്ടിൽ, ദിവസവും 100 കിലോമീറ്റർ അവർ സഞ്ചരിക്കുന്നു. ശരണ്യയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ കാര്യമാണ്. അവർ അതിന്റെ കാരണവും വിശദീകരിക്കുന്നു: “വിവാഹത്തിന് മുമ്പ്, എവിടെനിന്ന് ബസ്സും, ട്രെയിനും കയറണം, എവിടെ ഇറങ്ങണം എന്നൊന്നും എനിക്കറിയില്ലായിരുന്നു”.

























