അതിരാവിലെ പണിപ്പെട്ട് തിരിഞ്ഞു കിടന്നുകൊണ്ട് സുനിതാ സാഹു ചോദിച്ചു, "കുട്ടികളെവിടെ?" കുട്ടികൾ ഉറങ്ങുകയാണെന്ന് സുനിതയുടെ ഭർത്താവ് ബോധ്റാം പറഞ്ഞു. അവർ നെടുവീർപ്പെട്ടു. അതവർക്ക് [സുനിതയ്ക്ക്] ഉറക്കമില്ലാത്ത ഒരു രാത്രിയായിരുന്നു. അത് ബോധ്റാമിനെ ദുഃഖിപ്പിച്ചു. അദ്ദേഹം അവരോട് നേരത്തെ എപ്പോഴും തമാശ പറയുമായിരുന്നു, എവിടെ കിടന്നും ഏതു സമയത്തും അവർക്ക് ഉറങ്ങാൻ പറ്റുമെന്ന്.
പക്ഷെ ഏപ്രിൽ 28-ന് രാത്രി ബോധ്റാമും സുനിത സാഹുവിന്‍റെ മൂന്ന് പുത്രന്മാരും (12 മുതൽ 20 വയസ്സ് വരെ പ്രായമുള്ളവർ) അവരുടെ അമ്മയുടെ കൈകളും കാലുകളും തലയും വയറും ചൂടുള്ള കടുകെണ്ണകൊണ്ട് തിരുമ്മുന്ന സമയത്ത് വേദനകൊണ്ടവർ ഞരങ്ങി. "എനിക്കെന്തോ സംഭവിക്കുന്നു”, അവർ അസ്പഷ്ടമായി ഉച്ചരിച്ചു – അന്നത്തെ പ്രഭാതത്തെക്കുറിച്ചുള്ള ബോധ്റാമിന്‍റെ ഓർമ്മകളാണിതെല്ലാം.
ലഖ്‌നൗ ജില്ലയിലെ ഖർഗാപൂർ ജാഗീറിലെ ഒരു കൊച്ചു കുടിലിലാണ് സാഹു കുടുബം താമസിക്കുന്നത്. ഛത്തീസ്ഗഢിലെ ബേമേത്തര ജില്ലയിലെ മാരോ ഗ്രാമത്തിൽ നിന്നുമാണ് രണ്ടു ദശകങ്ങൾക്കുമുമ്പ് ചിൻഹട് ബ്ലോക്കിലെ ഈ ഗ്രാമത്തിലേക്ക് അവർ എത്തിയത്. 42-കാരനായ ബോധ്റാം നിർമ്മാണ മേഖലയിൽ മേസ്തിരിയായി ജോലി നോക്കുന്നു. 39-കാരിയായ സുനിത വീട്ടമ്മയായിരുന്നു.
കോവിസ്-19 മഹാമാരി ഉത്തർപ്രദേശിനെ കടുത്ത രീതിയിൽ ബാധിച്ച സമയമായിരുന്നു ഏപ്രിൽ മാസം. ഏപ്രിൽ 24-ന് സംസ്ഥാനത്ത് 38,055 പേർക്കാണ് പുതുതായി രോഗബാധയുള്ളതായി രേഖപ്പെടുത്തിയത്. ഇത് എക്കാലത്തേയും ഉയർന്ന നിരക്കായിരുന്നു – എണ്ണം കുറച്ചാണ് സംസ്ഥാനം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്ന സന്ദേഹം നിലനില്‍ക്കുന്നുണ്ടെങ്കിൽപ്പോലും.
"നാല് മുതൽ അഞ്ചിരട്ടി വരെയായിരിക്കാം യഥാർത്ഥ എണ്ണം. റിപ്പോർട്ട് ചെയ്യപ്പെടുന്ന എണ്ണം കുറവാണ്, കാരണം ആളുകൾ അപമാനം ഭയപ്പെടുന്നു. യഥാർത്ഥ ചിത്രം ലഭിക്കുക വളരെ ബുദ്ധിമുട്ടാണ്”, ലഖ്‌നൗവിലെ റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ആർ.എം.എൽ.ഐ.എം.എസ്.) കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പിൽ അസിസ്റ്റന്‍റ് പ്രഫസറായ കുമാരി പറഞ്ഞു.
കൊറോണ വൈറസിന്‍റെ ലക്ഷണങ്ങളായ പനിയും ദേഹവേദനയും അതിസാരവും ഉണ്ടായിരുന്നെങ്കിൽപോലും സുനിതയ്ക്ക് കോവിഡ്-19 ഇല്ലെന്ന് സാഹുമാർക്ക് ഉറപ്പായിരുന്നു, എന്തുകൊണ്ടെന്നാൽ കുടുംബത്തിലെ ആർക്കും അതില്ലായിരുന്നു.












