"എല്ലാവരും ചെയ്യുന്നു. അതിനാൽ ഞങ്ങളും," വലിയ ഉറപ്പില്ലാതെ രൂപ പിരികാക പറഞ്ഞു.
ജനിതക മാറ്റം വരുത്തിയ ബിടി കോട്ടൺ പരുത്തിയുടെ കൃഷിയെക്കുറിച്ചാണ് പറയുന്നത്. ഇപ്പോൾ പ്രാദേശിക വിപണിയിലോ അല്ലെങ്കിൽ സ്വന്തം ഗ്രാമത്തിലോ വരെ അവ എളുപ്പത്തിൽ വാങ്ങാം. 'എല്ലാവരും' എന്ന് ഉദ്ദേശിച്ചത് അവരെപ്പോലെ തെക്കു പടിഞ്ഞാറൻ ഒഡീഷയിലെ റായഗഡ ജില്ലയിലെ അവരുടെ ഗ്രാമത്തിലും ആ പ്രദേശത്തെ മറ്റു ഗ്രാമങ്ങളിലും ഉള്ള എണ്ണമറ്റ മറ്റു കർഷകരെ ആണ്.
"അവർക്കു പണം കിട്ടുന്നുണ്ട്," പിരികാക പറയുന്നു.
40 വയസുള്ള പിരികാക കൊന്ധ് ആദിവാസിവിഭാഗത്തിലെ ഒരു കർഷകയാണ്. രണ്ടു പതിറ്റാണ്ടുകളിൽ അധികമായി എല്ലാ വർഷവും അവർ ഒരു കുന്നിൻചെരിവ്, മലമ്പ്രദേശത്തെ കൃഷി [മാറ്റക്കൃഷി] എന്ന് അർത്ഥംവരുന്ന 'ഡോൺഗർ ചാസ്' എന്ന കൃഷിക്കുവേണ്ടി ഒരുക്കും. ആ പ്രദേശത്തെ കൃഷിക്കാർ നൂറ്റാണ്ടുകളായി മിനുക്കിയെടുത്ത കൃഷിസമ്പ്രദായങ്ങൾ പാലിച്ചു കൊണ്ട് രൂപ മുൻവർഷങ്ങളിൽ തന്‍റെ കുടുംബത്തിന്‍റെ കൊയ്ത്തിൽ നിന്ന് ശേഖരിച്ച പാരമ്പര്യസ്വത്തായ വിത്തുകൾ കണ്ടങ്ങളിൽ ഇടകലർത്തി മാറി മാറി വിതയ്ക്കും. ഇതിൽ നിന്ന് വിവിധതരം ഭക്ഷ്യവിളകൾ ലഭിക്കും: മാണ്ഡ്യ [റാഗി], കാംഗു [തിന] എന്ന പുല്ല് വർഗ്ഗങ്ങൾ, തുവര, ഉഴുന്ന് മുതലായ പയർവർഗ്ഗങ്ങൾ, കൂടാതെ അച്ചിങ്ങ പയർ, നൈജർ സീഡ് [റാം തിൽ], എള്ള് മുതലായവയുടെ പരമ്പരാഗത ഇനങ്ങളും.
ഈ ജൂലൈയിൽ പിരികാക ആദ്യമായി ജനിതക മാറ്റം വരുത്തിയ പരുത്തിയിലേക്ക് ചുവടുമാറി. ബിഷാമാകട്ടക് ബ്ലോക്കിലെ തന്‍റെ ഗ്രാമത്തിലെ ഒരു കുന്നിൻ ചെരുവിൽ കടും ഇളം ചുവപ്പു നിറത്തിലുള്ള രാസപദാർത്ഥത്തിൽ മുക്കിയ വിത്തുകൾ വിതക്കുമ്പോളാണ് ഞങ്ങൾ അവരെ കണ്ടത്. ആദിവാസികളുടെ മാറ്റക്കൃഷി രീതികളിലേക്ക് പരുത്തിയുടെ അസാധാരണ നുഴഞ്ഞുകയറ്റം, ഞങ്ങളെ ഈ ചുവടുമാറ്റത്തെക്കുറിച്ചു അവരോട് ആരായാൻ പ്രേരിപ്പിച്ചു.
"മഞ്ഞൾ പോലുള്ള മറ്റുവിളകളും പണം തരും," പിരികാക സമ്മതിക്കുന്നു. "എന്നാൽ ആരും അത് ചെയ്യുന്നില്ല. എല്ലാവരും മാണ്ഡ്യ [റാഗി] ഉപേക്ഷിച്ച്...പരുത്തിക്ക് പുറകെ പോവുകയാണ്."
കഷ്ടിച്ച് 16 വർഷങ്ങൾക്കുള്ളിൽ റായഗഡ ജില്ലയിലെ പരുത്തി കൃഷിയുടെ വ്യാപ്തി 5,200 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം 2002-03-ൽ കേവലം 1,631 ഏക്കറിലായിരുന്നു പരുത്തി കൃഷി ചെയ്തിരുന്നത്. ജില്ലാ കൃഷി കാര്യാലയത്തിന്‍റെ കണക്കിൽ 2018-19-ൽ അത് 86,907 ഏക്കറായി.
പത്ത് ലക്ഷത്തിനടുത്ത് ജനങ്ങളുള്ള റായഗഡ ലോകത്തിലെ മഹത്തായ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളില്ലൊന്നായ കോരാപുട്ട് മേഖലയുടെ ഭാഗമാണ്. ഈ പ്രദേശം ചരിത്രപരമായി നെല്ല് വൈവിധ്യത്തിന് പ്രധാനമാണ്. ഇവിടെ 1,700-ലധികം നെല്ലിനങ്ങൾ ഉണ്ടെന്നായിരുന്നു കേന്ദ്ര നെല്ല് ഗവേഷണ സ്ഥാപനത്തിന്‍റെ 1959-ലെ നിരീക്ഷണം കണ്ടെത്തിയത്. അതിപ്പോൾ ഏകദേശം 200 ആയി കുറഞ്ഞു. ഇവിടമാണ് നെല്ല് കൃഷിയുടെ ജന്മനാട് എന്ന് ചില ഗവേഷകർ വിശ്വസിക്കുന്നു.








