എഴിൽ അണ്ണയുടെ ഓർമ്മകൾ എന്നെ മുറുകെപ്പിടിച്ച് ഒരു മാന്ത്രികശക്തിയാലെന്നപോലെ കൊണ്ടുപോവുന്നു. പാട്ടുപാടുന്ന നിഴലുകൾ നിറഞ്ഞ ഒരു വർണ്ണാഭമായ വനത്തിലൂടെ, ഉന്നതശീർഷരും നൃത്തംവെക്കുന്നവയുമായ മരങ്ങളിലൂടെ, നാടോടി രാജാക്കന്മാരുടെ കഥകളിലൂടെ ഒരു മലയുടെ മുകളിലേക്ക് കൊണ്ടുപോകുന്നു. അവിടെനിന്ന് നോക്കിയാൽ കാണുന്ന ലോകം സ്വപ്നസമാനമാണ്. പെട്ടെന്ന് അണ്ണൻ എന്നെ നിശയുടെ തണുത്ത കാറ്റിലേക്ക്, നക്ഷത്രങ്ങൾക്കിടയിലൂടെ എറിയുന്നു. ഞാൻ മണ്ണായിത്തീരുംവരെ നിലത്തേക്കമർത്തുന്നു.

മണ്ണുകൊണ്ട് നിർമ്മിക്കപ്പെട്ടവനായിരുന്നു അയാൾ. അയാളുടെ ജീവിതം അങ്ങിനെയായിരുന്നു, ഒരു വിദൂഷകൻ, ഒരു അദ്ധ്യാപകൻ, ഒരു കുട്ടി, ഒരു അഭിനേതാവ്, മണ്ണുപോലെ വഴങ്ങുന്ന ഒരാൾ. ഏഴിൽ അണ്ണൻ, എന്നെ മണ്ണിൽനിന്ന് സൃഷ്ടിച്ചു.

അയാൾ കുട്ടികളോട് പറഞ്ഞ കഥകൾ കേട്ട് ഞാൻ വളർന്നു. പക്ഷേ ഇന്നെനിക്ക് ആ കഥ പറഞ്ഞേ തീരൂ. ആ മനുഷ്യനും ഫോട്ടോഗ്രാഫുകൾക്കും പിന്നിലെ കഥ. അഞ്ചുവർഷത്തിലേറെയായി എന്റെ ഉള്ളിൽ ജീവിക്കുന്ന ആ കഥ.

*****

ആർ. എഴിലരശൻ വിദൂഷകന്മാരുടെ രാജാവായിരുന്നു, ചാടിക്കൊണ്ടിരിക്കുന്ന ഒരു മൂഷികൻ, അല്പം പരിഭവിച്ച ഒരു വർണ്ണക്കിളി, അത്ര ദുഷ്ടനല്ലാത്ത ഒരു ചെന്നായ, ചുറ്റിനടക്കുന്ന ഒരു സിംഹം. ആ ദിവസം പറയുന്ന കഥകളെ ആശ്രയിച്ചിരിക്കും അതൊക്കെ. തോളിൽ തൂക്കിയ പച്ചനിറമുള്ള ഒരു സഞ്ചിയിൽ ആ കഥകളൊക്കെയിട്ട്, 30 വർഷമായി, തമിഴ്നാട്ടിലെ പട്ടണങ്ങളിലൂടെയും കാടുകളിലൂടെയും അലയുകയാണ് അയാൾ.

വർഷം 2018. നാഗപട്ടിണത്തെ ഒരു സർക്കാർ സ്കൂൾ കാമ്പസ്സിലായിരുന്നു ഞങ്ങൾ. ഗജ ചുഴലിക്കാറ്റിൽ കടപുഴങ്ങിവീണ മരങ്ങളിൽനിന്ന് മുറിച്ചെടുത്ത തടികൾ കുന്നുകൂടിക്കിടന്ന സ്കൂൾ കാമ്പസ്സ് ഒരു അനാഥമായ തടിമില്ലുപോലെ തോന്നിച്ചു. എന്നാൽ തമിഴ്നാട്ടിലെ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച ജില്ലയിലെ ഈ വിജനവും തകർന്നടിഞ്ഞതുമായ കാമ്പസ്സിന്റെ ഒരറ്റത്തുനിന്ന് കുട്ടികളുടെ പൊട്ടിച്ചിരികൾ ഉയരുന്നുണ്ടായിരുന്നു.

“നോക്ക്, കോമാളി വന്നു, അതെ, കോമാളി വരുന്നു, നോക്ക്.”

PHOTO • M. Palani Kumar

കുട്ടികളെക്കൊണ്ട് നാടകം കളിപ്പിക്കുന്നതിനുമുൻപ്, അവരുടെ താത്പര്യങ്ങളെക്കുറിച്ച് ചോദിച്ചറിയുന്ന എഴിൽ അണ്ണൻ, കുട്ടികളൊടൊപ്പം

PHOTO • M. Palani Kumar

2018- ലെ ഗജ ചുഴലിക്കാറ്റിനുശേഷം, നാഗപട്ടിണത്ത് സംഘടിപ്പിച്ച കലാക്യാമ്പിൽ എഴിൽ അണ്ണൻ കുട്ടികളേയും അവരുടെ കളിചിരികളേയും ക്ലാസ്സുമുറികളിലേക്ക് കൊണ്ടുവന്നു

വെള്ളയും മഞ്ഞയും നിറമടിച്ച മുഖം, മൂക്കിൻ‌തുമ്പത്തും ഇരുകവിളുകളിലുമായി ഓരോ ചുവന്ന പൊട്ടുകൾ, ആകാശനീലയുടെ നിറമുള്ള പ്ലാസ്റ്റിക് ബാഗ്, തലയിൽ ഒരു കോമാളിത്തൊപ്പി, ചുണ്ടിൽ ഒരു തമാശപ്പാട്ട്, അശ്രദ്ധമായി താളം പിടിക്കുന്ന കൈകാലുകൾ - ഒരു ചിരിക്കുടുക്കപോലെ തോന്നി അയാൾ. പതിവുള്ള ഒച്ചയും ബഹളവുമായിരുന്നു. ജവധു മലകളിലെ ചെറിയ സർക്കാർ സ്കൂളായാലും, ചെന്നൈയിലെ ആഡംബര സ്വകാര്യസ്കൂളായാലും, ആദിവാസിക്കുട്ടികൾക്ക് വേണ്ടിയുള്ള സത്യമംഗലം കാട്ടിലെ വിദൂര വിദ്യാലയമായാലും, ഭിന്നശേഷിക്കുട്ടികൾക്കായുള്ള സ്കൂളായാലും ശരി, ഇങ്ങനെയാണ് എഴിൽ അണ്ണന്റെ കലാ ക്യാമ്പുകൾ ആരംഭിച്ചിരുന്നത്. അണ്ണൻ ഒരു പാട്ടിൽ തുടങ്ങും, ഒരു ചെറിയ നാടകവും. കുട്ടികൾ അവരുടെ നാണവും മടിയുമൊക്കെ മാറ്റി, ചിരിക്കാനും പാട്ടുപാ‍ടാനും കളിക്കാനും തുടങ്ങുകയായി.

സ്കൂളിലെ സൌകര്യങ്ങളൊന്നും, പരിശീലനം ലഭിച്ച കലാകാരനായ അണ്ണനെ അലട്ടിയതേയില്ല. അയാളൊന്നും പ്രത്യേകമായി ആവശ്യപ്പെടില്ല. താമസിക്കാൻ സൌകര്യങ്ങളോ ഉപകരണങ്ങളോ ഒന്നും. വൈദ്യുതിയും, വെള്ളവും, ഭംഗിയുള്ള കരകൌശലവസ്തുക്കളും ഒന്നും ആവശ്യപ്പെടില്ല. കുട്ടികളെ കാണണം, അവരുമായി വിനിമയം ചെയ്യണം, അവരോടൊത്ത് ജോലിചെയ്യണം. മറ്റെല്ലാം അപ്രധാനമാണ്. കുട്ടികളെ അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്ന് എടുത്തുകളയാനാവില്ല. കുട്ടികളുടെയടുത്തെത്തുമ്പോൾ അണ്ണൻ എല്ലാം മറന്ന് ഉത്സാഹഭരിതനാവും.

ഒരിക്കൽ സത്യമംഗലത്തെ ഒരു ഗ്രാമത്തിൽ‌വെച്ച്, ഇതിനുമുമ്പൊരിക്കലും നിറങ്ങൾ കണ്ടിട്ടില്ലാത്ത കുട്ടികളോടൊപ്പം അദ്ദേഹം പ്രവർത്തിക്കാൻ ഇടവന്നു. നിറങ്ങളുപയോഗിച്ച്, ഭാവനയിൽനിന്ന് ജീവിതത്തിലാദ്യമായി, പുതിയ വസ്തുക്കളുണ്ടാക്കാൻ അദ്ദേഹം അവരെ സഹായിച്ചു. 22 വർഷം മുമ്പ്, കളിമൺ വിരലുകൾ എന്ന കലാപഠനകേന്ദ്രം സ്ഥാപിച്ചതുമുതൽ ഇന്നോളം അക്ഷീണമായി, കുട്ടികൾക്ക് ഇത്തരം അനുഭവങ്ങൾ പകർന്നുകൊടുത്തുകൊണ്ടിരിക്കുകയാണ് അണ്ണൻ. രോഗത്തെ ഒരിക്കൽ‌പ്പോലും അദ്ദേഹം വകവെക്കുന്നത് ഞാൻ കണ്ടിട്ടില്ല. കുട്ടികളുടെയിടയിലുള്ള പ്രവർത്തനമാണ് അദ്ദേഹത്തിന്റെ മരുന്ന്. അവർക്കിടയിലേക്ക് ചെല്ലാൻ എപ്പോഴും തയ്യാറായിരുന്നു അദ്ദേഹം.

30 വർഷം മുമ്പ്, 1992-ലാണ് ചെന്നൈ ഫൈൻ ആർട്ട്സ് കൊളേജിൽനിന്ന് അണ്ണൻ ഫൈൻ ആർട്ട്സിൽ ബിരുദമെടുത്തത്. “എന്റെ സീനിയറായിരുന്ന തിരു തമിൾസെൽ‌വൻ, വസ്ത്രാലങ്കാരം നടത്തുന്ന ശ്രീ പ്രഭാകരൻ, ചിത്രകാരനായ ശ്രീ രാജ്മോഹൻ, ഇവരൊക്കെ ബിരുദമെടുക്കുന്നതിൽ, എനിക്ക് എന്റെ കൊളേജ് ജീവിതത്തിൽ വലിയ പിന്തുണ നൽകിയവരാണ്”, അണ്ണൻ ഓർത്തെടുക്കുന്നു. ടെറാക്കോട്ട ശില്പനിർമ്മാണത്തിൽ ഒരു കോഴ്സ് കഴിഞ്ഞതിനുശേഷം ഞാൻ ചെന്നയിലെ ലളിത കലാ അക്കാദമിയിൽ കലാപരീക്ഷണങ്ങൾക്കായി ചേർന്നു” കുറച്ചുകലം സ്വന്തം ശില്പനിർമ്മാണ സ്റ്റുഡിയോവിലും അദ്ദേഹം ജോലി ചെയ്തു.

“പക്ഷേ ചിത്രങ്ങളും ശില്പങ്ങളും വിൽക്കാൻ തുടങ്ങിയപ്പോൾ ഞാനൊരു കാര്യം തിരിച്ചറിഞ്ഞു, എന്റെ കലാപ്രവർത്തനങ്ങൾ ആളുകളിലേക്കെത്തുന്നില്ലെന്ന്. തമിഴ്നാട്ടിലെ ഗ്രാമപ്രദേശങ്ങളിലും അഞ്ച് നാടുകളിലുമാണ് (മലമ്പ്രദേശങ്ങൾ, കടൽക്കരകൾ, മരുഭൂമികൾ, കാടുകൾ, പാടങ്ങൾ) ഞാനുണ്ടാകേണ്ടത്. എന്റെ കുട്ടികളോടൊത്ത്, കളിമണ്ണുകൊണ്ടും കരകൌശലവസ്തുക്കൾകൊണ്ടും കളിപ്പാട്ടങ്ങളുണ്ടാക്കാൻ തുടങ്ങി”. കടലാസ്സുകൊണ്ടുള്ള മുഖം‌മൂടികളും, കളിമൺ മാതൃകകളും, ചിത്രങ്ങളും പെയിന്റിംഗുകളും, ഗ്ലാസ് പെയിന്റിങ്ങുകളും, ഒറിഗാമിയുമുണ്ടാക്കാൻ അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു.

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്ത്: ജീവിതത്തിലാദ്യമായി വർണ്ണങ്ങളുടെ മാന്ത്രികത ഈറോഡ് ജില്ലയിലെ സത്യമംഗലത്തിലെ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നു. വലത്ത്: കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടിണത്തിലെ കുട്ടികൾ കാർഡ്ബോർഡും പത്രക്കടലാസ്സുകളും ഉപയോഗിച്ച് മാനിന്റെ തൊപ്പികൾ നിർമ്മിക്കുന്നു

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്ത്: കാവേരിപട്ടിണത്തെ കലാക്യാമ്പിന്റെ അവസാനദിവസം നാടകത്തിനുവേണ്ടി സ്വന്തമായി നിർമ്മിച്ച  തൊപ്പികളണിഞ്ഞ കുട്ടികൾ. വലത്ത്: കളിമണ്ണുകൊണ്ട് വ്യത്യസ്ത മുഖഭാവങ്ങളുള്ള മുഖം‌മൂടികൾ നിർമ്മിച്ച് പേരമ്പലൂരിലെ കുട്ടികൾ അവ പ്രദർശിപ്പിക്കുന്നു

ഏത് വാഹനത്തിൽ ഞങ്ങൾ സഞ്ചരിക്കുമ്പോഴും – ബസ്സോ, വാനോ എന്തായാലും – കുട്ടികൾക്കായുള്ള സാധനങ്ങളായിരിക്കും കൈയ്യിൽ കൂടുതലും. ഏഴിൽ അണ്ണന്റെ വലിയ പച്ച ബാഗ് നിറയെ, ചിത്രം വരയ്ക്കാനുള്ള ബോർഡുകളും, പെയിന്റ് ബ്രഷുകളും, നിറങ്ങളും, ഫെവെക്കോൾ ട്യൂബുകളും, കടലാസ്സുകളും, ഗ്ലാസ്സിൽ വരയ്ക്കാനുള്ള പെയിന്റുകളും, ബ്രൌൺ ചട്ടകളും അങ്ങിനെ നൂറായിരം സാധനങ്ങൾ കുത്തിനിറച്ചിട്ടുണ്ടാവും. ചെന്നൈയിലെ സാധ്യമായ എല്ലാ അയൽ‌വക്കങ്ങളിലേക്കും ഞങ്ങളെ കൊണ്ടുപോയിട്ടുണ്ടാവും. എല്ലിസ് റോഡ് മുതൽ പാരീസ് കോർണർ‌വരെയും, ട്രിപ്ലിക്കേൻ മുതൽ എഗ്‌മോർ വരെയും, കലാസാമഗ്രികൾ കിട്ടുന്ന കടകളുള്ള എല്ലായിടത്തേക്കും. അപ്പോഴേക്കും ഞങ്ങളുടെ കാലുകൾ വേദനിക്കുന്നുണ്ടാവും. 6,000- 7,000 രൂപയും ചിലവായിട്ടുണ്ടാവും.

അണ്ണന്റെ കൈയ്യിൽ ആവശ്യത്തിന് പണം ഒരിക്കലും ഉണ്ടാവാറില്ല. കൂട്ടുകാരിൽനിന്നും, ചെറിയ പണികളിൽനിന്നും, സ്വകാര്യസ്കൂളുകൾക്കുവേണ്ടി ചെയ്യുന്ന തൊഴിലുകളിൽനിന്നുമൊക്കെയാവും അത് സംഘടിപ്പിക്കുക. അതുപയോഗിച്ച് ആദിവാസിക്കുട്ടികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കുമൊക്കെ സൌജന്യമായി കലാക്യാമ്പുകൾ നടത്തും. അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്ത അഞ്ച് വർഷത്തിലൊരിക്കൽ‌പ്പോലും, ജീവിതത്തിനോടുള്ള അദ്ദേഹത്തിന്റെ ആവേശം കുറഞ്ഞതായി എനിക്ക് കാണാനായില്ല. തനിക്കുവേണ്ടി എന്തെങ്കിലും സമ്പാദിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ചതേയില്ല. അതിനുമാത്രം എന്തെങ്കിലും സമ്പാദ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നതുമില്ല. എന്ത് കിട്ടിയാലും കൂടെയുള്ള ഞങ്ങളെപ്പോലെയുള്ള സഹ കലാകാരന്മാർക്കായി വീതിക്കും.

ചിലപ്പോൾ വാങ്ങുന്നതിനുപകരം, അണ്ണൻ സ്വന്തമായി പുതിയ വസ്തുക്കൾ കണ്ടെടുക്കും. വിദ്യാഭ്യാസസമ്പ്രദായംകൊണ്ട് കുട്ടികൾക്ക് നേടാൻ കഴിയാത്ത കാര്യങ്ങൾ അവരെ പഠിപ്പിക്കുന്നതിനുവേണ്ടി. കലാരൂപങ്ങൾ ഉണ്ടാക്കുന്നതിനായി, . പ്രാദേശികമായി കിട്ടുന്ന സാധനങ്ങൾ അവരെക്കൊണ്ട് ഉപയോഗിപ്പിക്കും. കളിമണ്ണ് ധാരാളം കിട്ടിയിരുന്നതിനാൽ അതദ്ദേഹം പലപ്പോഴും ഉപയോഗിക്കും. കരടുകളും കല്ലുകളും മാറ്റി, നനച്ച്, കുഴച്ച്, ഉണക്കിയെടുക്കുന്ന പണിയൊക്കെ അദ്ദേഹം സ്വന്തമായി ചെയ്യും. കളിമണ്ണ് കാണുമ്പോൾ എനിക്ക്  അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ജീവിതത്തേയും ഓർമ്മവരും. കുട്ടികളുമായി ഇടകലരുന്ന, എളുപ്പത്തിൽ വഴങ്ങുന്ന ജീവിതം. മുഖം‌മൂടികളുണ്ടാക്കാൻ അദ്ദേഹം കുട്ടികളെ പഠിപ്പിക്കുന്നത് കാണുന്നതുതന്നെ ഒരനുഭവമാണ്. ഓരോ മുഖം‌മൂടിയിലും വ്യത്യസ്ത ഭാവങ്ങൾ കാണാം. എന്നാൽ, കുട്ടികളുടെ മുഖത്താകട്ടെ, എപ്പോഴും സന്തോഷത്തിന്റെ ഒരേയൊരു ഭാവം മാത്രവും.

കളിമൺ കൈയ്യിലെടുത്ത് മുഖം‌മൂടി തീർക്കുമ്പോൾ കുട്ടികളുടെ മുഖത്തുണ്ടാവുന്ന സന്തോഷം വിലമതിക്കാനാവാത്തതാണ്. തങ്ങളുടെ ജീവിതവുമായി ബന്ധമുള്ള കാര്യങ്ങൾ ആലോചിക്കാൻ എഴിൽ അണ്ണൻ അവരോട് പറയും. കുട്ടികളുടെ താത്പര്യങ്ങൾ ചോദിച്ചറിഞ്ഞ്, അത് പിന്തുടരാൻ അവരെ നിർബന്ധിക്കും. ചില കുട്ടികൾ വാട്ടർ ടാങ്കുകളായിരിക്കും ഉണ്ടാക്കുക. കാരണം, അവരുടെ വീടുകളിൽ വെള്ളമുണ്ടായിരിക്കില്ല. ചിലർ ആനയെ ഉണ്ടാക്കാൻ ആഗ്രഹിക്കും. പക്ഷേ കാട്ടിൽനിന്നുള്ള കുട്ടികൾ, തുമ്പിക്കൈയർത്തിനിൽക്കുന്ന ആനയെയായിരിക്കും സൃഷ്ടിക്കുക. അവയുമായുള്ള അവരുടെ മനോഹരമായ ബന്ധത്തിന്റെ പ്രതീകമെന്ന മട്ടിൽ.

PHOTO • M. Palani Kumar

കളിമണ്ണ് കാണുമ്പോൾ എനിക്ക് എഴിൽ അണ്ണനേയും കുട്ടികളോടൊത്തുള്ള അദ്ദേഹത്തിന്റെ ജീവിതത്തേയും ഓർമ്മവരും. കളിമണ്ണുപോലെ വളരെയെളുപ്പത്തിൽ വഴങ്ങുന്ന ആളാണ് അദ്ദേഹവും. മുഖം‌മൂടി ഉണ്ടാക്കാൻ കുട്ടികളെ അണ്ണൻ പഠിപ്പിക്കുന്നത് ആവേശകരമായ കാഴ്ചയാണ്. നാഗപട്ടിണത്തെ ഈ സ്കൂളിൽ ഈ ചെയ്യുന്നതുപോലെ

PHOTO • M. Palani Kumar

തങ്ങളുടെ ജീവിതപരിസരത്തുനിന്നുള്ള കാഴ്ചകളും ആശയങ്ങളും കലാപ്രവർത്തനത്തിൽ കൊണ്ടുവരാൻ കുട്ടികളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു. തുമ്പിക്കൈ ഉയർത്തിനിൽക്കുന്ന ആനയെ നേരിട്ട് കണ്ടിട്ടുള്ള സത്യമംഗലത്തെ ഒരു ഗോത്ര ഊരിലെ ഈ കുട്ടി ഉണ്ടാക്കിയ കളിമണ്ണുകൊണ്ടുള്ള ആന

കലാക്യാമ്പുകളിൽ ഉപയോഗിക്കാൻ പോവുന്ന സാമഗ്രികളെക്കുറിച്ച് അദ്ദേഹം തികഞ്ഞ ശ്രദ്ധ പുലർത്താറുണ്ട്. പൂർണ്ണതയ്ക്കുവേണ്ടിയുള്ള ശ്രമവും, കുട്ടികൾക്ക് അനുയോജ്യമായ വസ്തുക്കൾ എത്തിക്കുന്നതിൽ പ്രദർശിപ്പിക്കുന്ന താത്പര്യവും അദ്ദേഹത്തിന് ഞങ്ങളുടെ മുമ്പിൽ ഒരു വീരപരിവേഷം നൽകി. എല്ലാ ദിവസവും രാത്രി പിറ്റേന്ന് ക്യാമ്പിൽ അവതരിപ്പിക്കേണ്ട സാമഗ്രികൾ തയ്യാറാക്കുന്നതിന്റെ തിരക്കിലായിരിക്കും എഴിൽ അണ്ണനും മറ്റുള്ളവരും. കാഴ്ചശക്തിയില്ലാത്ത കുട്ടികളുമായി ഇടപഴകുമ്പോൾ, അവരുമായുള്ള വിനിമയം മനസ്സിലാക്കാൻ അദ്ദേഹം സ്വന്തം കണ്ണ് മൂടിക്കെട്ടും. കേൾവിശക്തിയില്ലാത്ത കുട്ടികളുമായി പ്രവർത്തിക്കുമ്പോൾ ചെവിയും അടച്ചുവെക്കും. കുട്ടികളുടെ അനുഭവങ്ങൾ മനസ്സിലാക്കാൻ അദ്ദേഹം ചെയ്യുന്ന രീതികളിൽനിന്നാണ്, എന്റെ ഫോട്ടോഗ്രാഫുകളുടെ വിഷയങ്ങളുമായി മുൻ‌കൂട്ടി വിനിമയം ചെയ്യാനുള്ള പ്രചോദനം എനിക്ക് കിട്ടിയത്. ക്യാമറ ക്ലിക്ക് ചെയ്യുന്നതിനുമുൻപ്, അവയുമായി വിനിമയം ചെയ്യേണ്ടത് പ്രധാനമായിരുന്നു.

ബലൂണുകളുടെ മാന്ത്രികത എഴിൽ അണ്ണൻ മനസ്സിലാക്കിയിരുന്നു. ബലൂണുകളുപയോഗിച്ച് ചെയ്യുന്ന കളികളിലൂടെ ആൺകുട്ടികളും പെൺകുട്ടികളുമായി അദ്ദേഹം ഒരു ബന്ധം സ്ഥാപിച്ചു. തന്റെ ബാഗിൽ കൊട്ടക്കണക്കിന് ബലൂണുകൾ - വലുതും ചെറുതും, പാമ്പുപോലെ നീളമുള്ളതും പിരിഞ്ഞതും, ചൂളമടിക്കുന്നതും, വെള്ളം നിറച്ചതും എല്ലാം - അദ്ദേഹം കുത്തിനിറക്കും. കുട്ടികളിൽ അത് വലിയ ആവേശമുണ്ടാക്കും. പിന്നെ, അടുത്തതായി പാട്ടുകൾ.

“കുട്ടികൾക്ക് എപ്പോഴും പാട്ടുകളും കളികളും വേണമെന്ന് എന്റെ തൊഴിലിനിടയിൽ ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട് ഞാനെപ്പോഴും സാമൂഹികമായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പാട്ടുകളും കളികളും ഉൾപ്പെടുത്തും. കൂടെ പാടാൻ അവരെ പ്രോത്സാഹിപ്പിക്കും“, അണ്ണൻ പറയുന്നു. ആ സ്ഥലത്തെ അദ്ദേഹം പ്രകാശപൂർണ്ണമാക്കും. ക്യാമ്പ് കഴിഞ്ഞ് പോകാൻ ഗോത്രഗ്രാമങ്ങളിലെ കുട്ടികൾ അദ്ദേഹത്തെ സമ്മതിക്കില്ല. പാട്ടുകൾ പാടാൻ അവർ ആവശ്യപ്പെടും. ഒരു ക്ഷീണവുമില്ലാതെ അദ്ദേഹം പാടും. കുട്ടികൾ ചുറ്റുമുണ്ടാവും. പാട്ടുകളും.

കുട്ടികളുമായി അദ്ദേഹം വിനിമയം നടത്തുന്നതും, അവരുടെ അനുഭവങ്ങൾ മനസ്സിലാക്കുന്നതും, എന്റെ ഫോട്ടോഗ്രാഫുകളുടെ വിഷയങ്ങളുമായി വിനിമയം ചെയ്യുന്നതിന് എനിക്കും പ്രചോദനമായിട്ടുണ്ട്. ഫോട്ടോഗ്രാഫി തുടങ്ങിയ കാലങ്ങളിൽ, ഞാനെടുത്ത ഫോട്ടോകൾ അണ്ണനെ കാണിച്ചുകൊടുക്കാറുണ്ടായിരുന്നു. ആ ഫോട്ടോയുടെ ചതുരത്തിൽ വരുന്ന ആളുകളെ ആ ചിത്രങ്ങൾ കാണിച്ചുകൊടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. “അടുത്ത പടിയിലേക്കെത്താൻ അവർ (ഫോട്ടോയിലുള്ള മനുഷ്യർ) നിന്നെ സഹായിക്കും”, അദ്ദേഹം പറഞ്ഞു.

PHOTO • M. Palani Kumar

ക്യാമ്പിനുശേഷവും പോകാൻ കുട്ടികൾ മിക്കപ്പോഴും എഴിൽ അണ്ണനെ സമ്മതിക്കാറില്ല. 'കുട്ടികൾക്ക് എപ്പോഴും പാട്ടും കളികളും വേണം. അവരെക്കൊണ്ട് ഞാൻ കൂടെ പാടിക്കുന്നു'

PHOTO • M. Palani Kumar

സേലത്തെ, കേൾവിക്കുറവുള്ള കുട്ടികൾക്കായുള്ള ഒരു സ്കൂളിൽ ബലൂൺകൊണ്ടുള്ള കളി പഠിപ്പിക്കുന്നു

ക്യാമ്പിൽ കുട്ടികൾ എപ്പോഴും അവരുടെ സർഗ്ഗാത്മകത പ്രദർശിപ്പിച്ചു. അവരുടെ പെയിന്റിംഗുകളും കടലാസ്സ് സൃഷ്ടികളും കളിമൺ‌പ്രതിമകളും എല്ലാം നിരത്തിവെക്കും. കുട്ടികൾ അവരുടെ അച്ഛനമ്മമാരേയും സഹോദരങ്ങളേയും കൊണ്ടുവന്ന് ഇതൊക്കെ അഭിമാനത്തോടെ കാണിച്ചുകൊടുക്കും. എഴിൽ അണ്ണൻ ഇതൊരു ആഘോഷമാക്കി മാറ്റിയിരുന്നു. ആളുകളെ സ്വപ്നം കാണാൻ അദ്ദേഹം പഠിപ്പിച്ചു. അദ്ദേഹം പരിപോഷിപ്പിച്ച അത്തരമൊരു സ്വപ്നമാണ് എന്റെ ആദ്യത്തെ ഫോട്ടോഗ്രാഫി പ്രദർശനം. അത് സംഘടിപ്പിക്കാൻ എനിക്ക് പ്രചോദനം കിട്ടിയത്, അദ്ദേഹത്തിന്റെ ക്യാമ്പുകളിൽനിന്നായിരുന്നു. പക്ഷേ അതിനുള്ള പണം എന്റെ കൈയ്യിലുണ്ടായിരുന്നില്ല.

പൈസ കൈയ്യിലുണ്ടാവുമ്പോൾ പ്രദർശിപ്പിക്കാൻ പാകത്തിൽ ചിത്രങ്ങൾ തയ്യാറാക്കിവെക്കാൻ അണ്ണൻ എപ്പോഴും എന്നെ ഉപദേശിക്കും. വലിയ നിലയിലെത്തുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ആളുകളോട് എന്നെക്കുറിച്ച് അണ്ണൻ പറയും. എന്റെ വർക്കുകളെക്കുറിച്ചും. അതിനുശേഷമാണ് കാര്യങ്ങളെല്ലാം നടക്കാൻ തുടങ്ങിയതെന്ന് ഞാൻ കരുതുന്നു. എഴിൽ അണ്ണന്റെ സംഘത്തിലുണ്ടായിരുന്ന തിയറ്റർ ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമായ കരുണ പ്രസാദ് എനിക്ക് 10,000 രൂപ തന്നു. ആദ്യമായി എന്റെ ഫോട്ടോകൾ പ്രിന്റ് ചെയ്യാൻ ആ പണം കൊണ്ട് എനിക്ക് സാധിച്ചു. ഫോട്ടോഗ്രാഫുകൾക്കാവശ്യമായ മരത്തിന്റെ ചട്ടക്കൂടുകൾ ഉണ്ടാക്കാൻ അണ്ണൻ എന്നെ പഠിപ്പിച്ചു. കൃത്യമായ പദ്ധതികളുണ്ടായിരുന്നു അദ്ദേഹത്തിന്. അതില്ലായിരുന്നുവെങ്കിൽ ആദ്യത്തെ പ്രദർശനം നടത്താൻ എനിക്ക് സാധിക്കുകയില്ലായിരുന്നു.

ഒടുവിൽ ഫോട്ടോഗ്രാഫുകൾ രഞ്ജിത്ത് അണ്ണന്റേയും (പാ. രഞ്ജിത്ത്) അദ്ദേഹത്തിന്റെ നീലം കൾച്ചറൽ സെന്ററിന്റേയും കൈയ്യിലെത്തി. ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തിയെങ്കിലും ആദ്യം ഈ ആശയം വിത്തിട്ടത് എഴിൽ അണ്ണന്റെ ക്യാമ്പിലായിരുന്നു. അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യുമ്പോൾ പല കാര്യങ്ങളെക്കുറിച്ചും ഞാൻ അജ്ഞനായിരുന്നു. യാത്രയിൽ ഞാൻ പലതും പഠിച്ചു. എന്നാൽ അറിവുള്ളവരോടും ഇല്ലാത്തവരോടും അദ്ദേഹം ഒരിക്കലും വിവേചനം കാണിച്ചില്ല. എത്രതന്നെ കഴിവില്ലാത്തവരായിക്കൊള്ളട്ടെ, അവരെയൊക്കെ കൊണ്ടുവരാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. “നമുക്കവരെ കൂടുതൽ കാര്യങ്ങൾ പരിചയപ്പെടുത്താം, നമുക്ക് അവരോടൊപ്പം സഞ്ചരിക്കാം”, അദ്ദേഹം പറയുമായിരുന്നു. ഒരാളുടെ കുറവുകൾ കാണാൻ ഒരിക്കലും അദ്ദേഹം ശ്രമിച്ചില്ല. അങ്ങിനെയാണ് അണ്ണൻ കലാകാരന്മാരെ സൃഷ്ടിച്ചത്.

കുട്ടികളിൽനിന്നുപോലും അദ്ദേഹം കലാകാ‍രന്മാരേയും അഭിനേതാക്കളേയും മിനഞ്ഞെടുത്തു. “കേൾവിക്കുറവുള്ള കുട്ടികളെ കലാരൂപങ്ങൾ മനസ്സിലാക്കാൻ നമ്മൾ പഠിപ്പിക്കുന്നു – ചിത്രം വരയ്ക്കാനും, കളിമണ്ണിൽനിന്ന് ജീവിതങ്ങൾ മിനയാനും നമ്മൾ അവരെ പ്രാപ്തരാക്കുന്നു. കാഴ്ചശക്തി കുറഞ്ഞ കുട്ടികളെ സംഗീതവും നാടകവും പഠിപ്പിക്കുന്നു. മൂന്ന് തലങ്ങളുള്ള ശില്പങ്ങൾ കളിമണ്ണിൽ നിർമ്മിക്കാനും നമ്മളവരെ പഠിപ്പിക്കുന്നു. കലയെ മനസ്സിലാക്കാൻ ഇതവരെ സഹായിക്കും. കുട്ടികൾ ഇത്തരം കലാരൂപങ്ങൾ പഠിക്കുകയും, സമൂഹത്തിന്റെ ഭാഗമായി മനസ്സിലാക്കുകയും ചെയ്യുമ്പോൾ അവർ സ്വാശ്രയമുള്ളവരായിത്തീരുമെന്ന് നമുക്ക് മനസ്സിലാക്കാനാവും”, അണ്ണൻ പറയുന്നു.

PHOTO • M. Palani Kumar

തഞ്ചാവൂരിലെ അന്ധവിദ്യാലയത്തിലെ കുട്ടികൾ എഴിൽ അണ്ണനോടൊത്ത് സമയം ആസ്വദിക്കുന്നു. അവരുമായി വിനിമയം ചെയ്യേണ്ടത് എങ്ങിനെയെന്ന് പഠിക്കാൻ, ക്യാമ്പിന് മുമ്പ്, അണ്ണൻ സ്വന്തം കണ്ണുകൾ മൂടിക്കെട്ടുന്നു. കേൾവിക്കുറവുള്ള കുട്ടികളോടൊത്ത് പ്രവർത്തിക്കുമ്പോൾ സ്വന്തം കാതുകളും അദ്ദേഹം അടച്ചുവെക്കുന്നു

PHOTO • M. Palani Kumar

ഒയിലാട്ടം എന്ന നാടൻ കലാരൂപം പരിശീലിക്കുന്ന കാവേരിപട്ടിണത്തിലെ കുട്ടികൾ. എഴിൽ അണ്ണൻ കുട്ടികളെ നിരവധി നാടൻ കലാരൂപങ്ങൾ പരിചയപ്പെടുത്തുന്നു

കുട്ടികളുമായുള്ള ഇടപഴകലിൽനിന്ന് അണ്ണൻ ഒരു കാര്യം മനസ്സിലാക്കി. “ഗ്രാമത്തിൽനിന്നുള്ള കുട്ടികൾ, പ്രത്യേകിച്ചും പെൺകുട്ടികൾ, സ്കൂളുകളിൽ‌പ്പോലും നാണം കുണുങ്ങികളാണ്. അദ്ധ്യാപകരുടെ മുമ്പിൽ ചോദ്യങ്ങൾ ചോദിക്കാനോ സംശയങ്ങൾ അവതരിപ്പിക്കാനോ പോലും അവർ മടിക്കുന്നു”. പൊതു ഇടത്തിൽ പ്രസംഗിക്കേണ്ടത് എങ്ങിനെയെന്ന് തിയറ്ററിലൂടെ അവരെ പരിശീലിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ഇതിനുവേണ്ടി, തിയറ്റർ ആക്ടിവിസ്റ്റായ കരുണ പ്രസാദിനെക്കൊണ്ട് ക്ലാസ്സുകളെടുപ്പിച്ചു. പുരുഷോത്തമൻ എന്ന കലാകാരന്റെ സഹായത്തോടെ, കുട്ടികൾക്ക് തിയറ്ററിൽ പരിശീലനം കൊടുത്തു”.

കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി മറ്റ് രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാരിൽനിന്ന് പഠിച്ചെടുത്ത വിവിധ കലാരൂപങ്ങളും അദ്ദേഹം ഉൾപ്പെടുത്താൻ ശ്രമിക്കുന്നു. കുട്ടികളെ അവരുടെ ചുറ്റുപാടുകളുമായി സംവേദനക്ഷമതയുള്ളവരാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. “ക്യാമ്പിന്റെ ഭാഗമായി ഞങ്ങൾ പരിസ്ഥിതി ചിത്രങ്ങൾ കാണിക്കാറുണ്ട്. ജീവിതത്തെ മനസ്സിലാക്കുക എന്ന കല – അതെത്രതന്നെ ചെറുതായിക്കൊള്ളട്ടെ, ഒരു പക്ഷിയുടേയോ പ്രാണിയുടേയോ ആയാൽ‌പ്പോലും - ഞങ്ങളവരെ അഭ്യസിപ്പിക്കുന്നു തങ്ങളുടെ ചുറ്റുവട്ടത്തുള്ള സസ്യങ്ങൾ തിരിച്ചറിയാനും അതിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഭൂമിയെ ബഹുമാനിക്കാനും സംരക്ഷിക്കാനും അവർക്ക് പഠിക്കുന്നു. പരിസ്ഥിതിയുടെ പ്രാധാന്യം സൂചിപ്പിക്കുന്ന നാടകങ്ങൾ ഞാൻ കൊണ്ടുവന്നു. സസ്യങ്ങളുടേയും മൃഗങ്ങളുടേയും ചരിത്രം അവർക്ക് മനസ്സിലായി. ഉദാഹരണത്തിന്, സംഘസാഹിത്യത്തിൽ 99 പൂക്കളെ പരിചയപ്പെടുത്തുന്നുണ്ട്. അതൊക്കെ വരയ്ക്കാനും, അതിനെക്കുറിച്ചുള്ള പാട്ടുകൾ പാടാനും, നമ്മുടെ പ്രാചീനമായ സംഗീതോപകരണങ്ങൾ വായിക്കാനും ഞങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നു”, എഴിൽ അണ്ണൻ വിശദീകരിച്ചു. നാടകങ്ങൾക്കുവേണ്ടി അദ്ദേഹം പുതിയ പാട്ടുകൾ എഴുതും. പ്രാണികളെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും കഥകളെഴുതും.

എഴിൽ അണ്ണൻ കൂടുതലായും ഗോത്ര, തീരദേശ ഗ്രാമങ്ങളിലെ കുട്ടികളുടെ കൂടെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ചിലപ്പോൾ നഗരത്തിലെ കുട്ടികളുടെകൂടെ ഇടപഴകേണ്ടിവന്നപ്പോൾ, നാടൻ പാട്ടുകളെക്കുറിച്ചും ജീവിതോപാധികളെക്കുറിച്ചും അവർക്ക് തീരെ പരിചയമില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. അപ്പോൾ അണ്ണൻ, നാടൻ കലാരൂപങ്ങളിലെ സങ്കേതങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. തോൽ‌വാദ്യമുപയോഗിച്ചുള്ള പറയും, ചിലങ്കപോലുള്ള ആഭരണമുപയോഗിച്ചുള്ള സിലമ്പും, പുലിയുടെ മുഖം‌മൂടി ഉപയോഗിച്ചുള്ള പുലിയുമൊക്കെ അദ്ദേഹം പരിചയപ്പെടുത്തി. “ഈ കലാരൂപങ്ങൾ കുട്ടികളിലേക്ക് എത്തിക്കേണ്ടതും സംരക്ഷിക്കേണ്ടതും പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ കുട്ടികളെ സന്തോഷവാന്മാരും സ്വതന്ത്രരുമാക്കാൻ ഇവയ്ക്ക് കഴിയുമെന്നാണ് എന്റെ വിശ്വാസം”, അണ്ണൻ പറയുന്നു.

അഞ്ചും ആറും ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പുകളിൽ ഒന്നിൽക്കൂടുതൽ കലാകാരന്മാർ ഉണ്ടാവാറുണ്ട്. തമിളരസൻ എന്ന പാട്ടുകാരനും, രാകേഷ് കുമാർ എന്ന ചിത്രകാരനും, എഴിൽ അണ്ണൻ എന്ന ശില്പിയും, വേൽമുരുകൻ, ആനന്ദ് എന്നീ നാടൻ കലാകാരന്മാരും പങ്കെടുത്ത ക്യാമ്പുകളുണ്ടായിട്ടുണ്ട്. “തീർച്ചയായും, സ്വന്തം ജീവിതങ്ങൾ രേഖപ്പെടുത്താൻ കുട്ടികളെ പഠിപ്പിക്കുന്നതിനായി ഫോട്ടോഗ്രാഫർമാരും ഞങ്ങളുടെ സംഘത്തിലുണ്ട്”, എന്റെ പ്രവർത്തനങ്ങളെ സൂചിപ്പിച്ചുകൊണ്ട് അണ്ണൻ സൌ‌മ്യനായി പറയുന്നു.

PHOTO • M. Palani Kumar

നാമക്കൽ ജില്ലയിലെ തിരുച്ചെങ്കോടിൽ, ക്യാമ്പിന്റെ അവസാനദിവസമായ ‘പ്രദർശന ദിവസം’ കുട്ടികൾ പറൈ ആട്ടം എന്ന കലാരൂപം അവതരിപ്പിക്കുന്നു

PHOTO • M. Palani Kumar

തഞ്ചാവൂരിൽ, ഭാഗികമായി അന്ധരായ കുട്ടികൾ ഫോട്ടോകളെടുക്കുന്നു

മനോഹരമായ നിമിഷങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിനറിയാം. കുട്ടികളും മുതിർന്നവരും ഒരുപോലെ പുഞ്ചിരിക്കുന്ന നിമിഷങ്ങൾ. എന്റെ സ്വന്തം അച്ഛനമ്മമാരുടെ കൂടെയും അത്തരം നിമിഷങ്ങൾ പുന:സൃഷ്ടിക്കാൻ അദ്ദേഹം എന്നെ സഹായിച്ചു. എന്റെ എൻ‌ജിനീയറിംഗ് കോഴ്സ് കഴിഞ്ഞ് ജോലിയൊന്നുമാവാതെ, അലക്ഷ്യമായി അലയുമ്പോഴാണ് ഫോട്ടോഗ്രാഫിയിൽ എനിക്ക് താത്പര്യം ജനിക്കാൻ തുടങ്ങിയത്. അപ്പോൾ എഴിൽ അണ്ണൻ എന്നോട് വീട്ടുകാരുടെ കൂടെ സമയം ചിലവഴിക്കാനും ആവശ്യപ്പെട്ടു. തന്റെ അമ്മയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കഥകൾ അദ്ദേഹം എന്നോട് പങ്കിട്ടു. അച്ഛന്റെ മരണശേഷം, അദ്ദേഹത്തെയും നാല് സഹോദരിമാരേയും അമ്മ ഒറ്റയ്ക്കാണ് വളർത്തിവലുതാക്കിയത്. അങ്ങിനെ, തന്റെ അമ്മയുടെ പോരാട്ടങ്ങളെക്കുറിച്ചുള്ള അണ്ണൻ കഥകൾ പറഞ്ഞപ്പോഴാണ്, എന്നെ വളർത്താൻ എന്റെ അച്ഛനമ്മമാർ അനുഭവിച്ച ക്ലേശങ്ങൾ തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞത്. അങ്ങിനെയാണ് എന്റെ അമ്മയെ ഞാൻ മനസ്സിലാക്കിയതും, അവരുടെ ചിത്രങ്ങൾ പകർത്തിയതും, അവരെക്കുറിച്ച് എഴുതിയതും.

എഴിൽ അണ്ണന്റെ കൂടെ യാത്രചെയ്യാൻ ആരംഭിച്ചപ്പോൾ, നാടകങ്ങൾ സംഘടിപ്പിക്കാനും, ചിത്രം വരയ്ക്കാനും പെയിന്റ് ചെയ്യാനും, നിറങ്ങളുണ്ടാക്കാനും, കുട്ടികളെ ഫോട്ടോഗ്രാഫി പഠിപ്പിക്കാനും ഞാൻ ആരംഭിച്ചു. കുട്ടികളുമായുള്ള ഒരു സംവാദത്തിന്റെ ലോകം അതെനിക്ക് തുറന്നുതന്നു. ഞാനവരുടെ കഥകൾ കേട്ടു, അവരുടെ ജീവിതം ഫോട്ടോകളിൽ പകർത്തി. അവരുടെ കൂടെ കളിക്കുകയും നൃത്തം ചെയ്യുകയും പാട്ടുപാടുകയുമൊക്കെ ചെയ്തുകഴിഞ്ഞതിനുശേഷം അവരെ ചിത്രത്തിലാക്കുമ്പോൾ അതൊരു ആഘോഷമായി മാറി. അവരുടെ കൂടെ വീടുകളിൽ പോവുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും അവരുടെ അച്ഛനമ്മമാരോട് സംസാരിക്കുകയും ചെയ്തു. അവരുമായുള്ള സംഭാഷണങ്ങൾക്കുശേഷം, അവരുടെകൂടെ ജീവിതവും സമയവും പങ്കിട്ടതിനുശേഷം അവരെ ഫോട്ടോ എടുക്കുമ്പോൾ കൈവരുന്ന മാജിക്ക് ഞാൻ തിരിച്ചറിഞ്ഞു.

കളിമൺ വിരലുകൾ തുടങ്ങിയതിനുശേഷമുള്ള കഴിഞ്ഞ 22 വർഷങ്ങളിൽ, താൻ സ്പർശിച്ച ഓരോ ജീവിതത്തിലും മാന്ത്രികതയും പ്രകാശവും കൊണ്ടുവരാൻ എഴിൽ അണ്ണന് കഴിഞ്ഞു. “ഗോത്രവർഗ്ഗക്കാരായ കുട്ടികൾക്ക് ഞങ്ങൾ പഠനസഹായങ്ങൾ നൽകി. ഞങ്ങൾ അവർക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പഠിപ്പിച്ചുകൊടുക്കുന്നു. പെൺകുട്ടികൾക്ക് സ്വയരക്ഷയ്ക്കുള്ള പാഠങ്ങളും നൽകുന്നുണ്ട്. ആത്മരക്ഷയിൽ പരിശീലനം കിട്ടുന്നതോടെ, കുട്ടികളിൽ ആത്മവിശ്വാസം വളരുന്നത് ഞങ്ങൾക്ക് കാണാൻ കഴിയുന്നു”, അണ്ണൻ പറയുന്നു. കുട്ടികളെ വിശ്വസിക്കുക, അവരിൽ യുക്തിചിന്തയും ചിന്താ-ആവിഷ്കാര സ്വാതന്ത്ര്യവും വളർത്തിയെടുക്കുക എന്നിവയൊക്കെയാണ് അദ്ദേഹത്തിന്റെ ആശയം.

“എല്ലാ ജീവനും തുല്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതവരെ പഠിപ്പിക്കുകയും ചെയ്യുന്നു. അവരുടെ സന്തോഷത്തിൽനിന്നാണ് എനിക്ക് സന്തോഷം കിട്ടുന്നത്.”

PHOTO • M. Palani Kumar

കോയമ്പത്തൂരിലെ ഒരു സ്കൂളിൽ എഴിൽ അണ്ണൻ നയിച്ച ‘മിറർ‘ (കണ്ണാടി) എന്ന തിയറ്റർ പരിശീലനം ക്ലാസ്സിലെ കുട്ടികളിൽ വാരിവിതറിയ പുഞ്ചിരി

PHOTO • M. Palani Kumar

എഴിൽ അണ്ണനും സംഘവും നാഗപട്ടിണത്ത് അവതരിപ്പിച്ച പക്ഷികളെക്കുറിച്ചുള്ള നാടകം

PHOTO • M. Palani Kumar

തിരുവണ്ണാമലയിൽ, ലയൺ കിങ്ങ് എന്ന നാടകം അവതരിപ്പിക്കാൻ മുഖം‌മൂടികളും വേഷവിധാനങ്ങളും നിറം ചാലിച്ച മുഖങ്ങളുമായി തയ്യാറായി നിൽക്കുന്നു

PHOTO • M. Palani Kumar

സത്യമംഗലത്തെ കുട്ടികളോടൊപ്പം എഴിൽ അണ്ണൻ. കുട്ടികളെ അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്ന് മാറ്റിനിർത്താനാവില്ല. കുട്ടികളുടെ കാര്യത്തിലെത്തുമ്പോൾ അദ്ദേഹം അടിമുടി സജീവമാകും

PHOTO • M. Palani Kumar

ജവധു മലകളിൽ, സ്വന്തമായി നിർമ്മിച്ച മുഖം‌മൂടികളുമായി കുട്ടികൾ

PHOTO • M. Palani Kumar

കാഞ്ചീപുരത്തെ ശ്രവണ-മൂക വിദ്യാർത്ഥികൾക്കായുള്ള സ്കൂളിലെ ഒറിഗാമി പരിശീലനക്കളരിയിൽ, കടലാസ്സുകൊണ്ട് നിർമ്മിച്ച ചിത്രശലഭങ്ങൾക്കിടയിൽ കിടക്കുന്ന പെൺകുട്ടി

PHOTO • M. Palani Kumar

സ്റ്റേജ് അലങ്കരിക്കാനുള്ള പോസ്റ്ററുകൾ സ്വന്തമായി രൂപകല്പന ചെയ്യുന്ന പേരമ്പലൂരിലെ കുട്ടികൾ. തുണിയും കടലാസ്സും ഉപയോഗിച്ചാണ് സ്റ്റേജ് നിർമ്മിച്ചത്

PHOTO • M. Palani Kumar

ജവധു മലയിൽ, ചുറ്റുമുള്ള മരങ്ങളുടെ കൊമ്പുകളുപയോഗിച്ച് ഒരു മൃഗത്തിന്റെ മാതൃക ഉണ്ടാക്കുന്ന എഴിൽ അണ്ണനും കുട്ടികളും

PHOTO • M. Palani Kumar

നാഗപട്ടിണത്തിലെ ഒരു സ്കൂളിന്റെ വളപ്പിൽ കുട്ടികളോടൊപ്പമിരിക്കുന്നു

PHOTO • M. Palani Kumar

കാഞ്ചീപുരത്തെ കേൾവിക്കുറവുള്ള കുട്ടികളുടെ സ്കൂളിലെ ഹോസ്റ്റൽ വിദ്യാർത്ഥികളോടൊപ്പം, പഴയ സീഡികൾ ഉപയോഗിച്ച് സാമഗ്രികളുണ്ടാക്കുന്നു

PHOTO • M. Palani Kumar

സേലത്തെ ഒരു സ്കൂളിൽ കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്ന കുട്ടികൾ

PHOTO • M. Palani Kumar

സത്യമംഗലത്തെ കലാക്യാമ്പിൽ ഉണ്ടാക്കിയ കലാരൂപങ്ങൾ കാണാൻ ഗ്രാമീണരെ ക്ഷണിക്കുന്ന എഴിൽ അണ്ണനും കുട്ടികളും

PHOTO • M. Palani Kumar

കാവേരിപട്ടിണത്തിലെ പ്രദർശന ദിവസം,പൊയ്ക്കാൽ കുതിരൈ ആട്ടം എന്ന നാടൻ നൃത്തരൂപം പരിചയപ്പെടുത്തുന്ന എഴിൽ അണ്ണൻ. കാർഡ്ബോർഡുകളും തുണിയും ഉപയോഗിച്ചാണ് പൊയ്ക്കാൽ കുതിരൈ – അഥവാ, കൃത്രിമ കുതിരയെ – നിർമ്മിക്കുന്നത്

PHOTO • M. Palani Kumar

കാവേരിപട്ടിണത്തിലെ ക്യാമ്പിന്റെ അവസാനദിവസം, എഴിൽ അണ്ണനും സംഘവും കുട്ടികളും ചേർന്ന് ‘പപ്രാപ്പാ ബൈ ബൈ, ബൈ ബൈ പപ്രാപ്പാ’ എന്ന് ആർത്തുവിളിക്കുന്നു

വീഡിയോ കാണുക: ആർ. എഴിലരസൻ നാഗപട്ടിണത്ത്, കുട്ടികളെക്കൊണ്ട് പാട്ടും നൃത്തവും ചെയ്യിപ്പിക്കുന്നു

ഈ ലേഖനം പരിഭാഷപ്പെടുത്തുന്നതിൽ കവിത മുരളീധരൻ നൽകിയ സഹായത്തിനും, അപർണ്ണ കാർത്തികേയന്റെ സംഭാവനകൾക്കും ലേഖകൻ നന്ദി രേഖപ്പെടുത്തുന്നു.

അടിക്കുറിപ്പ്: ഈ ലേഖനം പ്രസിദ്ധീകരിക്കാൻ തയ്യാറെടുക്കുമ്പോൾ, 2022 ജൂലായ് 23-ന് ആർ. എഴിലരസന്, Guillain-Barré syndrome എന്ന നാഡീസംബന്ധമായ ഗുരുതര രോഗം കണ്ടെത്തുകയുണ്ടായി. ശരീരത്തിന്റെ പ്രതിരോധ സംവിധാനം നാഡികളെ ആക്രമിക്കുന്ന ഒരു രോഗമാണിത്. പേശീക്ഷയത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കാവുന്ന വിധം അനുബന്ധ നാഡീസംവിധാനത്തെ രോഗം ബാധിക്കുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

M. Palani Kumar

ਐੱਮ. ਪਲਾਨੀ ਕੁਮਾਰ ਪੀਪਲਜ਼ ਆਰਕਾਈਵ ਆਫ਼ ਰੂਰਲ ਇੰਡੀਆ ਦੇ ਸਟਾਫ਼ ਫ਼ੋਟੋਗ੍ਰਾਫ਼ਰ ਹਨ। ਉਹ ਮਜ਼ਦੂਰ-ਸ਼੍ਰੇਣੀ ਦੀਆਂ ਔਰਤਾਂ ਅਤੇ ਹਾਸ਼ੀਏ 'ਤੇ ਪਏ ਲੋਕਾਂ ਦੇ ਜੀਵਨ ਨੂੰ ਦਸਤਾਵੇਜ਼ੀ ਰੂਪ ਦੇਣ ਵਿੱਚ ਦਿਲਚਸਪੀ ਰੱਖਦੇ ਹਨ। ਪਲਾਨੀ ਨੂੰ 2021 ਵਿੱਚ ਐਂਪਲੀਫਾਈ ਗ੍ਰਾਂਟ ਅਤੇ 2020 ਵਿੱਚ ਸਮਯਕ ਦ੍ਰਿਸ਼ਟੀ ਅਤੇ ਫ਼ੋਟੋ ਸਾਊਥ ਏਸ਼ੀਆ ਗ੍ਰਾਂਟ ਮਿਲ਼ੀ ਹੈ। ਉਨ੍ਹਾਂ ਨੂੰ 2022 ਵਿੱਚ ਪਹਿਲਾ ਦਯਾਨੀਤਾ ਸਿੰਘ-ਪਾਰੀ ਦਸਤਾਵੇਜ਼ੀ ਫੋਟੋਗ੍ਰਾਫ਼ੀ ਪੁਰਸਕਾਰ ਵੀ ਮਿਲ਼ਿਆ। ਪਲਾਨੀ ਤਾਮਿਲਨਾਡੂ ਵਿੱਚ ਹੱਥੀਂ ਮੈਲ਼ਾ ਢੋਹਣ ਦੀ ਪ੍ਰਥਾ ਦਾ ਪਰਦਾਫਾਸ਼ ਕਰਨ ਵਾਲ਼ੀ ਤਾਮਿਲ (ਭਾਸ਼ਾ ਦੀ) ਦਸਤਾਵੇਜ਼ੀ ਫ਼ਿਲਮ 'ਕਾਕੂਸ' (ਟਾਇਲਟ) ਦੇ ਸਿਨੇਮੈਟੋਗ੍ਰਾਫ਼ਰ ਵੀ ਸਨ।

Other stories by M. Palani Kumar
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat