ഇന്ന് ഞങ്ങള്‍ പാരിയുടെ അസാധാരണമായ പരിഭാഷ സംഘത്തിന്‍റെ അദ്ഭുതകരമായ നേട്ടങ്ങള്‍ ആഘോഷിക്കുകയാണ് - 170 വ്യക്തികള്‍ ചേര്‍ന്ന സംഘത്തിലെ 45 പേര്‍ ഏത് സമയത്തും സജീവമാണ്. അങ്ങനെ ചെയ്യുമ്പോള്‍, നല്ല കീഴ്വഴക്കങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട്, ഞങ്ങള്‍ക്ക് നല്ല കൂട്ടായ്മയിലാകാന്‍ സാധിക്കുന്നു. ഐക്യരാഷ്ട്രസഭ സെപ്തംബര്‍ 30 അന്താരാഷ്ട്ര പരിഭാഷ ദിനമായി ആചരിക്കുന്നു.
“ദേശങ്ങളെ ഒരുമിച്ചുകൊണ്ടുവരിക, ചര്‍ച്ചകള്‍ സാദ്ധ്യമാക്കുക, സഹകരണത്തെക്കുറിച്ച് ധാരണകള്‍ ഉണ്ടാക്കുക, വികസനത്തിന് സംഭാവന ചെയ്യുക എന്നീ കാര്യങ്ങളില്‍ തങ്ങളുടെ ഭാഗദേയം നിര്‍വ്വഹിച്ച ഭാഷ വിദഗ്ദരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃതജ്ഞത അര്‍പ്പിക്കാനുള്ള ഒരവസരം...”, ആണ് ഈ ദിവസമെന്ന് യു.എന്‍. പറയുന്നു. അതുകൊണ്ട്, മറ്റൊരു ജേര്‍ണലിസം വെബ്സൈറ്റിനും പകരം വയ്ക്കാന്‍ പറ്റില്ലെന്നുറപ്പുള്ള ഈ പരിഭാഷ സംഘത്തിന് ഇന്ന് ഞങ്ങള്‍ കൃതജ്ഞത അര്‍പ്പിക്കുന്നു.
ഞങ്ങളുടെ പരിഭാഷകരില്‍ ഉള്‍പ്പെടുന്നത് ഡോക്ടര്‍മാര്‍, ഭൗതികശാസ്ത്രജ്ഞര്‍, ഭാഷ ശാസ്ത്രജ്ഞര്‍, കവിത എഴുതുന്നവര്‍, വീട്ടുകാര്യങ്ങള്‍ നോക്കുന്നവര്‍, അദ്ധ്യാപകര്‍, കലാകാര്‍, പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, എഞ്ചിനീയര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫസര്‍മാര്‍ എന്നിവരൊക്കെയാണ്. ഏറ്റവും മുതിര്‍ന്നയാള്‍ക്ക് 84 വയസ്സും, പ്രായം കുറഞ്ഞയാള്‍ക്ക് 22 വയസ്സുമാണ്. ചിലര്‍ ഇന്ത്യക്ക് പുറത്താണ്. ചിലര്‍, സമ്പര്‍ക്കം പുലര്‍ത്താന്‍ വളരെ ബുദ്ധിമുട്ടുള്ളവിധം, രാജ്യത്തിന്‍റെ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.
പാരിയുടെ ബൃഹത്തായ പരിഭാഷ പദ്ധതി, അതിന്‍റെ നിലയ്ക്കും പരിമിതികള്‍ക്കകത്തും നിന്നുകൊണ്ട്, ഈ ദേശത്തെ ഒരുമിച്ചു നിര്‍ത്തുന്നു - തീര്‍ച്ചയായും ഈ ദേശത്തിന്‍റെ ഭാഷകളെ ബഹുമാനിച്ചുകൊണ്ടും ഒരുപോലെ സമീപിച്ചുകൊണ്ടും. പാരി സൈറ്റിലെ എല്ലാ ലേഖനങ്ങളും 13 ഭാഷകളില്‍വരെ ലഭ്യമാണ് - അല്ലെങ്കില്‍ പെട്ടെന്ന് ലഭ്യമാകും. 13 ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സവിശേഷമായ ഒരു പാരി ലേഖനം ഈ ലിങ്കില്‍ വായിക്കാം: നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഭഗത് സിംഗ് ഝുഗ്ഗിയാന്‍റെ പോരാട്ടം.
പാരി ഇന്‍ഡ്യന്‍ ഭാഷകളെ ഗൗരവതരമായി സമീപിക്കുന്നു. അല്ലെങ്കില്‍ ഞങ്ങള്‍ സാധാരണനിലയില്‍ ഇംഗ്ലീഷില്‍ മാത്രം കേന്ദ്രീകരിച്ച്, പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമായിരുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ ഞങ്ങള്‍ ആ ഭാഷയുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ലാത്ത ഭൂരിപക്ഷം വരുന്ന ഗ്രാമീണ ഇന്ത്യക്കാരെ മാറ്റിനിര്‍ത്തുമായിരുന്നു. പീപ്പിൾസ് ലിംഗ്വിസ്റ്റിക് സർവേ ഓഫ് ഇന്ത്യ ഞങ്ങളോട് പറഞ്ഞത് ഈ രാജ്യത്ത് 800-നടുത്ത് ഉപയോഗത്തിലുള്ള ഭാഷകള്‍ ഉണ്ടെന്നാണ്. അതുമാത്രമല്ല, കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ 225 ഇന്‍ഡ്യന്‍ ഭാഷകള്‍ ഇല്ലാതാവുകയും ചെയ്തു. ഇന്ത്യയുടെ ബഹു-വൈവിധ്യ സംസ്കാരങ്ങളുടെ ഹൃദയത്തിലാണ് ഈ ഭാഷകളുടെ സ്ഥാനം. മൂല്യവത്തായ കാര്യങ്ങളെപ്പറ്റി വിവരങ്ങള്‍ നേടുന്നതിനും അറിവ് സമ്പാദിക്കുന്നതിനും അവകാശമുള്ളത് ഇംഗ്ലീഷ് സംസാരിക്കുന്ന വിഭാഗങ്ങള്‍ക്കു മാത്രമല്ല.
വന്‍ മാദ്ധ്യമ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും നടക്കുന്നുണ്ട് - 40 ഭാഷകളില്‍വരെ പ്രക്ഷേപണം ചെയ്യുന്നവ. പക്ഷെ, അവ പലപ്പോഴും വളരെ വ്യത്യസ്തങ്ങളായ ഉള്ളടക്കങ്ങളാണ് വ്യത്യസ്ത ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നത്. ഇന്‍ഡ്യയിലും വ്യത്യസ്ത ഭാഷകളില്‍ ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന കോര്‍പ്പറേറ്റ് ഉടമസ്ഥതയിലുള്ള ചാനലുകള്‍ ഉണ്ട്. അവയില്‍ ഏറ്റവും വലുത് 12 ഭാഷകള്‍ ഉപയോഗിക്കുന്നു.
പാരിയില്‍ ഇത് യഥാര്‍ത്ഥത്തില്‍ ഒരു പരിഭാഷ പദ്ധതിയാണ്. വെബ്സൈറ്റില്‍ ഇംഗ്ലീഷില്‍ വരുന്ന എല്ലാ ലേഖനങ്ങളും മറ്റു 12 ഭാഷകളില്‍ ലഭ്യമാണ്. പരിഭാഷകളെല്ലാം തന്നെ അധികം താമസമില്ലാതെ പ്രസിദ്ധീകരിക്കുന്നു. 13 ഭാഷകളില്‍ ഓരോന്നിനും സമര്‍പ്പിതരായ എഡിറ്റര്‍മാരുണ്ട്. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഭാഷകളുടെ പട്ടികയില്‍ ഛത്തീസ്‌ഗഢിയും സന്താളിയും കൂടി ഉള്‍പ്പെടുത്താന്‍ പദ്ധതിയിടുന്നു.
പ്രധാനപ്പെട്ട ഒരുകാര്യം പാരി പരിഭാഷകള്‍ ഒരിക്കലും വെറും ഭാഷാപരമായ ഒരു പ്രവൃത്തിയല്ല, അഥവാ ഇംഗ്ലീഷില്‍നിന്നുള്ള പരിഭാഷയിലേക്ക് മാത്രമായി ചുരുക്കാന്‍ പറ്റുന്ന ഒന്നല്ല. നമുക്ക് പരിചിതമായ ലോകങ്ങള്‍ക്കപ്പുറത്തുള്ള സാഹചര്യങ്ങളിലേക്ക് എത്തിച്ചേരുന്നതുമായി അത് ബന്ധപ്പെടുന്നു. ഞങ്ങളുടെ പരിഭാഷകര്‍ ഇന്ത്യയെന്ന ആശയവുമായി വിവിധ ഭാഷകളില്‍ ബന്ധപ്പെടുകയും ഇടപെടുകയും ചെയ്യുന്നു. ഒരു ഭാഷയിലെ വാക്കുകള്‍ വെറുതെ പരിഭാഷപ്പെടുത്തുന്നതല്ല ഞങ്ങളുടെ സമീപനം. പലപ്പോഴും, തമാശയായ ഗൂഗിള്‍ പരിഭാഷകളില്‍ ആ രീതിയുടെ ഫലങ്ങള്‍ കാണാന്‍ കഴിയും. ഞങ്ങളുടെ സംഘം ഒരു കഥയുടെ സംവേദനക്ഷമതയാണ് പരിഭാഷപ്പെടുത്താന്‍ ശ്രമിക്കുന്നത് – അതിന്‍റെ സാഹചര്യം, സംസ്കാരം, ഭാഷാശൈലി, കൂടാതെ അത് യഥാര്‍ത്ഥത്തില്‍ എഴുതപ്പെട്ട ഭാഷയിലെ അതിന്‍റെ സൂക്ഷ്മാംശങ്ങള്‍ ഉള്‍പ്പെടെ എല്ലാം. കൂടാതെ, ഓരോ പരിഭാഷകനും/യും പരിഭാഷപ്പെടുത്തിയ കഥകള്‍, ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും തെറ്റുകള്‍ ഒഴിവാക്കുന്നതിനുമായി, മറ്റൊരാള്‍ അവലോകനം ചെയ്യുന്നു.
ഞങ്ങളുടെ ചെറിയ പാരി എജ്യൂക്കേഷന്‍ വിഭാഗംപോലും അവരുടെ സാന്നിദ്ധ്യം ഇന്‍ഡ്യന്‍ ഭാഷകളില്‍ അറിയിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇംഗ്ലീഷിലെ പ്രാവീണ്യം ഒരു ഉപാധിയായി, ഒരു ആയുധം പോലുമായി, തീര്‍ന്നിട്ടുള്ള ഒരു സമൂഹത്തില്‍ ഒരേ ലേഖനംതന്നെ വിവിധ ഭാഷകളില്‍ പ്രത്യക്ഷപ്പെടുന്നത് പലതരത്തിലും സഹായകമാണ്. സ്വകാര്യ ട്യൂഷന്‍, അല്ലെങ്കില്‍ ചിലവുകൂടിയ റെമെഡിയല്‍ കോഴ്സുകള്‍, അതായത് പഠന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കോഴ്സുകള്‍, താങ്ങാനാവാത്ത വിദ്യാര്‍ത്ഥികള്‍ ഞങ്ങളോട് പറഞ്ഞത് ഇത് അവരുടെ ഇംഗ്ലീഷ് ഭാഷയെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ്. അവര്‍ക്ക് മാതൃഭാഷയില്‍ ലേഖനം വായിക്കാന്‍ സാധിക്കും, വീണ്ടും ഇംഗ്ലീഷിലും (അല്ലെങ്കില്‍ ഹിന്ദി, അതുമല്ലെങ്കില്‍ മറാത്തി... അവര്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഭാഷയ്ക്കനുസരിച്ച്). ഇതെല്ലാം സൗജന്യമാണ്. പാരിയുടെ ഉള്ളടക്കങ്ങള്‍ക്കായി വരിസംഖ്യയോ മറ്റെന്തെങ്കിലും തരത്തിലുള്ള ഫീയോ ഈടാക്കുന്നില്ല.
മുന്നൂറിലധികം വീഡിയോ അഭിമുഖങ്ങള്‍, ഫിലിമുകള്‍, ഇന്‍ഡ്യന്‍ ഭാഷകളിലുള്ള ഡോക്യുമെന്‍ററികള്‍ എന്നിവയും നിങ്ങള്‍ക്ക് കാണാം - ഇംഗ്ലീഷിലും മറ്റ് ഭാഷകളിലും രേഖപ്പെടുത്തിയിട്ടുള്ള സംഭാഷണങ്ങളോടൊപ്പം.
ഹിന്ദി, ഒഡിയ, ഉറുദു, ബംഗ്ല, മറാത്തി ഭാഷകളിലും - പ്രാദേശികവത്കരിക്കപ്പെട്ടതും സ്വതന്ത്രവുമായ സൈറ്റുകളായി - പാരി ലഭ്യമാണ്. തമിഴ്, ആസ്സാമീസ് ഭാഷകളിലും ഉടന്‍ ഈ സൗകര്യം ലഭ്യമാകും. ഇംഗ്ലീഷ് കൂടാതെ ഹിന്ദി, ഉറുദു, തമിഴ് ഭാഷകളിലും ഞങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ സജീവമാണ്.
ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി സന്നദ്ധ സേവനങ്ങളും സംഭാവനകളും നല്‍കി ഞങ്ങളെ സഹായിക്കാന്‍ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു. പ്രത്യേകിച്ച്, ഞങ്ങളുടെ അടുത്ത വലിയ ഘടകം (ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഭാഷകളെ പറ്റിയുള്ളത്) ആരംഭിക്കുന്നതിനു വേണ്ടി. കാര്യങ്ങളെ ഈ രീതിയില്‍ കാണുക: എല്ലാ ഇന്‍ഡ്യന്‍ ഭാഷയും നിങ്ങളുടെ ഭാഷയാണ്.
പരിഭാഷ
:
റെന്നിമോന്
കെ
.
സി
.