കഴിഞ്ഞ മൂന്നു വര്‍ഷം നിങ്ങള്‍ എത്ര ആശുപത്രികളില്‍നിന്ന് വിദഗ്ദോപദേശങ്ങള്‍ തേടി?

ചോദ്യം കേട്ടപ്പോള്‍ സുശീലദേവിയുടെയും അവരുടെ ഭര്‍ത്താവ് മനോജ്‌കുമാറിന്‍റെയും (രണ്ടുപേരുടെയും പേര് മാറ്റിയിരിക്കുന്നു) മുഖത്ത് തളര്‍ച്ചയും നിരാശയും നിഴലിച്ചു. ബാന്ദിക്കുയി പട്ടണത്തിലെ മഥുര്‍ ആശുപത്രിയില്‍ സുശീലദേവി 2017 ജൂണില്‍ വന്ധ്യംകരണത്തിനു വിധേയയായിരുന്നു. അതിനുശേഷം സന്ദര്‍ശിച്ച ആശുപത്രികളുടെയും, നടത്തിയ പരിശോധനകളുടെയും പരസ്പരവിരുദ്ധങ്ങളായ രോഗനിര്‍ണ്ണയങ്ങളുടെയും എണ്ണം രണ്ടുപേര്‍ക്കും ഓര്‍മ്മയില്ല.

വിവാഹിതയായി 10 വര്‍ഷക്കാലയളവിനുള്ളില്‍ മൂന്ന് പെണ്‍കുട്ടികളും അതിനുശേഷം നാലാമത്തെ മകനും ഉണ്ടായതിനുശേഷം, കുടുംബവും ജീവിതവും നന്നായി നടത്തിക്കൊണ്ടുപോകാം എന്ന പ്രതീക്ഷയില്‍, 27-കാരിയായ സുശീലയ്ക്ക് വന്ധ്യംകരണം നടത്താന്‍ ദമ്പതികള്‍ തീരുമാനിച്ചു. രാജസ്ഥാനിലെ ദൗസ തഹസീലിലെ അവരുടെ ഢാണി ജമ ഗ്രാമത്തില്‍നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ബാന്ദിക്കുയിയിലെ സ്വകാര്യ ആശുപത്രിയായിരുന്നു അവരുടെ പ്രഥമ പരിഗണനയിലുണ്ടായിരുന്നത് - ഢാണി ജമയില്‍നിന്നും വെറും മൂന്നു കിലോമീറ്റര്‍ മാത്രം അകലെ കുണ്ഡല്‍ ഗ്രാമത്തില്‍ ഒരു സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രം (പി.എച്.സി.) ഉണ്ടെങ്കില്‍പ്പോലും.

“[സര്‍ക്കാര്‍] ആരോഗ്യകേന്ദ്രങ്ങളിലെ വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പുകള്‍ തണുപ്പുള്ള മാസങ്ങളിലാണ് മിക്കപ്പോഴും സംഘടിപ്പിക്കുക. സ്തീകള്‍ തണുപ്പുള്ള മാസങ്ങളാണ് നടപടിക്രമങ്ങള്‍ക്കായി കൂടുതല്‍ താത്പര്യപ്പെടുന്നത്, എന്തുകൊണ്ടെന്നാല്‍ ആ സമയത്താണ് വേഗം സുഖപ്പെടുക. വേനല്‍ക്കാല മാസങ്ങളില്‍ അവര്‍ക്ക് ശസ്ത്രക്രിയ വേണമെന്നുണ്ടെങ്കില്‍ ഞങ്ങളവരെ ദൗസയിലും ബാന്ദിക്കുയിയിലുമുള്ള സ്വകാര്യ ആശുപത്രികളില്‍ കൊണ്ടുപോകുന്നു”, അംഗീകൃത സാമൂഹ്യാരോഗ്യ പ്രവര്‍ത്തക അല്ലെങ്കില്‍ ആശ പ്രവര്‍ത്തകയായ (Accredited Social Health Activist - ASHA) 31-കാരി സുനീതദേവി പറഞ്ഞു. മഥുര്‍ ആശുപത്രിയിലേക്ക് പോകാനായി അവര്‍ ആ ദമ്പതികളെ അനുഗമിച്ചു. 25 കിടക്കകളുള്ള ഒരു ജനറല്‍ ആശുപത്രിയാണത്. ഒരു സംസ്ഥാന കുടുംബക്ഷേമ പദ്ധതിന്‍കീഴില്‍ പേര് ചേര്‍ത്തിട്ടുള്ള അവിടെ വന്ധ്യംകരണം (tubectomy) നടത്താന്‍ അതിനാല്‍ത്തന്നെ സുശീലയ്ക്ക് ചിലവൊന്നും ആകില്ല. പകരം അവര്‍ക്ക് 1,400 രൂപ പ്രോത്സാഹനമായി ഇങ്ങോട്ട് ലഭിക്കും.

ശസ്ത്രക്രിയയ്ക്കു ശേഷം കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സുശീലയ്ക്ക് മാസമുറയായി. അതോടുകൂടി കടുത്തവേദനയും തളര്‍ച്ചയും തുടര്‍ച്ചയായി അനുഭവപ്പെട്ടു. അടുത്ത മൂന്നു വര്‍ഷങ്ങള്‍ അത് നീണ്ടുനില്‍ക്കുകയും ചെയ്തു.

“ആദ്യം വേദന ആരംഭിച്ചപ്പോള്‍ ഞാനവള്‍ക്ക് വീട്ടിലുണ്ടായിരുന്ന വേദനസംഹാരികള്‍ നല്‍കി. അത് ചെറിയ ശമനമുണ്ടാക്കി. ആര്‍ത്തവമാകുമ്പോള്‍ എല്ലാ മാസങ്ങളിലും അവള്‍ കരയുമായിരുന്നു”, 29-കാരനായ മനോജ്‌ പറഞ്ഞു.

“വേദന മൂര്‍ച്ഛിച്ചു, അമിത രക്തസ്രാവം എനിക്ക് ഓക്കാനം ഉണ്ടാക്കി. ഞാനെപ്പോഴും ക്ഷീണിതയായിരുന്നു”, സുശീല പറഞ്ഞു. 8-ാം ക്ലാസ് വരെ പഠിച്ചിട്ടുള്ള അവര്‍ ഒരു വീട്ടമ്മയാണ്.

ഇത് മൂന്നു മാസക്കാലം തുടര്‍ന്നപ്പോള്‍ ദമ്പതികള്‍ മടിയോടെ കുണ്ഡലിലെ പി.എച്.സി.യില്‍ പോയി.

Susheela and Manoj from Dhani Jama village have been caught in a web of hospitals, tests and diagnoses since Susheela's nasbandi
PHOTO • Sanskriti Talwar
Susheela and Manoj from Dhani Jama village have been caught in a web of hospitals, tests and diagnoses since Susheela's nasbandi
PHOTO • Sanskriti Talwar

സുശീലയ്ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയശേഷം ഢാണി ജമ ഗ്രാമത്തില്‍ നിന്നുള്ള സുശീലയും മനോജും പല ആശുപത്രികള്‍ സന്ദര്‍ശിക്കുകയും പരിശോധനകളും രോഗനിര്‍ണ്ണയങ്ങളും നടത്തുകയും ചെയ്തു

“വഹാം ജ്യാദാതര്‍ സ്റ്റാഫ് ഹോതാ കഹാം ഹേ? [എവിടെയാണ് അവിടെയുള്ള ജീവനക്കാരൊക്കെ?]”, മനോജ്‌ ചോദിച്ചു. സുശീലയെ പരിശോധിക്കുകപോലും ചെയ്യാതെ പി.എച്.സി.യില്‍ നിന്നും വേദനയ്ക്കുള്ള ഗുളികകള്‍ നല്‍കിയെന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

തളര്‍ത്തുന്ന വേദന അപ്പോഴേക്കും അവരുടെ വൈവാഹിക ജീവിതത്തിലെ എല്ലാത്തിനേയും ബാധിക്കാന്‍ തുടങ്ങിയിരുന്നു. വന്ധ്യംകരണത്തിന് 5 മാസങ്ങള്‍ക്കുശേഷം ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ കാണാന്‍ സുശീല മഥുര്‍ ആശുപത്രിയില്‍ തിരിച്ചെത്തി

പിന്നീട്, അടിവയറ്റില്‍ നടത്തിയ സോണോഗ്രഫി ഉള്‍പ്പെടെ, തുടര്‍ച്ചയായ കുറച്ചു പരിശോധനകള്‍ക്കു ശേഷം അണ്ഡവാഹിനിക്കുഴലില്‍ അണുബാധയുണ്ടെന്ന് ഡോക്ടര്‍ പ്രഖ്യാപിക്കുകയും മൂന്നുമാസത്തെ ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്തു.

എങ്ങനെ എന്‍റെ ഭാര്യക്ക് അണുബാധയുണ്ടായി? നിങ്ങള്‍ ശസ്ത്രക്രിയ യഥാവിധി നടത്തിയില്ലേ?” മനോജ്‌ ഡോക്ടറുടെയടുത്ത് ദേഷ്യപ്പെട്ടു. തങ്ങള്‍ക്ക് ലഭിച്ച പ്രതികരണം ദമ്പതികള്‍ ഓര്‍ക്കുന്നു: “ഹംനെ അപ്നാ കാം സഹി കിയാ ഹേ, യഹ് തുമാരി കിസ്മത് ഹേ, [ഞങ്ങള്‍ ഞങ്ങളുടെ ജോലി നന്നായി ചെയ്തു. ഇത് നിങ്ങളുടെ ഭാഗ്യമോ/വിധിയോ ആണ്”, നടന്നകലുന്നതിനുമുമ്പ് ഡോക്ടര്‍ പറഞ്ഞു.

അടുത്ത മൂന്നുമാസക്കാലം, എല്ലാ 10 ദിവസങ്ങളും കൂടുമ്പോള്‍, രാവിലെ 10 മണിക്ക് ദമ്പതികള്‍ അവരുടെ മോട്ടോര്‍ സൈക്കിളില്‍  വീട്ടില്‍നിന്നും മഥുര്‍ ആശുപത്രിയിലേക്കു പോകുകയും പരിശോധനകളും നിര്‍ദ്ദേശിച്ചിരിക്കുന്ന മരുന്നു വാങ്ങലുമൊക്കെയായി ദിവസം മുഴുവന്‍ ചിലവഴിക്കുകയും ചെയ്യുമായിരുന്നു. മനോജ്‌ ജോലി ഒഴിവാക്കുകയും അവരുടെ മൂന്ന് പെണ്‍മക്കളും (9, 7, 5 വയസ്സ് വീതം) മകനും (4 വയസ്സ്) ഢാണി ജമയില്‍ മുത്തശ്ശന്‍റെയും മുത്തശ്ശിയുടെയും കൂടെ തങ്ങുകയും ചെയ്യുമായിരുന്നു. ഓരോ തവണയും 2,000 മുതല്‍ 3,000 രൂപവരെയായിരുന്നു ചിലവ്.

മൂന്നുമാസത്തെ ചികിത്സയുടെ അവസാനമായപ്പോഴേക്കും ബന്ധുക്കളുടെ പക്കല്‍നിന്നും കടംവാങ്ങിയ 50,000 രൂപയോളം മനോജ്‌ ചിലവഴിച്ചിരുന്നു. ബി.എ. ബിരുദധാരിയാണെങ്കിലും ബെല്‍ദാരി തൊഴില്‍ (നിര്‍മ്മാണ മേഖലകളിലെ തൊഴില്‍) മാത്രമാണ് അദ്ദേഹത്തിന് കണ്ടെത്താന്‍ പറ്റിയത്. സ്ഥിരമായി പണിയുള്ളപ്പോള്‍ മാസം 10,000 രൂപ ലഭിക്കും. സുശീലയുടെ അവസ്ഥയ്ക്ക് മാറ്റമില്ലാതെ തുടര്‍ന്നതുകൊണ്ട് വരുമാനമൊന്നുമില്ലാതെ കുടുംബം കടംവാങ്ങി കൂട്ടുകയായിരുന്നു. ജീവിതത്തിന് ഒരു വ്യക്തതയുമില്ലാതായി മാറുകയായിരുന്നുവെന്ന് സുശീല പറഞ്ഞു.

“ആര്‍ത്തവസമയത്ത് ഞാന്‍ വേദനകാരണം കുഴഞ്ഞു വീഴുകയോ ദിവസങ്ങളോളം പണിയെടുക്കാന്‍ വയ്യാതെ ക്ഷീണിതയാവുകയോ ചെയ്യുമായിരുന്നു”, അവര്‍ പറഞ്ഞു.

Susheela first got a nasbandi at Madhur Hospital, Bandikui town, in June 2017
PHOTO • Sanskriti Talwar

സുശീല ആദ്യമായി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് പോയത് 2017 ജൂണില്‍ ബാന്ദിക്കുയി പട്ടണത്തിലെ മഥുര്‍ ആശുപത്രിയിലാണ്

2018 നവംബറില്‍ മനോജ്‌ തന്‍റെ ഭാര്യയെ ഗ്രാമത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ ജില്ല ഭരണസിരാകേന്ദ്രമായ ദൗസയിലെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. 250 കിടക്കകളുള്ള ആശുപത്രിക്ക് മാതൃ ആരോഗ്യ സേവനങ്ങള്‍ക്കായി പ്രത്യേക വകുപ്പുണ്ട്. അവര്‍ ആശുപത്രിയില്‍ ചെന്ന ദിവസം ആശുപത്രിയുടെ ഇടനാഴിയില്‍ രോഗികളുടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന നീണ്ട വരിയുണ്ടായിരുന്നു.

“ദിവസം മുഴുവനും ഞാന്‍ വരിയില്‍ നില്‍ക്കുമായിരുന്നു. ഞാന്‍ അക്ഷമനായി. അങ്ങനെ ഞങ്ങള്‍ അവിടംവിട്ട് ദൗസയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചു”, മനോജ്‌ പറഞ്ഞു. അവസാനിക്കാത്ത ആശുപത്രി സന്ദര്‍ശനങ്ങളുടെയും പരിശോധനകളുടെയും, അപ്പോഴും വ്യക്തതയില്ലാത്ത രോഗനിര്‍ണ്ണയത്തിന്‍റെയും, മറ്റൊരു ചുഴിയിലേക്കായിരിക്കും തങ്ങള്‍ എത്തപ്പെടുക എന്ന് അവര്‍ അപ്പോള്‍ അറിഞ്ഞില്ല.

ജില്ല ആശുപത്രിയുടെ വരിയില്‍നിന്ന ആരോ ഒരാള്‍ സൂചിപ്പിച്ചതുപോലെ ദൗസയിലെ രാജധാനി മറ്റേണിറ്റി ഹോം  സുശീലയുടെ പഴയ സോണോഗ്രഫി റിപ്പോര്‍ട്ട് തിരസ്ക്കരിക്കുകയും പുതിയ ഒരെണ്ണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അടുത്തത് എന്തു ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായ  മനോജ്‌ ഗ്രാമത്തിലെ ആരുടെയോ ഉപദേശം സ്വീകരിച്ച് സുശീലയെ ഏതാനും ആഴ്ചകള്‍ക്കുശേഷം ദൗസയിലെ ഖണ്ഡേൽവാൾ നഴ്സിംഗ് ഹോമില്‍ എത്തിച്ചു. ഇവിടെനിന്നും മറ്റൊരു സോണോഗ്രഫി നടത്തുകയും അതിന്‍റെ റിപ്പോര്‍ട്ടില്‍ അവരുടെ അണ്ഡവാഹിനിക്കുഴലില്‍ വീക്കമുണ്ടെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരുവട്ടം ചികിത്സ നടത്തി.

“ഈ നടപടിക്രമങ്ങളെക്കുറിച്ച് ഗ്രാമീണര്‍ക്ക് ഒന്നും മനസ്സിലാക്കാന്‍ കഴിയില്ലെന്ന് സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന ആളുകള്‍ക്കറിയാം. അവര്‍ പറയുന്നതെന്തും ഞങ്ങള്‍ കേള്‍ക്കും എന്ന് അവര്‍ക്കറിയാം”, മനോജ്‌ പറഞ്ഞു. ദൗസയിലെ മൂന്നാമത്തെ ആശുപത്രിയായ ശ്രീകൃഷ്ണ ആശുപത്രിയില്‍ എങ്ങനെയവര്‍ എത്തിച്ചേര്‍ന്നു എന്നതിനെക്കുറിച്ച് മനോജിപ്പോള്‍ ചിന്താകുഴപ്പത്തിലാണ്. കൂടുതല്‍ പരിശോധനകള്‍ക്കും അടുത്ത സോണോഗ്രഫിക്കുംശേഷം സുശീലയുടെ കുടലില്‍ ചെറിയൊരു വീക്കമുണ്ടെന്നാണ് അവിടുത്തെ ഡോക്ടര്‍ പറഞ്ഞത്.

“അണ്ഡവാഹിനിക്കുഴലില്‍ വീക്കമുണ്ടെന്ന് ഒരു ആശുപത്രി പറയും, മറ്റൊരു ആശുപത്രി പറയും അവിടെ അണുബാധയുണ്ടെന്ന്, മൂന്നാമത്തെ ആശുപത്രി എന്‍റെ കുടലിനെക്കുറിച്ച് പറയും. ഓരോ ആശുപത്രികളും അതിനനുസരിച്ച് മരുന്നുകളും നിര്‍ദ്ദേശിച്ചു. ഒരിടത്തുനിന്നും അടുത്തയിടത്തേക്കു പോയി ഞങ്ങള്‍ക്ക് ഭ്രാന്തായി. ആരാണ് സത്യം പറയുന്നത്, എന്താണ് സംഭവിക്കുന്നത് എന്ന് ഒരുറപ്പുമില്ലായിരുന്നു”, സുശീല പറഞ്ഞു. ഓരോ ആശുപത്രിയും നിര്‍ദ്ദേശിച്ച ചികിത്സ അവര്‍ നോക്കി. പക്ഷെ അവരുടെ രോഗലക്ഷണങ്ങള്‍ കുറഞ്ഞില്ല.

ദൗസയിലെ ഈ മൂന്ന് സ്വകാര്യ ആശുപത്രികള്‍ സന്ദര്‍ശച്ചതിനു ശേഷം മനോജിന്‍റെ കടങ്ങളില്‍ 25,000 രൂപയുടെ വര്‍ദ്ധനവുണ്ടായി

ജയ്പൂരില്‍ ജീവിക്കുന്ന ഒരകന്ന ബന്ധു ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരും സംസ്ഥാന തലസ്ഥാനത്ത് ഒരു നല്ല ആശുപത്രി ഉണ്ടെന്നും അത് സുരക്ഷിതമായിരിക്കുമെന്നും പറഞ്ഞു. ആവരുടെ ഗ്രാമത്തില്‍നിന്നും 76 കിലോമീറ്റര്‍ അകലെയാണത്.

ഒരിക്കല്‍ക്കൂടി ഇല്ലാത്ത പണം ചിലവാക്കി ആ ദമ്പതികള്‍ ജയ്പൂരിനു പോയി. അവിടെടെ ഡോ. സര്‍ദാര്‍ സിംഗ് മെമ്മോറിയല്‍ ആശുപത്രി നടത്തിയ മറ്റൊരു സോണോഗ്രഫി വെളിപ്പെടുത്തിയത് സുശീലയുടെ ഗര്‍ഭപാത്രത്തില്‍ ചെറിയൊരു മുഴ ഉണ്ടെന്നാണ്.

“ആ മുഴ വലുതാവുകയേയുള്ളൂവെന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞു. അദ്ദേഹം വളരെ വ്യക്തമായി എന്നോടു പറഞ്ഞത് ഞാന്‍ ഗര്‍ഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്ക് [hysterectomy] വിധേയയാവണം എന്നാണ്.

Illustration: Labani Jangi

ചിത്രീകരണം: ലബനി ജംഗി

ആര്‍.റ്റി.ഐ. പ്രകാരം മനസ്സിലായത് വിവരങ്ങള്‍ നല്‍കിയ 5 സ്വകാര്യ ആശുപത്രികളില്‍ (രാജസ്ഥാനിലെ ബാന്ദിക്കുയി പട്ടണത്തില്‍) മൂന്നെണ്ണവും 2010 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ സ്ത്രീകളില്‍ നടത്തിയ 385 ശസ്ത്രക്രിയകളില്‍ 286 എണ്ണവും ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയകള്‍ [hysterectomy] ആയിരുന്നുവെന്നാണ്... ഭൂരിപക്ഷം സ്ത്രീകളും 30 വയസ്സില്‍ താഴെയുള്ളവരായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞയാള്‍ക്ക് വെറും 18 വയസ്സും

അവസാനം 2019 ഡിസംബര്‍ 27-ന്, 30 മാസങ്ങള്‍ക്കും 8 ആശുപത്രി സന്ദര്‍ശനങ്ങള്‍ക്കും ശേഷം, വീണ്ടും ദൗസയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയായ ശുഭി പള്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ട്രൗമ സെന്‍ററില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് 20,000 രൂപയും തുടര്‍ചികിത്സകള്‍ക്കായി 10,000 രൂപയും മനോജ്‌ ചിലവാക്കി.

വേദനയും കടവും ഇല്ലാതാക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം ഗര്‍ഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയയാണെന്ന് അംഗീകരിക്കാന്‍ ദമ്പതികള്‍ നിര്‍ബന്ധിതരായി.

മനോജിന്‍റെയും സുശീലിന്‍റെയും യാതനകളെക്കുറിച്ച് ഞങ്ങള്‍ അഖില്‍ ഭാരതീയ ഗ്രാഹക് പഞ്ചായത്ത് എന്ന ഒരു സര്‍ക്കാറേതര സംഘടനയിലെ വക്കീലായ ദുര്‍ഗ പ്രസാദ് സൈനിയോട് പറഞ്ഞു. പ്രസ്തുത സംഘടന ബാന്ദിക്കുയിയിലെ 5 സ്വകാര്യ ആശുപത്രികളില്‍ എത്രതവണ ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് അന്വേഷിക്കുന്നതിനായി ഒരു വിവരാവകാശ (ആര്‍.റ്റി.ഐ.) അപേക്ഷ 2010 നവംബറില്‍ നല്‍കി.

വിവരങ്ങള്‍ നല്‍കിയ 5 സ്വകാര്യ ആശുപത്രികളില്‍ (രാജസ്ഥാനിലെ ബാന്ദിക്കുയി പട്ടണത്തില്‍) മൂന്നെണ്ണവും 2010 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ സ്ത്രീകളില്‍ നടത്തിയ 385 ശസ്ത്രക്രിയകളില്‍ 286 എണ്ണവും ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയകള്‍ [hysterectomy] ആയിരുന്നുവെന്നാണ് ആര്‍.റ്റി.ഐ. പ്രകാരം മനസ്സിലായത്. മഥുര്‍ ആശുപത്രി (സുശീലയ്ക്ക് വന്ധ്യംകരണം നടത്തിയ ആശുപത്രി), മദാന്‍ നഴ്സിംഗ് ഹോം, ബാലാജി ആശുപത്രി, വിജയ്‌ ആശുപത്രി, കട്ടാ ആശുപത്രി എന്നീ ജനറല്‍ ആശുപത്രികളോടായിരുന്നു ചോദ്യം. ഭൂരിപക്ഷം സ്ത്രീകളും 30 വയസ്സില്‍ താഴെയുള്ളവരായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞയാള്‍ക്ക് വെറും 18 വയസ്സും. ജില്ലയില്‍ നിന്നുള്ള ബൈര്‍വ, ഗുജ്ജര്‍, മാലി തുടങ്ങിയ പട്ടികജാതി, പട്ടികവര്‍ഗ്ഗ സമുദായങ്ങളില്‍ പെടുന്നവരായിരുന്നു മിക്ക സ്ത്രീകളും. അവരുടെ ഗ്രാമമായ ഢാണി ജമയിലുള്ള 97 ശതമാനം ആളുകളും പട്ടികജാതികളില്‍ പെടുന്നവരാണ്.

പര്‍ കോഖ് ഹേ കഹാം [പക്ഷെ ഗര്‍ഭപാത്രം എവിടെ] എന്ന പ്രശ്നം ആരോ ചൂണ്ടിക്കാട്ടിയപ്പോള്‍ ഞങ്ങള്‍ പെണ്‍ ഭ്രൂണഹത്യയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു”, സൈനി ഓര്‍മ്മിച്ചു. എന്തോ കുഴപ്പമുണ്ടെന്ന് സംശയമുണ്ടാക്കുന്ന ഒരു പരാമര്‍ശമായിരുന്നു അത്.

“ഡോക്ടര്‍മാരും പ്രാഥമികാരോഗ്യകേന്ദ്ര ജീവനക്കാരും ആശ പ്രവര്‍ത്തകരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്‍റെ ഫലമാണ് ഇതെന്ന് [അനാവശ്യമായി ഇത്രയധികം ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയ നടത്തുന്നത്] ഞങ്ങള്‍ വിശ്വസിക്കുന്നു. പക്ഷെ ഞങ്ങള്‍ക്കത് തെളിയിക്കാന്‍ കഴിഞ്ഞില്ല”, സൈനി പറഞ്ഞു. രാജസ്ഥാന്‍, ബീഹാര്‍, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിലെ ലാഭേച്ഛയുള്ള സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന “ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയ കുംഭകോണ”ത്തിനെതിരെ സുപ്രീംകോടതിയില്‍ 2013-ല്‍ നല്‍കിയിട്ടുള്ള പൊതുതാത്പര്യ ഹര്‍ജി യില്‍ (പി.ഐ.എല്‍.) ബാന്ദിക്കുയിയിലെ കണ്ടെത്തലുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള ലാഭരഹിത സംഘടനയായ പ്രയാസിന്‍റെ സ്ഥാപകന്‍ ഡോ. നരേന്ദ്ര ഗുപ്തയാണ് ഹര്‍ജി നല്‍കിയത്. ശസ്ത്രക്രിയയ്ക്കു വിധേയരായ സ്ത്രീകള്‍ക്ക് നഷ്ടപരിഹാരവും വേണ്ടരീതിയില്‍ നയങ്ങള്‍ മാറ്റാനും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ശസ്ത്രക്രിയ നടത്തേണ്ട അടിയന്തിര സാഹചര്യമുണ്ടെന്നും അത് അത്യാവശ്യമായി നടത്തേണ്ടതാണെന്നും തെറ്റിദ്ധരിപ്പിക്കപ്പെട്ട സ്ത്രീകളാണ് ബീഹാര്‍, ഛത്തീസ്‌ഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും കൂടിക്കാഴ്ചയില്‍ പങ്കെടുത്തവര്‍”, പി.ഐ.എല്‍. ചൂണ്ടിക്കാണിക്കുന്നു. “ഡോക്ടറുടെ ഉപദേശം സ്വീകരിച്ചില്ലെങ്കില്‍ ക്യാന്‍സര്‍ വരുമെന്ന് അവരെ വിശ്വസിപ്പിച്ചിരിക്കുന്നു.”

'We believed it [the unnecessary hysterectomies] was the result of a nexus...But we couldn’t prove it', said advocate Durga Prasad Saini
PHOTO • Sanskriti Talwar

ഒരു അവിശുദ്ധ ബന്ധത്തിന്‍റെ ഫലമാണ് ഇതെന്ന് [അനാവശ്യമായി ഇത്രയധികം ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നത്] ഞങ്ങള്‍ വിശ്വസിക്കുന്നു. പക്ഷെ ഞങ്ങള്‍ക്കത് തെളിയിക്കാന്‍ കഴിഞ്ഞില്ല’, വക്കീലായ ദുര്‍ഗ പ്രസാദ് സൈനി പറഞ്ഞു

പ്രധാന വിവരങ്ങള്‍ (അപകടസാദ്ധ്യതയും ദീര്‍ഘകാല പാര്‍ശ്വഫലങ്ങളും ഉള്‍പ്പെടെയുള്ളവ) സ്ത്രീകളില്‍നിന്നും പലപ്പോഴും മറച്ചുവച്ചിരുന്നുവെന്നും ശസ്ത്രക്രിയയ്ക്ക് മുമ്പ് കാര്യങ്ങള്‍ അറിയിച്ചശേഷം അവരില്‍നിന്നും സമ്മതം വാങ്ങിയിരുന്നോ എന്നത് സംശയകരമാണെന്നും പരാതിയില്‍ പറയുന്നു.

ആവശ്യമുള്ള സാഹചര്യത്തില്‍ മാത്രമെ ശസ്ത്രക്രിയ നടത്തിയിട്ടുള്ളൂ എന്നു പറഞ്ഞുകൊണ്ട് സ്വകാര്യ ആശുപത്രികളും ഡോക്ടര്‍മാരും ആരോപണങ്ങള്‍ നിഷേധിച്ചുവെന്ന് മാദ്ധ്യമങ്ങള്‍ പറഞ്ഞു.

“നിര്‍ദ്ദേശിക്കപ്പെടുന്നുണ്ടെങ്കില്‍ മാത്രമെ ദൗസ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ ഇപ്പോള്‍ ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയ നടത്തുകയുള്ളൂ. പക്ഷെ മുമ്പ് അതായിരുന്നില്ല അവസ്ഥ. പരിശോധനയില്ലാതെ വ്യാപകമായ തോതില്‍ നടന്നിരുന്നു. ഗ്രാമവാസികള്‍ വഞ്ചിക്കപ്പെട്ടു. ആര്‍ത്തവവുമായി ബന്ധപ്പെട്ട് എന്തുതരത്തിലുള്ള വയറുവേദനയുമായി സ്ത്രീകള്‍ വന്നാലും ഒരുസ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് അവരെ പറഞ്ഞുവിടുകയും അവസാനം ഗര്‍ഭപാത്രം നീക്കംചെയ്യാന്‍ പറയുകയും ചെയ്യുമായിരുന്നു”, സൈനി പറഞ്ഞു.

2015-16 വര്‍ഷം സംഘടിപ്പിച്ച ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ (National Family Health Survey - NFHS-4 ) നാലാം ഊഴത്തില്‍ ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയകളെക്കുറിച്ചുകൂടി ഉള്‍പ്പെടുത്താന്‍ ഡോ. ഗുപ്തയുടെ പരാതി സര്‍ക്കാരിനെ പ്രേരിപ്പിച്ചു. അത് വെളിപ്പെടുത്തിയത് ഇന്ത്യയിലെ 15 മുതല്‍ 49 വയസ്സ് വരെ പ്രായത്തിലുള്ള 3.2 ശതമാനം സ്ത്രീകള്‍ പ്രസ്തുത ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെന്നാണ്. ഇവയില്‍ 67 ശതമാനത്തിലധികവും നടന്നിട്ടുള്ളത് സ്വകാര്യ ആരോഗ്യസുരക്ഷ മേഖലയിലാണ്. എന്‍.എഫ്.എച്.എസ്.-4 അനുസരിച്ച് രാജസ്ഥാനിലെ 15 മുതല്‍ 49 വയസ്സ് വരെ പ്രായത്തിലുള്ള 2.3 ശതമാനം സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണ്‌.

പ്രയാസിന്‍റെ വസ്തുതാന്വേഷണ സംഘങ്ങള്‍ (fact-finding teams) കണ്ടുമുട്ടിയ ഗര്‍ഭപാത്രം നീക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയരായ നിരവധി സ്ത്രീകളും പറഞ്ഞത് ശസ്ത്രക്രിയയ്ക്കു ശേഷവും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ്. ശസ്ത്രക്രിയയ്ക്കു രണ്ടുമാസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ സുശീലയെ അവരുടെ വീട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ ബാക്കറ്റ് ഉയര്‍ത്തുകയും മറ്റ് വീട്ടുജോലികള്‍ ചെയ്യുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ചില മുറിവുകള്‍ അപ്പോഴും കരിയാനുണ്ടായിരുന്നു. അവരോട് ശ്രദ്ധിക്കണമെന്ന് പറഞ്ഞതുമാണ്. മനോജ്‌ വീണ്ടും ജോലി ചെയ്യാന്‍ ആരംഭിച്ചു. തീരാത്ത ആരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി വായ്പാദാദാക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും കടംവാങ്ങിയ ഏകദേശം ഒരു ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാനാണ് ജോലിചെയ്തുണ്ടാക്കിയ പണത്തിന്‍റെ പകുതിയിലധികം മനോജ്‌ ചിലവഴിച്ചത്. സുശീലയുടെ ആഭരണങ്ങള്‍ 20-30,000 രൂപയ്ക്ക് അവര്‍ വില്‍ക്കുകയും ചെയ്തു.

കഴിഞ്ഞ മൂന്നുവര്‍ഷത്തെ സംഭവങ്ങളുടെ അമ്പരപ്പ് ഇപ്പോഴും വിട്ടുമാറിയിട്ടില്ലാത്ത ആ ദമ്പതികള്‍ക്ക് നീണ്ടുനിന്ന വേദനയ്ക്കും രക്തസ്രാവത്തിനും കാരണമെന്താണെന്ന് ഇപ്പോഴും ഉറപ്പില്ല – ഗര്‍ഭപാത്രം നീക്കംചെയ്തത് ആത്യന്തികമായി യഥാര്‍ത്ഥ ചികിത്സയായിരുന്നോ എന്നതിനെക്കുറിച്ചും. സുശീലയ്ക്ക് വീണ്ടും വേദന ഉണ്ടായിട്ടില്ല എന്നതില്‍ അവര്‍ക്ക് ചെറിയ ആശ്വാസമുണ്ട്.

“പൈസ ലഗ്തെ ലഗ്തെ ആദ്മി തക് ജായെ തൊ ആഖിര്‍ മേം യഹി കര്‍ സക്ത ഹേ” മനോജ്‌ പറഞ്ഞു – പണം ചിലവാക്കി ഒരുവ്യക്തി മടുത്തുപോകാം, ശരിയായ കാര്യമാണ് ചെയ്യാന്‍ കഴിഞ്ഞത് എന്നുമാത്രമാണ് അവസാനം നിങ്ങള്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയുന്നത്.

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: റെന്നിമോന്‍ കെ. സി.

ਅਨੁਭਾ ਭੋਂਸਲੇ 2015 ਦੀ ਪਾਰੀ ਫੈਲੋ, ਇੱਕ ਸੁਤੰਤਰ ਪੱਤਰਕਾਰ, ਇੱਕ ਆਈਸੀਐਫਜੇ ਨਾਈਟ ਫੈਲੋ, ਅਤੇ ਮਨੀਪੁਰ ਦੇ ਮੁਸ਼ਕਲ ਇਤਿਹਾਸ ਅਤੇ ਆਰਮਡ ਫੋਰਸਿਜ਼ ਸਪੈਸ਼ਲ ਪਾਵਰਜ਼ ਐਕਟ ਦੇ ਪ੍ਰਭਾਵ ਬਾਰੇ ਇੱਕ ਕਿਤਾਬ 'ਮਾਂ, ਕਿੱਥੇ ਮੇਰਾ ਦੇਸ਼?' ਦੀ ਲੇਖਿਕਾ ਹਨ।

Other stories by Anubha Bhonsle
Sanskriti Talwar

ਸੰਸਕ੍ਰਿਤੀ ਤਲਵਾਰ, ਨਵੀਂ ਦਿੱਲੀ ਅਧਾਰਤ ਇੱਕ ਸੁਤੰਤਰ ਪੱਤਰਕਾਰ ਹਨ ਅਤੇ ਸਾਲ 2023 ਦੀ ਪਾਰੀ ਐੱਮਐੱਮਐੱਫ ਫੈਲੋ ਵੀ ਹਨ।

Other stories by Sanskriti Talwar
Illustration : Labani Jangi

ਲਾਬਨੀ ਜਾਂਗੀ 2020 ਤੋਂ ਪਾਰੀ ਦੀ ਫੈਲੋ ਹਨ, ਉਹ ਵੈਸਟ ਬੰਗਾਲ ਦੇ ਨਾਦਿਆ ਜਿਲ੍ਹਾ ਤੋਂ ਹਨ ਅਤੇ ਸਵੈ-ਸਿੱਖਿਅਤ ਪੇਂਟਰ ਵੀ ਹਨ। ਉਹ ਸੈਂਟਰ ਫਾਰ ਸਟੱਡੀਜ ਇਨ ਸੋਸ਼ਲ ਸਾਇੰਸ, ਕੋਲਕਾਤਾ ਵਿੱਚ ਮਜ਼ਦੂਰ ਪ੍ਰਵਾਸ 'ਤੇ ਪੀਐੱਚਡੀ ਦੀ ਦਿਸ਼ਾ ਵਿੱਚ ਕੰਮ ਕਰ ਰਹੀ ਹਨ।

Other stories by Labani Jangi
Editor : Hutokshi Doctor
Series Editor : Sharmila Joshi

ਸ਼ਰਮਿਲਾ ਜੋਸ਼ੀ ਪੀਪਲਸ ਆਰਕਾਈਵ ਆਫ਼ ਰੂਰਲ ਇੰਡੀਆ ਦੀ ਸਾਬਕਾ ਸੰਪਾਦਕ ਹਨ ਅਤੇ ਕਦੇ ਕਦਾਈਂ ਲੇਖਣੀ ਅਤੇ ਪੜ੍ਹਾਉਣ ਦਾ ਕੰਮ ਵੀ ਕਰਦੀ ਹਨ।

Other stories by Sharmila Joshi
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.