രണ്ട് ദിവസം പ്രായമായ തന്‍റെ കുഞ്ഞിനെ സുരക്ഷിതമായി പ്രസവിച്ചതിന്‍റെ സന്തോഷത്തിനൊപ്പം റാണി മഹ്തോ വിങ്ങിപ്പൊട്ടുകയാണ്. വീട്ടിൽ പോയി ഭർത്താവിനോട് വീണ്ടും പെൺകുട്ടിയാണെന്ന് പറയേണ്ടി വരുന്നതിലുള്ള ആശങ്കയാണവള്‍ക്ക്.
“അയാള്‍ ഇത്തവണ ഒരു ആൺകുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നു,” അവള്‍ പരിഭ്രമത്തോടെ പറഞ്ഞു. “വീട്ടിൽ തിരിച്ചെത്തി രണ്ടാമത്തേതും പെൺകുട്ടിയാണെന്ന് അറിയിക്കുമ്പോൾ അയാൾ എങ്ങനെ പ്രതികരിക്കുമെന്നോർത്ത് ഞാൻ ആശങ്കപ്പെടുന്നു”, ബിഹാറിലെ പട്ന ജില്ലയിലെ ദാനാപൂർ സബ് ഡിവിഷണൽ ആശുപത്രിയിലെ തന്‍റെ കിടക്കയിൽ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് 20-കാരിയായ അവൾ പറഞ്ഞു
2017-ൽ 16-ാം വയസ്സിൽ വിവാഹിതയായ ഉടൻ തന്നെ റാണിക്ക് ആദ്യ മകൾ ജനിച്ചു. അവളുടെ ഭർത്താവ് പ്രകാശ് കുമാർ മഹ്‌തോയ്ക്ക് അന്ന് 20 വയസ്സായിരുന്നു. അവൾ പ്രകാശിനും അമ്മായിയമ്മയ്ക്കുമൊപ്പം അതേ ജില്ലയിലെ ഫുൽവാരി ബ്ലോക്കിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഒരു ഗ്രാമത്തിൽ താമസിക്കുന്നു. മഹ്‌തോകള്‍ ഒരു യാഥാസ്ഥിതിക ഒ.ബി.സി. സമൂഹമാണ്.
“ഞങ്ങളുടെ ഗ്രാമത്തിൽ, മിക്ക പെൺകുട്ടികളും 16 വയസ്സുള്ളപ്പോൾ വിവാഹിതരാകുന്നു,” റാണി പറഞ്ഞു. കൗമാരപ്രായത്തിൽ തന്നെ വിവാഹതയാകുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അറിവില്ലാത്ത ആളല്ല റാണി. “എനിക്ക് ഒരു അനുജത്തികൂടി ഉണ്ട്, അതിനാൽ എന്‍റെ മാതാപിതാക്കൾ എന്നെ എത്രയും പെട്ടെന്ന് വിവാഹം ചെയ്തയയ്ക്കാൻ ആഗ്രഹിച്ചു,” അവൾ പറഞ്ഞു. അമ്മായിയമ്മ ഗംഗാ മഹ്‌തോ അവളോടൊപ്പം കട്ടിലിൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റിനായി കാത്തിരുന്നു.
റാണിയും സഹോദരിയും ഒരു തരത്തിലും വ്യത്യസ്തരല്ല. ബീഹാർ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് രാജ്യത്തെ കുട്ടികളുടെയും കൗമാരക്കാരുടെയും വിവാഹങ്ങളിൽ 55 ശതമാനവും നടക്കുന്നതെന്ന് സെൻസസ്, ദേശീയ കുടുംബാരോഗ്യ സർവേകൾ, മറ്റ് ഔദ്യോഗിക ഡാറ്റകൾ എന്നിവയൊക്കെ വിശകലനം ചെയ്തുകൊണ്ട് ചൈൽഡ് റൈറ്റ്‌സ് & യു (സി.ആര്‍.വൈ.) എന്ന എൻ.ജി.ഒ. പറയുന്നു.
“ചുട്ടി വാലാ കടലാസ് [ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്] കിട്ടിക്കഴിഞ്ഞാൽ, ഞങ്ങൾ ഒരു ഓട്ടോറിക്ഷ വിളിച്ച് ഗ്രാമത്തിലേക്ക് പോകും,” റാണി എന്നോട് വിശദീകരിച്ചു. സാധാരണയായി ആശുപത്രിയിൽ ആവശ്യമായതിനേക്കാൾ രണ്ട് ദിവസം കൂടുതൽ റാണി ചെലവഴിച്ചു. കാരണം ശ്രദ്ധ വേണ്ട മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും അവള്‍ക്കുണ്ട്. “എനിക്ക് വിളര്‍ച്ചയുണ്ട്,” റാണി പറഞ്ഞു.







