ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ, 57 വയസ്സുള്ള ബാലാഭായി ചാവ്ഡയ്ക്ക് അഞ്ചേക്കർ കൃഷിഭൂമിയുണ്ട്. ജലസേചനം ചെയ്ത, വളക്കൂറുള്ള മണ്ണ്. 25 വർഷമായി ആ സ്ഥലം അയാളുടെ ഉടമസ്ഥതയിലാണ്. ഒരേയൊരു കുഴപ്പമേയുള്ളു. തന്റെ സ്വന്തം കൃഷിസ്ഥലത്തിന്റെ സമീപത്ത് പോകാൻപോലും അയാൾക്ക് അനുവാദമില്ല.
“എന്റെ ഉടമാവകാശത്തിന് തെളിവുണ്ട്”, കാലപ്പഴക്കംകൊണ്ട് ദ്രവിച്ച്, മഞ്ഞനിറമായിത്തീർന്ന ഉടമാവകാശ രേഖകൾ കാണിച്ച് അയാൾ പറയുന്നു. “എന്നാൽ, സ്ഥലം കൈവശം വെച്ചിരിക്കുന്നത്, ഉയർന്ന ജാതിക്കാരായ ആളുകളാണ്.
സഹായത്തിനായി നിരവധി വാതിലുകളിൽ മുട്ടിനോക്കി, ബാലാഭായ് എന്ന കൂലിപ്പണിക്കാരൻ. ഗുജറാത്തിൽ, പട്ടികജാതിവിഭാഗത്തിൽപ്പെട്ട അയാൾ, ചമാർ സമുദായാംഗമാണ്. ഇനി മുട്ടാൻ വാതിലുകളൊന്നുമില്ല. “ഒരുദിവസം പോലും വിടാതെ ഞാൻ എന്റെ കൃഷിസ്ഥലത്ത് പോവും”, അയാൾ കൂട്ടിച്ചേർക്കുന്നു. “ദൂരത്തുനിന്ന് നോക്കിനിന്ന്, അത് കിട്ടിയിരുന്നെങ്കിൽ എന്റെ ജീവിതം എന്താവുമായിരുന്നുവെന്ന് സങ്കല്പിച്ചുനോക്കും”.
ഗുജറാത്തിന്റെ ഭൂവിതരണനയത്തിന്റെ കീഴിൽ, 1997-ലാണ് ധ്രംഗാധ്ര താലൂക്കിലെ ഭരാദ് ഗ്രാമത്തിലെ കൃഷിസ്ഥലം ബാലാഭായിക്ക് അനുവദിച്ചുകിട്ടിയത്. കൈവശം വെക്കാവുന്ന കൃഷിസ്ഥലത്തിന് പരിമിതി നിജപ്പെടുത്തിയ 1960-ലെ ഗുജറാത്ത് അഗ്രിക്കൾച്ചറൽ ലാൻഡ്സ് സീലിംഗ് ആക്ട് പ്രകാരം, സർക്കാർ ‘മിച്ചഭൂമി’ കൈക്കലാക്കിയത്, ‘പൊതുനന്മയെ കണക്കാക്കി‘യായിരുന്നു.
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പാഴ്നിലങ്ങളോടൊപ്പം, ‘കൃഷി ചെയ്യാൻ ഭൂമി ആവശ്യമുള്ള’വർക്കായി നീക്കിവെച്ചതായിരുന്നു ഈവിധത്തിൽ കൈക്കലാക്കിയ, സാന്തനി ജമീൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂമി. കൃഷി ചെയ്യാൻ ഭൂമി ആവശ്യമുള്ളവരിൽ, കർഷക സഹകരണസംഘങ്ങളും, ഭൂരഹിതരും, കർഷകത്തൊഴിലാളികളും എല്ലാം ഉൾപ്പെട്ടിരുന്നു. എന്നാൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വ്യക്തികൾക്കായിരുന്നു മുൻഗണന.
പദ്ധതി കടലാസ്സിൽ പ്രവർത്തിക്കുന്നുണ്ട്. പ്രയോഗത്തിൽ അധികമില്ല.
പട്ടയം കിട്ടിയതിനുശേഷം, പരുത്തിയും ചോളവും ബജ്രയും കൃഷി ചെയ്യാൻ ബാലാഭായി പദ്ധതിയിട്ടു. കൃഷിസ്ഥലത്ത് ചെറിയൊരു കൂരകെട്ടി, അവിടെ താമസിച്ച് കൃഷി ചെയ്യാൻപോലും അയാൾ ആലോചിച്ചതാണ്. 32 വയസ്സായിരുന്നു അന്ന് അയാളുടെ പ്രായം. ഒരു കുടുംബവും ഉറ്റുനോക്കാൻ ഒരു നല്ല ഭാവിയുമുണ്ടായിരുന്ന് ചെറുപ്പക്കാരൻ. “എനിക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു. കൂലിപ്പണി ചെയ്യുകയായിരുന്നു ഞാൻ. മറ്റാർക്കെങ്കിലും വേണ്ടി ജോലി ചെയ്യുന്ന ഏർപ്പാട് ഇനി അവസാനിപ്പിക്കാം എന്ന് ഞാൻ കരുതി. എന്റെ സ്വന്തം കൈകൊണ്ടുതന്നെ എന്റെ കുടുംബത്തിന് അന്തസ്സുള്ള ഒരു ജീവിതം നൽകാൻ കഴിയുമെന്ന് ഞാൻ വിചാരിച്ചു”, അയാൾ പറയുന്നു.








