"കൃഷി ഇല്ലാത്ത ദിവസങ്ങളിൽ, ഞാൻ കാട്ടിലെ കർമത ഫലങ്ങളും മറ്റും ശേഖരിക്കും", ഗംഗെ പറഞ്ഞു. ബാലേംഗ പാഡ എന്ന ഇവരുടെ വാസസ്ഥലത്തിന് ചുറ്റുമുള്ള, ലാഊഡ് എന്ന വിശുദ്ധ ചെറുവനങ്ങളെ കുറിച്ചാണ് ഇവർ പറയുന്നത്. വലിയ ഇരുണ്ട പാറ കല്ലുകൾ ഈ പ്രദേശത്തു ചിതറിക്കിടക്കുന്നു. ചിലതു വീടുകളുടേയും, കാറുകളുടേയും വലുപ്പമുള്ളവയാണ്. കൂറ്റൻ വടവൃക്ഷങ്ങൾ ഗ്രാമത്തിനു തണലായി നിവർന്നു നിൽക്കുന്നു. അവയ്ക്കു ചുറ്റും പല വള്ളികളും പടർന്നു കയറിയിരിക്കുന്നു. ബസ്തറിലെ അമരാവതി വനത്തോട് ചേർന്നാണ് ബാലേംഗ പാഡ സ്ഥിതിചെയ്യുന്നത്. തെക്കൻ ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് പട്ടണത്തിൽ നിന്നും എട്ടു മണിക്കൂർ ബസിൽ കുടുങ്ങിയും പിന്നെ വീണ്ടും രണ്ടു മണിക്കൂർ കാൽനടയായും യാത്ര ചെയ്തു വേണം ഈ ഗ്രാമത്തിൽ എത്താൻ. ഈ കൊച്ചു ഗ്രാമത്തിലെ പ്രധാന പാത മാത്രമേ ടാർ ചെയ്തിട്ടുള്ളൂ. ബാക്കി വഴികളെല്ലാം പൊടിയും പശുവിൻചാണകവും നിറഞ്ഞ മൺപാതകളാണ്. ബാലേംഗ പാഡയിലെ 336 (2011 സെൻസസ് പ്രകാരം) അന്തേവാസികൾ അവിടുത്തെ പ്രധാന റോഡിനു സമീപത്തായി 60 ഓളം വരുന്ന ചെറിയ ഒരുനില പുരകളിൽ താമസിക്കുന്നു. പുരകളിൽ മിക്കതും മണ്ണും ഇഷ്ടികയും ഉപയോഗിച്ച് നിർമ്മിച്ചവയാണ്. കോൺക്രീറ്റും തകരവും ആസ്ബെസ്റ്റോസും മറ്റും ഉപയോഗിച്ച് നിർമ്മിച്ച താരതമ്യേന പുതിയ വീടുകൾ പച്ചയും ഇളം ചുവപ്പുo കലർന്ന നിയോൺ നിറങ്ങളിൽ കാണാം.
ഗോണ്ഡ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഗംഗെയ്ക്കു 33 വയസാണ്. ഹൽബിയും ഗോണ്ഡിയും കുറച്ച് ഹിന്ദിയും ഇവർ സംസാരിക്കും. ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് അവരുടെ ജീവിതത്തെക്കുറിച്ച് എഴുതാൻ അവർ ഞങ്ങളെ അനുവദിച്ചു. വീട്ടുവേലകളിൽ മുഴുകിയും, അച്ഛന്‍റെ വയലിൽ സഹായിച്ചും, മഹുവ പൂക്കൾ ഉപയോഗിച്ച് പ്രതിവാര ചന്തയിൽ (ഹാട്) വിൽക്കാൻ മദ്യം നിർമ്മിച്ചും ഗംഗെ ദിവസങ്ങൾ ചിലവിടുന്നു. പുലർച്ചെ 5 മണിക്ക് ഇവരുടെ ദിവസം തുടങ്ങുന്നു. "ആദ്യം അന്നത്തെ പാചകത്തിന് ആവശ്യമുള്ള നെല്ല് കുത്തി തവിടു കളയും, പിന്നെ പാത്രങ്ങൾ കഴുകി അടുത്തുള്ള പമ്പിൽ നിന്ന് വെള്ളം നിറയ്ക്കും, വിറകു ശേഖരിക്കും, പ്രാതൽ തയ്യാറാക്കി 10 മണിയോടെ പാടത്തേക്കു പോകും." ഉച്ചക്ക് തിരികെ വന്ന് ഒരു കൊച്ചൂണിന് ശേഷം വീണ്ടും പാടത്തേക്കു മടങ്ങും. എന്നിട്ടു എല്ലാം കഴിഞ്ഞു 4 മണിക്ക് തിരിച്ചു വരും. "കുളിച്ച് കൂടുതൽ വെള്ളവും വിറകും കൊണ്ടുവരും, ചിലപ്പോൾ ചാണകത്തറ ഒന്നുകൂടെ മെഴുക്കും, എന്നിട്ടു അത്താഴത്തിന് ചോറും കറിയും (സസ്യാഹാരവും മാംസാഹാരവും) തയ്യാറാക്കും. വിശേഷ ദിവസങ്ങളിൽ പൂരിയും പായസവും (നുറുക്ക് ഗോതമ്പിന്‍റേത്) വെക്കും."
റോഡിനു തൊട്ടരികെയുള്ള വീട്ടിൽ ഗംഗെ താമസിക്കുന്നത് അമ്മ കുമേന്തി, അച്ഛൻ മംഗൽറാം, സഹോദരങ്ങളായ ശിവരാജ്, ഉമേഷ്, സഹന്ദയി, രത്നി, മക്കൾ - ജിതേശ്വരി (15), ജ്യോതി (13), പ്രതിമ (11) - എന്നിവരുടെ കൂടെയാണ്. ഗ്രാമത്തിന്‍റെ ഏക ജലസ്രോതസ്സായ വാട്ടർ പമ്പിന്‍റെ അടുത്താണ് ഇവരുടെ വീട്. ഇഷ്ടികകൊണ്ടുള്ള വീട്ടിലെ കളിമണ്ണിന്‍റെ മേൽക്കൂരയ്ക്ക് തെളിഞ്ഞ പച്ച നിറമാണ്. കതകിനു താഴെ നിലത്ത് നിറംകൊടുത്ത കുപ്പിവളകൾ കൊണ്ടുള്ള സൂത്രപ്പണികൾ കാണാം.






