രണ്ട് ദിവസത്തെ കനത്ത മഴ ഉസ്മാനാബാദിലെ കൃഷിയിടങ്ങളിലെ നാല് മാസത്തെ കഠിനാദ്ധ്വാനത്തെയാണ് തകർത്തുകളഞ്ഞത്. ഒക്ടോബറിലെ കറുത്തിരുണ്ട കാർമേഘങ്ങൾ പേമാരിയായി പെയ്തിറങ്ങുകയും മണൽക്കാറ്റ് ആഞ്ഞടിക്കുകയും ചെയ്തപ്പോൾ, വീടുകളുടെ മേൽക്കൂരകൾ പറന്നുപോവുകയും, കന്നുകാലികൾ മുങ്ങിപ്പോവുകയും നാഴികകളോളം പരന്നുകിടക്കുന്ന വിളകൾ ഒഴുകിപ്പോവുകയും ചെയ്തു.
ആ വിളകളിൽ ചിലത്, മഹാരാഷ്ട്രയിലെ ഉസ്മാനാബാദിലെ മഹാലിംഗി ഗ്രാമത്തിലെ കർഷകരായ ശാരദയുടേയും പാണ്ഡുരംഗ് ഗുണ്ഡിന്‍റെയുമായിരുന്നു. “വിളവെടുത്ത 50 ക്വിന്‍റൽ സോയാബീൻ ഞങ്ങൾക്ക് നഷ്ടമായി”, 45 വയസ്സുള്ള ശാരദ പറഞ്ഞു. “മുട്ടറ്റം വെള്ളമായിരുന്നു പാടങ്ങളിൽ. അത് എല്ലാം നശിപ്പിച്ചു”.
ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്‍റെ കണക്കനുസരിച്ച്, ഉസ്മാനാബാദ് ജില്ലയിൽ ഒക്ടോബർ 2020-ന് 230.4 മില്ലിമീറ്റർ മഴ ലഭിച്ചു. ജില്ലയുടെ മാസ ശരാശരിയേക്കാളും 180 ശതമാനം അധികം.
പാണ്ഡുരംഗിനെയും ശാരദയേയും പോലെയുള്ള കർഷകരാണ് ഏറ്റവും ദുരിതമനുഭവിച്ചത്.
തന്‍റെ വിളകളെ തരിമ്പും ബാക്കിവെക്കാതെ മഴ കവരുന്നത് നിസ്സഹായനായി നോക്കിനിൽക്കേണ്ടിവന്നു 50 വയസ്സുള്ള പാണ്ഡുരംഗിന്. അപ്പോൾ സോയാബീനിന് കാർഷികച്ചന്തയിൽ ക്വിന്‍റലിന് 3,880 രൂപയായിരുന്നു കുറഞ്ഞ താങ്ങുവില . മറ്റൊരു രീതിയിൽ പറഞ്ഞാൽ, പാണ്ഡുരംഗിനും ശാരദയ്ക്കും നഷ്ടമായത്, വിപണിയിൽ 194,000 രൂപ വിലവരുന്ന വിളകളാണ്. “മാത്രമല്ല, അതിൽ ഞങ്ങൾ 80,000 രൂപ നിക്ഷേപിക്കുകയും ചെയ്തിരുന്നു” എന്ന് ശാരദ പറയുന്നു. “വിളവിറക്കാൻ നാലുമാസം ചിലവഴിച്ച ഞങ്ങളുടെ അദ്ധ്വാനം പോട്ടെ എന്ന് വെക്കാം. എന്നാലും വിത്തും, വളവും കീടനാശിനിയുമൊക്കെ വാങ്ങാതെ പറ്റില്ലല്ലോ. പെട്ടെന്നായിരുന്നു മഴ. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല”.
അപ്രതീക്ഷിത ദുരന്തങ്ങളിൽനിന്ന് സ്വയം രക്ഷിക്കാൻ ആ ദമ്പതികൾ അവരുടെ സോയാബീൻ ഇൻഷൂർ ചെയ്തിരുന്നു. 2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന (പി.എം.എഫ്.ബി.വൈ.) എന്ന ഇൻഷൂറൻസ് പദ്ധതി പ്രകാരം “നടുന്നതിന് മുമ്പുമുതൽ, വിളവെടുപ്പിനുശേഷംവരെ ഉണ്ടാവാനിടയുള്ള ഒഴിവാക്കാനാവാത്ത പ്രകൃതിദുരന്തങ്ങളിൽനിന്ന് കർഷകരുടെ വിളകളെ പരിരക്ഷിക്കുന്ന സമഗ്രമായ ഇൻഷൂറൻസായിരുന്നു അത്.”
തന്‍റെ 2.2 ഹെക്ടർ (5 ഏക്കറിനും അല്പം കൂടുതൽ) ഭൂമിയിൽ കൃഷിചെയ്യുന്ന 99,000 രൂപയ്ക്കുള്ള വിള ഇൻഷൂറൻസിന്‍റെ 2 ശതമാനം പ്രീമിയമായ 1,980 രൂപ അടച്ചിട്ടുണ്ടായിരുന്നു പാണ്ഡുരംഗ്. സോയാബീൻ, ബജ്ര, പരുത്തി, തുവരപ്പരിപ്പ് തുടങ്ങി, ജൂലായ്-ഒക്ടോബർ മാസങ്ങളിലെ ഖരീഫ് കൃഷിക്ക് കർഷകർ അടയ്ക്കേണ്ട പരമാവധി ഇൻഷൂറൻസ് പ്രീമിയമാണ് ഈ 2 ശതമാനം. എംപാനൽ ചെയ്ത കാർഷിക ഇൻഷൂറൻസ് കമ്പനിക്ക് – ഇവിടെ അത് ബജാജ് അലയൻസ് ജനറൽ ഇൻഷൂറൻസ് കമ്പനി ലിമിറ്റഡാണ് – കൊടുക്കേണ്ട ബാക്കി പ്രീമിയം തുക കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിട്ടാണ് കൊടുക്കുന്നത്.
ഗുണ്ഡ് കുടുംബത്തിന്‍റെ ആകെ നഷ്ടം 2.5 ലക്ഷത്തോളമാണെങ്കിലും, ഇൻഷൂറൻസ് തുക ആവശ്യപ്പെട്ട പാണ്ഡുരംഗിന് കമ്പനിയിൽനിന്ന് ആകെ കിട്ടിയത് 8,000 രൂപയാണ്.
ഇൻഷൂറൻസ് തുക അത്യാവശ്യമായിരുന്നു പാണ്ഡുരംഗിനും ശാരദയ്ക്കും. 2020 മാർച്ചിൽ കോവിഡ്-19 വ്യാപകമായതോടെ, ഉസ്മാനാബാദ് ജില്ല ഉൾപ്പെടുന്ന മറാത്ത്‌വാഡ മേഖലയിലെ കർഷകർ തുടർച്ചയായി നഷ്ടങ്ങൾ സഹിച്ചുകൊണ്ടിരിക്കുകയാണ്. കാർഷിക സമ്പദ്‌രംഗം മന്ദഗതിയിലായിരിക്കുന്നു. മഴവെള്ളത്തിൽ നശിച്ച വിളകൾ കുടുംബത്തിന്‍റെ സാമ്പത്തികദുരിതങ്ങളും വർദ്ധിപ്പിച്ചിരിക്കുന്നു.
ഉസ്മാനാബാദിലെ കൃഷിവകുപ്പിന്‍റെ രേഖകൾപ്രകാരം, 2020-21-ലെ വിരിപ്പുകൃഷിക്കാലത്ത്, ജില്ലയിൽ 948,990 കർഷകരാണ് അവരുടെ വിളകൾ ഇൻഷൂർ ചെയ്തത്. അവരെല്ലാവരും ചേർന്ന് അടച്ച ആകെ പ്രീമിയം 41.85 കോടിയോളം വരും. അതിൽ കേന്ദ്രത്തിന്‍റെ പങ്ക് 274.21 കോടിയും സംസ്ഥാനത്തിന്‍റെ പങ്ക് 322.95 കോടിയുമാണ്. കർഷകരിൽനിന്നും സർക്കാരിൽനിന്നും ബജാജ് അലയൻസിന് കിട്ടിയ ആകെത്തുകയാകട്ടെ, 639.02 കോടിയും.
എന്നാൽ കഴിഞ്ഞ ഒക്ടോബറിലെ അധികമഴയിൽ നശിച്ച വിളകൾക്ക് ബജാജ് തീർപ്പാക്കിയത്, 79,121 കർഷകരുടെ ഇൻഷൂറൻസ് തുകയായ 86.96 രൂപയായിരുന്നു. ഫലത്തിൽ, ഇൻഷൂറൻസ് കമ്പനി പിടിച്ചുവെച്ചത് 552.06 കോടി രൂപ.
ഈ ഇൻഷൂറൻസ് കമ്പനിയുടെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന പി.എം.എഫ്.ബി.വൈ പരാതി പരിഹാര ഉദ്യോഗസ്ഥർക്ക് ഓഗസ്റ്റ് 20-ന് പാരി അയച്ച ഇ-മെയിൽ ചോദ്യാവലിക്ക് ഒരു മറുപടിയും കിട്ടിയില്ല. ഇതേ ചോദ്യാവലി ഇൻഷൂറൻസ് കമ്പനിയുടെ വക്താവിന് ഓഗസ്റ്റ് 30-ന് അയച്ചുകൊടുത്തപ്പോൾ അയാൾ പറഞ്ഞത്, ബജാജ് അലയൻസ് ഇതിൽ അഭിപ്രായം പറയുകയോ പ്രതികരിക്കുകയോ ചെയ്യില്ലെന്നാണ്.
ബാക്കിയുള്ള കർഷകരുടെ വിള ഇൻഷൂറൻസ് അവകാശങ്ങൾ തള്ളിക്കളഞ്ഞത് എന്തുകൊണ്ട് എന്നതിന് മറുപടിയില്ല. തങ്ങൾക്ക് ന്യായമായി കിട്ടേണ്ട നഷ്ടപരിഹാരം ഇൻഷൂറൻസ് കമ്പനി നിഷേധിച്ചത് സാങ്കേതികമായ കാരണങ്ങളാലാണെന്ന് - നഷ്ടമുണ്ടായി 72 മണിക്കൂറിനുള്ളിൽ കമ്പനിയെ അറിയിക്കാൻ വൈകിയതുകൊണ്ട് - കർഷകർ വിശ്വസിക്കുന്നു.
കമ്പനിക്ക് ഗുണമുണ്ടാവുമോ എന്ന് നോക്കിയിട്ടല്ല, കർഷകർക്ക് അനുയോജ്യമായ രീതിയിലാണ് ഇൻഷൂറൻസ് നിയമങ്ങളുണ്ടാവേണ്ടതെന്ന് ബിഭീഷൺ വാഡ്കർ അപേക്ഷാസ്വരത്തിൽ പറഞ്ഞു. ഉസ്മാനാബാദ് പട്ടണത്തിൽനിന്ന് 25 കിലോമീറ്ററുകൾ അകലെയുള്ള വഡ്‌ഗാവ് ഗ്രാമത്തിൽനിന്നുള്ള ആളാണ് 55 വയസ്സുള്ള ബിഭീഷൺ വാഡ്കർ. “ഞങ്ങൾക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം ചോദിക്കുമ്പോൾ സ്വയം യാചകരെപ്പോലെ ഞങ്ങൾക്ക് തോന്നുന്നു. ഞങ്ങൾ ഇൻഷൂറൻസ് പ്രീമിയം അടച്ചവരാണ്. അതുകൊണ്ട് നഷ്ടപരിഹാരത്തിന് ഞങ്ങൾക്ക് അവകാശമുണ്ട്”.
2020 ഒക്ടോബറിൽ ബിഭീഷണിന് നഷ്ടപ്പെട്ടത് ഏകദേശം 60-70 ക്വിന്‍റൽ സോയാബീനാണ്. “ഞാനത് എന്‍റെ പാടത്ത് കൂട്ടിയിട്ട്, മഴ കൊള്ളാതിരിക്കാൻ പ്ലാസ്റ്റി ഷീറ്റിട്ട് മൂടിവെച്ചിരുന്നു”. പക്ഷേ അതുകൊണ്ടൊന്നും മഴയിൽനിന്നും കാറ്റിൽനിന്നും രക്ഷ കിട്ടിയില്ല. കനത്ത മഴയിൽ പാടത്തെ മണ്ണുപോലും ഒലിച്ചുപോയി. “2-3 ക്വിന്‍റലൊഴിച്ച് ബാക്കിയുണ്ടായിരുന്ന വിള മുഴുവൻ നശിച്ചു. ഞാനത് എന്തുചെയ്യും?”
തന്‍റെ ആറേക്കർ കൃഷിസ്ഥലത്തെ വിള 113,400 രൂപയ്ക്കായിരുന്നു അയാൾ ഇൻഷൂർ ചെയ്തത്. 2,268 രൂപ പ്രീമിയവും അടച്ചു. പക്ഷേ 72 മണിക്കൂറിനുള്ളിൽ - വെബ്സൈറ്റ് വഴിയോ കമ്പനിയുടെ ടോൾ ഫ്രീ നമ്പർ വഴിയോ - വിവരം കമ്പനിയെ അറിയിക്കാതിരുന്നതിനാൽ അയാളുടെ അപേക്ഷ നിരസിക്കപ്പെട്ടു. “വെള്ളം എങ്ങിനെയെങ്കിലും പുറത്തേക്കൊഴുക്കി വിള രക്ഷിക്കാനാണോ, കമ്പനിയെ വിളിച്ച് പരാതി കൊടുക്കാനാണോ ഞാൻ നോക്കേണ്ടിയിരുന്നത്? മാത്രമല്ല, രണ്ടാഴ്ച ഇടതടവില്ലാതെ മഴ പെയ്തുകൊണ്ടിരിക്കുമ്പോൾ എങ്ങിനെയാണ് 72 മണിക്കൂറിനുള്ളിൽ കമ്പനിയെ വിവരമറിയിക്കുക”? ബിഭീഷൺ ചോദിച്ചു.
മേഘവിസ്ഫോടനത്തിൽ വൃക്ഷങ്ങളും വൈദ്യുതത്തൂണുകളും നിലം പൊത്തി. “രണ്ട് ദിവസത്തോളം ഞങ്ങൾക്ക് കറന്‍റുണ്ടായിരുന്നില്ല. ഫോണുകൾ ചാർജ്ജ് ചെയ്യാൻ സാധിച്ചില്ല. മാത്രമല്ല ഇൻഷൂറൻസ് കമ്പനിയുടെ ഹെൽപ്പ്ലൈൻ നമ്പർ രാവിലെ 9 മുതൽ രാത്രി 9 മണിവരെയാണ് പ്രവർത്തിക്കുന്നത്. അതായത്, 72 അല്ല, 36 മണിക്കൂറാണ് അവരെ അറിയിക്കാൻ നമുക്ക് കിട്ടുന്ന സമയപരിധി. അങ്ങിനെയൊരു ചുറ്റുപാടിൽ പെട്ടെന്നൊരു തീരുമാനമെടുക്കാൻ നമുക്ക് കഴിയില്ല. ഈ ചട്ടങ്ങൾ ഞങ്ങളെ സംബന്ധിച്ചിടത്തോളം നീതിരഹിതമാണ്”, ബിഭീഷൺ പറഞ്ഞു.
2020 ഡിസംബറിൽ, പി.എം.എഫ്.ബി.വൈ നടപ്പാക്കുന്നതിനെക്കുറിച്ച് ഉസ്മാനാബാദ് ജില്ലാ മജിസ്ട്രേറ്റ് കൌസ്തുഭ് ദിവേഗാവ്കര്‍ കർഷകരും ഇൻഷൂറൻസ് കമ്പനിയുദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ, കമ്പനിയുടെ ഈ 72 മണിക്കൂർ സമയപരിധിയിൽ ഇളവ് വരുത്തണമെന്ന് നിർദ്ദേശിച്ചുവെങ്കിലും അത് നടപ്പായില്ല.
കർഷകരുടെ വിള ഇൻഷൂറൻസ് ആവശ്യങ്ങളിൽ ഇൻഷൂറൻസ് കമ്പനി തുടർന്നുപോരുന്ന വിവേചനപരമായ നയങ്ങൾക്കെതിരേ 2021 ജൂൺ 7-ന് 15 പേരടങ്ങുന്ന ഒരു കർഷകസംഘം ബോംബെ ഹൈക്കോടതിയിൽ ഒരു റിട്ട് പെറ്റീഷൻ നൽകുകയുണ്ടായി. ബജാജ് അലയൻസിന് പുറമേ, ഹരജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളേയും ഉസ്മാനാബാദ് ജില്ലാ മജിസ്ട്രേറ്റിനെയും കക്ഷി ചേർത്തിരുന്നു. നിയമസഭാംഗം കൈലാസ് പാട്ടീലും പാർലമെന്‍റ് അംഗം ഓം രാജെ നിംബാൽക്കറും ഹരജിക്ക് പിന്തുണ പ്രഖ്യാപിച്ചു. ആ രണ്ട് നേതാക്കളും ഉസ്മാനാബാദിൽനിന്നുള്ളവരും മഹാരാഷ്ട്രയിലെ മുന്നണി സർക്കാരിൽ ശിവസേനയെ പ്രതിനിധാനം ചെയ്യുന്നവരുമായിരുന്നു.
താനും കൈലാസ് പാട്ടീലും ഹരജിയെ പിന്തുണച്ചതിന്‍റെ കാരണവും നിംബാൽകർ പറയുകയുണ്ടായി. “വിളകളെ മഴ നശിപ്പിച്ചപ്പോൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകർക്ക് നഷ്ടപരിഹാരം കൊടുത്തു. സർക്കാരുപോലും കർഷകരുടെ ദുരിതത്തെ അംഗീകരിക്കുമ്പോൾ എന്തുകൊണ്ടാണ് ഇൻഷൂറൻസ് കമ്പനി സാങ്കേതികതയുടെ കാര്യം പറഞ്ഞ്, കർഷകരുടെ ആവശ്യങ്ങളെ നിഷേധിക്കുന്നത്. അതുകൊണ്ടാണ് ഞാനും കൈലാസ് പാട്ടീലും ആ ഹരജിയെ പിന്താങ്ങിയത്”.
കോടതിയിലെ കേസ് എന്തുതന്നെയായാലും ഉസ്മാനാബാദിലെ കർഷകർക്ക് പി.എം.എഫ്.ബി.വൈയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിനെ ആശ്രയിക്കാൻ കഴിയില്ലെന്ന് അവർക്ക് ബോധ്യമായി. ഉസ്മാനാബാദിൽ പി.എം.എഫ്.ബി.വൈക്ക് അപേക്ഷിക്കുന്ന കർഷകരുടെ എണ്ണം ഓരോ വർഷവും കുറയുകയാണെന്ന് 2021 ഓഗസ്റ്റ് മൂന്നിലെ മറാത്ത പത്രം സകാൽ റിപ്പോർട്ട് ചെയ്തു. 2019-ൽ 11.88 ലക്ഷം കർഷകരാണ് പ്രീമിയം അടച്ചത്. 2020-ലാകട്ടെ അത് 9.48 ലക്ഷമായി ചുരുങ്ങി. ഈ വർഷം അത് 6.67 ലക്ഷമായി പിന്നെയും കുറഞ്ഞു. കഴിഞ്ഞ വർഷത്തിന്‍റെ ഏകദേശം മൂന്നിലൊരു ഭാഗമാണ് കുറഞ്ഞത്.
പ്രവചിക്കാനാവാത്ത സാഹചര്യങ്ങളിൽനിന്ന് കർഷകരെ രക്ഷിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് വിള ഇൻഷൂറൻസ്. “പക്ഷേ ഇപ്പോൾ ഇൻഷൂറൻസുപോലും പ്രവചിക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു” എന്നാണ് ബിഭീഷൺ പറഞ്ഞത്. “അത് നൽകേണ്ട ഉറപ്പ് അത് നൽകുന്നില്ല. കാലാവസ്ഥാവ്യതിയാനം സംഭവിക്കുമ്പോൾ ആശ്രയിക്കാനാവുന്ന വിള ഇൻഷൂറൻസ് അത്യാവശ്യമാണ്”, അയാൾ പറഞ്ഞു.
കഴിഞ്ഞ ഏകദേശം രണ്ട് ദശകങ്ങളായി മഴയുടെ രീതിയിൽ സാരമായ മാറ്റം പ്രത്യക്ഷമാണെന്ന് ബിഭീഷൺ നിരീക്ഷിക്കുന്നു. “നാല് വർഷമാസങ്ങൾക്കിടയ്ക്കുള്ള വരണ്ട ദിനങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. പക്ഷേ മഴ പെയ്യാൻ തുടങ്ങിയാൽ ധാരാളം പെയ്യുകയും ചെയ്യുന്നു”, അയാൾ പറഞ്ഞു. “അത് കൃഷിക്ക് നാശമുണ്ടാക്കും. മുമ്പൊക്കെ, കാലവർഷക്കാലത്ത്, സ്ഥായിയായ മഴയാണ് കിട്ടിക്കൊണ്ടിരുന്നത്. ഇപ്പോൾ ഒന്നുകിൽ വരൾച്ച, അതല്ലെങ്കിൽ വെള്ളപ്പൊക്കം എന്നതാണ് സ്ഥിതി”.
അസ്ഥിരമായ കാലാവസ്ഥയെ അതിജീവിക്കാനുള്ള ശേഷി സോയാബീനിനുള്ളതിനാലാണ് രണ്ട് ദശകങ്ങൾ മുമ്പ് മുതൽ മറാത്ത്‌വാഡയിലെ കർഷകർ ആ വിള കൃഷി ചെയ്യാൻ തുടങ്ങിയത്. “പക്ഷേ സോയാബീനിനുപോലും അസാധ്യമായ രീതിയിലാണ് ഇപ്പോൾ ഞങ്ങൾ നേരിടുന്ന കാലാവസ്ഥാമാറ്റം. 2020 ഒക്ടോബറിലെ മഴയുടെ ഓർമ്മ ഇപ്പോഴും ഞങ്ങളെ പേടിപ്പെടുത്തുന്നു”, ബിഭീഷൺ പറഞ്ഞു.
കർഷകരുടെ നഷ്ടത്തിന്‍റെ വ്യാപ്തി കാണിക്കുന്നതാണ് ഉസ്മാനാബാദ് ജില്ലാ മജിസ്ട്രേറ്റിന്‍റെ റിപ്പോർട്ട്. 6.5 ലക്ഷം ഏക്കർ കൃഷിസ്ഥലത്തെയാണ് – 5 ലക്ഷം ഫുട്ബോൾ മൈതാനത്തിന്‍റെ വലിപ്പത്തിന് തുല്യം – ബാധിച്ചത്. 4.16 ലക്ഷം കർഷകരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്തിന്‍റെ മൂന്നിലൊരു ഭാഗം തകർന്ന് തരിപ്പണമായി. 162 കന്നുകാലികളും നാല് ആളുകളും പ്രളയത്തിൽ മരിച്ചു. ഏഴ് വീടുകൾ പൂർണ്ണമായി തകർന്നു. 2,277 വീടുകൾ ഭാഗികമായും.
കർഷകർക്ക് എന്നെങ്കിലും ഇൻഷൂറൻസ് ആവശ്യമാണെങ്കിൽ അത് ഈ വർഷമാണ് കിട്ടേണ്ടതെന്ന് പറയുന്നു, 34-കാരനായ ഗോപാൽ ഷിൻഡെ. കഴിഞ്ഞ ഒക്ടോബറിൽ വഡ്‌ഗാവിലെ ഗോപാലിന്‍റെ ആറേക്കർ പാടം വെള്ളത്തിൽ മുങ്ങി. “കോവിഡ്-19-ന്‍റെ വരവോടെ, അങ്ങാടികളൊക്കെ അടച്ചതുമൂലം ഞങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടായത്.” 20 ക്വിന്‍റൽ സോയാബീൻ മഴയിൽ നശിച്ചതിന് ഗോപാലിന് കിട്ടിയ ഇൻഷൂറൻസ് തുക വെറും 15,000 രൂപയായിരുന്നു. “പ്രധാന വിളകളുടെയൊക്കെ വില കുത്തനെ ഇടിഞ്ഞു. കോവിഡിന്‍റെ അടച്ചിടൽമൂലം പല കർഷകർക്കുo അവരുടെ ഉത്പന്നങ്ങൾ മാർക്കറ്റിലെത്തിക്കാൻ സാധിച്ചില്ല. ഭക്ഷണത്തിനുപോലും ദൗർല്ലഭ്യം നേരിട്ടു. അങ്ങിനെയുള്ള ദുരിതകാലത്തുപോലും ഞങ്ങളുടെ ചിലവിൽ ഇൻഷൂറൻസ് കമ്പനി ലാഭം കൊയ്യുകയായിരുന്നു.
കൃഷിയിൽനിന്നുള്ള നഷ്ടം നികത്താൻ ധാരാളം കർഷകർക്ക് നിർമ്മാണത്തൊഴിലാളികളായും സെക്യൂരിറ്റി ഗാർഡുമാരായും മറ്റ് ദിവസക്കൂലിക്കാരായും മാറേണ്ടിവന്നു. കോവിഡിന്‍റെ കാലത്ത് അതും നിന്നു. കോവിഡ്-19 പൊട്ടിപ്പുറപ്പെടുന്നതുവരെ, പാണ്ഡുരംഗ് ഗുണ്ഡ് ഒരു ട്രക്ക് ഡ്രൈവറായി 10,000 രൂപ മാസശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്നു. “വീടിനെ നിലനിർത്തിയിരുന്ന ഒരു വലിയ വരുമാനസ്രോതസ്സാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്”, ശാരദ പറയുന്നു.
രണ്ടുവർഷം മുൻപ് 22 വയസ്സുള്ള മകൾ സോനാലിയെ വിവാഹം ചെയ്ത് അയപ്പിച്ചതിന്‍റെ കടം വീട്ടിക്കൊണ്ടിരിക്കുകയായിരുന്നു അയാൾ. “അവളുടെ കല്യാണത്തിന് ഏകദേശം രണ്ട് ലക്ഷം രൂപ ഞങ്ങൾ കടമെടുത്തിരുന്നു”, ശാരദ പറഞ്ഞു. തൊഴിൽ നഷ്ടം പാണ്ഡുരംഗിനെ വല്ലാതെ തളർത്തിക്കളഞ്ഞു. പിന്നെയുള്ള ഏക ആശ്രയമായിരുന്നു സോയാബീനിൽനിന്ന്. അതും നശിച്ചു.
കഴിഞ്ഞ വർഷം നവംബറിൽ, തന്‍റെ കൃഷിഭൂമിയിലെ ഒരു മരത്തിൽ പാണ്ഡുരംഗ് ജീവിതം അവസാനിപ്പിച്ചു.
ശാരദയാണ് ഇപ്പോൾ ഒറ്റയ്ക്ക് കൃഷി നോക്കുന്നത്. പക്ഷേ വീട് നിലനിർത്താൻ അത് മതിയാവില്ല. 17 വയസ്സുള്ള മകൻ സാഗർ ഉസ്മാനാബാദിൽ ദിവസക്കൂലിക്ക് പണിയെടുക്കാൻ പോവുന്നു. 15 വയസ്സുള്ള ചെറിയ മകൻ അക്ഷയ് ഒരു മൊബൈൽ കടയിൽ ജോലി ചെയ്യുന്നു. രണ്ട് കുട്ടികൾക്കും പഠനം പാതിവഴിയിൽ നിർത്തേണ്ടിവന്നു. പാണ്ഡുരംഗ് തൂങ്ങിമരിച്ചുവെങ്കിലും, ജീവിതം തുലാസ്സിലാടുന്ന മൂന്ന് ജീവിതങ്ങളെയാണ് അത് ബാക്കിവെച്ചത്.
പുലിറ്റ്സർ സെന്‍റർ റിപ്പോര്‍ട്ടര്‍ക്ക് നൽകുന്ന സ്വതന്ത്ര മാധ്യമപ്രവർത്തന ഗ്രാന്‍റിന്‍റെ സഹായത്തിൽ തയ്യാറാക്കിയ ഒരു പരമ്പരയുടെ ഭാഗമാണിത് .
പരിഭാഷ: രാജീവ് ചേലനാട്ട്