കാട്ടിൽനിന്ന് മഹുവ പൂക്കൾ ശേഖരിക്കാത്ത ഏതെങ്കിലുമൊരു കൊല്ലമുണ്ടായതായി സുഖറാണി സിംഗിന് ഓർമ്മയില്ല. “ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാൻ അമ്മയുടെ കൂടെ കാട്ടിൽ പോകാറുണ്ടായിരുന്നു. ഇപ്പോൾ ഞാൻ എന്‍റെ മക്കളെ കൂടെ കൊണ്ടുപോകുന്നു”. 45 വയസ്സുള്ള സുഖറാണി പറഞ്ഞു. കടുംപച്ച നിറത്തിലുള്ള മഹുവ പൂക്കൾ കൊഴിഞ്ഞുവീഴുമ്പോഴേക്കും അത് ശേഖരിക്കാൻ, അതിരാവിലെ 5 മണിക്കുതന്നെ അവർ പുറപ്പെടും. ഉച്ചവരെ അവർ അവിടെയുണ്ടാവും. ചൂടിൽ കൊഴിഞ്ഞുവീഴുന്ന പൂക്കളൊക്കെ പെറുക്കിയെടുത്ത് വീട്ടിലെത്തി വെയിലത്ത് പരത്തിയിട്ട് ഉണക്കും.
മദ്ധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ ബാന്ധവ്‌ഗഢ് കടുവ സങ്കേതത്തിന് സമീപം താമസിക്കുന്ന സുഖറാണിയെപ്പോലുള്ള ചെറുകിട കർഷകരുടെ സ്ഥിരവരുമാനസ്രോത്രസ്സായിരുന്നു മഹുവ പൂക്കൾ. ഒരു കിലോഗ്രാം ഉണങ്ങിയ പൂക്കൾ ഉമരിയ അങ്ങാടിയിൽ കൊണ്ടുപോയി വിറ്റാൽ 40 രൂപ അവർക്ക് കിട്ടും. മാൻപുർ ബ്ലോക്കിലെ അവരുടെ പരാസി ഗ്രാമത്തിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് ചന്ത. ഏപ്രിൽ മാസത്തിലെ രണ്ടുമൂന്നാഴ്ചകൾ നീണ്ടുനിൽക്കുന്ന ഒരു സീസണിൽ 200 കിലോഗ്രാംവരെ അവർ ശേഖരിക്കും. “ആ മരം ഞങ്ങൾക്ക് വിലപ്പെട്ടതാണ്” എന്ന് അവർ പറഞ്ഞു. പൂക്കൾക്ക് പുറമേ, അതിന്‍റെ പഴവും തൊലിയും പോഷക-രോഗശമന ശേഷിയുള്ളവയാണ്.
മഹുവ പൂക്കളുടെ കാലമായാൽ, ഉച്ചയ്ക്ക് ഒരുമണിയോടെ സുഖറാണി കാട്ടിൽനിന്ന് മടങ്ങും. വീട്ടിലെത്തി, ഭക്ഷണം പാകം ചെയ്ത് കുടുംബത്തിന് വിളമ്പും. ഭർത്താവും അഞ്ച് മക്കളും അടങ്ങുന്നതാണ് അവരുടെ കുടുംബം. വൈകീട്ട് മൂന്ന് മണിക്ക് അവർ വീണ്ടും പുറപ്പെടുകയായി. ഭർത്താവിന്‍റെ കൂടെ ഗോതമ്പ് കൊയ്യാനിറങ്ങും. ഗോണ്ഡ് ആദിവാസികളായ സുഖറാണിക്കും ഭർത്താവിനും 4 ബിഘ (ഏകദേശം ഒരേക്കർ) കൃഷിഭൂമി സ്വന്തമായുണ്ട്. അവിടെ അവർ, പ്രധാനമായും സ്വന്തം ഉപഭോഗത്തിനായി ഗോതമ്പ് വളർത്തുന്നു.











