ഒരു വർഷത്തെ ആദ്യ ആറ് മാസം ഭിന്നലിംഗ നാടൻ കാലാകാരെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമാണ്. ഈ സമയത്ത് ഗ്രാമങ്ങൾ പ്രാദേശിക ഉത്സവങ്ങളും ക്ഷേത്രങ്ങൾ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. പക്ഷെ ലോക്ക്ഡൗൺ സമയത്ത് വലിയ കൂട്ടങ്ങൾ കൂടുന്നതിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ സംസ്ഥാനത്തെ ഏകദേശം 500 പേരോളം വരുന്ന ഭിന്നലിംഗ കലാകാരുടെമേൽ കനത്ത ആഘാതം ഉണ്ടാക്കിയിരിക്കുന്നു.
മാഗിയും സമാനമായ അവസ്ഥയെ അഭിമുഖീകരിക്കുന്ന ഒരാളാണ്. മധുര നഗരത്തിൽ നിന്നും 10 കിലോമീറ്ററിൽ താഴെ ദൂരത്ത് സ്ഥിതിചെയ്യുന്ന വിളാങ്കുടി പട്ടണത്തിലുള്ള അവരുടെ രണ്ടുമുറി വീട് മറ്റ് ഭിന്നലിംഗ സ്ത്രീകള്‍ക്ക് കൂടിക്കാഴ്ചയ്ക്കുള്ള ഒരുവേദിയും അഭയവുമാണ്. വിതച്ചതിനുശേഷം വിത്ത് മുളയ്ക്കുന്നതുമായി ബന്ധപ്പെട്ട പരമ്പരാഗത കുമ്മി ഗാനങ്ങൾ പാടുന്ന, ജില്ലയിൽ നിന്നുള്ള, കുറച്ച് ഭിന്നലിംഗ സ്ത്രീകളിലൊരാളാണ് അവർ. തമിഴ്‌നാട്ടിൽ എല്ലാ വർഷവും ജൂലൈ മാസത്തിൽ ആഘോഷിക്കുന്ന ദശദിന മുലൈപാറി ഉത്സവത്തിലെ ഒരു പ്രാർത്ഥനയാണ് ഈ പാട്ട് - മഴയ്ക്കും മണ്ണിന്‍റെ ഫലപുഷ്ടിക്കും നല്ല വിളവിനും വേണ്ടി ഗ്രാമത്തിലെ ദേവതമാർക്കുള്ള വഴിപാട്.
മാഗിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഈ പാട്ടുകള്‍ക്കൊത്ത് നൃത്തം വയ്ക്കുന്നു. ഒരുപാട് കാലം ഇതായിരുന്നു അവരുടെ വരുമാന സ്രോതസ്സ്. പക്ഷെ മഹാമാരിമൂലമുള്ള ലോക്ക്ഡൗണ്‍ കാരണം ഉത്സവം 2020 ജൂലൈയിലും നടന്നില്ല, ഈ മാസവും നടന്നില്ല (മധുരയിലെ ഭിന്നലിംഗ നാടൻ കലാകാർ അനുഭവിക്കുന്ന വിഷമതകൾ എന്ന ലേഖനം കാണുക). മധുരയിലും ചുറ്റുവട്ടങ്ങളിലുമുള്ള, അല്ലെങ്കില്‍ ബംഗളുരുവിലുള്ള, കടകളില്‍ നിന്നും പണം ശേഖരിക്കുന്ന അവരുടെ മറ്റൊരു സ്ഥിര വരുമാന സ്രോതസ്സും നിലച്ചുവെന്ന് പറയാം. ഇതോടുകൂടി ഏതാണ്ട് 8,000 മുതല്‍ 10,000 രൂപവരെ അവര്‍ക്ക് പ്രതിമാസം ലഭിച്ചിരുന്ന വരുമാനം ലോക്ക്ഡൗണ്‍ സമയത്ത് ഏതാണ്ടില്ലാതായി എന്നുതന്നെ പറയാം.







