“ഇത് കർഷകരുടെ മാത്രമല്ല, കർഷകത്തൊഴിലാളികളുടെയും കൂടി സമരമാണ്,” രേഷവും ബിയന്ത് കൗറും പറയുന്നു. “ഈ കാർഷികനിയമങ്ങൾ നടപ്പാക്കിയാൽ അതു കർഷകരെ മാത്രമല്ല ഉപജീവനത്തിന് കൃഷിയെ ആശ്രയിക്കുന്ന തൊഴിലാളികളെയും ബാധിക്കും.”
അതുകൊണ്ട് കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിനായി ജനുവരി 7-ന് ഉച്ചതിരിഞ്ഞ് പഞ്ചാബിലെ മുക്ത്സർ ജില്ലയിൽ നിന്നും ദേശീയ തലസ്‌ഥാനത്തിന്‍റെ പരിസരങ്ങളിലേക്ക് ഈ സഹോദരിമാർ യാത്ര തിരിച്ചു.
പഞ്ചാബ് ഖേത് മസ്ദൂർ യൂണിയൻ ഏർപ്പെടുത്തിയ 20 ബസുകളെങ്കിലും ഏകദേശം 1500 ആളുകളുമായി കാർഷിക നിയമങ്ങൾക്കെതിരെ സമരം നടക്കുന്ന പല വേദികളിലൊന്നായ പശ്ചിമഡൽഹിയിലെ ടിക്രിയിൽ അന്നുരാത്രി എത്തിച്ചേർന്നു. ബട്ടിന്‍ഡ, ഫരീദ്കോട്ട്, ജലന്ധർ, മോഗാ, മുക്ത്സർ, പട്യാല, സംഗ്രൂർ എന്നിവിടങ്ങളിൽ നിന്നാണ് അവർ എത്തിയത്. രേഷവും ബിയന്തും മുക്ത്സർ ജില്ലയിലെ അവരുടെ ഗ്രാമമായ ചന്നുവിനടുത്തു നിന്നാണ് ഈ ബസ്സുകളിലൊന്നില്‍ കയറിയത്.
ടിക്രിയിലും ഡൽഹിയുടെ പരിസരങ്ങളിലുള്ള പല സമര സ്‌ഥലങ്ങളിലും അനേകം കർഷകർ നവംബർ 26 മുതൽ താമസിക്കുന്നു. മറ്റുചിലര്‍ കുറച്ചു ദിവസം താമസിച്ച ശേഷം ഗ്രാമത്തിലേക്കു തിരിച്ചുപോയി അവിടെയുള്ളവരോട് ഇവിടെ നടക്കുന്ന സമരങ്ങളെക്കുറിച്ച് പറയുന്നു. “ഞങ്ങളുടെ ഗ്രാമത്തിലെ പലർക്കും ഈ പുതിയ നിയമങ്ങൾ തൊഴിലാളികളെ എങ്ങനെ ബാധിക്കുമെന്ന് അറിയില്ല”, 24-കാരിയായ രേഷം പറഞ്ഞു. “വാസ്തവത്തിൽ ഞങ്ങളുടെ ഗ്രാമത്തിൽ സംപ്രേഷണം ചെയ്യുന്ന വാര്‍ത്താ ചാനലുകളെല്ലാം പറയുന്നത് ഈ നിയമങ്ങൾ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പ്രയോജനപ്രദമായിരിക്കും എന്നാണ്. ഇവ നിലവിൽ വന്നാൽ തൊഴിലാളികൾക്ക് ഭൂമിയും മെച്ചപ്പെട്ട സൗകര്യങ്ങളും ലഭിക്കുമെന്ന് അവർ പറയുന്നു.”
2020 ജൂണ്‍ അഞ്ചിന് ഈ നിയമങ്ങൾ ആദ്യം ഓർഡിനൻസുകളായാണ് പാസ്സാക്കപ്പെട്ടത്. പിന്നീട് അവ കാർഷികബില്ലുകളായി സെപ്തംബർ പതിനാലിനു പാർലമെന്‍റിൽ അവതരിപ്പിക്കുകയും അതേ മാസം ഇരുപതിനു തന്നെ ധൃതി പിടിച്ചു നിയമങ്ങള്‍ ആക്കുകയുമായിരുന്നു. വിലഉറപ്പാക്കുന്നതും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാർ നിയമം, 2020; കാര്‍ഷിക വിള വിപണനവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച നിയമം 2020; അവശ്യ സാധന (ഭേദഗതി) നിയമം, 2020 എന്നിവയാണ് പാസാക്കിയ പുതിയ നിയമങ്ങൾ. ഭരണഘടനയുടെ 32-ാം വകുപ്പിനെ ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ട് പൗരന്മാരുടെ നിയമപരമായ സഹായം തേടാനുള്ള അവകാശം അസാധുവാക്കുന്നതിനാല്‍ എല്ലാ ഭാരതീയരെയും ബാധിക്കുന്നവയാണ് ഈ നിയമങ്ങൾ എന്നതരത്തിലും വിമര്‍ശനമുണ്ട്.





