ഈ വർഷം ഏപ്രിൽ 10-ന് രാത്രി പത്തരയ്ക്ക് മുംബൈയിലെ ലോകമാന്യതിലക് ടെർമിനസ്സിലായിരുന്നു ഹൈയുൾ റഹ്മാൻ അൻസാരി. പുലർച്ചെ 12.30-ന് ഝാർഖണ്ഡിലെ റാഞ്ചി ജില്ലയിലെ ഹതിയയിലേക്ക് പോകുന്ന ഹതിയ എക്സ്പ്രസ്സിന് കാത്തുനിൽക്കുകയായിരുന്നു അയാൾ. ഹതിയയിലിറങ്ങി ഒരു ഓട്ടോ പിടിച്ച് ബസ് സ്റ്റാൻഡിൽ പോയി അവിടെനിന്ന് ബസ്സിൽ ചത്ര ജില്ലയിലെ തന്‍റെ ഗ്രാമമായ അസർഹിയയിലെത്തണം അയാൾക്ക്.
ഒന്നരദിവസമെടുക്കും യാത്ര പൂർത്തിയാവാൻ.
ട്രെയിനിൽ കയറുന്നതിനുമുൻപ്, സ്റ്റേഷന്‍റെ ഒരു ഒഴിഞ്ഞ മൂലയിൽവെച്ച് 33 വയസ്സുള്ള അയാൾ ഞങ്ങളോട് സംസാരിച്ചു. ഒരു കൊല്ലത്തിനിടയിൽ രണ്ടാമത്തെ തവണ മുംബൈയിൽനിന്ന് പോകേണ്ടിവന്നതിനെക്കുറിച്ച്.
കുറച്ച് ദിവസങ്ങൾക്കുമുൻപാണ് പുതിയ തൊഴിലുടമ അയാളോട്, തൊഴിലൊക്കെ കുറഞ്ഞുവരുന്നതിനെക്കുറിച്ച് പറഞ്ഞത്. “റഹ്മാൻ, എന്നോട് ക്ഷമിക്കൂ. ഇപ്പോൾ നിങ്ങളെ ജോലിക്കെടുക്കാൻ ആവില്ല. കുറച്ച് കഴിഞ്ഞ് നമുക്ക് വീണ്ടും നോക്കാം”, എന്നാണയാൾ റഹ്മാനോട് പറഞ്ഞത്. അങ്ങിനെയാണ് തുടങ്ങുന്നതിനുമുൻപേ ഇത്തവണ അയാൾക്ക് ജോലി നഷ്ടമായത്.
ജാംഷെഡ്പൂരിലെ കരിം സിറ്റി കോളേജിൽനിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബി.എ. ബിരുദമെടുത്ത് പത്തുവർഷം മുൻപാണ് അയാൾ മുംബൈയിലെത്തിയത്. സ്വന്തമായി വീഡിയോ എഡിറ്റിംഗ് പണികൾ ഏറ്റെടുത്ത് നടത്തിയാണ് അയാൾ ജീവിച്ചത്. അത്യാവശ്യം ജീവിക്കാനും കുറച്ച് വീട്ടിലേക്കയക്കാനുമുള്ള വരുമാനം അതിൽനിന്ന് അയാൾക്ക് കിട്ടിയിരുന്നു.
പക്ഷേ 2020 മാർച്ചിൽ രാജ്യവ്യാപകമായി കോവിഡ്-19 ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, മാസം കിട്ടിയിരുന്ന 40,000 രൂപ ശമ്പളവും നിന്നു. എന്നിട്ടും പടിഞ്ഞാറേ ബാന്ദ്രയിലുള്ള ലാൽമിട്ടി പ്രദേശത്തെ ചെറിയ മുറി, ഗ്രാമത്തിലെ നാലുപേരോടൊപ്പം പങ്കിട്ട് അയാൾ കഴിഞ്ഞുപോന്നു. ഒരാൾക്ക് 2000 രൂപയായിരുന്നു മുറിവാടക. നല്ല ബുദ്ധിമുട്ടിലായിരുന്നുവെന്ന് അയാൾ പറഞ്ഞു. ഒരിക്കൽ റേഷൻ വാങ്ങാൻപോലും കൈയിൽ പൈസയുണ്ടായിരുന്നില്ല.
“കഴിഞ്ഞ വർഷം, മഹാരാഷ്ട്ര സർക്കാരിൽനിന്ന് ഒരുവിധത്തിലുള്ള സഹായവും കിട്ടിയില്ല”, റഹ്മാൻ പറഞ്ഞു. ഒരു പഴയ സഹപ്രവർത്തകൻ അരിയും പരിപ്പും എണ്ണയും മറ്റും കൊടുത്തു. “വല്ലാത്ത വിഷമം തോന്നിയിരുന്നു അക്കാലത്ത്. ആരോടും അതൊന്നും പറയാൻപോലും എനിക്ക് സാധിച്ചില്ല”.
വീട്ടുടമസ്ഥനോട് വാടക പിന്നെത്തരാമെന്ന് അവധി പറഞ്ഞ് മൂന്ന് മാസത്തെ വാടക സ്വരുക്കൂട്ടി, അങ്ങിനെ 2020 മേയ് മാസം റഹ്മാനും സഹമുറിയന്മാരും ചേർന്ന് ഒരു സ്വകാര്യ ബസ് വാടകയ്ക്കെടുത്ത്, സീറ്റൊന്നിന് 10,000 രൂപ കൊടുത്ത് നാട്ടിലേക്ക് യാത്രയായി.
ഗ്രാമത്തിലെത്തിയശേഷം, അഞ്ച് സഹോദരന്മാരുടെകൂടെ, കുടുംബത്തിന് സ്വന്തമായുള്ള 10 ഏക്കർ പാടത്ത് റഹ്മാൻ കൃഷിപ്പണിക്കിറങ്ങി. അച്ഛനമ്മമാരും, സഹോദരന്മാരും അവരുടെ കുടുംബങ്ങളും ഒരുമിച്ചാണ് താമസം. റഹ്മാനും, ഭാര്യ സൽമ ഖാത്തൂനും, മക്കളായ 5 വയസ്സുകാരൻ മൊഹമ്മദ് അഖ്‌ലഖും, 2 വയസ്സുകാരി സൈമ നാസും അവരോടൊപ്പമാണ് താമസിക്കുന്നത്.
പകർച്ചവ്യാധിക്ക് മുൻപ്, റഹ്മാൻ വീട്ടിലേക്ക് മാസാമാസം 10,000 -15,000 രൂപ അയച്ചിരുന്നു. വീട്ടുചിലവിനും, കൃഷിചെയ്യാനെടുത്ത വായ്പയുടെ തിരിച്ചടവിനും മറ്റും. അടച്ചുപൂട്ടലിൽ ഇളവ് വന്നപ്പോൾ, പത്തുമാസത്തിനുശേഷം, 2021 ഫെബ്രുവരിയിൽ അയാൾ വീണ്ടും മുംബൈയിലെത്തി. കുറച്ചുകൂടി മെച്ചമുള്ള ഒരു ജോലി കിട്ടിയപ്പോൾ.
അതിനകം, വീട്ടുടമയ്ക്ക് 10 മാസത്തെ വാടക കുടിശ്ശിക കൊടുക്കാൻ ബാക്കിയുണ്ടായിരുന്നു. നാട്ടിലെ കൃഷിയിൽനിന്നും, ലഖ്‌നൗവിൽ ചെറിയ ചില എഡിറ്റിംഗ് ജോലികൾ ചെയ്തും സമ്പാദിച്ച 18,000 രൂപ – ഒമ്പതുമാസത്തെ മുറിവാടക-, മുംബൈയിൽ വന്നതിനുശേഷം അയാൾ കൊടുത്തുതീർത്തു.
പക്ഷേ, ഒരു പുതിയ ഓഫീസിൽ ചേർന്ന് എല്ലാം ഒന്നിൽനിന്ന് തുടങ്ങാൻ തീരുമാനിച്ചപ്പോഴാണ് ഏപ്രിൽ 5 മുതൽ ഭാഗികമായ അടച്ചുപൂട്ടൽ വീണ്ടും സർക്കാർ പ്രഖ്യാപിച്ചത്. കോവിഡ്-19- വ്യാപിച്ചതോടെ പുതിയ പ്രോജക്ടുകളൊക്കെ മന്ദഗതിയിലാവുകയും, തത്ക്കാലം അയാളെ എടുക്കാനാകില്ലെന്ന് പുതിയ തൊഴിലുടമ അറിയിക്കുകയും ചെയ്തു.
ജോലി കണ്ടെത്തുന്നതിന്‍റെ അനിശ്ചിതത്വം മുമ്പ് അയാളെ അത്രയധികം ബാധിച്ചിരുന്നില്ല. “ഒരു പ്രോജക്ടിൽ ഒപ്പിടുമ്പോൾ, ചിലപ്പോൾ അത് ആറ് മാസത്തേക്കോ, രണ്ട് വർഷത്തേക്കോ, ചിലപ്പോൾ വെറും മൂന്ന് മാസത്തേക്കോ ആയിരുന്നു. പക്ഷേ അതുമായി ഞാൻ പൊരുത്തപ്പെട്ടിരുന്നു” അയാൾ പറഞ്ഞു. “പക്ഷേ ഓഫീസുകളെല്ലാം പെട്ടെന്ന് അടയ്ക്കുമ്പോൾ, വലിയ ബുദ്ധിമുട്ടാണ്”.
പണ്ട്, ഒരു സ്ഥലത്ത് ജോലി കുറയുമ്പോൾ, മറ്റിടങ്ങളിൽ ശ്രമിക്കാമായിരുന്നു. “ഇപ്പോൾ വേറെ ജോലി കിട്ടാൻ പോലും ബുദ്ധിമുട്ടാണ്. കൊറോണ പരിശോധന നടത്തണം, സാനിറ്റൈസ് ചെയ്യണം, മാത്രമല്ല, പരിചയമില്ലാത്തവരെ കെട്ടിടത്തിനകത്തേക്ക് ആളുകൾ കയറ്റിവിടുന്നുമില്ല. അത് വല്ലാത്തൊരു അടിയായി ഞങ്ങൾക്ക്”, റഹ്മാൻ പറയുന്നു.
ഗ്രാമത്തിൽ താമസിക്കുന്നതിനേക്കാൾ ഇഷ്ടം മറ്റൊന്നില്ല എന്ന് അയാൾ പറഞ്ഞു. “പക്ഷേ, അവിടെ ഈ ജോലി (വീഡിയോ എഡിറ്റിംഗ്) ചെയ്യാൻ പറ്റില്ല. പൈസ ഉണ്ടാക്കണമെങ്കിൽ നഗരത്തിലേക്കുതന്നെ വന്നേ ഒക്കൂ”.
പരിഭാഷ: രാജീവ് ചേലനാട്ട്